ADVERTISEMENT

"നോവൽ കൊറോണ വൈറസ് രോഗം പകരാതെ തടയാനാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും തൂവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ മറയ്‌ക്കുക ..." ഈ സന്ദേശം മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് മാസങ്ങളായി. ദിവസം ഒരു തവണയെങ്കിലും ഈ ശബ്ദം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.ഒരുപാട് പത്രക്കുറിപ്പുകൾക്കും നിർദേശങ്ങൾക്കും ഇടയിൽ കൊറോണയെ എങ്ങനെ പ്രതിരോധിക്കാം എന്ന് ഏറ്റവും ലളിതമായി ചുരുങ്ങിയ വാക്കുകളിൽ നമുക്ക് പറഞ്ഞു തരുന്ന ആ ശബ്ദത്തിന് ഉടമ ടിൻറുമോൾ ജോസഫാണ്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്നും  ഇൻറർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ടിൻറുമോൾ വോയിസ് ഓവർ ആർട്ടിസ്റ്റ്, വിവർത്തക, അഭിനേത്രി, നർത്തകി തുടങ്ങി ബഹുമുഖ പ്രതിഭയാണ്.

കൊറോണ പ്രതിരോധത്തിന്റെ ശബ്ദമായ വഴി..

ബിരുദാനന്തര ബിരുദമെടുത്ത ശേഷം മത്സരപരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകളുമായി ഡൽഹിയിൽ തന്നെ തുടരുകയായിരുന്നു. അതിനിടെ രണ്ടര കൊല്ലം മുൻപ് ഒരു പാർടൈം ജോലി എന്ന നിലയിലാണ് വോയിസ് ഓവറുകൾ എടുത്തു തുടങ്ങിയത്.  മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യുപ്പെടുന്ന ഹിന്ദി പരസ്യങ്ങളുടെ ശബ്ദമായിട്ടായിരുന്നു തുടക്കം. പിന്നീട് പൾസ്പോളിയോ, സർവ്വശിക്ഷാ അഭിയാൻ, ശുചിത്വ ഭാരത് പദ്ധതി  തുടങ്ങി നിരവധി കേന്ദ്രസർക്കാർ അറിയിപ്പുകൾക്കും, പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾക്കും എല്ലാം മലയാളത്തിൽ ശബ്ദം നൽകി. ഡി ഡി കേരളത്തിൽ ഗ്രാമ വികസനവുമായി ബന്ധപ്പെട്ട പരിപാടിയിൽ അവതാരകയും ആയി.  ഇതിനിടെ കലാഭവൻ പ്രജിത്താണ് കൊറോണയുമായി ബന്ധപ്പെട്ട അനൗൺസ്മെൻറ് ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു ശബ്ദം നൽകാൻ ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതോടെ പിന്നീട് മാറി വന്ന സന്ദേശങ്ങൾക്കും ശബ്ദം നൽകുകയായിരുന്നു.

സന്ദേശങ്ങൾ തയാറാക്കുന്നതും റെക്കോർഡ് ചെയ്യുന്നതും...

കൊറോണ പ്രതിരോധ സന്ദേശങ്ങൾ ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതും ടിൻറുമോൾ തന്നെയാണ്.  ഹിന്ദി വാചകങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ചുരുങ്ങിയ വാചകങ്ങളിലേയ്ക്ക് നിർദ്ദേശങ്ങൾ മുഴുവൻ ഒതുക്കുക എന്നതായിരുന്നു പ്രധാനപ്പെട്ട കാര്യം. രോഗത്തിൻറെ വ്യാപനം കൂടിയത് മൂലം ആദ്യത്തെ സന്ദേശം മാത്രമാണ് സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാൻ സാധിച്ചത്. കൂടുതൽ സന്ദേശങ്ങളും ഫോണിൽ  റെക്കോർഡ് ചെയ്ത്‌ പിന്നീട് എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ഓരോ ഘട്ടത്തിലും പ്രതിരോധ നിർദ്ദേശങ്ങളിൽ വരുന്ന മാറ്റത്തിനും സമൂഹത്തിലെ അവസ്ഥയ്ക്കും അനുസരിച്ചുള്ള സന്ദേശങ്ങളാണ് തയ്യാറാക്കേണ്ടി വരുന്നത്.  ഉദാഹരണത്തിന് പലയിടങ്ങളിലും രോഗികളെ സമൂഹം ഒറ്റപ്പെടുത്തുന്നതായും ഡോക്ടർമാരെ ആക്രമിക്കുന്നതായുമുള്ള വാർത്തകൾ വന്നശേഷമാണ് " നമ്മുടെ പോരാട്ടം രോഗത്തോടാണ് രോഗികളോട് അല്ല" എന്നുതുടങ്ങുന്ന സന്ദേശം തയാറാക്കിയത്.  

