sections
MORE

പ്രസവിച്ച് മൂന്നാം മാസം കുഞ്ഞിനെ വിട്ടിറങ്ങി; സമർപ്പണത്തിന് മിന്നുംനേട്ടം; ഇതാ ആ എസ്ഐ

saritha-m-(1)
SHARE

സോഷ്യൽമീഡിയ കയ്യടിക്കുന്ന എസ്.ഐ സരിതയുടെ കഥയ്ക്ക് കരളുറപ്പെന്നും പേരുണ്ട്. പ്രസവത്തിന് ശേഷമുള്ള മൂന്നാം മാസമാണ് സരിത എസ്.ഐ പരിശീലനത്തിനായി തൃശൂരുള്ള പൊലീസ് അക്കാദമിയിലേക്ക് എത്തുന്നത്. ഒരു വർഷത്തെ ട്രെയിനിങ് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ പരിശ്രമിച്ച് നേടിയ കാക്കിയോടൊപ്പം മികച്ച ഉദ്യോഗസ്ഥയ്ക്കുള്ള ചീഫ്മിനിസ്റ്റേഴ്സ് ട്രോഫിയും സ്വന്തം. ചീഫ് മിനിസ്റ്റേഴ്സ്ട്രോഫി നേടുന്ന ആദ്യത്തെ വനിത ഉദ്യോഗസ്ഥയാണ് കൊല്ലം സ്വദേശിനിയായ എം.സരിത. കരളുറപ്പിനൊപ്പം കണ്ണീരിന്റെ നനവ് കൂടിയുണ്ട് ഈ നേട്ടത്തിന് പിന്നിൽ. അതിനെക്കുറിച്ച് സരിത മനോരമ ഓൺലൈനോട് പറയുന്നു.

‘ഞാൻ എസ്ഐ ആകണമെന്നുള്ളത് എന്റെ അപ്പായുടെ ആഗ്രഹമായിരുന്നു. പട്ടാളക്കാരനാകണമെന്നായിരുന്നു അപ്പായുടെ ആഗ്രഹം. എന്നാൽ അത് അദ്ദേഹത്തിന് സാധിച്ചില്ല. തന്റെ സ്വപ്നം മക്കളിലൂടെ സഫലമായി കാണാൻ അദ്ദേഹം ഒരുപാട് ആഗ്രഹിച്ചു. ഞാനോ ചേച്ചിയോ കാക്കിയണിഞ്ഞ് കാണാണമെന്ന് അപ്പ എപ്പോഴും പറയും. സിവിൽ പൊലീസിൽ ജോലി ലഭിച്ചപ്പോൾ അപ്പയാണ് ഇതുപോര നീ എസ്.ഐ ആകണം എന്ന് പറഞ്ഞ് പ്രോത്സാഹിച്ചത്. ഈ ആഗ്രഹത്തിന് തണലായി എന്റെ ബിനുവേട്ടനും ജീവിതത്തിലേക്ക് എത്തിയതോടെ സ്വപ്നത്തിലേക്കുള്ള യാത്ര തുടങ്ങി. 

saritha3

റാങ്ക് പട്ടികയുടെ കാലതാമസം കാരണം ആദ്യത്തെ തവണ ജോലിക്കുള്ള അഡ്വൈസ് എത്തുമ്പോഴേക്കും ഞാൻ ഗർഭിണിയായി. ആ തവണ മോഹം ഉപേക്ഷിച്ചു. രണ്ടാംതവണ എത്തിയതാകട്ടെ പ്രസവിച്ചതിന്റെ മൂന്നാംമാസവും. കുഞ്ഞിനെയിട്ടിട്ട് ട്രെയിനിങ്ങിന് പോകണോയെന്ന് വരെ സംശയിച്ചതാണ്. തലയുറയ്ക്കാത്ത കുഞ്ഞാണ് അവനെ ഇട്ടിട്ട് എനിക്ക് എങ്ങനെ പോകാനാകുമെന്ന ആശങ്ക വാനോളമുണ്ടായിരുന്നു. എന്നാൽ കുടുംബം എനിക്കൊപ്പം നിന്നു. ഭർത്താവിന്റെ അമ്മയും എന്റെ അമ്മയും ഞങ്ങളുടെ അയൽവാസിയായ ഒരു ചേച്ചിയും കുഞ്ഞിനെ നോക്കിക്കോളാമെന്ന് വാക്ക് തന്നു. ഞാൻ പോയാലും കുഞ്ഞിനെ പൊന്നുപോലെ നോക്കാമെന്ന് ബിനുവേട്ടനും ധൈര്യം തന്നതോടെ പരിശീലനത്തിന് പോകാൻ തന്നെ തീരുമാനിച്ചു.

പ്രസവശേഷമുള്ള ട്രെയിനിങ് എത്രമാത്രം ആയാസകരമായിരിക്കുമെന്ന് പറയാതെ തന്നെ അറിയാമായിരിക്കുമല്ലോ. ആദ്യത്തെ ഒരു മൂന്നു നാലു മാസം നടുവേദനയും കാലുവേദനയുമൊക്കെ അലട്ടിയിരുന്നു. എന്നാൽ പതിയെ വേദനകളുമായി ശരീരം പതുക്കെ ഇണങ്ങിയതോടെ എല്ലാം ശീലമായി. എന്നാൽ അപ്പോഴും മായാത്ത വേദനയായി എന്റെ വാവയുടെ മുഖം മനസിനെ അലട്ടിയിരുന്നു. കുഞ്ഞിനെ കാണാൻ സാധിക്കുന്നില്ലെന്ന സങ്കടം ആവോളമുണ്ടായിരുന്നു. എങ്കിലും ഞാൻ ഏറെ ഇഷ്ടപ്പെട്ട് സ്വീകരിച്ച ജോലിയോട് ആത്മാർഥത കാണിക്കേണ്ടത് എന്റെ കടമയായിരുന്നു. കരളുറപ്പിന്റെ ബലത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.

