ADVERTISEMENT

ബ്രേക് ദ് ചെയിൻ കാമ്പയിനിലൂടെ കൊറോണ വൈറസിനെ തടഞ്ഞ് നിർത്താനാകുമെന്ന തിരിച്ചറിവ് മലയാളിക്ക് കുറച്ചൊന്നുമല്ല ആശ്വാസം പകർന്നത്.  ആ ബ്രേക് ദ ചെയിൻ കാമ്പയിന്റെ ബുദ്ധി കേന്ദ്രമായ ഡോ. നവ്ജോത് ഖോസയാണ്  ഇപ്പോൾ തിരുവനന്തപുരം നഗരത്തെ നയിക്കുന്നത്. തന്റെ ഇഷ്ട സ്ഥലമാണ് തിരുവനന്തപുരം.  മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി ആയി ഇവിടെ മൂന്നര വർഷം പ്രവർത്തിച്ച പരിചയമുണ്ട്, പത്മനാഭന്റെ മണ്ണിൽ സേവനം അനുഷ്ഠിക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. വളരെ നാളായി പരിചിതമായ തിരുവനന്തപുരം നഗര ജീവിതം താൻ ആവോളം ആസ്വദിക്കുന്നു എന്ന് നവ്ജോത് ഖോസ പറയുന്നു.

പ്രവാസികളുടെയും മറ്റു സംസ്ഥാനങ്ങളിലുള്ള മലയാളികളുടെയും മടങ്ങിവരവോടെ കോവിഡ് -19 കേസുകളിൽ വൻ വർദ്ധനവ് നേരിടുന്ന സമയത്താണ് തിരുവനന്തപുരം ജില്ലാ കളക്ടറായി ഡോ. നവ്ജോത് ഖോസ ചുമതലയേൽക്കുന്നത്. ലോകം മുഴുവൻ പടർന്നുപിടിക്കുന്ന ഈ മഹാമാരിയോടൊപ്പം തന്നെ മൺസൂൺ കാല സാംക്രമിക രോഗങ്ങളും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നിരിക്കെ നഗരത്തിന്റെ കലക്ടറായി ചുമതലയേൽക്കുക എന്നുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. എന്നാൽ അത്തരമൊരു സംഭ്രമവും കൂടാതെ വലിയ ആത്മവിശ്വാസത്തോടെയാണ് തന്റെ സ്വപ്ന സാക്ഷാത്കാരമായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന ചുമതല ഡോ. നവജോത് ഖോസ ഏറ്റെടുത്തത്.

ഒരു ജില്ലാ കളക്ടർ ആകുക എന്നത് ഒരു ഉദ്യോഗസ്ഥന്റെ സ്വപ്നം തന്നെയാണ്. അനുയോജ്യമായ സമയത്തിനു വേണ്ടി കാത്തിരിക്കാതെ അങ്ങനെയൊരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ എപ്പോഴും മാനസികമായി തയ്യാറായിരിക്കുകയായിരുന്നു.  ഇപ്പോൾ കുറച്ച് വർഷങ്ങളായി തിരുവനന്തപുരത്ത് ഉണ്ട്. ധാരാളം അനുഭവങ്ങൾ നൽകിയ ഈ നഗരം എനിക്ക് വളരെ പരിചിതമാണ്. ഇവിടെത്തെ ജീവിതം  ഞാൻ നന്നായി ആസ്വദിക്കുന്നു, നവ്ജോത് പറയുന്നു. കഴിവും കാര്യപ്രാപ്തിയും ഒത്തിണങ്ങിയ നവ്ജോത് തിരുവനന്തപുരത്തിന്റെ കളക്ടറായി ഈ കൊറോണക്കാലത്ത് എത്തുമ്പോൾ ആശ്വാസം കൊള്ളുകയാണ് തലസ്ഥാനത്തെ ജനങ്ങൾ.

അമൃത്്സർ മെഡിക്കൽ കോളേജിൽ നിന്ന് ബി.ഡി.എസ് പാസായ ശേഷമാണ് ഡോ. നവ്ജോത്  ഐഎഎസ് കരസ്ഥമാക്കിയത്.  തുടക്കം തൃശൂർ അസിസ്റ്റന്റ് കളക്ടറായായിരുന്നു. തലശ്ശേരി സബ് കലക്ടറായി രണ്ടര വർഷം പ്രവർത്തിച്ചു, പിന്നീട് 2016 ൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണറായും ഒപ്പം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായി.  നാഷണൽ ആയുഷ് മിഷന്റെ ചുമതലയും കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയുമായി സേവനം അനുഷ്ടിക്കവേയാണ് കൊറോണ കേരളത്തിലേക്കും വ്യാപിച്ചത്.   ബ്രേക് ദ ചെയിൻ അഥവാ വൈറസിന്റെ കണ്ണി മുറിക്കുകയാണ് പ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാർഗം എന്ന് കണ്ടെത്തി.  മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിരിക്കെ കൊവിഡ് നിയന്ത്രണ പരിപാടികളിൽ സജീവമായി ഇടപെടാൻ കഴിഞ്ഞത് തിരുവനന്തപുരത്തെ കോവിഡ് നിയന്ത്രണ പോരാട്ടത്തിൽ ഏറെ ഗുണം ചെയ്യുമെന്ന് ഡോ. നവ്ജോത് പ്രതീക്ഷിക്കുന്നു.

