‘ആ നിമിഷം മുതൽ എലൻ എന്റേതായി’; മഹാസ്നേഹം കിനിഞ്ഞ 30 ദിവസം: അഭിമുഖം

mary-anitha-new
SHARE

‘ഉണ്ണിയെ കയ്യിലേക്ക് ഏറ്റുവാങ്ങിയ നിമിഷം എനിക്കൊരിക്കലും മറക്കാനാകില്ല. ഒരു കുഞ്ഞിനെ പ്രസവിച്ച് ആദ്യമായി അതിനെ എടുക്കുന്ന അതേ വികാരമാണ് എനിക്കപ്പോൾ തോന്നിയത്. എന്റെ കൈകൾ അറിയാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അവനും ഞാനും മാത്രമായി കഴിഞ്ഞ ആ ദിവസങ്ങൾ ഒരിക്കലും മറക്കാനും ആകില്ല.’- പെറ്റമ്മയുടെ വാത്സല്യത്തോടെ തന്നെ ഡോ.മേരി അനിത പറഞ്ഞുതുടങ്ങി. കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ കുഞ്ഞാണ് എലൻ. കുഞ്ഞ് മാത്രം നെഗറ്റീവാകുകയും അച്ഛനും അമ്മയും പോസിറ്റീവാകുകയും ചെയ്തതോടെ പ്രതിസന്ധിയിലായ കുടുംബത്തിന്റെ രക്ഷയ്ക്കായി നിയോഗം പോലെയാണ് ഡോ.മേരി അനിത എത്തുന്നത്.

ഹരിയാനയിലെ ആശുപത്രിയിൽ നഴ്സുമാരായ പെരുമ്പാവൂർ സ്വദേശികളായ ഷീനയ്ക്കും ഭർത്താവിനും കോവിഡ് പോസിറ്റീവാകുകയും കുഞ്ഞിന്റെ റിസൽട്ട് നെഗറ്റീവാകുകയും ചെയ്തു. കു‍ഞ്ഞിനെ ഏറ്റെടുക്കാൻ ബന്ധുക്കൾ പോലും തയാറായില്ല. ഈ അവസരത്തിലാണ് മുൻപരിചയം പോലുമില്ലാതിരുന്ന ഡോ. മേരി അനിത നന്മയുടെ വലിയ മാതൃകയായി മാറിയത്. മുപ്പത്ത് ദിവസത്തെ ക്വറന്റീന് ശേഷം കുഞ്ഞിനെ കോവിഡ് മുക്തരായ മാതാപിതാക്കൾക്ക് ഇന്നലെ തിരികെ നൽകി. കഴിഞ്ഞുപോയ മുപ്പത് ദിനങ്ങളെക്കുറിച്ച് മേരി അനിത മനോരമ ന്യൂസിനോട് സംസാരിക്കുന്നു.

എലനെ നോക്കാനുള്ള ദൗത്യം ഡോക്ടറിലേക്ക് എത്തുന്നത് എങ്ങനെയാണ്?

കഴിഞ്ഞ പന്ത്രണ്ടുവർഷമായി ക്ലിനിക്കൽ സൈക്കോളജിസ്റ്റായിട്ടാണ് ഞാൻ ജോലി നോക്കുന്നത്. അതോടൊപ്പം സമൂഹികപ്രവർത്തനങ്ങളുമുണ്ട്. ഞാൻ അംഗമായ ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിലാണ് കുഞ്ഞിനെ നോക്കാൻ വോളന്റിയറെ വേണമെന്നുള്ള മെസേജ് കാണുന്നത്. രണ്ടാമതൊന്ന് ചിന്തിക്കാതെ ഞാൻ അതിന് യെസ് പറയുകയായിരുന്നു. എന്റെ യെസ് കണ്ടപ്പോൾ മെഡിക്കൽ കോളജിലെ ഡോക്ടറുമാരൊക്കെ കരുതിയത് ഏതെങ്കിലും സന്നദ്ധപ്രവർത്തകരെ അയക്കുമെന്നാണ്. അതല്ല ഞാൻ തന്നെ നോക്കിക്കോളാമെന്ന് പറഞ്ഞപ്പോൾ അവർക്കെല്ലാം അത്ഭുതമായി. ഞാൻ വീണ്ടുവിചാരമില്ലാതെ പറയുകയാണെന്ന് കരുതി കോവിഡിനെക്കുറിച്ച് കുറേ നേരം ക്ലാസൊക്കെയെടുത്തു. എല്ലാം കേട്ടുകഴിഞ്ഞപ്പോഴും എന്റെ യെസിന് മാറ്റമില്ലായിരുന്നു. കോവിഡ് നെഗറ്റീവായ കുഞ്ഞിനെ എങ്ങനെയെങ്കിലും പോസിറ്റീവാകാതെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്ത മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. തീരുമാനത്തിന് മാറ്റമില്ലെന്ന് അറിഞ്ഞതോടെ തുടർനടപടികളിലേക്ക് കടന്നു. ഞാനൊറ്റയ്ക്കാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തുന്നത്.

