ADVERTISEMENT

ഹിന്ദു കുടുംബങ്ങളിലെ പാരമ്പര്യ സ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം നൽകണമെന്ന 2005 ലെ നിയമഭേദഗതിക്ക് മുൻകാലപ്രാബല്യം ഉണ്ടെന്ന സുപ്രീം കോടതിയുടെ വിധിക്ക് സ്ത്രീകളുടെ അവകാശങ്ങളും സമൂഹത്തിലെ തുല്യതയും ദിനംപ്രതി ചർച്ചയാകുന്ന ഈ കാലഘട്ടത്തിൽ പ്രാധാന്യമേറെയാണ്.  നിർണായകമായ ഈ വിധിയെക്കുറിച്ച് സ്ത്രീകളുടെ സ്വത്തവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ വാദിഭാഗം അഭിഭാഷകയായ അഡ്വക്കേറ്റ് രശ്മി നന്ദകുമാർ മനോരമ ഓൺലൈനിനോട്  മനസ്സുതുറക്കുന്നു.

നിർണായകമായ സുപ്രീംകോടതി വിധിയുടെ പ്രസക്തി..

പെൺമക്കൾക്കും പാരമ്പര്യ സ്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന് ഉറപ്പു വരുത്തി കൊണ്ട് 2005 ൽ വന്ന  നിയമഭേദഗതി സ്ത്രീകൾക്ക് അനുകൂലമായി വ്യാഖ്യാനിക്കുകയാണ്  നിലവിൽ സുപ്രീംകോടതി ചെയ്തിരിക്കുന്നത്. 2005ന് മുൻപ് സ്ത്രീകൾക്ക് പൂർവിക സ്വത്തിൽ പിന്തുടർച്ചാവകാശം മാത്രമാണ് ഉണ്ടായിരുന്നത്. അതായത് ജന്മം കൊണ്ടു തന്നെ ആൺമക്കൾ പൂർവിക സ്വത്തിന് അവകാശികളാകുമ്പോൾ പെൺമക്കൾക്ക് മാതാപിതാക്കളുടെ മരണശേഷം മാത്രമാണ് സ്വത്തിൽ  അവകാശം ഉന്നയിക്കാൻ സാധിച്ചിരുന്നത്.

എന്നാൽ  2005 ലെ നിയമഭേദഗതിയുടെ മുൻകാല പ്രാബല്യത്തെ സംബന്ധിച്ച്  സുപ്രീം കോടതിയുടെ തന്നെ വിവിധ ബെഞ്ചുകൾ 2015ലും 2018ലും വ്യത്യസ്തമായ വിധി പ്രസ്താവനകൾ നടത്തിയിരുന്നു. പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9-ന് പിതാവ് ജീവിച്ചിരിക്കണം എന്നായിരുന്നു 2015ലെ വിധി. എന്നാൽ 2018 ൽ മറ്റൊരു രണ്ടംഗ ബെഞ്ച്  പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ മുൻകാലപ്രാബല്യത്തോടെ അവകാശം ഉണ്ടെന്ന് വിധിയെഴുതി. അതേ വർഷം തന്നെ മറ്റൊരു  രണ്ടംഗ ബെഞ്ച് 2015ലെ വിധിയോട് യോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതേതുടർന്നാണ്  നിയമത്തിൽ വ്യക്തത വരുത്തുന്നതിന് വേണ്ടി വിഷയം മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.

ഇപ്പോൾ വന്നിരിക്കുന്ന വിധി തികച്ചും സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് അനുകൂലമായ ഒന്നാണ്. 2005 സെപ്റ്റംബർ 9-ന് മുമ്പ് അച്ഛൻ മരിച്ച പെണ്മക്കൾക്കും സ്വത്തിൽ തുല്യ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. ആൺമക്കൾ പെൺമക്കൾ എന്നീ വിവേചനമില്ലാതെ ജന്മം കൊണ്ട് തന്നെ പൂർവിക സ്വത്തിൽ സ്ത്രീകൾക്കും അവകാശം ഉറപ്പുവരുത്താൻ ഈ വിധിയിലൂടെ സാധിച്ചിരിക്കുന്നു. 

കേസിന്റെ ഭാഗമായത്..

2018 ലാണ് പെൺമക്കളുടെ പൂർവികസ്വത്ത് അവകാശവുമായി ബന്ധപ്പെട്ട ഒരു കേസിൽ  വാദി ഭാഗത്തിന്റെ അഭിഭാഷക ആകുന്നത്. 2015ൽ നിലനിന്നിരുന്ന വിധിയുടെ അടിസ്ഥാനത്തിൽ ഡൽഹി ഹൈക്കോടതി എതിർഭാഗത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതി സർട്ടിഫിക്കറ്റ് ഓഫ് അപ്പീൽ നൽകിയിരുന്നതിനാൽ കക്ഷികൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. അങ്ങനെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനായി അവർ തന്നെ തേടിയെത്തുകയായിരുന്നു. നിലവിൽ ഞാൻ വാദിച്ചത് അടക്കം പൂർവിക സ്വത്തിൽ പെൺമക്കൾക്കുള്ള അവകാശവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഒന്നായി പരിഗണിച്ചാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 

2005ലെ നിയമ ഭേദഗതിക്കും നിലവിലെ സുപ്രീം കോടതി വിധിക്കും സ്ത്രീ ശാക്തീകരണത്തിലുള്ള പ്രാധാന്യം

1956ലെ ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തിൽ 2005ലാണ് ഭേദഗതി വന്നത്. അതിനുമുൻപ് ഹിന്ദു കുടുംബങ്ങളുടെ സ്വത്തിനുള്ള ജന്മാവകാശത്തിൽ നിന്നും സ്ത്രീകൾ മാറ്റി നിർത്തപ്പെടുന്ന സ്ഥിതിവിശേഷം ആയിരുന്നു ഉണ്ടായിരുന്നത്. അതായത് സ്വത്തിൽ തുല്യാവകാശം ഉന്നയിക്കാൻ നിയമപരമായ സഹായം സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. 2005 ൽ ഭേദഗതി കൊണ്ടുവന്നതോടെ ആൺമക്കൾക്കൊപ്പം

പെൺമക്കൾക്കും തുല്യ പ്രാധാന്യമാണ് കുടുംബത്തിൽ ഉള്ളത് എന്ന് നിയമപരമായി ഉറപ്പുവരുത്താൻ കഴിഞ്ഞു. ഭേദഗതിക്ക് മുൻകാലപ്രാബല്യം ഉണ്ടെന്ന വിധി കൂടി വന്നതോടെ സമൂഹത്തിൽ സ്ത്രീകൾ തുല്യരാണ് എന്ന പൊതുബോധം ഉണ്ടാകുന്നതിന് ഇത് സഹായകരമാകും. കൊല്ലം സ്വദേശിനിയായ അഡ്വക്കേറ്റ് രശ്മി നന്ദകുമാർ 2008ലാണ്  പ്രാക്ടീസ് ആരംഭിച്ചത്. അഭിഭാഷകനായ ഭർത്താവ് ശങ്കർ നാരായണനും മകൾക്കുമൊപ്പം ഡൽഹിയിലാണ് താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com