തലസ്ഥാന ജില്ലയിലെ കളക്ടർ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വമാണുള്ളത്. കൊവിഡ് നിയന്ത്രണത്തിനൊപ്പം മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്.  രോഗ നിർണയത്തിനും നിയന്ത്രണത്തിനുമുള്ള പിസിആർ മെഷീൻ, ആർഎൻഎ എക്സ്ട്രക്ഷൻ കിറ്റ്, സ്വാബ് ശേഖരണ ഉപകരണം എന്നിവ വിതരണം ചെയ്യുന്നത് തിരുവനന്തപുരത്തു നിന്നാണ്.  തന്റെ പ്രാഥമിക ശ്രദ്ധ കോവിഡ്-19 നിയന്ത്രണത്തിലാണ് എന്ന് നവ്ജോത് പറയുന്നു. ലോക്ഡൗണില്‍ ഇളവുള്ളതിനാൽ കേസുകളിൽ വർദ്ധനവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നുണ്ട്, അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ ജില്ലാ ഭരണകൂടം തയ്യാറാകേണ്ടതുണ്ട്.  തന്റെ ടീം ശരിയായ പാതയിലാണ് എന്നാൽ ജാഗ്രതക്കുറവുണ്ടാകാൻ പാടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ആരോഗ്യവകുപ്പ് നൽകുന്ന എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്.  ഈയാഴ്ച നിരവധി മീറ്റിങ്ങുകൾ നടക്കും, കൊറോണ വൈറസ് പാൻഡെമിക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടെ ചിക്കുൻഗുനിയ, ഡെങ്കി, മലേറിയ, ലെപ്റ്റോസ്പിറോസിസ് തുടങ്ങിയ രോഗങ്ങൾ വരാതെ തടയുകയും വേണം. ആരോഗ്യവകുപ്പിന്റെ സഹായത്തോടെ അവ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പദ്ധതികൾ നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു.  സംസ്ഥാനത്തും ജില്ലയിലും മൺസൂൺ ആരംഭിക്കുമ്പോൾ ഗണ്യമായ മഴ ലഭിക്കുന്നതിനാൽ വെള്ളപ്പൊക്കം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.  മൺസൂൺ ക്ലീനിങ്, പ്രിപ്പറേറ്ററി ജോലികൾ എന്നിവയുമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. മിക്ക ജോലികളും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു.  ബന്ധപ്പെട്ട അധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഈ ആഴ്ച തന്നെ തീരപ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും കളക്ടർ പറഞ്ഞു.

നവ്ജോതിന്റെ  ഭർത്താവ് ലാൽജിത് സിങ് ബ്രാർ ഖത്തറിൽ ഓർത്തോഡോന്റിസ്റ്റ് ആണ്. മകൾ അനാഹത്തിന് ഒന്നര വയസ് . അച്ഛൻ ജെ.എസ്. ഖോസ മഹീന്ദ്രയിൽ റീജിയണൽ മാർക്കറ്റിങ് മാനേജരായി വിരമിച്ചു. അമ്മ സത്യന്ദർ കോർ. കേരളം 2018 ൽ പ്രളയത്തെ നേരിട്ടപ്പോൾ തോൽക്കാൻ തയാറല്ലാത്ത തിരുവനന്തപുരം നിവാസികൾക്കൊപ്പം  ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തമായിരുന്ന വാസുകി IAS  എന്ന കളക്ടർ ഏവർക്കും സ്വന്തം വീട്ടിലെ അംഗത്തെപ്പോലെ ആയിരുന്നു. ആ കസേരയിലേക്കാണ് മറ്റൊരു സ്ത്രീരത്നം കടന്നു വരുന്നത്, അതും ലോകമൊട്ടാകെ മറ്റൊരു വെല്ലുവിളി അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ... സ്വർണ മെഡലോടെ ബി.ഡി.എസ് പാസായ ശേഷം സിവിൽ സർവീസിലേക്കെത്തിയ പുതിയ കളക്ടർ ഡോ. നവ്ജോത് ഖോസയും വലിയ ആത്മവിശ്വാസത്തോടെയാണ് തലസ്ഥാനത്തിന്റെ ഭരണം ഏറ്റെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com