ADVERTISEMENT

ചക്രക്കസേരയിൽ ഒരാൾക്ക് ഇത്രയും പ്രസന്നതയോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്ന സംശയമായിരിക്കും പ്രീതി ശ്രീനിവാസൻ എന്ന യുവതിയെ നേരിൽ കാണുമ്പോൾ ആർക്കും ആദ്യം തോന്നുക. ക്രിക്കറ്റ് പരിശീലകയും ‘സോൾ ഫ്രീ’ എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയും ചിത്രകാരിയും പ്രചോദനാത്മക പ്രാസംഗികയുമായ പ്രീതി ശ്രീനിവാസൻ അത്തരം മുൻധാരണകളെ എല്ലാം കാറ്റിൽ പറത്തും. അപകടത്തെത്തുടർന്ന് ചലനശേഷി നഷ്ടപ്പെട്ടിട്ടും, കുടുംബത്തിനും സമൂഹത്തിനും മാതൃകയായി ജീവിതം പടുത്തുയർത്തിയ പ്രീതി പറയുന്നു, ജീവിതത്തിൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു സങ്കടപ്പെടുന്നതിനേക്കാൾ എത്രയോ നല്ലതാണ്, ചെയ്യാൻ കഴിയാവുന്നവ ഏറ്റവും ഭംഗിയോടെ ചെയ്യുന്നത്?! 

പതിനെട്ടാം വയസിൽ അപകടം സംഭവിച്ച് ചലനശേഷി നഷ്ടപ്പെടുന്നതിനു മുൻപ് തമിഴ്നാട് വനിതാ ക്രിക്കറ്റ് അണ്ടർ 19 ടീം ക്യാപ്റ്റൻ ആയിരുന്നു പ്രീതി. പ്രിയതാരം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം അലക്സാണ്ടർ റിച്ചാർഡ്സിനെപ്പോലെ ബാറ്റിങ്ങിൽ ഇതിഹാസം രചിക്കാൻ മൈതാനത്തേക്ക് ഇറങ്ങിയവൾ. കോളജിലെ ഒരു യാത്രയ്ക്കിടെ സംഭവിച്ച അപകടത്തോടെ ക്രിക്കറ്റിനോട് എന്നന്നേക്കുമായി പ്രീതിക്ക് വിട പറയേണ്ടി വന്നു. പക്ഷേ, പവലിയനിൽ ഇരുന്ന് കളി കാണുന്നതിനേക്കാൾ മൈതാനത്ത് ഇറങ്ങി കളിക്കാനായിരുന്നു പ്രീതിക്ക് ഇഷ്ടം. മത്സരങ്ങളിൽ കളിക്കാൻ പറ്റിയില്ലെങ്കിലും പരിശീലകയുടെ വേഷത്തിൽ പ്രീതി സെക്കൻഡ് ഇന്നിങ്സിന് ഇറങ്ങി. ഇന്നു ലോകം മുഴുവൻ ആരാധകരുണ്ട്, പ്രീതി ശ്രീനിവാസന്റെ വാക്കുകൾക്കും ജീവിതത്തിനും. ഈ കോവിഡ് കാലത്ത് എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ രഞ്ജിനി ശിവസ്വാമിയുടെ 'ഒരു ചോദ്യം' (One Question) പരിപാടിയിൽ കടന്നുവന്ന വഴികളെക്കുറിച്ച് പ്രീതി മനസു തുറന്നു. ചക്രക്കസേരയ്ക്കു പോലും ചിറകു വപ്പിച്ച പ്രീതി ശ്രീനിവാസന്റെ ജീവിതം അവരുടെ വാക്കുകളിലൂടെ:  

3 ഭൂഖണ്ഡങ്ങളിലെ 9 സ്കൂളുകളിലായി പഠനം

എന്റെ ജീവിതം തുടക്കം മുതൽ സാഹസികതകൾ നിറഞ്ഞതായിരുന്നു. മൂന്നു വയസിൽ നീന്താൻ പഠിച്ചു. ആറേഴു മണിക്കൂറുകളോളം ആ പരിശീലനം തുടർന്ന ദിവസങ്ങളുണ്ടായിരുന്നു. ജീവിതം കഠിനമേറിയതായിരുന്നു. എന്നാൽ വിജയങ്ങൾക്കൊപ്പമായിരുന്നു ആ യാത്ര. 18 വയസിനുള്ളിൽ ഞാൻ ലോകം ചുറ്റിക്കണ്ടു. മൂന്നു ഭൂഖണ്ഡങ്ങളിലെ 9 വ്യത്യസ്ത സ്കൂളുകളിലാണ് ഞാൻ പഠിച്ചത്. അതിനിടയിൽ ക്രിക്കറ്റും ജീവിതത്തിന്റെ ഭാഗമായി. തമിഴ്നാട് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടി. ക്യാപ്റ്റനായി.  ജീവിതത്തിന് എന്തൊരു ഭംഗിയായിരുന്നു അന്നേരം! കോളജിൽ നിന്നു പോയ ഒരു യാത്രയാണ് എല്ലാം മാറ്റി മറിച്ചത്. ഞാൻ ഒന്നു വീണു. കഴുത്തൊടിഞ്ഞു... പിന്നെ എണീറ്റിട്ടില്ല. ഞാനാകെ തകർന്നു പോയി. 

തോൽക്കാൻ മനസില്ല

എന്റെ ശരീരവും അതിലൂടെ കൈവരിച്ച നേട്ടങ്ങളുമായിരുന്നു അതുവരെയുള്ള എന്റെ വ്യക്തിത്വം. ആ അപകടത്തോടെ ഞാൻ ഇല്ലാതായെന്നു തോന്നി. എന്തുകൊണ്ടാണ് എനിക്ക് ഇത് സംഭവിച്ചത് എന്നായിരുന്നു എന്റെ ചിന്ത. ഞാൻ ഇത് അർഹിക്കുന്നില്ല. എനിക്കിങ്ങനെയായിരുന്നില്ല സംഭവിക്കേണ്ടിയിരുന്നത് എന്നൊക്കെയുള്ള ചിന്തകൾ എന്നിലൂടെ കടന്നു പോയി. പക്ഷേ, എന്റെ മാതാപിതാക്കൾ എന്നെ പരിമിതിയില്ലാതെ സ്നേഹിച്ചു. യാതൊന്നും സംഭവിക്കാത്ത മട്ടിലായിരുന്നു അവർ എന്നോടു പെരുമാറിയത്. അത് എനിക്ക് കരുത്തേകി. കഠിനാധ്വാനം, തോൽക്കാൻ മനസില്ലെന്ന നിലപാട്, സ്ഥിരോത്സാഹം, ഉന്മേഷം എന്നിങ്ങനെ കായികപരിശീലനത്തിലൂടെ ഞാൻ നേടിയെടുത്ത കഴിവുകൾ ഞാൻ പൊടിതട്ടിയെടുത്തു. അതോടെ ജീവിതത്തോടുള്ള എന്റെ മനോഭാവം മാറി. 