നാപ്കിൻ മാത്രം ധരിപ്പിച്ച അപരിചിതനായ ഒരു കുഞ്ഞിനെയാണ് എന്റെ കയ്യിലേക്ക് വെച്ചുതരുന്നത്. അവനുമായി എനിക്ക് യാതൊരു ബന്ധവുമില്ല. എന്നാൽ ആ നിമിഷം മുതൽ എലൻ എന്റേതായി. ഞാനാണ് അവനെ ഉണ്ണിക്കുട്ടൻ എന്ന് വിളിച്ചത്. അവൻ എന്റെ ഉണ്ണിയായി മാറി.

ഡോക്ടറുടെ തീരുമാനത്തോട് കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു

എനിക്ക് മൂന്ന് മക്കളാണ്. ഭർത്താവും കുട്ടികളും ഞാനില്ലാതെ ഒരാഴ്ചയിൽ കൂടുതൽ ഇതിന് മുൻപ് നിന്നിട്ടില്ല. കുട്ടികളോട് അമ്മ ഒരു കുഞ്ഞുവാവയെ നോക്കാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ അവരാദ്യം വേണോ അമ്മ എന്ന് ചോദിച്ചു. എന്നാൽ കാര്യങ്ങൾ വിശദമായി പറഞ്ഞതോടെ, അമ്മ പൊയ്ക്കോളൂ ആറു മാസം പ്രായമുള്ള ബേബിയല്ലേ. ഞങ്ങൾ തനിച്ച് കാര്യങ്ങൾ നോക്കിക്കോളാമെന്ന് പറഞ്ഞു. എന്റെ മക്കളുടെ ഈ വാക്കുകൾ എനിക്ക് വലിയ ധൈര്യവും ആശ്വാസവുമാണ് തന്നത്. ഭർത്താവാണെങ്കിലും തനിയെ അടുക്കളയിൽ കയറി ഒന്നും ചെയ്ത് ശീലിച്ചിട്ടില്ല. എന്നാൽ ഞാനില്ലാതിരുന്ന സമയമത്രയും അദ്ദേഹമാണ് വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യവുമെല്ലാം നോക്കിയത്. അവർ സ്വയംപര്യാപ്തരായി എന്നുള്ളതാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്

ഈ അനുഭവം ഡോക്ടറെ പഠിപ്പിച്ച പാഠം എന്താണ്?‌

കോവിഡ്കാലത്താണ് മനുഷ്യർ ഇത്രമാത്രം സ്വാർഥരാണെന്ന് ഞാൻ തിരിച്ചറിഞ്ഞത്. ബന്ധുക്കൾ പോലും കുഞ്ഞിനെ ഏറ്റെടുക്കാൻ വരാതിരുന്നത് വേദനിപ്പിക്കുന്ന അനുഭവമായിരുന്നു. സ്വന്തം മക്കളെക്കുറിച്ച് മാത്രമാണ് മനുഷ്യർ ചിന്തിക്കുന്നത്, അന്യന്റെ കുഞ്ഞിന് എന്ത് വന്നാലും സാരമില്ല. നമ്മളെ ബാധിക്കാത്തിടത്തോളം അതൊന്നും പ്രശ്നമല്ല എന്ന് രീതിയാണ്. മനുഷ്യന്റെ ഈ സ്വാർഥ മൂലമാണ് കോവിഡ് പോലും ഇത്രയധികം വ്യാപിച്ചത്.

കുഞ്ഞുമായുള്ള 30 ദിവസങ്ങൾ?