ഞാൻ അരികിലില്ലാതിരുന്ന അത്രയും ദിനങ്ങൾ വാവയുടെ അച്ഛനും അമ്മയുമായി ബിനുവേട്ടൻ മാറി. ഞാനുള്ള സമയത്ത് സാധാരണ ജോലികഴിഞ്ഞ് കൂട്ടുകാരോടൊപ്പം പുറത്തേക്ക് പോകാറുള്ളയാൾ കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാനും അവനോടൊപ്പം സമയം ചെലവഴിക്കാനുമായി പുറത്തുള്ള കറക്കമൊക്കെ നിറുത്തി. മോനെ പൊന്നുപോലെ നോക്കുമെന്നുള്ള വാക്ക് ബിനുവേട്ടൻ പാലിച്ചു. ആഗ്രഹങ്ങൾക്കൊപ്പം നിന്ന കുടുംബമാണ് എന്റെ വിജയത്തിന് പിന്നിൽ. അവരില്ലായിരുന്നെങ്കിൽ ഈ അഭിമാനനേട്ടം എനിക്ക് ഒരിക്കലും സ്വന്തമാകില്ലായിരുന്നു.

ചീഫ് മിനിസ്റ്ററുടെ ട്രോഫിയോടൊപ്പം കിട്ടിയ മൂന്ന് മെഡലുകൾ എന്റെ ജീവിതത്തിലെ ഈ മൂന്നുപേർക്കും കൂടി അവകാശപ്പെട്ടതാണ്- ഒന്ന് എന്റെ അപ്പയ്ക്ക്, ഒന്ന് ബിനുവേട്ടൻ, ഒരെണ്ണം എന്റെ വാവയക്ക്്. വെപ്പണ്‍, പരേഡ്, പിറ്റി എന്നീ മേഖലകളിൽ മികവ് തെളിയിച്ചതിന് മികച്ചഓൾ റൗണ്ടർ, മികച്ച ഔട്ട് ഡോർ, ടോപ് സ്കോറൻ ഇൻ ഫോറൻസിക് സയൻസ് എന്നീ അംഗീകാരങ്ങളാണ് മെഡലുകളായി കിട്ടിയത്.

saritha2

സിവിൽ പൊലീസാകുന്നതിന് മുൻപും ട്രെയിനിങ് ലഭിച്ചിട്ടുണ്ട്. ആ ഒരു അറിവിന്റെ ബലത്തിലാണ് എസ്ഐ ട്രെയിനിങ്ങിന് എത്തുന്നത്. എന്നാൽ അന്ന് പഠിച്ചതിനേക്കാൾ ഒരുപാട് പുതിയ കാര്യങ്ങൾ ഇത്തവണ പഠിച്ചു.  എഡിജിപി സന്ധ്യ മാഡമായിരുന്നു അക്കാദമി ഡയറക്ടർ. മാഡം ഒറ്റയൊരാളുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ കോവിഡ് കാലത്ത് തന്നെ ഞങ്ങളുടെ പാസിങ് ഔട്ട് ചടങ്ങ് നടത്തി ഒദ്യോഗിക ഉത്തരവാദിത്തം നിർവഹിക്കാൻ ഇറങ്ങാൻ സാധിച്ചത്.

മാവോയിസ്റ്റുകളെ നേരിടാനുള്ള ഗ്രേഹണ്ട്സ് പരിശീലനം ലഭിച്ചത് ട്രെയിനിങ്ങിലെ മറക്കാനാകാത്ത അനുഭവം കൂടിയാണ്. സൈബർ നിയമങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, യോഗ, കരാട്ടെ, ജംഗിൾ ട്രെയിനിംഗ് തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അക്കാദമിയിലെ പരിശീലനത്തിൽ നിന്നും പഠിക്കാനായി

മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും ഞാൻ ട്രോഫിയും മെഡലും വാങ്ങുന്നത് കാണാൻ അപ്പയും അമ്മയും ബിനുവേട്ടനും വാവയുമൊക്കെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ഉള്ളതു കൊണ്ട് ആർക്കും പാസിങ് ഔട്ട് ചടങ്ങ് നേരിൽ കാണാൻ കഴിഞ്ഞില്ല എന്നൊരു ചെറിയ വിഷമമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ആണ് സല്യൂട്ട് സ്വീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് എനിക്ക് പോസ്റ്റിങ്ങ്. ട്രെയിനിങ് കഴിഞ്ഞ ശേഷം കുടുംബത്തെ കൂടെ താമസിപ്പിക്കാം. എന്നാൽ കോവിഡ് കാലമായതുകൊണ്ട് തൽക്കാലം കുഞ്ഞുമായി പോകുന്നില്ല.

English Summary: Successfull Story Of SI Saritha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA