sections
MORE

അത് തൊലിപ്പുറത്തല്ലേ, നോട്ടങ്ങളെന്നെ പിന്നോട്ടു വലിച്ചില്ല; ‘ലൂക്കോഡർമ’ ആഘോഷമാക്കിയ രാജം ടീച്ചർ

rajam-teacher
രാജം ടീച്ചർ
SHARE

മുഖത്തൊരു ചെറിയ പാടോ മറുകോ ഉണ്ടായാൽ, അതുള്ളവരേക്കാൾ കാണുന്നവർക്കാണ് അസ്വസ്ഥത. യ്യോ... മുഖത്ത് എന്താ പറ്റിയേ? ഈ മരുന്ന് പരീക്ഷിച്ചൂടെ... എന്നു വേണ്ട നൂറു ഉപദേശങ്ങളും നിർദേശങ്ങളും പിന്നാലെ വരും. ഉപദേശിക്കാൻ താൽപര്യമില്ലാത്തവർ ചുമ്മാ ഇങ്ങനെ തുറിച്ചു നോക്കിക്കൊണ്ടിരിക്കും. ലൂക്കോഡർമ (Leucoderma) എന്ന രോഗാവസ്ഥ ത്വക്കിന് സമ്മാനിച്ച നിറവ്യത്യാസങ്ങൾ മൂലം ഈ തുറിച്ചുനോട്ടം ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് രാജം ടീച്ചർ എന്ന അൽഫോൻസ തമ്പിക്ക്! എന്നാൽ, തൊലിപ്പുറത്തെ ഈ നിറവ്യത്യാസം തന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്ന ഒന്നല്ലേ എന്നു തിരിച്ചറിഞ്ഞ്, ആ വേറിട്ട വ്യക്തിത്വത്തെ ആഘോഷമാക്കാനായിരുന്നു രാജം ടീച്ചർക്ക് എന്നും ഇഷ്ടം. 28 വർഷം അധ്യാപികയായി സേവനം അനുഷ്ഠിച്ച രാജം തമ്പി ഈ വിശ്രമജീവിതത്തിലും കർമനിരതയാണ്. ലൂക്കോഡർമ എന്ന രോഗാവസ്ഥ തന്നെ ഒരിക്കലും പിന്നോട്ടടിച്ചിട്ടില്ലെന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ തെളിയുന്നത് ആത്മവിശ്വാസവും ആനന്ദവും മാത്രം! ആ ആനന്ദജീവിതത്തെക്കുറിച്ച് രാജം ടീച്ചർ മനസു തുറക്കുന്നു.

കൗമാരം മുതലുള്ള സഹചാരി

എന്റെ പതിമൂന്നാം വയസിലാണ് ലൂക്കോഡർമയുടെ ലക്ഷണങ്ങൾ കണ്ടത്. ചുണ്ടിന്റെ അകത്ത് ചെറിയൊരു സ്പോട്ട് ആയിട്ടാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നെ, നഖത്തിനു ചുറ്റും നിറവ്യത്യാസം വന്നു. കുടുംബ ഡോക്ടർ ഇതു തിരിച്ചറിഞ്ഞ് എന്റെ അപ്പനോട് ഇതു ചികിത്സിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. 55 വർഷങ്ങൾക്കു മുൻപാണ് ഇതു നടക്കുന്നതെന്ന് ഓർക്കണം. അന്നൊന്നും ഈ അവസ്ഥയിലുള്ള ആരെയും ഞാൻ കണ്ടിട്ടില്ല. ഞാൻ പുറത്തുപോകുമ്പോൾ പലരും പ്രത്യേകിച്ച് പ്രായമായ ബന്ധുക്കൾ എന്നെ കണ്ടിട്ട് 'അയ്യോ' എന്നൊക്കെ പറയും. അപ്പോൾ ഞാൻ ആലോചിക്കും, ഇവരെന്തിനാണ് ഈ അയ്യോ വയ്ക്കുന്നതെന്ന്! അന്നത്തെ ആ വിവരക്കേട് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം, ലൂക്കോഡർമയുള്ള വേറെ ആളുകളെ ഞാൻ കണ്ടിട്ടില്ല. ഇത് എന്താണെന്ന് അറിയില്ല... ആളുകൾക്ക് ഇതിനോടുള്ള മനോഭാവം എനിക്കറിയില്ല. 

ആ നോട്ടം എന്നെ പിന്നോട്ടു വലിച്ചില്ല

ചികിത്സക്കായി അപ്പൻ എന്നെ തിരുവനന്തപുരത്തും കോട്ടയത്തും കൊണ്ടു പോകുമായിരുന്നു. പല മരുന്നുകളും വിദേശത്തു നിന്നു വരുത്തിക്കണം. പാഴ്സൽ വരുമ്പോൾ അതിൽ നിറയെ സ്റ്റാമ്പുകൾ ഉണ്ടാകുമല്ലോ! അതായിരുന്നു എന്റെ സന്തോഷം. ഇതൊരു പ്രിവിലജ് ആയാണ് ഞാൻ എടുത്തത്. ഈ രോഗാവസ്ഥ വന്നതുകൊണ്ടാണല്ലോ മറ്റാർക്കും കിട്ടാത്ത സ്റ്റാമ്പുകൾ എനിക്ക് കിട്ടുന്നത് എന്നായിരുന്നു എന്റെ മനസിലെ ചിന്ത. മുഖത്ത് കൂടുതൽ പാടുകൾ വന്നു തുടങ്ങിയപ്പോൾ കൂട്ടുകാരും പറഞ്ഞു തുടങ്ങി... 'അയ്യോ.. ഇതെന്താടീ ഇങ്ങനെ', എന്നൊക്കെ ചോദിക്കും. പക്ഷേ, എനിക്കത് ഫീൽ ചെയ്യാറില്ലായിരുന്നു. ഞാൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാണെന്ന് പ്രീഡിഗ്രി ഒക്കെ ആയപ്പോൾ എനിക്ക് കുറെക്കൂടി ബോധ്യം വന്നു. ആളുകൾ തുറിച്ചു നോക്കും. അപ്പോഴേക്കും, ഞാൻ വ്യത്യസ്ത ആയതുകൊണ്ടല്ലേ അവർ നോക്കുന്നത് എന്നു ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. അതുകൊണ്ട് ഈ നോട്ടങ്ങളൊന്നും എന്നെ പുറകോട്ടു വലിച്ചില്ല. പള്ളിപ്പെരുന്നാൾ ആണെങ്കിലും വിവാഹ വിരുന്ന് ആണെങ്കിലും ഞാൻ പ്രസന്നതയോടെയാണ് പങ്കെടുത്തിട്ടുള്ളത്. 

വിവാഹിതയാകാൻ ആഗ്രഹിച്ചില്ല

അപ്പനിൽ നിന്നാണ് എനിക്ക് ഈശ്വരവിശ്വാസം ലഭിച്ചത്. അപ്പൻ എന്നു പറഞ്ഞാൽ പട്ടാളച്ചിട്ടയുള്ള മനുഷ്യനാണ്. ആ അപ്പൻ കൈവിരിച്ചു പിടിച്ച് എനിക്കു വേണ്ടി പ്രാർത്ഥിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ഡോക്ടറുടെ മുൻപിൽ ഇരുന്ന് വിതുമ്പിക്കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് ഞാൻ എട്ടാം ക്ലാസിൽ പഠിക്കുകയാണ്. എന്തിനാണ് അപ്പൻ ഇങ്ങനെ കരുയുന്നതെന്നായിരുന്നു ഞാൻ ചിന്തിച്ചത്. അത്ര പോലും ഈ രോഗാവസ്ഥ എന്നെ പോറലേൽപ്പിച്ചില്ല. വിവാഹജീവിതത്തോട് എനിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. പ്രീഡിഗ്രി രണ്ടാം വർഷം ആയപ്പോഴേ എന്റെ പല സുഹൃത്തുക്കളുടെയും വിവാഹം കഴിഞ്ഞു. ആ കല്യാണങ്ങൾക്കൊക്കെ അടിപൊളിയായി കൂടുന്നതും ഇവരെ ഒരുക്കാൻ മുൻപിൽ നിൽക്കുന്നതും ഞാനായിരുന്നു. അന്ന് ബ്യൂട്ടീഷ്യൻസ് ഒന്നും സാധാരണമല്ലല്ലോ! അതിൽ പങ്കെടുക്കുമ്പോൾ പലരും ചോദിക്കും, 'രാജം നിനക്കും വേണ്ടെടീ ഒരു കല്യാണം?'- 'എനിക്കൊന്നും വേണ്ട', എന്നായിരുന്നു എന്റെ മറുപടി. കുറച്ചു കൂടി മുതിർന്നപ്പോൾ വീട്ടിൽ വിവാഹാലോചനകൾ വന്നു തുടങ്ങി. പക്ഷേ, എനിക്ക് വിവാഹത്തോട് താൽപര്യമുണ്ടായിരുന്നില്ല. ആദ്യമൊക്കെ വീട്ടുകാർ നിർബന്ധിച്ചിെങ്കിലും പിന്നെ അപ്പൻ പറഞ്ഞു എന്നെ നിർബന്ധിക്കണ്ട എന്ന്! അപ്പോഴേക്കും എനിക്ക് സ്കൂളിൽ ജോലിയായി. ഇംഗ്ലിഷും സയൻസുമാണ് ഞാൻ പഠിപ്പിച്ചത്. 

മാറ്റി നിറുത്തരുത്

ഞാൻ ചില വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷേ, അവിടെയൊന്നും എന്നെ ആരും തുറിച്ചു നോക്കുകയോ ഇതിനെക്കുറിച്ച് ചോദിക്കുകയോ ചെയ്തിട്ടില്ല. എന്നാൽ നമ്മുടെ നാട്ടിൽ ഒത്തിരി പേർ ചോദിക്കും. ഇതു കാരണമാണോ ഞാൻ വിവാഹം കഴിക്കാത്തേ? വിഷമമുണ്ടോ? അങ്ങനെ പോകും ചോദ്യങ്ങൾ. ആചോദ്യങ്ങളെ നേരിട്ട് ഇപ്പോൾ എനിക്ക് തമാശയാണ്. 28 വർഷം ഒരു സ്കൂളിൽ പഠിപ്പിച്ചു. ഇപ്പോൾ എറണാകുളം–അങ്കമാലി അതിരൂപതയിലെ സൺഡേ സ്കൂൾ അധ്യാപകരുടെ പരീശീലകരിൽ ഒരാളാണ്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഇടയിൽ എനിക്ക് നല്ല വിസിബിലിറ്റിയുണ്ട്. എന്നാൽ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഇല്ലാത്ത ഒരുപാടു ലൂക്കോഡർമ ബാധിതരുണ്ട്. എന്റെ ജീവിതസാഹചര്യങ്ങൾ എന്നെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. എനിക്ക് അവസരങ്ങൾ സമൂഹം നൽകിയതുകൊണ്ടാണ് ഞാൻ മുന്നോട്ടു പോകുന്നത്. എന്നാൽ അല്ലാവർക്കും എന്റെ സാഹചര്യങ്ങൾ ആകണമെന്നില്ല. ഇതുമൂലം വിദ്യാഭ്യാസം തുടരാൻ സാധിക്കാതെ പോയവരുണ്ട്. അങ്ങനെയുള്ളവർ എന്തു ചെയ്യും? എന്റെ ജീവിതകഥ പറഞ്ഞതുകൊണ്ട് അവരുടെ അവസ്ഥ മാറില്ല. അവർക്ക് അവസരങ്ങൾ നൽകണം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകണം. എങ്കിൽ മാത്രമേ അവർക്ക് ഈ ലോകത്ത് ജീവിച്ചു പോകാൻ കഴിയൂ.   

ഒരു കൈത്താങ്ങ് മതി

ഭിന്നശേഷിക്കാരായ വ്യക്തികൾക്കു വേണ്ടി ഗവൺമെന്റും മറ്റു സന്നദ്ധസംഘടനകളും ഒരുപാടു കാര്യങ്ങൾ ചെയ്യുന്നുണ്ട്. മനുഷ്യന്റെ ത്വക്കിന്റെ വർണ വ്യത്യാസത്തിന്റെ പേരിൽ മാറ്റി നിർത്തപ്പെടുന്ന ഒരു വിഭാഗമുണ്ട്. ഒരു തരത്തിൽ പറഞ്ഞാണ് ബുള്ളിയിങ്ങ് തന്നെയാണ്. കറുത്ത നിറമുള്ളവരെ മാറ്റിനിർത്തുന്ന പ്രവണതയുണ്ട്. അതുപോലെ തന്നെയാണ് വിറ്റിലാഗോ എന്ന അവസ്ഥയുള്ളവരും. പലതരത്തിലുള്ള കളിപ്പേരുകൾ നൽകി സമൂഹം ഇക്കൂട്ടരെ അഭിസംബോധന ചെയ്യുന്നു. ഇതിനൊക്കെ പരിഹാരം ബോധവത്കരണമാണ്. അത് കുടുംബത്തിൽ നിന്നു തന്നെ ആരംഭിക്കണം. ശാരീരിക പ്രത്യേകതകളുള്ളവരെ കാണുമ്പോൾ ചെറിയ കുട്ടികൾ വരെ തുറിച്ചു നോക്കുകയും കമന്റ് പറയുകയും ചെയ്യുന്ന ഒരു പ്രവണത സമൂഹത്തിലുണ്ട്. അത് സ്വാഭാവികമാണ്. തങ്ങളില്‍ നിന്നും വ്യത്യസ്തരായവരെ കാണുമ്പോൾ പരസ്യമായി പ്രതികരിക്കാതിരിക്കാൻ മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കണം. സന്നദ്ധ സംഘടനകൾക്കും മത സംഘടനകൾക്കും കുറെയൊക്കെ ചെയ്യാൻ കഴിയും. അവസരങ്ങൾ ഏതൊരു വ്യക്തിയെയും വളരുവാൻ സഹായിക്കും. ജസീല കടവിൽ എന്ന മേക്കപ്പ് ആർട്ടിസ്റ്റ് വിറ്റിലാഗോ ബാധിച്ച ഒരു പെൺകുട്ടിയെ മോഡലാക്കി ചെയ്ത ഫോട്ടോഷൂട്ട് വേറിട്ടൊരു സംഭവമായിരുന്നു. ആ കുട്ടിയെ ഫോട്ടോഷൂട്ടിനു വിളിച്ചപ്പോൾ അദ്ഭുതത്തോടെ ചോദിച്ചു. ‘Why me?’ ‘Yes Yourself’ എന്നു പറഞ്ഞ ആ മനോഭാവം അഭിനന്ദനാർഹം തന്നെ. വ്യത്യസ്തതകളെ അംഗീകരിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകട്ടെ. എല്ലാ വ്യക്തികൾക്കും അന്തസ്സും ആത്മാഭിമാനവും ഉണ്ട്. അത് മുറിപ്പെടുത്താത്ത ആദരിക്കുന്ന ഒരു തലമുറയുണ്ടാകട്ടെ എന്ന് ആശിക്കാം. 

English Summary: Special Interview with Rajam Teacher

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA