sections
MORE

കണ്മുന്നിൽ കത്തുന്ന കാർഗിൽ യുദ്ധം, പേടിച്ചില്ലൊരിക്കലും: ശ്രീവിദ്യ പറയുന്നു, ഗുഞ്ജൻ പറയാതെ വിട്ട സത്യങ്ങൾ

SHARE

പാലക്കാട് ചിറ്റൂര്‍ ഗവൺമെന്റ് കോളജില്‍ കെമിസ്ട്രി ബിരുദത്തിന് ചേരുമ്പോള്‍ തത്തമംഗലം സ്വദേശി ശ്രീവിദ്യയുടെ സ്വപ്നം എന്നെങ്കിലും ഒരു വിമാനം പറത്തണമെന്നായിരുന്നു. പൈലറ്റാവുക എന്ന സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ അന്നത്തെ സാമ്പത്തിക ചുറ്റുപാടൊന്നും മതിയാകില്ലെന്നു തിരിച്ചറിഞ്ഞപ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുമെന്ന് ശ്രീവിദ്യ കരുതി. തനി പാലക്കാടന്‍ പെണ്‍കുട്ടിയായി നീണ്ട തലമുടിയില്‍ മുല്ലപ്പൂ വച്ച് കോളജിലേക്കു പോയ ആ പെണ്‍കുട്ടിയാണ് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു യുദ്ധഭൂമിയിലേക്ക് ഹെലികോപ്റ്റര്‍ പറത്തിയ ഫ്ലൈറ്റ് ലഫ്റ്റനന്റ് (റിട്ട.) ശ്രീവിദ്യ രാജൻ. നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്ന ശ്രീവിദ്യ കാര്‍ഗിലിലെ യുദ്ധഭൂമിയിലേക്ക് ഹെലികോപ്റ്റര്‍ പറപ്പിക്കാന്‍‍‍ തക്കവിധം വളര്‍ന്നതിനു പിന്നില്‍ ഒട്ടേറെ വര്‍ഷങ്ങളുടെ അധ്വാനമുണ്ട്. അതില്‍ പരാജയങ്ങളുണ്ട്, നിസ്സഹായാവസ്ഥകളുണ്ട്, സന്തോഷത്തിന്റെയും ആത്മാഭിമാനത്തിന്റെയും നിമിഷങ്ങളുണ്ട്. ഉദ്വേഗജനകമാണ് ശ്രീവിദ്യ രാജന്റെ കഥ. അതില്‍,  നെറ്റ്ഫ്ലിക്സില്‍ റിലീസ് ആയ ‘ഗുഞ്ജന്‍ സക്സേന’ പറയാതെ പോയ ഒരുപാടു ജീവിതങ്ങളുണ്ട്. 

പൈലറ്റ് ആകാന്‍ ആഗ്രഹിച്ച പെണ്‍കുട്ടി

sreevidhya-rajan
ശ്രീവിദ്യ രാജൻ

അച്ഛന്‍ ആര്‍മിയിലായിരുന്നു. സുബൈദര്‍ മേജറായാണ് റിട്ടയര്‍ ആയത്. അമ്മ തത്തമംഗലത്തു തന്നെ അധ്യാപികയായിരുന്നു. ഞങ്ങള്‍ നാലു മക്കളായിരുന്നു. ഡാഡി ആര്‍മിയിലായിരുന്നിട്ടും ഞങ്ങള്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം തത്തമംഗലത്തു തന്നെയായിരുന്നു. അവധിക്കാലത്ത് ഡാഡിയുടെ ജോലിസ്ഥലത്തു പോകും. അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അന്ന് ആര്‍മിയില്‍ മെഡിക്കല്‍ രംഗത്തു മാത്രമേ സ്ത്രീകളെ അനുവദിച്ചിരുന്നുള്ളൂ. ആ മേഖല എനിക്ക് അധികം താല്‍പര്യമുണ്ടായിരുന്നില്ല. പൈലറ്റാകണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, ഫ്ലൈയിങ് ക്ലബുകളിൽ അയച്ചു പഠിപ്പിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതിനാല്‍  ആ സ്വപ്നം അങ്ങനെതന്നെ മനസ്സില്‍ കിടന്നു. എന്റെ ഗ്രാജ്വേഷന്റെ അവസാന വര്‍ഷത്തിലാണ് ഡിഫന്‍സില്‍നിന്ന് പൈലറ്റാകാന്‍ പെണ്‍കുട്ടികളെ വിളിച്ചുതുടങ്ങിയത്. ആദ്യ ബാച്ചിൽത്തന്നെ ഞാനും അപേക്ഷിച്ചു. ആദ്യ ഘട്ട ടെസ്റ്റുകൾ വിജയിച്ചെങ്കിലും നാലു ദിവസം നീണ്ട രണ്ടാം ഘട്ട ടെസ്റ്റില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് ആകെ സങ്കടമായി. വീട്ടിലെത്തി കുറേ കരഞ്ഞു.

Gunjan-Saxsena12

ഇനിയും ഈ സ്വപ്നത്തിനു പിറകെ പോകണോ?

ഞാനന്ന് വളരെ മെലിഞ്ഞിട്ടാണ്. ഭാരം വെറും 49 കിലോ. അക്കാലത്ത് പെണ്‍കുട്ടികള്‍ ജിമ്മില്‍ പോകുന്ന പതിവൊന്നുമില്ല. ഒരു പ്രായം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ പുറത്തു പോയി സ്പോര്‍ട്സ് ആക്റ്റിവിറ്റി ഒന്നും ചെയ്യാത്ത ഒരു നാട്ടിന്‍പുറം തന്നെയായിരുന്നു തത്തമംഗലം. ഫിസിക്കലി ഞാൻ ടഫ് ആയിരുന്നില്ല. പിന്നെ, എനിക്ക് ഭാഷാപ്രശ്നവും ഉണ്ടായിരുന്നു. ഞാന്‍ മലയാളം മീഡിയത്തിലാണ് പഠിച്ചത്. ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാന്‍ അല്‍പം ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നങ്ങളെ മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ രണ്ടാം വട്ടവും സിലക്‌ഷന് ഒരുങ്ങിയത്. പക്ഷേ, രണ്ടാം വട്ടവും എനിക്കു കിട്ടിയില്ല. തിരിച്ചു വന്നത് വളരെ വിഷമിച്ചായിരുന്നു. എന്റെ സ്വപ്നം ഇനി നടക്കില്ലേ എന്നായി ചിന്ത. അപ്പോഴേക്കും ഡിഗ്രി കഴിഞ്ഞ് ഞാന്‍ പിജിക്ക് ചേര്‍ന്നു. പാലക്കാട് ബ്രില്ല്യന്‍സ് കംപ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തില്‍ അക്കാദമിക് കൗണ്‍സിലര്‍ ആയി പാര്‍ട് ടൈം ജോലിയും കിട്ടി. വീണ്ടും പൈലറ്റ് സിലക്‌ഷനു പോകാതെ മറ്റവസരങ്ങള്‍ നോക്കണമെന്നൊക്കെ പലരും അഭിപ്രായപ്പെട്ടു. പക്ഷേ, എനിക്ക് അറിയാമായിരുന്നു ഇതു തന്നെയാണ് യഥാർഥത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്ന്. അങ്ങനെ മൂന്നാം വട്ടവും ഞാന്‍ അപേക്ഷ അയച്ചു. 

ഓള്‍ ഇന്ത്യ ടോപ്പറായി മിന്നും ജയം

മുന്‍പുണ്ടായ രണ്ടു തോല്‍വികളില്‍നിന്ന് പാഠം പഠിച്ചാണ് ഞാന്‍ മൂന്നാം വട്ടം സിലക്‌ഷനു ഹാജരായത്. ബലഹീനതകള്‍ തിരിച്ചറിഞ്ഞ് ഞാന്‍ കൂടുതല്‍ നന്നായൊരുങ്ങി. ബ്രില്യന്‍സില്‍ പാര്‍ട് ടൈം ജോലിക്കു പോയത് ഭാഷയിലെ കുറവുകള്‍ നികത്താന്‍ സഹായിച്ചു. അങ്ങനെ മൂന്നാം ശ്രമത്തിൽ എനിക്ക് സിലക്‌ഷന്‍ കിട്ടി. വലിയ സന്തോഷമായിരുന്നു അപ്പോള്‍. രണ്ടു മാസത്തിനുള്ളില്‍ കോള്‍ ലെറ്റര്‍ വന്നു. അവിടെ ജോയിന്‍ ചെയ്തപ്പോഴാണ് മറ്റൊരു കാര്യം ‍ഞാന്‍ അറിഞ്ഞത്, ഇന്ത്യയില്‍ മൂന്നു സിലക്‌ഷന്‍ സെന്ററുകളിലെ ഉദ്യോഗാർഥികളില്‍ ടോപ്പര്‍ ഞാനായിരുന്നു എന്ന്. വലിയൊരു സര്‍പ്രൈസ് ആയിരുന്നു അത്. രണ്ടു വട്ടം കിട്ടാതിരുന്നിട്ടും ഞാന്‍ എന്റെ ശ്രമം അവസാനിപ്പിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി. ഈ കാര്യം ഞാനെപ്പോഴും പറയാറുണ്ട്. കാരണം, എല്ലാവരും അവരുടെ ജീവിതത്തിലെ വിജയങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. സത്യത്തില്‍ നമ്മുടെ ജീവിതത്തിലെ പരാജയങ്ങളില്‍ കരഞ്ഞിരിക്കാതെ അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടു പോയാല്‍ ജീവിതത്തില്‍ വിജയം കൈവരിക്കാം. 

Gunjan-Saxsena11

നീളന്‍ മുടി മുറിച്ച് ആദ്യ ആഴ്ച

എയര്‍ ഫോഴ്സിലെ നാലാമത്തെ വനിതാ പൈലറ്റ് ബാച്ച് ആയിരുന്നു എന്റേത്. ആദ്യത്തെ രണ്ടു ബാച്ച് ട്രാന്‍സ്പോര്‍ട്ട് പൈലറ്റ്സ് ആയിരുന്നു. ആന്ധ്രയിലെ ഡുണ്ടിഗല്‍ എന്ന സ്ഥലത്തായിരുന്നു എയര്‍ ഫോഴ്സ് അക്കാദമി. അതൊരു പുതിയ ലോകമായിരുന്നു. പൈലറ്റ് ആകാന്‍ പോകുന്നതിന്റെ ആവേശമായിരുന്നു ഉള്ളില്‍ നിറയെ. ആദ്യത്തെ രണ്ടു മാസം ശരിക്കും ടഫ് ആയിരുന്നു. അവിടെ എത്തുമ്പോള്‍ ഞാന്‍ ഒരു കോളജ് ഗേളിന്റെ സ്റ്റൈലില്‍ ആയിരുന്നു. നഖമൊക്കെ വളര്‍ത്തി, മുടിയെല്ലാം ഭംഗിയില്‍ ഷാംപൂ ചെയ്ത രൂപം. ആദ്യ ദിവസം തന്നെ നഖം വെട്ടിച്ചു. മുടി നിറയെ എണ്ണ പുരട്ടി വൃത്തിയായി കെട്ടി വയ്പ്പിച്ചു. സത്യം പറഞ്ഞാല്‍ ആദ്യത്തെ ഒരാഴ്ച ഞാനെന്റെ മുറി ശരിക്കൊന്നു കണ്ടിട്ടു പോലുമില്ല. അതിരാവിലെ തുടങ്ങുന്ന പരിശീലനം രാത്രി വരെ തുടരും. വിശ്രമിക്കാനൊന്നും അധികം സമയം കിട്ടില്ല. മര്യാദയ്ക്കൊന്നു കുളിക്കാന്‍ പോലും ഗ്യാപ്പ് കിട്ടില്ല. പത്തു മണിക്ക് ശേഷം ലൈറ്റ് അണയ്ക്കണം.  അതിനുശേഷം ഒരു ശബ്ദം പോലും കേള്‍ക്കാന്‍ പാടില്ല. തലയില്‍ നിറയെ എണ്ണയും പൊടിയും ഒക്കെയായി കുളിക്കാതെ നിവൃത്തിയില്ലെന്നു വന്നപ്പോള്‍ രാത്രി ലൈറ്റ് ഓഫ് ചെയ്ത് കുളിച്ചു. പതുക്കെ കുളി കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ അതാ സീനിയേഴ്സ് കാത്തു നില്‍ക്കുന്നു. നല്ല പണിഷ്മെന്റ് കിട്ടി. ആ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കിട്ടിയ ഓഫ് ദിവസം ആദ്യം ചെയ്തത് എന്റെ നീളമുള്ള മുടി മുറിച്ചു കളയുകയായിരുന്നു. അക്കാദമിയിലെ കടുത്ത പരിശീലനത്തിന് ആ രൂപമാണ് അനുയോജ്യമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെ അതു ശീലമായി. 

കഠിനപരിശീലനത്തിന്റ അക്കാദമി ദിവസങ്ങള്‍

അക്കാദമിയില്‍ ആണ്‍-പെണ്‍ വ്യത്യാസമില്ല. രാവിലെ തുടങ്ങുന്ന ഹെല്‍ത്ത് റണ്‍ മുതല്‍ എല്ലാം ഒന്നിച്ചാണ്. പെണ്‍കുട്ടികളോട് അവഗണനയോ പ്രത്യേക പരിഗണനയോ ഇല്ല. പണിഷ്മെന്റില്‍ പോലും വ്യത്യാസമില്ല. എത്രയോ ആണ്‍കുട്ടികള്‍ ഇത് സഹിക്കാന്‍ പറ്റാതെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ടെന്നോ! ഇതു കാണുമ്പോള്‍ ഞാന്‍ വിചാരിക്കും, ഞാന്‍ അവരെക്കാള്‍ ബെറ്റര്‍ ആണല്ലോ... കരയുന്നില്ലല്ലോ എന്ന്. ചില സമയത്തൊക്കെ നിർത്തിപ്പോന്നാലോ എന്നു വരെ ആലോചിച്ചിട്ടുണ്ട്. പക്ഷേ, ഈ പരിശീലനം ഞങ്ങളെ ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജരാക്കാന്‍ വേണ്ടിയായിരുന്നു. വിചാരിച്ചത്ര ഈസിയല്ല ഈ പ്രഫഷനെന്നു തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. 

കാര്‍ഗിലിലേക്ക് 

ഒന്നരവര്‍ഷത്തെ ട്രെയിനിങ്ങിനു ശേഷമായിരുന്നു കമ്മിഷന്‍ ചെയ്തത്. ആദ്യ പോസ്റ്റിങ് ജമ്മു കശ്മീര്‍ സെക്ടറിലെ ഉധംപൂരിലായിരുന്നു. അവിടത്തെ ഫ്ലൈയിങ് വ്യത്യസ്തമായിരുന്നു.എക്സ്ട്രീം ക്ലൈമറ്റ് ആണ് അവിടെ. അതിന് പ്രത്യേക പരിശീലനവും ലഭിച്ചു. ഞങ്ങള്‍ 22 പൈലറ്റ്സ് ഉണ്ടായിരുന്നു. അതില്‍ രണ്ടു പേരായിരുന്നു ഞാനും ഗുഞ്ജനും. ആ സമയത്താണ് കാര്‍ഗില്‍ പ്രശ്നം ഉടലെടുത്തത്. ഒരു ദിവസം രാവിലെ റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍‍ അറിഞ്ഞു എയര്‍ ഫോഴ്സും യുദ്ധത്തില്‍ പങ്കുചേരുകയാണെന്ന്. ഏറ്റവും അടുത്ത ഹെലികോപ്റ്റര്‍ യൂണിറ്റ് ഞങ്ങളുടേതായിരുന്നു. അങ്ങനെ ശ്രീനഗറിലേക്ക് ഡ്യൂട്ടി ഏൽപിക്കപ്പെട്ടവരില്‍ ഞാനും ഉള്‍പ്പെട്ടു. 1996 മുതല്‍ ഞങ്ങള്‍ ഉധംപൂരിലായിരുന്നു ഫ്ലൈ ചെയ്തുകൊണ്ടിരുന്നത്. അതുകൊണ്ട് ആ പ്രദേശം ഞങ്ങള്‍ക്ക് നന്നായി അറിയാമായിരുന്നു. അതുപ രിഗണിച്ചാണ് ഡ്യൂട്ടി കിട്ടിയത്. അല്ലാതെ യുദ്ധഭൂമിയിലേക്ക് പോകുന്ന ആദ്യ വനിത പൈലറ്റ് ആകാന്‍ പോവുകയാണെന്നൊന്നും മനസ്സില്‍ ഇല്ല. 

ആ കാഴ്ച ഒരിക്കലും മറക്കില്ല

ശ്രീനഗറിലെത്തിയപ്പോള്‍ മനസ്സ് പാകപ്പെട്ടിരുന്നു. ആക്‌ഷനുള്ള സമയമായെന്ന തിരിച്ചറിവ്. ചുറ്റുമുള്ളവരും ആ സ്പിരിറ്റിലായിരുന്നു. പേടിയോ ടെന്‍ഷനോ ഒന്നും തോന്നിയില്ല. ആ മിഷന്‍ മാത്രമായിരുന്നു മനസ്സില്‍. യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ ആശുപത്രിയിലാക്കുക എന്നതായിരുന്നു ഒരു ജോലി. ശ്രീനഗറില്‍ത്തന്നെ ആര്‍മിയുടെ ബേസ് ഹോസ്പിറ്റലുണ്ട്. അവിടെ എത്തിക്കണം. അതിനെ ക്യാഷ്വാലിറ്റി ഇവാക്വേഷന്‍ എന്നു പറയും. കൂടാതെ, ആർമിക്കു ലോജിസ്റ്റിക് സപ്പോർട്ട് നൽകുക, കമ്മ്യൂണിക്കേഷൻ സോർട്ടി (communication sortie), എയർ മെയിന്റനൻസ് അങ്ങനെ വിവിധ ദൗത്യങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നു. രണ്ടാഴ്ച ഞാന്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. അതിനു ശേഷം വന്ന ബാച്ചിലാണ് ഗുഞ്ജന്‍ വന്നത്. ആദ്യത്തെ തവണ കാഷ്വാലിറ്റി ഇവാക്വേഷന്റെ ഭാഗമായി പറന്നപ്പോള്‍ ഞങ്ങള്‍ക്ക് ആശുപത്രിയില്‍ എത്തിക്കേണ്ടി വന്നത് പരുക്കേറ്റ ഒരു ജവാനെയായിരുന്നു. അദ്ദേഹത്തിന്റെ മുട്ടിനു താഴെ ആകെ ചതഞ്ഞുപോയിരുന്നു. ആ കാഴ്ച ദാരുണമായിരുന്നു. അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിലും ഭയങ്കര വേദനയുണ്ടായിരുന്നു. കാര്‍ഗിലില്‍നിന്ന് ബേസ് ഹോസ്പിറ്റല്‍ വരെ എത്തിക്കുന്ന സമയത്ത് വേദന കൊണ്ട് ആ മനുഷ്യന്‍ പുളയുന്നത് കാണേണ്ടി വന്നു. ഇങ്ങനെയുള്ള ചില ദൃശ്യങ്ങള്‍ മനസ്സില്‍നിന്ന് ഒരിക്കലും മായില്ല.

ആ സിനിമ ഞങ്ങളുടെ സൗഹൃദം തകർത്തില്ല

പലരും കരുതുന്ന പോലെ ഗുഞ്ജൻ സക്സേന എന്ന ചിത്രം ഗുഞ്ജനുമായുള്ള എന്റെ സൗഹൃദത്തെ ബാധിച്ചിട്ടില്ല. ഞങ്ങൾ ഇപ്പോഴും വിളിക്കാറുണ്ട്. നല്ല സുഹൃത്തുക്കളാണ്. ഉധംപൂരിലെത്തിയപ്പോഴാണ് ഞങ്ങൾ കൂടുതൽ സൗഹൃദത്തിലായത്. ഞങ്ങൾ ഒരുമിച്ചാണ് പല പ്രശ്നങ്ങളെയും നേരിട്ടത്. വളരെ പോസിറ്റീവായ വ്യക്തിയാണ് ഗുഞ്ജൻ. ആ സിനിമയിൽ കാണിക്കുന്നതുപോലെ ഗുഞ്ജൻ അത്ര ദുർബലയൊന്നുമല്ല. നല്ല മനസ്സാന്നിധ്യമുള്ള സ്മാർട്ട് ഓഫിസറാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ഈ മേഖലയിൽ വിജയം കൈവരിക്കാൻ കഴിയൂ. ആ സിനിമ ചെയ്തവർ അൽപമെങ്കിലും യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങളോട് സത്യസന്ധത പുലർത്തിയിരുന്നെങ്കിൽ ഒരുപാട് പെൺകുട്ടികൾക്ക് അതു തീർച്ചയായും പ്രചോദനമാകുമായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA