ADVERTISEMENT

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ് കഴിഞ്ഞ ഒന്നര വർഷക്കാലമായി കെ.ടി ജസീല എന്ന പൊലീസുകാരിയുടെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. 2019ൽ പ്രഖ്യാപിക്കപ്പെട്ട മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഏറ്റുവാങ്ങാൻ വോക്കറിന്റെ സഹായത്തോടെ കോഴിക്കോടു നിന്ന് തിരുവനന്തപുരത്തേക്ക് ജസീല എത്തിയതിനു പിന്നിൽ അധികമാരും അറിയാത്ത ജീവിതമുണ്ട്... പോരാട്ടമുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്ന് മെഡൽ ഏറ്റുവാങ്ങി ക്യാമറയ്ക്ക് പോസ് ചെയ്തപ്പോൾ ഫ്ലാഷ് മിന്നിയത് ജസീലയുടെ ആ ജീവിതത്തിലേക്ക് കൂടിയായിരുന്നു.

jaseela123

മതവും കുടുംബവും ഉയർത്തിയ വേലിക്കെട്ടുകളെ മറികടന്ന് കോഴിക്കോട് കോടഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫിസറായ കെ.പി അഭിലാഷിനെ സ്പെഷൽ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്തിട്ട് ഒരു മാസം തികയുന്നതിനു മുൻപാണ് ബസ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ജസീലയുടെ കാലുകൾ തളർന്നത്. വീട്ടുകാർ അറിയാതെ ചെയ്ത ആ വിവാഹം ജസീലയുടെ ആശുപത്രിവാസത്തിനിടെ പരസ്യമായി. അതോടെ വീട്ടുകാർ അകന്നു. പൂർണമായും കിടപ്പിലായ ജസീലയെ ചേർത്തു പിടിക്കാനുള്ള തീരുമാനം അഭിലാഷിന്റെ വീട്ടുകാരെയും അകറ്റി. പക്ഷേ, പ്രണയത്തിന്റെ കരുത്തിൽ അവർ ഇരുവരും ജീവിക്കാൻ തുടങ്ങി. പരീക്ഷണങ്ങൾ അവിടെ അവസാനിച്ചില്ല. വിജയകരമായ സർജറികളുടെ പിൻബലത്തിൽ വീണ്ടും പതുക്കെ നടക്കാൻ തുടങ്ങിയ ജസീലയുടെ മുൻപിൽ ഒട്ടും ദാക്ഷിണ്യമില്ലാതെ ക്യാൻസർ എത്തി. സർജറിയും 12 കീമോയും പിന്നിട്ട് തളരാത്ത മനസും ഉലയാത്ത പ്രണയവുമായി ജസീല പുഞ്ചിരിക്കുമ്പോൾ ജീവിതത്തിന് മറ്റെങ്ങുമില്ലാത്ത ഭംഗി! ആ ജീവിതം കെ.ടി ജസീല മനോരമ ഓണ്‍ലൈൻ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

അങ്ങനെ ഞാൻ തന്റേടി ആയി

jaseela
ജസീല വിവാഹ രജിസ്റ്ററിൽ ഒപ്പു വയ്ക്കുന്നു

വയനാടാണ് എന്റെ സ്വദേശം. എന്റെ വാപ്പ അഹമ്മദുകുട്ടി ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. കൂടാതെ, ഞാനൊരു പട്ടാളക്കാരന്റെ പേരമകളാണ്. അതുകൊണ്ട് എനിക്ക് സേനയോട് ഒരിഷ്ടം പണ്ടേയുണ്ടായിരുന്നു. പതിനെട്ടാം വയസിൽ പരീക്ഷയെഴുതി എനിക്ക് പൊലീസിൽ സെലക്ഷൻ കിട്ടി. മുസ്‌ലിം കുടുംബപശ്ചാത്തലം ആയതുകൊണ്ട് പൊലീസിൽ ചേരുന്നതിന് വലിയ സപ്പോർട്ട് ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു സ്ത്രീക്ക് പൊലീസ് യൂണിഫോം കൊടുക്കുന്ന പ്രൊട്ടക്ഷൻ വലുതാണെന്ന തിരിച്ചറിവ് എനിക്കുണ്ടായിരുന്നു. കുടുംബക്കാർക്ക് എന്നെ കെട്ടിച്ചയക്കണം. ഞാൻ സമ്മതിച്ചില്ല. ഒടുവിൽ എനിക്കു പകരം അവർ എന്നെ അനിയത്തിയെ കെട്ടിച്ചയച്ചു. വാപ്പ എനിക്കൊപ്പം നിന്നു. അദ്ദേഹത്തിന് ഞാൻ ജോലിക്ക് പോകുന്നതിൽ സന്തോഷമായിരുന്നു. വാപ്പ അങ്ങനെ ഒരാളാണ്. ഞാൻ എല്ലാ വാഹനങ്ങളും ഓടിക്കാൻ പഠിക്കണമെന്നുള്ളത് വാപ്പയുടെ നിർബന്ധമായിരുന്നു. അതുകൊണ്ട് ബൈക്കും ഓട്ടോയും കാറും എല്ലാം ഓടിക്കാൻ പഠിച്ചു. വാപ്പയ്ക്ക് എന്തെങ്കിലും പറ്റിയാൽ എടുത്തുകൊണ്ടോടാൻ ഞങ്ങൾ പെൺമക്കളേ കാണൂ എന്ന് വാപ്പ എപ്പോഴും പറയും. അതുകൊണ്ട് എല്ലാം പഠിപ്പിച്ചു. പൊലീസിൽ എത്തിയപ്പോൾ ഇതെല്ലാം എനിക്ക് സഹായകരമായി. ബുള്ളറ്റും ജീപ്പുമെല്ലാം അനായാസം ഓടിക്കാൻ എനിക്ക് കഴിഞ്ഞു. പൊലീസിൽ ചേർന്നതിനു ശേഷം, പലപ്പോഴും എന്നെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും ഒരു സമയം കഴിഞ്ഞപ്പോൾ അവർ അതു നിറുത്തി. എനിക്ക് ജോലിയായിരുന്നു പ്രധാനം. അങ്ങനെ ഞാൻ അവരുടെ മുന്നിൽ തന്റേടി ആയി.

സർവിസിനിടയിലെ പ്രണയം

എന്റേത് ലേറ്റ് മാരേജ് ആയിരുന്നു. മുപ്പത്തിനാലാം വയസിലായിരുന്നു എന്റെ പ്രണയവിവാഹം. ഞാനും ഭർത്താവ് അഭിലാഷും ഒന്നിച്ചു ജോലി ചെയ്തിട്ടില്ല. എന്റെ കൂടെ ജോലി ചെയ്തിരുന്ന ഓഫിസറിന്റെ ബാച്ച്മേറ്റ് ആയിരുന്നു. അങ്ങനെയുള്ള പരിചയം വളർന്ന് പ്രണയമായി. 2019 മാർച്ച് 6ന് സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം കൽപ്പറ്റയിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ബന്ധുക്കൾ ആരും ഉണ്ടായിരുന്നില്ല. വീട്ടുകാരോട് കൂളായി കാര്യം പറഞ്ഞ്, നല്ലൊരു ദിവസം നോക്കി ഒരുമിച്ചു ജീവിച്ചു തുടങ്ങാമെന്നു കരുതി ഞങ്ങൾ രണ്ടുപേരും സ്വന്തം ജോലിസ്ഥലത്തേക്കു പോയി. പക്ഷേ, വിധിയുടെ തീരുമാനം അതിനു മുകളിലായിരുന്നു. ധർമ്മടത്ത് ഡ്യൂട്ടി ചെയ്തിരുന്ന അദ്ദേഹത്തെ വെറുതെയൊന്നു കാണാൻ പോയി തിരിച്ചു വരുന്ന വഴി മാർച്ച് 30ന് ഞാൻ ബസ് അപകടത്തിൽപ്പെട്ടു. കൈനാട്ടിയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന ബസിൽ മറ്റൊരു പ്രൈവറ്റ് ബസ് വന്നിടിച്ചതാണ്. തലയ്ക്കും കാലിനും ഗുരുതര പരുക്ക്. ഡോക്ടർമാർ മരണം പറഞ്ഞെങ്കിലും എനിക്ക് ജീവൻ വച്ചു. ആറു സർജറികൾ ചെയ്തു. പൂർണമായും ഞാൻ കിടപ്പിലായി. ആറുമാസത്തിനു ശേഷം എണീറ്റു നിൽക്കാൻ നോക്കിയപ്പോൾ കാൽ വളഞ്ഞിരിക്കുന്ന അവസ്ഥയിലായിരുന്നു. അങ്ങനെ വീണ്ടും സർജറി. നല്ലോണം ശ്രദ്ധിച്ചില്ലെങ്കിൽ കാൽ മുറിച്ചു കളയേണ്ട അവസ്ഥയാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോഴാണ് എന്റെ ഭർത്താവ് ഞങ്ങളുടെ വിവാഹം കഴിഞ്ഞ കാര്യം വീട്ടുകാരെ അറിയിക്കുന്നത്. 'ജസീല എന്റെ ഭാര്യയാണ്, ഞാൻ നോക്കിക്കോളാം' എന്നു പറഞ്ഞ് അദ്ദേഹം എന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. എന്റെ ഉപ്പ അതിനുശേഷം എന്നോടു മിണ്ടിയിട്ടില്ല.

ഈ കഥയിലെ ഹീറോ എന്റെ ഭർത്താവ്

jaseela2
ഡിജിപി ലോക്നാഥ് ബെഹ്റയിൽ നിന്നും ജസീല പുരസ്കാരം സ്വീകരിക്കുന്നു

സത്യത്തിൽ എന്റെ കഥയിലെ റിയൽ ഹീറോ എന്റെ ഭർത്താവാണ്, ഞാനല്ല. ആശുപത്രിയിൽ നിന്ന് എന്നെ കൂട്ടിക്കൊണ്ടു പോരുമ്പോൾ അദ്ദേഹം കൂരാച്ചുണ്ട് എസ്.ഐ ആയിരുന്നു. ഞാനാണെങ്കിൽ പൂർണമായും കിടപ്പുരോഗി. അദ്ദേഹം ജോലിക്കു പോകുമ്പോൾ എന്നെ നോക്കാൻ ഒരു സഹായിയെ വച്ചു. എന്നെ പരിചരിക്കലും ജോലിയുമെല്ലാം അദ്ദേഹം ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. കട്ടയ്ക്ക് നിൽക്കുക എന്നൊക്കെ പറയില്ലേ... അതു പോലെയാണ് അദ്ദേഹം. അങ്ങനെ പോകുന്നതിനു ഇടയിലാണ് കഴുത്തിൽ മുഴ പ്രത്യക്ഷപ്പെടുന്നത്. ആദ്യം നോക്കിയ ഡോക്ടർ പറഞ്ഞത് അതു നീർക്കെട്ടാണ് എന്നായിരുന്നു. പക്ഷേ, എന്റെ ഭർത്താവിന് സംശയം തോന്നി. അദ്ദേഹം എന്നെ മറ്റൊരു ഡോക്ടറെ കാണിച്ചു. അങ്ങനെയാണ് പരിശോധനയിൽ എനിക്ക് ക്യാൻസർ സ്ഥിരീകരിച്ചത്. പക്ഷേ, അദ്ദേഹം എന്നോട് ഇക്കാര്യം ആദ്യം പറഞ്ഞില്ല. മുഴ എടുത്തു കളയാൻ വീണ്ടുമൊരു സർജറിക്ക് ഞാൻ തയാറായി. അതിനു മുൻപുള്ള ദിവസങ്ങൾ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അദ്ദേഹം എന്നെ സിനിമ കാണാൻ കൊണ്ടു പോകുന്നു... ഇഷ്ടമുള്ള ഭക്ഷണമെല്ലാം വാങ്ങിത്തരുന്നു... എന്റെ ആഗ്രഹങ്ങളെല്ലാം ഓരോന്നു ചെയ്തു പൂർത്തിയാക്കുന്ന പോലെയായിരുന്നു. അസുഖമെല്ലാം മാറാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇതെല്ലാം ചെയ്യുന്നതെന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ, ഇനി കുറെ ദിവസം പുറത്തേക്ക് ഇറങ്ങാൻ പറ്റാത്തതുകൊണ്ടാണ് അത് ചെയ്തതെന്ന് പിന്നീടാണ് അറിഞ്ഞത്. ഇപ്പോൾ 12 കീമോ കഴിഞ്ഞു.

പൊലീസിന്റെ കരുണയുടെ മുഖം

jaseena3
കെ.ടി. ജസീല

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ വിതരണം ചെയ്ത സമയത്ത് ഞാൻ ആശുപത്രി കിടക്കയിലാണ്. ഏതൊരു പൊലീസുകാരിക്കും സർവീസിൽ അഭിമാനം നൽകുന്ന ഒന്നാണ് ആ മെഡൽ. അതു നേരിട്ടു കൈപ്പറ്റാൻ കഴിയാഞ്ഞത് ക്യാൻസറിനെക്കാൾ എന്നെ വേദനിപ്പിച്ചു. എനിക്കു മുൻപെ രണ്ടു പേരെ വയനാട് ജില്ലയിൽ നിന്ന് ഈ മെഡൽ നേടിയിട്ടുള്ളൂ. എന്റെയത്രയും ചെറിയ സർവീസ് കാലയളവിൽ ഈ നേട്ടം കൈവരിച്ചവരില്ല. അതുകൊണ്ട്, ഞാൻ പ്രത്യേകം അപേക്ഷ കൊടുത്തു. ഡിജിപിയുടെ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റ് സനൂജ മാഡമാണ് എന്റെ അപേക്ഷ മേലധികാരുടെ ശ്രദ്ധയിൽപ്പെടുത്താൻ സഹായിച്ചത്. ആ സമയത്ത് ഭർത്താവിന് പയ്യന്നൂർക്ക് സി.ഐ ആയി സ്ഥലംമാറ്റമായി. ഞാൻ കോടഞ്ചേരിയിലും അദ്ദേഹം പയ്യന്നൂരും നിൽക്കേണ്ട അവസ്ഥയായി. ഇക്കാര്യവും ഞാൻ ഹെഡ് ക്വാർട്ടറിലേക്ക് അറിയിക്കാൻ വിളിച്ചപ്പോൾ ഇടപെട്ടത് സനൂജ മാഡമായിരുന്നു. കേരള പൊലീസിന്റെ കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മുഖം ഞങ്ങൾ നേരിട്ട് അനുഭവിക്കുകയായിരുന്നു. എന്റെ ട്രീറ്റ്മെന്റിന് സഹായിക്കുന്ന തരത്തിൽ അദ്ദേഹത്തിന് പോസ്റ്റിങ് ലഭിച്ചു. കൂടാതെ പൊലീസ് മെഡൽ ഡിജിപിയിൽ നിന്ന് നേരിട്ട് സ്വീകരിക്കാൻ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തി. പ്രത്യേക ക്ഷണിതാവായി എത്തിയാണ് ഞാൻ മെഡൽ സ്വീകരിച്ചത്. ഒരു സാധാരണ പൊലീസുകാരിക്ക് സ്വപ്നം കാണാനാവുന്നതിന് അപ്പുറമാണ് ഇതെല്ലാം. പൊലീസിന് ഇത്രയും നല്ലൊരു മുഖമുണ്ടെന്ന് ഞാൻ നേരിട്ട് മനസിലാക്കി. ഡിജിപി ലോക്നാഥ് ബെഹ്റ സർ, വിജയൻ ഐപിഎസ് സർ, മനോജ് എബ്രഹാം സർ ഇവരെല്ലാം എനിക്ക് നൽകിയ ഊഷ്മള സ്വീകരണം ഒരിക്കലും മറക്കാൻ കഴിയില്ല.

ഞാൻ തിരിച്ചു വരും

ശാസ്ത്രം എത്ര വളർന്നെന്നു പറഞ്ഞാലും ഇന്നും സമൂഹം ക്യാൻസറിനെ കാണുന്നത് ഭീതിയോടെയാണ്. ഞാനെങ്ങാനും മരിച്ചുപോയാലോ എന്നു കരുതി ഉമ്മ വന്നു സംസാരിച്ചു. ക്യാൻസർ ബാധിച്ചപ്പോഴാണ് ഇവരെങ്കിലും എന്നെത്തേടി വന്നത്. അല്ലെങ്കിൽ ആരും വരില്ലായിരുന്നു. ചെറുപ്പത്തിലെ ജോലി കിട്ടി സ്വന്തം കാലിൽ നിന്നതുകൊണ്ട് വളരെ സ്വാതന്ത്ര്യത്തോടെയാണ് ഞാൻ ജിവിച്ചത്. പക്ഷേ, ആ അപകടത്തോടെ ആ ലോകം എനിക്കു മുന്നിൽ അവസാനിച്ചു പോയി. നാലു ചുവരുകൾക്കുള്ളിലായി ഞാൻ. കോവിഡ് വന്നപ്പോൾ എല്ലാവരും വീട്ടിനുള്ളിലായി. അപ്പോൾ ഞാൻ സുഹൃത്തുക്കളോടു പറഞ്ഞു, ലോകം എന്നോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണെന്ന്. ഒരു വർഷം എട്ടു മാസം ചുവരുകളിൽ നിന്ന് ചുവരുകളിലേക്കുള്ള യാത്രയായിരുന്നു എന്റേത്. വീടിന്റെ ചുവരുകളിൽ നിന്ന് ആശുപത്രിയുടെ ചുവരുകളിലേക്ക്. ഈ കാലമൊക്കെയും എന്റെ ഭർത്താവ് എന്നെ പരിചരിച്ചു. എന്നെ നോക്കുന്നത് ഒരു ബാധ്യത ആകരുതെന്ന് കരുതി എന്നെ വിവാഹമോചനം ചെയ്യാൻ ഡോക്ടർ വഴി ഞാൻ അദ്ദേഹത്തോടു ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. എന്നെ ഒഴിവാക്കിയൊരു ജീവിതമില്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു. മംമ്ത മോഹൻദാസിന്റെ അനുഭവം വായിച്ചപ്പോൾ ഞാനോർത്തു, അവർക്ക് അത്രയും പണമുണ്ടായിട്ടും അവരുടെ ഭർത്താവ് വേർപിരിഞ്ഞു. ഞാൻ കിടന്ന കിടപ്പിലായിട്ടും അദ്ദേഹം എനിക്കൊപ്പം നിന്നില്ലേ! ഇനി അദ്ദേഹത്തിനു വേണ്ടി എനിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരണം. ഞാൻ തിരിച്ചു വരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com