സെക്കൻഡ് ഇന്നിങ്സിലെ ക്രിക്കറ്റ്

'എന്തുകൊണ്ട് ഞാൻ' എന്ന ചിന്തയിൽ നിന്നും 'എന്തുകൊണ്ട് ഞാനായിക്കൂടാ?' എന്നതിലേക്ക് എന്റെ ചിന്തകൾ മാറിയപ്പോൾ വലിയ മാറ്റമുണ്ടായി. കാരണം, എനിക്കതിനുള്ള ശക്തിയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് കുടുംബത്തിന്റെ പിന്തുണയുണ്ട്. ഇത്തരം അവസ്ഥകളെ നേരിടാനും പിന്തുണയ്ക്കാനും കഴിവുള്ള കുടുംബമാണ് എന്റേതെന്ന് ഞാൻ മനസിലാക്കി. അതോടെ എന്റെ അവസ്ഥയെ ഒരു ചലഞ്ച് ഞാൻ കാണാൻ തുടങ്ങി. മുഖാമുഖം നേരിടാൻ ഞാൻ തയ്യാറെടുത്തു, ഒരു ബാറ്റ്സ്മാൻ എതിരെ വരുന്ന പന്ത് നേരിടാൻ തയ്യാറെടുക്കും പോലെ! കയ്യിൽ ബാറ്റെടുക്കുന്നതിനു പകരം ഞാൻ വായ കൊണ്ട് ബ്രഷ് പിടിച്ചു. ക്രിക്കറ്റ് മൈതാനത്ത് നിൽക്കുന്ന അതേ ആവേശമായിരുന്നു അപ്പോൾ എന്റെയുള്ളിൽ! അതു എന്റെ ഉള്ളിലെ മുറിവിനെ സുഖപ്പെടുത്തി. അങ്ങനെ ഞാൻ തിരിച്ചറിഞ്ഞു, ജീവിതമെന്നു പറയുന്നത് എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ മാത്രം ഓർത്തിരിക്കുന്നതല്ല. എന്തു ചെയ്യണമെന്നു ഞാൻ തിരഞ്ഞെടുക്കുന്നതാണ് എന്റെ ജീവിതം. എന്തെനിക്ക് ചെയ്യാൻ കഴിയില്ല എന്നതു മാറ്റി എന്തെനിക്ക് ചെയ്യാൻ കഴിയും എന്നു ചിന്തിച്ചു തുടങ്ങിയതിനു ശേഷം എനിക്കൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

ഞങ്ങൾക്കും ജീവിക്കണം, അഭിമാനത്തോടെ

എന്റെ പരിമിതികളെ തകർത്തുകൊണ്ടായിരുന്നു എന്റെ പിന്നീടുള്ള യാത്ര. എനിക്കൊരിക്കലും ചെയ്യാൻ കഴിയില്ലെന്നു മറ്റുള്ളവർ ചിന്തിച്ചതെല്ലാം മാറ്റിയെടുക്കാൻ കഴിഞ്ഞു. ഞാനെന്റെ കോളജ് പഠനം പൂർത്തിയാക്കി. ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുന്നു. എനിക്കിപ്പോൾ ഒരു ജോലിയുണ്ട്. എന്റെ കുടുംബത്തെ സാമ്പത്തികമായും ഞാൻ പരിരക്ഷിക്കുന്നു. ഇതൊന്നും ഒരിക്കലും സംഭവിക്കില്ലെന്നായിരുന്നു പലരും കരുതിയിരുന്നത്. ഞാൻ എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് ലോകത്തേക്കും തിരിച്ചെത്തി. കളിക്കാരി ആയിട്ടല്ല പരിശീലകയും ഒഫീഷ്യലുമായിട്ടാണ് എന്റെ സെക്കൻഡ് ഇന്നിങ്സ്. എന്റെ ജീവിതവും എന്റെ നേട്ടങ്ങളും മാത്രമായി മുന്നോട്ട് പോകാൻ എനിക്കാവില്ലായിരുന്നു. എന്നെപ്പോലെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കായി സോൾ ഫ്രീ എന്ന സന്നദ്ധസംഘടന ആരംഭിച്ചു. ഇത്തരം ശാരീരിക അവസ്ഥകളിൽ ജീവിക്കുന്നവർ സമൂഹത്തിൽ അദൃശ്യരാണ്. അവർക്ക് അഭിമാനത്തോടെയുള്ള ജീവിതം സാധ്യമാക്കണമെന്നാണ് എന്റെ ആഗ്രഹം.

English Summary: An Interview With Preethi Sreenivasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com