അനിയത്തിയെ ഗർഭിണിയായിരിക്കുമ്പോൾ അമ്മയ്ക്ക് വേണ്ടി അടുക്കളയിൽ ഉണ്ടാക്കിയിരുന്ന പൂക്കുല ലേഹ്യത്തിന്റെ സ്വാദ് നാവിൽ നിന്ന് പോയിട്ടില്ലെന്ന് മനസ്സിലായത് സോഷ്യൽ മീഡിയയിൽ രേവതി രൂപേഷിന്റെ ഒരു പോസ്റ്റ് കണ്ടപ്പോഴാണ്. ലോക്ക് ഡൗൺ കാലത്ത് വീടകത്ത് ഒതുങ്ങിപ്പോയ പല സ്ത്രീകളും അവരുടെ സ്വപ്നങ്ങളെ പൊടി തട്ടിയെടുത്ത് ഉയർന്നു പറക്കാൻ തയ്യാറായ കാലമാണിത്. കൊറോണയും പ്രളയവുമൊക്കെ അവശേഷിപ്പിച്ച് പോയ ജീവനുകൾക്ക് സ്വപ്നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് സ്ത്രീകളാണ് തെളിയിച്ചത്. കേക്ക് ബിസിനസും അലങ്കാര വസ്തുക്കളുടെ നിർമ്മാണവും ഒക്കെയായി അവർ അരങ്ങു തകർക്കുകയാണ്. ഒരുപാട് സ്ത്രീകളാണ് ഈ കാലത്ത് സ്വന്തമായി ചെറുകിട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്, ജീവിക്കാനും സ്വപ്നങ്ങൾക്കും വേണ്ടി അവർ ഈ സമയത്തെ ഫലപ്രദമായി വിനിയോഗിച്ചു എന്നതാണ് ശരി. അതിലൊരാളാണ് രേവതി രൂപേഷ്. എന്നാൽ മറ്റുള്ളവരിൽ നിന്നും വേറിട്ട നാടൻ സ്വാദുകളെയാണ് രേവതി സുഹൃത്തുക്കൾക്കായി പരിചയപ്പെടുത്തിയത്. രേവതിയുടെ മുത്തശ്ശിയുടെ പാരമ്പര്യ കൂട്ടുകൾ വഴി നിർമ്മിക്കുന്ന വിവിധ തരം ലേഹ്യങ്ങൾ, ഫെയ്സ്പാക്കുകൾ, മുടി വളരാനുള്ള എണ്ണ ഒക്കെയാണ് അവർ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കളിൽ നിന്നും തുടങ്ങിയ കൗതുകം ഇപ്പോൾ സ്വന്തമായി ഒരു ബിസിനസ് എന്ന തലത്തിലേയ്ക്ക് വളർന്നിരിക്കുന്നു. സൗഹൃദത്തിന് പുറത്തേയ്ക്കും കേരളവും ഇന്ത്യയും കടന്നും രേവതിയുടെ കച്ചവടം പൊടിപൊടിക്കുകയാണ്.
അമ്മാമ്മ കൂട്ടിന്റെ രഹസ്യം
അമ്മാമ്മ കൂട്ടിന്റെ രഹസ്യം എന്റെ അമ്മാമ്മ തന്നെയാണ്. അമ്മാമ്മയിൽ നിന്നും കിട്ടിയ അറിവുകൾ ആണ്. പണ്ടത്തെ ആളുകൾക്ക് അറിയാവുന്ന ഇപ്പോഴത്തെ ആളുകൾ ഒന്നുകിൽ സമയക്കുറവുമൂലം,അല്ലെങ്കിൽ ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ടുമൂലംഅറിയാൻ ശ്രമിക്കാത്ത കാര്യങ്ങൾ,മാറ്റിവെച്ച കാര്യങ്ങൾ ഞങ്ങൾ പൊടിതട്ടിയെടുത്തു എന്നു മാത്രമേയുള്ളൂ. പാരമ്പര്യത്തിന്റെ കൈപ്പുണ്യം, കലർപ്പില്ലാത്ത പാചകവിധികൾ, കഷ്ടപ്പെടാൻ ഉള്ള മനസ്സ് ഇതൊക്കെതന്നെയാകും അമ്മാമ്മ കൂട്ടിലെ രഹസ്യം. ആളിപ്പോഴും ഉഷാറായിത്തന്നെ ഞങ്ങൾക്കൊപ്പമുണ്ട്. ഇതുപോലെയൊരു ആഗ്രഹം പറഞ്ഞപ്പോൾ എല്ലാത്തിനും കൂടെ ഉണ്ടാവുമെന്നാണ് പറഞ്ഞത്, ഒപ്പം അമ്മാമ്മയുടെ അനുഗ്രഹവും. ഞങ്ങളിപ്പോൾ ചെയ്യുന്നത് ഉള്ളി ലേഹ്യം, പൂക്കുല ലേഹ്യം, എള്ള് ലേഹ്യം, പ്രത്യേക കോട്ടിട്ട ഉണ്ടാക്കിയെടുക്കുന്ന മുടിയിൽ തേയ്ക്കുന്ന എണ്ണ, മുഖത്തുപയോഗിക്കാൻ ഫെയ്സ്പാക്ക് എന്നിവയാണ്.

പാരമ്പര്യമായി കിട്ടിയ രഹസ്യങ്ങൾ!
സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നത് ഒരുപാട് നാളായി മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു. കൊറോണ അതിനൊരു കാരണമായി. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നതായിരുന്നു ആഗ്രഹം. ഒരാളുടെ വയറും മനസും നിറക്കാൻനല്ല ഭക്ഷണത്തേക്കാൾ മറ്റൊരു കാര്യമില്ല.. അത് ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണെങ്കിലോ. ഞങ്ങൾ ചെറുപ്പത്തിൽ അമ്മാമ്മയിൽ നിന്നും കണ്ടുശീലിച്ച ഭക്ഷണ ശീലങ്ങൾ ഉണ്ട് .വീട്ടിൽ പേരക്കുട്ടികൾ പ്രസവിച്ചു കിടക്കുമ്പോൾ അമ്മാമ്മ വരും ( അച്ഛന്റെ അമ്മ ) കുട്ടിയെ കുളിപ്പിക്കൽ തൊട്ട്, പ്രസവ രക്ഷാ മരുന്നുകൾ ഉണ്ടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അമ്മാമ്മ ആണ് ഏറ്റെടുക്കാറുള്ളത്.. എല്ലാത്തിനും നേതൃത്വം നൽകും. പിന്നെ നടുവേദന ഉള്ളപ്പോഴും, രക്തം ഉണ്ടാകാൻ വേണ്ടിയും അങ്ങനെ പലതിനും ഈ പൂക്കുല ലേഹ്യം, ഉള്ളി ലേഹ്യം, എള്ളു ലേഹ്യം ഇതൊക്കെ വീട്ടിൽ ഉണ്ടാക്കാറുണ്ട് . പ്രസവം കഴിഞ്ഞാൽ കഴിക്കേണ്ട എല്ലാ ന്യൂട്രീഷ്യസ് ഫുഡ്സും വീട്ടിൽ തന്നെയാണ് ഉണ്ടാക്കാറുള്ളത് . എന്തുകൊണ്ട് അതുതന്നെ ബിസിനസ് ആക്കിക്കൂടാ എന്ന ചിന്ത അങ്ങനെയാണ് വന്നത്..
ലോക്ക് ഡൗണിന് മുൻപുള്ള രേവതി
ഞാൻ ഹൗസ് വൈഫ് ആണ്. എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുമ്പോൾ ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാറുണ്ട് എന്നാണ് മറുപടി കൊടുക്കാറുള്ളത്. അതു മനസ്സിൽ നിന്നും പറയുന്ന മറുപടിയാണ്. എന്റെ ഇഷ്ടങ്ങൾക്കെല്ലാം സപ്പോർട്ട് നിൽക്കുന്ന ഫാമിലി ആണ്. എഴുത്ത് സോഷ്യൽ വർക്ക് ഇങ്ങനെയുള്ള ഇഷ്ടങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നു. അതിനിടയിലേക്കു ഇപ്പോൾ അമ്മാമ്മയും വന്നെത്തിയത്. ഭർത്താവ് രൂപേഷ് കയർ ബോർഡിൽ ജോലി ചെയ്യുന്നു. മകൾ വൈശാഖി കേന്ദ്രീയ വിദ്യാലയത്തിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.
അമ്മാമ്മക്കൂട്ട് വീടിന്നകത്താണ്
ഞങ്ങൾ ഓർഡർ അനുസരിച്ചാണ് ഉണ്ടാക്കാറുള്ളത്. സ്വയം ആണ് എല്ലാം ഉണ്ടാക്കുന്നത്. കുട്ടികൾക്ക് വേണ്ടിയും, പ്രസവിച്ച സ്ത്രീകൾക്കും വേണ്ടിയാണ് ലേഹ്യത്തിന്റെ കൂടുതൽ ഓർഡർ കിട്ടാറുള്ളത്. പ്രിസർവേറ്റീവ്സ് ചേർക്കാറില്ലാത്തതുകൊണ്ട് ഉണ്ടാക്കി കഴിഞ്ഞാൽ എത്രയും പെട്ടെന്ന് കസ്റ്റമേഴ്സിനു എത്തിക്കാൻ സ്പീഡ് പാർസൽ കൊറിയർ വഴിയാണ് അയക്കാറുള്ളത്. സാധാരണ ഒറ്റദിവസംകൊണ്ട് എത്താറുള്ളത് ആണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യങ്ങൾ കാരണം വൈകാറുണ്ട്. നല്ല റിസ്കുള്ള പണിയാണ്, പക്ഷേ പ്രിസർവേറ്റീവ്സ് ചേർക്കില്ല എന്നുതന്നെയാണ് തീരുമാനം. ഒരു അഞ്ച് അഞ്ചര മണിക്കൂർ നേരത്തെ അടുപ്പിൽ നിന്നും മാറാത്ത പ്രയത്നമാണ്. കെമിക്കൽസ് ഇല്ലാത്ത, ശരീരത്തിന് ആരോഗ്യകരമായ ഭക്ഷണത്തിനു ആവശ്യക്കാർ ഏറെയുണ്ട് എന്നത് മനസ്സിലായ സത്യമാണ്. വാങ്ങിയവർ തന്നെ വീണ്ടും വീണ്ടും വാങ്ങുന്നത്, ഞങ്ങളുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു. കഷ്ടപ്പാട് ഉണ്ടെങ്കിലും കസ്റ്റമറിന്റെ നല്ല അഭിപ്രായം കേൾക്കുമ്പോൾ അതെല്ലാം മറക്കും.
ഞാനൊറ്റയ്ക്കല്ല
ഞാനും എന്റെ സഹോദരിയുമായി ചേർന്നാണ് അമ്മാമ്മ തുടങ്ങിയിരിക്കുന്നത്. ഞങ്ങൾക്ക് വേണ്ട ഉപദേശങ്ങളും, രുചി കൂട്ടുകളും പകർന്ന് അമ്മാമ്മയും, അമ്മയും.
പൂക്കുല ലേഹ്യം ഒക്കെ ഉണ്ടാക്കാൻ അത്ര എളുപ്പമല്ലെന്ന്!
പൂക്കുല ലേഹ്യത്തിന് ഒരുപാട് ആവശ്യക്കാരാണ്. അതിന്റെ ഗുണങ്ങൾ അറിയുന്നത് കൊണ്ടാകും. ആദ്യമൊക്കെ പൂക്കുല കിട്ടാൻ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. പൂക്കുല കിട്ടാതെ പൂക്കുല ലേഹ്യം ഉണ്ടാക്കുന്നത് നിർത്തിവെച്ചിരുന്ന അവസ്ഥയും ഉണ്ടായിരുന്നു .ഞങ്ങളൊരു പൂക്കുല കൊണ്ട് ഒരുകിലോ ലേഹ്യം ആണ് ഉണ്ടാക്കുന്നത് . ക്വാണ്ടിറ്റി കൂട്ടാൻ വേണ്ടി ഞങ്ങൾ വേറൊന്നും ചേർക്കാറില്ല. പക്ഷേ ഇപ്പോൾ സ്ഥിരമായി എത്തിച്ചു തരുന്നവരുണ്ട്. ഓർഡർ കിട്ടിയാൽ ആവശ്യത്തിനനുസരിച്ച് ഞങ്ങൾക്ക് എത്തിച്ചു തരും.
ലോക്ക് ഡൗൺ കാലത്തെ സ്ത്രീ ജീവിതം.
ഒരുപാട് സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പുറത്തെടുത്തു കുടുംബത്തെ താങ്ങി നിർത്താൻ മുന്നോട്ട് വന്നിട്ടുള്ള സമയമാണിത്. അച്ചാറും, കേക്കും, പലഹാരങ്ങളും അങ്ങനെ പല രീതിയിൽ പല തരത്തിൽ വീട്ടിലെ രുചികൾ പുറത്തെത്തുന്നുണ്ട്. അവർ വളരെ ആക്റ്റീവ് ആയി എന്ന് തോന്നിയിട്ടുണ്ട്. സ്ത്രീകൾക്കൊക്കെ ഇത്തരത്തിൽ ചെയ്യാൻ ആഗ്രഹങ്ങളുണ്ട്, അവരുടെ ഒപ്പമുള്ളവയുണ്ടനെകിലും തീർച്ചയായും അവർ അദ്ഭുതങ്ങൾ തന്നെ ചെയ്തേക്കും.
ലൈസൻസ് ആവശ്യമുണ്ട്
Food safety and standards Authority of india(FSSAI)ലൈസൻസ് ആണ് എടുക്കേണ്ടത്. നമുക്കത് അക്ഷയ കേന്ദ്രത്തിൽ നിന്നു തന്നെ എടുക്കാവുന്നതാണ്. അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല, ഇത്തരത്തിൽ ബിസിനസിൽ താല്പര്യമുള്ള സ്ത്രീകൾക്ക് വീട്ടിലിരുന്ന് ചെയ്യാവുന്ന ചെറുകിട ബിസിനസുകൾക്ക് പ്രത്യേകം സൗകര്യങ്ങളുമൊക്കെയുണ്ട്. അതുകൊണ്ട് അങ്ങനെ വരാൻ