പ്രതികരണങ്ങൾ..

ഏറ്റവും കൂടുതൽ കേട്ടത് സന്ദേശത്തിന്റെ സമയദൈർഘ്യത്തെക്കുറിച്ചാണ്. കേൾക്കുമ്പോൾ ഒരുപാട് സമയം എടുക്കുന്നതായി തോന്നുമെങ്കിലും 30 സെക്കൻഡ് മാത്രമാണ് ഫോണിൽ കേൾക്കുന്ന സന്ദേശങ്ങളുടെ ദൈർഘ്യം. ഇത്രയും വലിയൊരു സന്ദേശം അത്ര ചുരുങ്ങിയ സമയത്തിൽ വ്യക്തതയോടെ പറഞ്ഞു തീർക്കാൻ ഏറെപണിപ്പെട്ടു എന്നും ടിൻറുമോൾ പറയുന്നു. ഇപ്പോൾ ഡൽഹിയിൽ ആയതുകൊണ്ട് തന്നെ നേരിട്ടുള്ള പ്രതികരണങ്ങൾ അത്രയധികം ലഭിക്കാറില്ല. നാട്ടിലെ  അടുത്ത സുഹൃത്തുക്കൾക്കും  ബന്ധുക്കൾക്കും മാത്രമാണ് തൻറെ ശബ്ദം ആണ് ഇതെന്ന്  അറിയാമായിരുന്നത്. ഇപ്പോൾ കൂടുതലായി വാർത്തകൾ വന്നു  തുടങ്ങിയതിനുശേഷമാണ് പരിചയക്കാർ പോലും തിരിച്ചറിഞ്ഞത്.

കലാ ജീവിതത്തെക്കുറിച്ച്...

ചെറുപ്പത്തിൽ  നൃത്തം അഭ്യസിച്ചിരുന്നു. അതിൻറെ അടിസ്ഥാനത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ  കുറച്ചുകാലം ഒരു നൃത്ത ഗ്രൂപ്പിൻറെ ഇൻസ്ട്രക്ടറായിരുന്നു. സർവകലാശാലയെ പ്രതിനിധീകരിച്ച് ചില നാടകങ്ങളിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെ കേരളത്തിലെ ഒരു നാടക ഗ്രൂപ്പിൻറെ"മേഘങ്ങളെ കീഴടങ്ങുവിൻ " എന്ന നാടകത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതിലെ അഭിനയത്തിന് 2017 ൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി നാടക വിഭാഗത്തിൽ  മികച്ച അഭിനേത്രിക്കുള്ള പുരസ്കാരവും തേടിയെത്തി. നിലവിൽ കളരിപ്പയറ്റും കുച്ചിപ്പുടിയും പരിശീലിക്കുന്നുണ്ട്.

നാടും കുടുംബവും

പാലായിലാണ് ജനിച്ചത്‌ എങ്കിലും റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ടി. വി. ജോസഫ്, അമ്മ ആലീസ്, സഹോദരൻ ടിബിൻ എന്നിവർക്കൊപ്പം വളരെ ചെറുപ്പത്തിൽ തന്നെ ഇരിട്ടിയിലേക്കും പിന്നീട് അവിടുന്ന് കർണാടകയിലെ സുള്ള്യ എന്ന സ്ഥലത്തേക്കും താമസം മാറി. പിന്നീടിങ്ങോട്ട്  കർണാടകയിൽ തന്നെയാണ് കുടുംബം ജീവിക്കുന്നത്. അതുകൊണ്ട് നാട്ടിലേക്കുള്ള ഫോൺവിളികളും പരിമിതമാണ്. സ്വന്തം ശബ്ദത്തിൽ ഉള്ള സന്ദേശം മറ്റു മലയാളികളെപോലെ നിരന്തരം കേൾക്കാൻ സാധിക്കാറില്ല എന്ന് ചുരുക്കം.

ഇപ്പോൾ തന്റെ ഗുരുവിന്റെ റിസർച്ച് പ്രോഗ്രാമിൽ അസിസ്റ്റന്റായും ടിന്റു പ്രവർത്തിക്കുന്നുണ്ട്. വോയിസ് ഓവർ രംഗത്ത് രണ്ട് വർഷത്തെ പരിചയം മാത്രമേ ഉള്ളൂ എങ്കിലും ചുരുങ്ങിയ കാലംകൊണ്ട് തന്റെ ശബ്ദം മലയാളികൾക്കിടയിൽ ഇത്രയും ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ടിന്റുമോൾ. ഒപ്പം രാജ്യത്തിന്റെ കൊറോണ പ്രതിരോധത്തിൽ ഒരു എളിയ ഭാഗമാകാൻ കഴിയുന്നതിലുള്ള ചാരിതാർത്ഥ്യവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com