തലതിരിഞ്ഞ ജീവിതം പറഞ്ഞ് ലക്ഷ്മി: അത് ഒരു ‘വിക്രസ്’ ആണ്...!

SHARE

ഗണിതശാസ്ത്രപ്രതിഭയായിരുന്ന ശകുന്തളാദേവിയുടെ വളരെ പ്രശസ്തമായ ഒരു വിഡിയോയുണ്ട്. രണ്ടു എട്ടക്കസംഖ്യകളുടെ ഗുണനഫലം കണ്ടെത്താനുള്ള ചോദ്യത്തെ നേരിട്ട് വേദിയില്‍ നില്‍ക്കുകയാണ് അവര്‍. ബോര്‍ഡില്‍ എഴുതിയിരിക്കുന്ന അക്കങ്ങള്‍ നോക്കി ശകുന്തളാദേവി ചോദിക്കുന്നു, ഉത്തരം വലത്തു നിന്നു വേണോ, അതോ ഇടത്തു നിന്നോ? അമ്പരന്നു നിന്ന സദസിനെ സാക്ഷിയാക്കി ശകുന്തളാദേവി ഇടത്തു നിന്നുള്ള ക്രമത്തില്‍ ഉത്തരത്തിലെ അക്കങ്ങള്‍ പറഞ്ഞ് അമ്പരപ്പിച്ചു. ലോകം ആഘോഷിച്ച ശകുന്തളാദേവിയുടെ കഴിവ് ഗണിതത്തിലായിരുന്നെങ്കില്‍ ഭാഷയിലെ പ്രാവീണ്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിക്കുകയാണ് കോഴിക്കോടുകാരിയായ ലക്ഷ്മി എസ്. പ്രകാശ്. 

ഇംഗ്ലിഷ് വാക്കുകളുടെ സ്പെല്ലിങ് സ്ഥിരമായി തെറ്റിച്ചിരുന്ന ഒരു കുട്ടിയില്‍ നിന്ന് മലയാളം, ഇംഗ്ലിഷ്, ഹിന്ദി എന്നീ ഭാഷകള്‍ തിരിച്ചും മറിച്ചും ഒരേ സമയവും എഴുതാന്‍ പറ്റുന്ന തരത്തില്‍ ലക്ഷ്മി വളരുകയായിരുന്നു. എഴുതാന്‍ മാത്രമല്ല, വളരെ 

വേഗത്തില്‍ മലയാളം തലതിരിച്ച് പറയാനും ലക്ഷ്മിക്കു കഴിയും. മിറര്‍ റൈറ്റിങ്, അക്ഷരങ്ങള്‍ തലകുത്തി എഴുതല്‍, ഇംഗ്ലിഷ് വാക്കുകളിലെ അക്ഷരങ്ങള്‍ നിമിഷനേരം കൊണ്ട് എണ്ണിപ്പറയല്‍ എന്നു വേണ്ട അക്ഷരങ്ങള്‍ കൊണ്ട് ഒപ്പിക്കുന്ന ഒരായിരം വിക്രസുകളുണ്ട് ലക്ഷ്മിയുടെ കയ്യില്‍. ഉള്‍ട്ടാ ലക്ഷ്മി എന്നാണ് ബെംഗളൂരു ഓഫിസിലെ സഹപ്രവര്‍ത്തകര്‍ ലക്ഷ്മിക്ക് ഇട്ടിരിക്കുന്ന ഇരട്ടപ്പേര്. അതെ... തലതിരിഞ്ഞവളാണ് ലക്ഷ്മി. ആ കഴിവ് സ്വായത്തമാക്കിയ വഴികള്‍ വെളിപ്പെടുത്തി ലക്ഷ്മി മനോരമ ഓണ്‍ലൈനില്‍. 