കുഞ്ഞിനോടൊപ്പം 30 ദിവസങ്ങൾ താമസിക്കേണ്ടി വരുമെന്ന് കരുതിയല്ല പോയത്. എന്റെ കയ്യിൽ ഉണ്ണിയെ തരുമ്പോൾ ആദ്യത്തെ ടെസ്റ്റിന്റെ റിസൾട്ട് മാത്രമേ വന്നിരുന്നുള്ളൂ. രണ്ടാമത്തെ ടെസ്റ്റ് നടത്തിയിരുന്നില്ല. രണ്ടാമത്തെ ടെസ്റ്റിലും കുഞ്ഞ് നെഗറ്റീവായാൽ ബന്ധുക്കളെ ഏൽപ്പിക്കാമെന്നാണ് കരുതിയത്. രണ്ടാമത്തെ ടെസ്റ്റിന്റെ റിസൾട്ട് വരുന്നത് വരെ ഞാനും കുഞ്ഞും മെഡിക്കൽകോളജ് ഒരുക്കിയ ക്വറന്റീൻ കേന്ദ്രത്തിലാണ് കഴിഞ്ഞത്. ഞങ്ങൾക്ക് വേണ്ട എല്ലാ സൗകര്യവും കേന്ദ്രത്തിൽ ഒരുക്കിയിരുന്നു. അഞ്ച് ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ടെസ്റ്റ് നടത്തുന്നത്. രണ്ട് ദിവസം കഴിഞ്ഞ് അതിന്റെ റിസൾട്ട് നെഗറ്റീവായി വന്നു. കുഞ്ഞിന്റെ വീട്ടുകാരോട് നെഗറ്റീവായി എന്നുള്ള വിവരം പറഞ്ഞപ്പോഴും അവർക്ക് ബന്ധുക്കൾ വന്ന് കുഞ്ഞിനെ ഏറ്റെടുക്കണമെന്ന് മനസിലായില്ല.

dr-mary-anitha

മൂന്ന് ദിവസം ഞങ്ങൾ കാത്തിരുന്നു ആരും വന്നില്ല. മൂന്നാം ദിവസം കുഞ്ഞിന്റെ അമ്മയോട് ഡിസ്ചാർജ് ചെയ്യണം ആരെങ്കിലും ബന്ധുക്കൾ വന്ന് ഏറ്റെടുക്കണമെന്ന് പറഞ്ഞതും അവർ കരയാൻ തുടങ്ങി. അമ്മയെ മെഡിക്കൽ കോളജിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ച സമയം കൂടിയായിരുന്നു. അവർ നിസഹായവസ്ഥയിലായിരുന്നു. കുഞ്ഞിനെ ആശുപത്രിയുടെ പുറത്തേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.

എന്ത് ചെയ്യണമെന്ന് അവർ ചോദിച്ചപ്പോൾ, കുഞ്ഞിനെ ഞാൻ കൊണ്ടുപൊയ്ക്കോളാം, നോക്കുന്നതിന് പ്രശ്നമില്ലെന്ന് അറിയിക്കുന്നത്. കുഞ്ഞിനെ കൈവശംവെയ്ക്കാൻ കുറേ നിയമനടപടികൾ പൂർത്തിയാക്കണമായിരുന്നു. ഞാൻ നോക്കിക്കോളാം എന്നു പറഞ്ഞ വാക്ക് ആ മാതാപിതാക്കൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. അവരുടെ അനുമതിപത്രം കിട്ടിയതോടെ നിയമനടപടികളെല്ലാം പൂർത്തിയാക്കി കുഞ്ഞിനെ ഞാൻ ഏറ്റെടുത്തു.

ഞങ്ങൾക്ക് ക്വറന്റീനിൽ കഴിയാൻ ഞങ്ങളുടെ അപ്പാർട്ട്മെന്റിലെ ഒരു വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ ഫ്ലാറ്റ് വിട്ടു തന്നു. പിന്നീടുള്ള ദിവസങ്ങൾ ഞങ്ങൾ അവിടെയായിരുന്നു.

ഉണ്ണിക്കുട്ടൻ ജീവിതത്തിലേക്ക് വന്നശേഷം എന്റെ ദിനചര്യ മുഴുവൻ അവന് ചുറ്റുമായി. ആദ്യത്തെ രണ്ട് ദിവസം കുഞ്ഞ് നിർത്താതെ കരച്ചിലായിരുന്നു. പിന്നെയാണ് ഇണങ്ങിയത്. ഇണങ്ങിക്കഴിഞ്ഞതോടെ അവന് ഞാനില്ലാതെ പറ്റില്ലെന്നായി. വെളുപ്പിനെ മൂന്ന് മണിക്ക് ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കും. ഞാൻ ഉറങ്ങുകയാണെങ്കിൽ കുഞ്ഞികൈകൊണ്ട് അവൻ എന്നെ ചെറുതായി തോണ്ടും. ഞാൻ നോക്കുമ്പോൾ കുഞ്ഞുമോണകാട്ടി ചിരിച്ച ശേഷം അവൻ പിന്നെയും ഉറങ്ങും.

എന്റെ കയ്യിൽ കിട്ടുന്നതിന് മുൻപ് വരെ മുലപ്പാൽ മാത്രം കുടിച്ച ശീലിച്ച കുഞ്ഞാണ്. ഒരുപാട് പാടുപെട്ടാണ് കുഞ്ഞിനെ ഫോർമുല മിൽക്ക് കുടിക്കാൻ ശീലിപ്പിച്ചത്. ഞാൻ എപ്പോഴും അവന്റെ അടുത്തുതന്നെ വേണം. എല്ലാ ദിവസവും അരമണിക്കൂർ കുഞ്ഞിനെ മാതാപിതാക്കളുമായും വിഡിയോ കോൾ ചെയ്യുമായിരുന്നു.

എന്നെ കുഞ്ഞുങ്ങൾ വി‍ഡിയോ കോൾ ചെയ്യുമ്പോൾ അവനെയും ഞാൻ അവരെ കാണിക്കും. മുന്ന വിളിക്കുന്നു, ചേച്ചി വിളിക്കുന്നു, ദേ ഉണ്ണിക്കുട്ടൻ നോക്കിയെ എന്നൊക്കെ പറഞ്ഞ് അവനെ സദാസമയവും സന്തോഷവാനാക്കിവെയ്ക്കാൻ ശ്രമിച്ചു. ഉണ്ണിക്കുട്ടാന്ന് ഞാൻ വിളിച്ചാൽ അവൻ തിരിഞ്ഞുനോക്കും. എന്റെ കയ്യിൽ കിട്ടിയപ്പോൾ കുഞ്ഞ് കമന്നു വീണ പരുവമായിരുന്നു. അവൻ മുട്ടിൽ ഇഴയാൻ ശ്രമിക്കുന്നത് ആദ്യമായി കാണാനുള്ള ഭാഗ്യം എനിക്കാണുണ്ടായത്.

കുഞ്ഞിനെ കൈമാറിയ നിമിഷത്തെക്കുറിച്ച്?

25 ദിവസത്തെ ക്വറന്റൈയിന് ശേഷമാണ് കുഞ്ഞിനെ ഞാനെന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുവന്നത്. ഈ അഞ്ചുദിവസം ഞാൻ നോക്കിയതുപോലെ തന്നെ എന്റെ മക്കളും കുഞ്ഞുമായി അടുത്തു. ഞങ്ങൾക്കെല്ലാവർക്കും ഉണ്ണിയെ തിരികെ ഏൽപ്പിക്കുമ്പോൾ കരച്ചിലടക്കാൻ പ്രയാസമായിരുന്നു. അവനെ തിരികെ ഏൽപ്പിക്കുമ്പോൾ കണ്ണീരടക്കാൻ ഞാൻ പാടുപെട്ടു. അവൻ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് തിരികെ പോകേണ്ടത് അനിവാര്യത തന്നെയാണ്. എന്നാലും എനിക്ക് സങ്കടം അത്രമാത്രമുണ്ടായിരുന്നു. കളിപ്പിച്ചും ചിരിപ്പിച്ചുമാണ് അച്ഛനമ്മമാരോടൊപ്പം അവനെ വണ്ടിയിൽ കയറ്റിയത്. എന്നാൽ പെട്ടന്ന് എന്നെ കാണാതെ വന്നപ്പോൾ അവൻ കരയാൻ തുടങ്ങി. കുഞ്ഞ് കരച്ചിലാണെന്ന് മാതാപിതാക്കൾ എന്നെ വിളിച്ചുപറഞ്ഞു.</p>

പക്ഷെ ഞാൻ അവനെ കാണാൻ പോകുന്നില്ല. അവൻ വളരേണ്ടത് അവരോടൊപ്പമല്ലേ, വീണ്ടും പഴയ ചുറ്റുപാടിലേക്ക് കുഞ്ഞ് ഇണങ്ങേണ്ടതുണ്ട്. എന്നെ കണ്ടാൽ ഉണ്ണി കരച്ചിൽ നിർത്തും. എന്നാൽ അത് ശരിയല്ല. എന്റെ ഇളയ മകൾ കുഞ്ഞിനെ കാണണമെന്ന് പറഞ്ഞ് വാശിപിടിക്കാറുണ്ട്. അവളോടും ഞാൻ ഇതുതന്നെയാണ് പറയുന്നത്. ഉണ്ണിക്കുട്ടൻ അച്ഛന്റെയും അമ്മയുടേയും അടുത്ത് ഇണങ്ങിയ ശേഷം നമുക്ക് പോയി കാണാം അതാണ് നല്ലത്. അതാണ് അതിന്റെ ശരിയും

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA