ADVERTISEMENT

സ്നോഹമയിയായ ഒരു അമ്മയുടെ മുഖമോർത്താൽ മലയാളി പ്രേക്ഷകരുടെ ഓർമയിൽ ഒരിക്കൽപ്പോലും തെളിയാത്ത പേരാണ് കുളപ്പുള്ളി ലീല. കാരണം, അൽപസ്വൽപം ദുഷ്ത്തരവും കുറച്ചു ഒച്ചപ്പാടും ബഹളവുമൊക്കെയുള്ള കഥാപാത്രങ്ങളിലൂടെയാണ് ലീല എന്ന നടിയെ മലയാളത്തിനു പരിചയം. സിനിമയിൽ മുത്തശ്ശിയും അമ്മയും അമ്മായിയമ്മയുമൊക്കെയായി തകർത്താടിയിട്ടുണ്ടെങ്കിലും ജീവിതത്തിൽ അത്തരം വേഷങ്ങൾ അണിയാൻ അവസരം ലഭിക്കാതെ പോയ കുളപ്പുള്ളി ലീലയെ പക്ഷേ, അധികമാർക്കും അറിയില്ല. ദേശീയ അമ്മായിയമ്മ ദിനത്തിൽ കുളപ്പുള്ളി ലീല പറയുന്നത് ജീവിതത്തിൽ നഷ്ടപ്പെട്ടുപ്പോയ ആ വേഷത്തെക്കുറിച്ചാണ്. 

ആ വേർപാട് ഒരിക്കലും മറക്കില്ല

ജനിച്ചു വളർന്നത് കോഴിക്കോട് മുക്കത്താണ്. നാടകവുമായി ബന്ധപ്പെട്ടാണ് കുളപ്പുള്ളിയിലെത്തുന്നത്. അവിടെ നിന്നാണ് തൃശൂർ ആകാശവാണിയിലേക്ക് ഓഡിഷനു വിളിക്കുന്നത്. അതു കിട്ടി. അവിടെയുണ്ടായിരുന്ന എം.തങ്കമണി ചേച്ചിയാണ് എന്റെ പേര് കുളപ്പുള്ളി ലീല എന്നാക്കിയത്. അത് എനിക്ക് ഐശ്വര്യമായി തീർന്നു. ലീല കൃഷ്ണകുമാർ എന്നായിരുന്നു എന്റെ പേര്. ഭർത്തവിന്റെ പേരാണ് കൃഷ്ണകുമാർ. അദ്ദേഹം മരിച്ചു പോയി. എനിക്ക് രണ്ടു ആൺകുട്ടികളായിരുന്നു. രണ്ടു പേരും മരിച്ചു പോയി. ഒരാൾ പതിമൂന്നാം വയസിൽ അപകടത്തിൽപ്പെട്ടു മരിച്ചു പോയി. മറ്റേയാൾ ജനിച്ച് എട്ടാം ദിവസവും എന്നെ വിട്ടു പോയി. മൂത്ത ആൾ ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ 45 വയസുണ്ടാകുമായിരുന്നു. 

എന്റെ മരണം വരെ അവരുടെ വേർപാട് എനിക്ക് മറക്കാൻ കഴിയില്ല. ദിവസത്തിൽ ഒരിക്കലെങ്കിലും ഞാൻ ഇത് ഓർത്തുപോകും. പിന്നെ, ദുഷ്ടയായ ക്യാരക്ടറുകൾ ആണല്ലോ ഞാൻ കൂടുതലും ചെയ്യുന്നത്. അപ്പോൾ ഞാൻ വിചാരിക്കും, എന്റെ ദൈവമേ ജീവിതത്തിൽ ആണെങ്കിൽ ഞാനൊരിക്കലും ഇങ്ങനെ ചെയ്യില്ലല്ലോ! എന്റെ മകനെ എങ്ങനെ നോക്കുമോ അതുപോലെ എന്റെ മരുമകളെയും ഞാൻ നോക്കുമായിരുന്നില്ലേ! ചിലപ്പോൾ അതുകൊണ്ടായിരിക്കും ദൈവം എനിക്ക് അങ്ങനെ ഒരു യോഗം തരാഞ്ഞത്. കുഴപ്പമില്ല. പത്തു മക്കളുണ്ടായിട്ട്, അവർ പത്തും മരിച്ചു പോയിട്ടും ആളുകൾ ജീവിക്കുന്നില്ലേ?

സിനിമയിലെ മക്കളും മരുമക്കളും

മക്കൾ ഇല്ലാത്ത വിഷമം ഞാൻ അറിയാറില്ല. കാരണം, അമ്മ എന്ന രണ്ടക്ഷരമാണ് മക്കൾ നമ്മെ വിളിക്കുക. അതൊരുവിധം സിനിമയിലെ ആളുകൾ എന്നെ വിളിക്കാറുണ്ട്. അവരുടെ ഉള്ളിൽ എന്തുമായിക്കൊള്ളട്ടെ. പുറത്തോട്ടു അവർ വിളിക്കുന്നത് അമ്മ എന്നാണല്ലോ! നിങ്ങളുടെ മക്കളുടെ സ്ഥാനത്ത് ഞങ്ങളെ കണ്ടാൽ മതിയെന്നു പറയുന്ന നിരവധി പേരുണ്ട് സിനിമയിൽ. ആ വാക്കു തന്നെ ഏറ്റവും വലിയ അനുഗ്രഹം. ദൈവം എന്നെ ഇപ്പോഴും കൈവെള്ളയിലാണ് കൊണ്ടു നടക്കുന്നത്. നൂറു–നൂറ്റമ്പതു രൂപയ്ക്ക് നാടകം കളിച്ചു നടന്നിരുന്ന ഞാൻ ഒരു മൊട്ടുസൂചിയെങ്കിലും ജീവിതത്തിൽ സ്വന്തമാക്കിയിട്ടുണ്ടെങ്കിൽ അത് സിനിമയിലൂടെയാണ്. 

കമൽ സാറാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. അയാൾ കഥ എഴുതുകയാണ് എന്നതായിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാളത്തിൽ കുറെ അവസരങ്ങൾ കിട്ടി. കസ്തൂരിമാൻ തമിഴിൽ എടുത്തപ്പോൾ എനിക്കും വേഷമുണ്ടായിരുന്നു. തമിഴിലേക്കുള്ള എൻട്രി ആ സിനിമ ആയിരുന്നു. ഇപ്പോൾ കൂടുതലും തമിഴിലാണ് അവസരങ്ങൾ. രജനികാന്ത്, വിജയ്, വിശാൽ, നയൻതാര ഇവർക്കെല്ലാം ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു. അവരുടെ എല്ലാം പാട്ടി ആയിട്ടാണ് ചെയ്തത്. മലയാളത്തിലെ ഇപ്പോഴത്തെ സിനിമകളിൽ അമ്മമാർ ഇല്ലല്ലോ. ഉണ്ടെങ്കിൽ തന്നെ അതെല്ലാം ചെറുപ്പക്കാർ ആണ്. 

ആ ധൈര്യമാണെന്റെ ജീവിതം

വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേയുള്ളൂ. 94 വയസുണ്ട്. എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് അമ്മ വളർത്തിയത്. ഞാനാണ് അമ്മയുടെ ആദ്യത്തെ കുട്ടി. അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോൾ അച്ഛൻ നാടുവിട്ടു പോയതാണ്. അമ്മയെ വേറെ വിവാഹം കഴിപ്പിച്ചു. അത് അങ്ങനെയൊരു കഥ. എന്തായാലും ഇപ്പോൾ അമ്മ എന്നോടൊപ്പമുണ്ട്. നാടകരംഗത്തെ എന്റെ സുഹൃത്തും ഒരു കൂടപ്പിറപ്പിനെപ്പോലെ ഞാൻ കരുതുകയും ചെയ്യുന്ന കൂനത്തറ രാജലക്ഷ്മിയും ഞാനുമാണ് അമ്മയെ നോക്കുന്നത്. 

ദൈവം എല്ലാം മുൻകൂട്ടി കാണുന്നുണ്ട്. എനിക്ക് എന്റെ വയസാംകാലത്ത് യാതൊരു നിവൃത്തിയും ഉണ്ടാകില്ലെന്ന് ദൈവം മുൻകൂട്ടി കണ്ടു. ഭർത്താവോ മക്കളോ ആരും എനിക്കൊപ്പം ഇല്ലല്ലോ. അതുകൊണ്ട് ഒരു മുൻകൂർ അനുഗ്രഹമായി എനിക്ക് കിട്ടിയതാണ് ഈ സിനിമകളും അഭിനയവും. അല്ലായിരുന്നെങ്കിൽ, ഈ ലോക്ഡൗൺ കാലത്ത് ഞാനെന്തു ചെയ്യുമായിരുന്നു? പ്രായമായ എന്റെ അമ്മയും ഞാനും വേറൊരു നിവൃത്തിയില്ലാത്ത അവസ്ഥയിൽ ആയിപ്പോകില്ലായിരുന്നോ? അമ്മ സംഘടനയെക്കുറിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അവർ തന്ന 5000 രൂപയായിരുന്നു ഈ സമയത്ത് എനിക്ക് ആകെയുണ്ടായിരുന്ന ആശ്വാസം. പിന്നെ, അമ്മയുടെ ക്ഷേമനിധി പെൻഷനായി കിട്ടുന്ന മൂവായിരം രൂപയും. യാതൊരു വർക്കും ഇല്ലെങ്കിലും എനിക്കും അമ്മയ്ക്കും ജീവിക്കാൻ ഇതു പോരെ? ആ ഒരൊറ്റ ധൈര്യത്തിലാണ് ഇപ്പോഴത്തെ എന്റെ ജീവിതം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com