കുട്ടിക്കാലത്ത് വലച്ച ഇംഗ്ലിഷ്

ഞാനും അച്ഛനും അമ്മയുമായിരുന്നു എന്റെ ലോകം. കോഴിക്കോട് വടകരയാണ്  സ്വദേശം. എനിക്ക് അഞ്ചു വയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയി. അങ്ങനെ ഞാനും അമ്മയും കൂടി അമ്മയുടെ വീട്ടിലേക്ക് മാറി. അച്ഛന്‍ ഉണ്ടായിരുന്നപ്പോള്‍ എന്നെ സാധാരണ ഡിപിഇപി സ്കൂളിലാണ് വിട്ടിരുന്നത്. അമ്മയുടെ വീട്ടില്‍ എത്തിയപ്പോള്‍ എന്നെ സിബിഎസ്ഇ സ്കൂളില്‍ ചേര്‍ത്തു. രണ്ടാം ക്ലാസില്‍. എനിക്ക് ഇംഗ്ലിഷിന്റെ ആദ്യാക്ഷരങ്ങള്‍ പോലും നിശ്ചയമുണ്ടായിരുന്നില്ല. ഇംഗ്ലിഷ് മീഡിയം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടായി. അവിടെ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാന്‍ പാടുള്ളൂ. കൂട്ടുകാര്‍ ഇംഗ്ലിഷില്‍ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. അധ്യാപകര്‍ സ്കൂളില്‍ കേട്ടെഴുത്ത് നടത്തില്ലേ. അതില്‍ എപ്പോഴും എന്റെ പ്രകടനം മോശമാകും. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു, ഈ സ്പെല്ലിങ് എങ്ങനെയെങ്കിലും പഠിച്ചെടുത്തേ പറ്റൂ!

സ്വന്തമായി കണ്ടെത്തിയ ടെക്നിക്ക്

ഇംഗ്ലിഷ് സ്പെല്ലിങ് മറക്കാതിരിക്കാന്‍ ഒരു വഴി ഞാന്‍‍ കണ്ടെത്തി. അതായത് സ്പെല്ലിങ് പഠിക്കുമ്പോള്‍ നേരെ പറഞ്ഞു നോക്കുന്നതിനൊപ്പം തിരിച്ചും അതായത് ഇടത്തു നിന്ന് വലത്തോട്ടും പറഞ്ഞു പഠിച്ചു. അങ്ങനെ പഠിക്കുന്ന വാക്കുകളുടെ സ്പെല്ലിങ് ഞാന്‍ മറന്നുപോകുന്നുണ്ടായിരുന്നില്ല. അത് ഞാന്‍ ശീലമാക്കി. ഞാനെങ്ങനെയാണ് ഈ സ്പെല്ലിങ് പഠിക്കുന്നതെന്ന് അന്നേരമൊന്നും ആരും ശ്രദ്ധിച്ചില്ല. അമ്മ ഇതൊക്കെ കേട്ടിരിക്കും. പക്ഷേ, ഇതാണ് ഞാന്‍ ചെയ്യുന്നതെന്ന് മനസിലായിരുന്നില്ല. അഞ്ചാം ക്ലാസു വരെ കുത്തിയിരുന്ന് പഠിക്കലായിരുന്നു എന്റെ പ്രധാന പണി. ഒരു വാശി പോലെ ആയിരുന്നു എനിക്ക്. ഇംഗ്ലിഷില്‍ തോറ്റിരുന്ന ഞാന്‍ പതുക്കെ മാര്‍ക്ക് വാങ്ങാന്‍ തുടങ്ങി. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ ഓകെ ആയി. പിന്നെ ക്ലാസിലൊക്കെ ഒന്നാമതെത്താന്‍ തുടങ്ങി. 

കഴിവ് തിരിച്ചറിഞ്ഞത് ആറാം ക്ലാസില്‍

ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ ഒരു വ്യക്തിത്വവികസന പരിപാടി നടന്നു. അന്നു ക്ലാസെടുക്കാന്‍ വന്നത് ദൂരദര്‍ശനിലൊക്കെ പരിപാടി അവതരിപ്പിച്ചിരുന്ന ജോജോ സര്‍ ആയിരുന്നു. ക്ലാസ് എടുക്കുന്നതിന് ഇടയ്ക്ക് അദ്ദേഹം ചോദിച്ചു, ഇംഗ്ലിഷ് അക്ഷരമാല തുടക്കം മുതല്‍ ഒടുക്കം വരെ ക്രമത്തില്‍ പറയുന്നതുപോലെ തിരിച്ച് പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്ന്. ഞാന്‍ കൈ പൊക്കി. അദ്ദേഹം വേദിയിലേക്ക് വിളിപ്പിച്ചു. ഞാന്‍ കൂളായി വേഗത്തില്‍ പറഞ്ഞതും എല്ലാവരും കയ്യടിച്ചു. അക്ഷരമാല പറയുന്നതുപോലെ വാക്കുകളുടെ സ്പെല്ലിങ് തിരിച്ചു പറയാന്‍ കഴിയുമോ എന്നായി സാറിന്റെ അടുത്ത ചോദ്യം. ശ്രമിക്കാമെന്ന് ഞാനും. അങ്ങനെ ആ വേദിയില്‍ വച്ചാണ് എനിക്ക് ഇങ്ങനെ ഒരു കഴിവുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഇക്കാര്യം ഒരു കഴിവ് ആണെന്ന് ഞാന്‍ പോലും മനസിലാക്കിയത് ആ സംഭവത്തോടെയാണ്. എല്ലാവര്‍ക്കും വലിയ സര്‍പ്രൈസ് ആയിരുന്നു. അതിനുശേഷം ഞാന്‍ നാട്ടിലെ താരമായി. പല ടെലിവിഷന്‍ പരിപാടികളിലും പങ്കെടുക്കാന്‍ ഇതിലൂടെ അവസരം ലഭിച്ചു. 

സ്വയം കണ്ടെത്തിയ കൗതുകങ്ങള്‍

കാണുന്നവര്‍ക്കെല്ലാം വലിയ കൗതുകമായിരുന്നു ഞാന്‍. എന്റെ തലച്ചോറിനെന്തോ പ്രത്യേക കഴിവുണ്ടെന്നൊക്കെ ആളുകള്‍ പറയാന്‍ തുടങ്ങി. അപ്പോഴാണ് ഞാന്‍ സ്വയം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്പെല്ലിങ് തിരിച്ചു പറയുന്നതുപോലെ വേറെ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ശ്രമിച്ചു നോക്കി. വാക്കുകളിലെ അക്ഷരങ്ങളുടെ എണ്ണം, അതിന്റെ പ്രത്യേകതകള്‍, അതിലെ സ്വരാക്ഷരങ്ങളെത്ര, വ്യജ്ഞനങ്ങളെത്ര... അങ്ങനെ ഓരോ കാര്യങ്ങളും അനായാസമായി പറയാന്‍ കഴിയുന്നുണ്ടല്ലോ എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ടു കൈകള്‍ കൊണ്ടും ഒരേ സമയം എഴുതുക, മിറര്‍ റൈറ്റിങ്, മലയാളം തലതിരിച്ചു പറയുക അങ്ങനെ ഭാഷ കൊണ്ടുള്ള ഒരുപാടു രസകരമായ കാര്യങ്ങള്‍ എനിക്ക് ചെയ്യാൻ കഴിയുമെന്നത് വലിയ തിരിച്ചറിവായിരുന്നു. ഹിന്ദി, ഇംഗ്ലിഷ്, മലയാളം എന്നീ മൂന്നു ഭാഷകളിലും എനിക്ക് ഇത് ചെയ്യാന്‍ കഴിഞ്ഞു. ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല. വളരെ സ്വാഭാവികമായി അത് സംഭവിച്ചു പോവുകയാണ്. 

lakshmi-new

കെമിസ്ട്രി പഠിച്ച് എത്തിയത് ഐടിയില്‍

ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം. പത്തിലും പ്ലസ്ടുവിലും നല്ല മാര്‍ക്കും ഉണ്ടായിരുന്നു പക്ഷേ, ദൂരെ വിട്ട് പഠിപ്പിക്കാന്‍ വീട്ടുകാര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും എന്നെ വലിയ കാര്യമാണ് വീട്ടില്‍. അകലേക്ക് വിടാന്‍ താല്‍പര്യം ഇല്ലാതിരുന്നത് അതായിരുന്നു. അങ്ങനെ, വീടിന് അടുത്തുള്ള ഒരു കോളജില്‍ ബി.എസ്.സി കെമിസ്ട്രിക്ക് ചേര്‍ന്നു. പക്ഷേ, അവിടെയും വലിയൊരു സര്‍പ്രൈസ് എനിക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഡിഗ്രി അവസാന വര്‍ഷത്തില്‍ ആയിരുന്നപ്പോള്‍ വിപ്രോയുടെ ഒരു പ്ലേസ്മെന്റ് പരിപാടി കോളജില്‍ നടന്നു. ബി.എസ്.സിക്കാരില്‍ നിന്നു കുറച്ചു പേരെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി, എം.ടെക് പഠിപ്പിച്ച് വിപ്രോയില്‍ ജോലി നല്‍കുന്ന ഒരു പദ്ധതി ആയിരുന്നു. എന്റെ കോളജില്‍ നിന്ന് എനിക്ക് മാത്രമാണ് അതില്‍ സെലക്ഷന്‍ ലഭിച്ചത്. പഠനത്തിനായി ചെന്നൈയില്‍ പോകണമായിരുന്നു. അധ്യാപകരും സുഹൃത്തുക്കളുമെല്ലാം എന്നെ പിന്തുണച്ച് വീട്ടില്‍ സംസാരിച്ചു. അങ്ങനെ കെമിസ്ട്രി പഠിച്ച ഞാന്‍ സോഫ്റ്റ്‍വെയര്‍ മേഖലയിലെത്തി. ഈയടുത്ത് ഞാന്‍ വിപ്രോയിലെ ജോലി ഉപേക്ഷിച്ച് ഇന്‍ഫോസിസില്‍ ചേര്‍ന്നു. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബെംഗളൂരുവിലാണ് ഇപ്പോള്‍. 

പ്രചോദനമാകുന്നത് സന്തോഷം

എന്റെ വീട്ടില്‍ ഞാന്‍ മാത്രമാണ് ഐടി മേഖലയിലുള്ളത്. ബാക്കിയെല്ലാവരും അധ്യാപകരാണ്. അവര്‍ സ്കൂളിലും കോളജുകളിലുമൊക്കെ ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ എന്നെ വിളിക്കും, കുട്ടികളോട് എന്റെ അനുഭവം പങ്കുവയ്ക്കാന്‍! കാരണം, തോറ്റു തോറ്റാണല്ലോ ഞാന്‍ ഇംഗ്ലിഷ് പഠിച്ചെടുത്തത്. ഞാന്‍ ശീലിച്ച പല ട്രിക്കുകളും ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കും. ഇപ്പോള്‍ ക്രെയ്സി മൈന്‍ഡ്സ് എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. അതിലൂടെ ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു. ഇടയ്ക്ക് ലൈവ് ചെയ്യാറുണ്ട്. പ്രേക്ഷകര്‍ ലൈവ് ആയി തരുന്ന ചലഞ്ചുകള്‍ ഏറ്റെടുക്കും. അവര്‍ക്കായി ചെറിയ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. കുറച്ചെങ്കിലും ആളുകള്‍ക്ക് ഒരു പ്രചോദനം നല്‍കാന്‍ കഴിയുമെങ്കില്‍ അതു നല്ലതല്ലേ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA