ADVERTISEMENT

തികച്ചും അവിചാരിതമായി നമ്മളിൽ ഒരാളായി മാറുന്ന ചില മനുഷ്യരില്ലേ? അക്കൂട്ടത്തിൽ ഒരാളാണ് അശ്വതി ശ്രീകാന്ത് എന്ന് നിസ്സംശയം പറയാം. ആദ്യം ശബ്ദത്തിലൂടെ പിന്നെ കാഴ്ചയിലൂടെ നമ്മുടെ പ്രിയപ്പെട്ട ഒരാളായി മാറുകയായിരുന്നു അശ്വതി. റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക, എഴുത്തുകാരി ഏറ്റവും ഒടുവിൽ അഭിനേത്രി... അങ്ങനെ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നമ്മുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായി മാറുകയായിരുന്നു അവർ. അശ്വതിയുടേതായി നിരവധി  അഭിമുഖങ്ങൾ നമ്മൾ ഇതിനോടകം വായിച്ചു കഴിഞ്ഞു. ഇപ്പോൾ രസകരമായ തന്റെ ജീവിതത്തിന്റെ മറ്റുവശങ്ങളെ കുറിച്ച് മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് അശ്വതി. 

മിനിസ്ക്രീനിലെ താരം

എല്ലാവരെയും പോലെ ലോക്ഡൗൺ കാലത്ത് യാതൊരു പണിയുമില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. എന്നെങ്കിലും അഭിനയിച്ചു നോക്കണം എന്ന് വലിയ ആഗ്രഹമായിരുന്നു. പ്രതികൂല സാഹചര്യമായതിനാൽ പലപ്പോഴും അവസരം വന്നപ്പോഴൊന്നും സാധിച്ചില്ല. മിനിസ്ക്രീനിലൂടെ അഭിനയത്തിൽ തുടക്കം കുറിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. വ്യത്യസ്തമായ ഒരു കാര്യം ചെയ്തു നോക്കാൻ കഴിയുന്ന സമയമാണെന്ന തോന്നൽ കൂടി ഉണ്ടായതോടെയാണ് മിനിസ്ക്രീനിലെ വേഷത്തിലേക്ക് എത്തുന്നത്. 

ഞാന്‍ ചെയ്യുന്ന കഥാപാത്രവും അശ്വതിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. സീരിയലിലെ എന്റെ കഥാപാത്രമായ ആശ പെട്ടന്ന് ദേഷ്യം വരികയും പൊട്ടിത്തെറിക്കുകയും ചെയ്യും. പക്ഷേ, അശ്വതി അങ്ങനെയല്ല. പരമാവധി ക്ഷമയോടെയാണ് കാര്യങ്ങളെ സമീപിക്കാറുള്ളത്. സ്വകാര്യ ജീവിതത്തിൽ അത്രവലിയ കുശുമ്പും കുന്നായ്മയുമൊന്നും എനിക്കില്ല. സീരിയലിലെ കഥാപാത്രമായ ആശയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും അതൊന്നും എത്തിപ്പിടിക്കാൻ കഴിയാത്തതിന്റെ നിരാശയുണ്ട്. എന്നാൽ അശ്വതി അങ്ങനെ അല്ല. എനിക്കൊരു ലക്ഷ്യമുണ്ടെങ്കിൽ ഞാൻ അത് നേടിയെടുക്കാന്‍ കഠിന പ്രയത്നം നടത്താറുണ്ട്. 

അന്നും ഇന്നും പ്രിയം ആ റേഡിയോ കാലം

എഴുതുന്ന സമയത്താണ് ഏറ്റവും സന്തോഷം തോന്നുന്നത്. പക്ഷേ, എഴുത്തിനെ നമുക്കൊരു തൊഴിലായി കാണാൻ കഴിയില്ലല്ലോ. ഒരു തൊഴിലെന്ന നിലയിൽ റേഡിയോയിൽ ജോലി ചെയ്ത കാലഘട്ടമാണ് എനിക്ക് ഏറ്റവും സന്തോഷം നൽകിയിരിക്കുന്നത്. അഭിനയത്തിനെക്കാളും അവതരണത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നത് റേഡിയോയിൽ ജോലി ചെയ്തിരുന്ന കാലമാണ്. റേഡിയോ നൽകിയ സന്തോഷം വളരെ വലുതായിരുന്നു. റേഡിയോയിൽ ജോലി ചെയ്തിരുന്ന കാലത്ത് വലിയ വച്ചു കെട്ടലുകളൊന്നും ഇല്ലാതെ എനിക്ക് ഞാനായി തന്നെ നിൽക്കാൻ സാധിച്ചു. ഹൃദയങ്ങൾ തമ്മിലാണ് അവിടെ സംസാരിക്കുന്നത്. ആളുകളോട് നമുക്ക് ഉളളു തുറന്ന് സംസാരിക്കാൻ സാധിക്കും. മെസേജുകളിലൂടെയോ ഫോണ്‍വിളികളിലൂടെയോ ആളുകളുടെ പ്രതികരണങ്ങൾ വളരെ വേഗം അറിയാൻ സാധിക്കും എന്നത് റേഡിയോയുടെ പ്രത്യേകതയാണ്. 

ടെലിവിഷൻ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അഭിനേത്രിയാകുമ്പോഴും അവതാരകയാകുമ്പോഴും നമ്മള്‍ നമ്മളല്ലാതെയാണ് ജോലിചെയ്യുന്നത്. കാരണം അഭിനയിക്കുമ്പോൾ നമ്മൾ ആ കഥാപാത്രമാണ്. അവതാരകയാകുമ്പോഴും നമുക്ക് ഒരിക്കലും ഇഷ്ടപ്പെടാത്ത വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പും വരെ ഉപയോഗിക്കേണ്ടി വരുന്നു. അവിടെ നമ്മൾ യഥാർഥത്തിലുള്ള നമ്മളല്ല. വളരെ വൈകിയായിരിക്കും നമുക്ക് പ്രതികരണങ്ങൾ ലഭിക്കുന്നത്. പെട്ടന്നുള്ള പ്രതികരണങ്ങൾ റേഡിയോയിൽ നിന്നാണ് ലഭിക്കുക. അതുകൊണ്ടാണ് റേഡിയോ പ്രിയപ്പെട്ടതായത്. 

aswathi2

എന്നെ ഞാനാക്കിയ പെണ്ണിടം

പാലാ അൽഫോൺസാ വനിതാ കോളജിലാണ് ഞാൻ പഠിച്ചതെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കണമെന്ന ചിന്തയുള്ള മിക്സഡ് കോളജിന്റെ വക്താവാണ് ഞാൻ. അക്കാലത്ത് എന്നെ വുമൻസ് കോളജിൽ വിട്ട വീട്ടുകാരോട് എനിക്ക് വലിയ ദേഷ്യമായിരുന്നു. പ്ലസ്ടു വരെ മിക്സഡ് സ്കൂളുകളിലാണ് പഠിച്ചത്. പക്ഷേ, അവിടെ കിട്ടാതിരുന്ന വലിയ അവസരങ്ങൾ അൽഫോൺസ കോളജിൽ പഠിച്ചപ്പോൾ എനിക്കു ലഭിച്ചിരുന്നു. മിക്സഡ് സ്കൂളിലും കോളജിലും ആയിരുന്നെങ്കിൽ ഒരു ബാനർ കെട്ടാൻ പോലും നമ്മൾ ആൺകുട്ടികളെ ആശ്രയിക്കും. എന്നാൽ വുമൻസ് കോളജിലെ പഠനം അൽപം കൂടി സ്വയംപര്യാപ്തത കൈവരിക്കാൻ സഹായിച്ചതായി എനിക്കു തോന്നുന്നു. അൽഫോൺസാ കോളജിലെ പഠനം പിന്നീട് പലകാര്യങ്ങളിലും ഉപകരിച്ചതായി തോന്നിയിരുന്നു. ഉൾവലിഞ്ഞു പോകുന്ന പെൺകുട്ടികൾക്ക് കോളജിൽ നിന്നുള്ള അനുഭവങ്ങൾ തീർച്ചയായും മുന്നോട്ടു വരാൻ പ്രചോദനം നൽകുന്നതായിരിക്കും. പക്ഷേ, ആരോഗ്യകരമായ ബന്ധങ്ങൾക്ക് എപ്പോഴും മിക്സഡ് കോളജിൽ പഠിക്കുന്നതു തന്നെയാണ് നല്ലത്. 

ഇതാണ് എന്റെ രാഷ്ട്രീയം

വായനയിലൂടെയും ആളുകളുടെ വ്യക്തിത്വത്തിലൂടെയും രൂപപ്പെട്ടതാണ് എന്റെ പൊതുബോധം. അല്ലാതെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും വക്താവല്ല. ഞാൻ ആഗ്രഹിക്കുന്ന എല്ലാ മൂല്യങ്ങളുമുള്ള ഒരു പാർട്ടിയും ഇതുവരെ കണ്ടിട്ടില്ല. പക്ഷേ എനിക്ക് എന്റെതായ രാഷ്ട്രീയ ബോധ്യങ്ങളുണ്ട്. അതനുസരിച്ചാണ് ഞാൻ  മുന്നോട്ടു പോകുന്നത്.

ആത്മാഭിമാനം പണയം വയ്ക്കരുത്!

ബന്ധങ്ങൾക്കു വേണ്ടി ആത്മാഭിമാനം പണയം വയ്ക്കുന്നവരായി പൊതുവേ സ്ത്രീകൾ മാറുന്ന ഒരു പ്രവണത ഇപ്പോഴും സമൂഹത്തിലുണ്ട്. പണ്ടുമുതൽ കേട്ടു തഴമ്പിച്ച അഭിമാന ബോധമല്ല വേണ്ടത്. നമുക്ക് നമ്മുടെതായ ഇഷ്ടങ്ങൾ ഉണ്ടായിരിക്കണം. അതുപോലെ തന്നെയായിരിക്കണം ലക്ഷ്യങ്ങളും. ആ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പ്രയത്നിക്കണം. മാത്രമല്ല, ജീവിതത്തിൽ ഏത് കാര്യത്തിലും കൃത്യമായ നിലപാടുകൾ ഉണ്ടായിരിക്കണം. നമുക്ക് നമ്മളോടു തന്നെയുണ്ടാകുന്ന സ്നേഹത്തില്‍ നിന്നും ബഹുമാനത്തിൽ നിന്നുമാണ് നിലപാടുകൾ രൂപപ്പെടുന്നത്. അവനവനെ സ്നേഹിച്ചുകൊണ്ടായിരിക്കണം മറ്റുള്ളവരെ സ്നേഹിക്കേണ്ടത്. സ്നേഹത്തിനെക്കാൾ കൂടുതൽ സുഹൃത്തുക്കളിൽ നിന്നും പങ്കാളിയിൽ നിന്നും നമുക്ക് ലഭിക്കേണ്ടത് ബഹുമാനമായിരിക്കണം. നമ്മൾ ഒരാളെ തിരഞ്ഞെടുക്കുമ്പോൾ നമ്മുടെ സ്വത്വവും നിലപാടുകളും വളരെ പ്രാധാന്യമുള്ളതാണ്. ആത്മാഭിമാനം പണയം വയ്ക്കുന്ന ബന്ധങ്ങളിലേക്ക് പോകാതിരിക്കാൻ നമ്മുടെ പൺമക്കൾ ശ്രദ്ധിക്കണം. 

aswathy-sreekanth

അമ്മ എന്ന മാതൃക

വായിച്ചും കേട്ടും പലസ്ത്രീകളോടും നമുക്ക് ബഹുമാനവും ആദരവും തോന്നാറുണ്ട്. എങ്കിൽ പോലും ദൈനംദിന ജീവിതത്തിൽ നമ്മളോട് അടുത്തിടപഴകുന്നവരായിരിക്കണം മാതൃകയാകേണ്ടതെന്നാണ് എന്റെ കാഴ്ചപ്പാട്. മറ്റുള്ളവരുടെ ജീവിതത്തിന്റെ ഒരുഭാഗം മാത്രമാണല്ലോ നമ്മൾ കാണുന്നത്. അങ്ങനെ നോക്കുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ അടുത്ത് ഇടപഴകിയിട്ടുള്ള സ്ത്രീ എന്റെ അമ്മ തന്നെയാണ്. വളരെ ലളിതമായ ജീവിതവഴികളിലൂടെ കടന്നു പോയ ഒരാളായിരുന്നില്ല അമ്മ. ചെറുപ്പം മുതൽ പല ജീവിത സാഹചര്യങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്.  ജീവിതത്തിൽ പല വെല്ലുവിളികളെ നേരിട്ടപ്പോഴും അമ്മ അമ്മയുടെ ആത്മാഭിമാനത്തിനു മൂല്യം നല്‍കിയ സ്ത്രീയാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കണമെന്ന നിർബന്ധം അമ്മയ്ക്കുണ്ടായിരുന്നു. പെൺകുട്ടികളായാൽ സ്വന്തം കാലിൽ നിൽക്കാനുള്ള ആർജവം കൈവരിക്കണമെന്ന് അമ്മ എപ്പോഴും പറഞ്ഞിരുന്നു. അമ്മ സ്പൂൺ ഫീഡ് ചെയ്ത ചിലകാര്യങ്ങളായിരുന്നു അത്. അമ്മയെ പോലെ എനിക്ക് ആകാൻ കഴിയുന്നില്ലല്ലോ എന്ന് ചിന്തിക്കാറുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇപ്പോഴും ഞാൻ ആദ്യം സമീപിക്കുന്നത് അമ്മയെയാണ്. ‘ഞാൻ ഇല്ലാത്ത കാലം വന്നാൽ നീ എന്തു ചെയ്യും കൊച്ചേ?’ എന്ന് അമ്മ ചോദിക്കും. അമ്മയെ പോലെ ആയിരുന്നെങ്കിൽ ജീവിതത്തെ അൽപം കൂടി ധൈര്യമായി കാണാമായിരുന്നു.

എന്റെ കരിയർ, എന്റെ തീരുമാനം

എന്റെ തന്നെ തിരഞ്ഞെടുക്കലായിരുന്നു ഭർത്താവ്. പ്ലസ്ടു കാലം മുതൽ അറിയാവുന്ന ആളെയാണ് വിവാഹം കഴിച്ചത്. പരസ്പരം ചർച്ച ചെയ്താണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. പക്ഷേ, എന്റെ കരിയർ സംബന്ധിച്ച കാര്യങ്ങളിലെല്ലാം ഞാൻ തന്നെയാണ് തീരുമാനം എടുക്കുന്നത്. പൂർണമായും അതിനുള്ള അവസരം എന്റെ ജീവിതത്തിലുണ്ട്. സ്വാതന്ത്ര്യം എന്ന വാക്കൊന്നും ഉപയോഗിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. സ്വാതന്ത്ര്യം നമുക്ക് ഒരാൾ അനുവദിച്ചു നൽകേണ്ടതല്ല. നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ കയ്യിലാണ്. ഒരുമിച്ചുള്ള സമയങ്ങളിൽ കുടുംബമാകുകയും അല്ലാത്ത സമയങ്ങളിൽ അവരവരുടെ വ്യക്തി സ്വാതന്ത്ര്യവും ആസ്വദിക്കുന്നവരാണ് ഞങ്ങൾ ഇരുവരും. ഭാര്യ, ഭർത്താവ് എന്ന പദവിക്കപ്പുറം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. 

പ്രിയപ്പെട്ട ഉറക്കമേ... വിട!

ഉറങ്ങാൻ വലിയ ഇഷ്ടമുള്ള ആളാണ് ഞാൻ. പണ്ടും ഇപ്പോഴും അങ്ങനെ തന്നെയാണ്. കട്ടില്‍ കണ്ടാൽ വീണു പോകും. പിന്നെ ജീവിതത്തിന്റെ ഒരു ഘട്ടം എത്തിയപ്പോൾ ഉറങ്ങാന്‍ സമയമില്ലാത്ത അവസ്ഥയായി. രാവിലെ ജോലിക്കു പോകുകയും കുഞ്ഞു വരികയും ചെയ്ത കാലത്ത് ഒന്നിനും സമയമില്ലായിരുന്നു. ഒരു ദിവസം കുറച്ചു നേരത്തെ കിടക്കുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുമ്പോൾ ഇപ്പോഴെനിക്കു തോന്നും നമ്മുടെ ഒരു ദിവസത്തിലെ അത്രയും സമയം നമ്മൾ വെറുതെ കളയുകയല്ലേ? മുപ്പതുകളില്‍ എത്തിയപ്പോഴാണെന്നു തോന്നുന്നു അങ്ങനെയൊരു ചിന്ത വന്നത്. അധിക സമയം ഉറങ്ങുമ്പോൾ ഈയിടെയായി അങ്ങനെയൊരു തോന്നല്‍ വന്നു തുടങ്ങി. അതുകൊണ്ട് എന്റെ പ്രിയപ്പെട്ട ഉറക്കത്തിന്റെ സമയം ഞാൻ കുറയ്ക്കുകയാണ്. 

നമ്മളെന്തിനാ പേടിക്കാനായി സിനിമ കാണുന്നത്?

സിനിമ വളരെ സീരിയസായി കാണുന്ന ആളല്ല ഞാൻ. ഫീൽ ഗുഡ് മൂവികൾ കാണാനാണ് എനിക്കിഷ്ടം. ഒരു മുഴുനീള ക്രൈം ത്രില്ലറൊന്നും എനിക്കിരുന്ന് കാണാന്‍ സാധിക്കില്ല. മലയാളികൾ ഇത്രയധികം ആസ്വദിച്ച ദൃശ്യം പോലും എനിക്ക് അവസാനം വരെ ഇരുന്ന് കാണാൻ സാധിച്ചിട്ടില്ല. അത്തരം സിനിമകൾ എന്റെ മനസ്സിനെ മുറിവേൽപിക്കും. അതുകൊണ്ട് ഞാനൊരു സിനിമാ പ്രേമിയാണെന്ന് പറയാനാകില്ല. കാരണം അങ്ങനെയാണെങ്കിൽ നമ്മൾ എല്ലാ രീതിയിലുള്ള സിനിമകളും കാണാൻ തയാറാകണം. സന്തോഷം നൽകുന്ന കാര്യങ്ങൾ കാണാനും കേൾക്കാനും അറിയാനുമാണ് ഇഷ്ടം.

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിയാണ് ശീലം. എനിക്ക് ആശയവിനിമയം നടത്താൻ കഴിയുമെന്നു തോന്നുന്ന സമയത്താണ് ഞാൻ സോഷ്യൽ മീഡിയയിൽ എന്തെങ്കിലും അഭിപ്രായം പറയാറുള്ളത്. അല്ലാത്ത സമയത്ത് അതൊരു വൺ സൈ‍ഡ് രീതിയായിരിക്കുമല്ലോ. അത് ശരിയല്ലെന്ന തോന്നലുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായി കമന്റുകൾ വായിക്കുകയും മറുപടി നൽകുകയും ചെയ്യാറുണ്ട്. കുറെകാര്യങ്ങൾ നമ്മൾ വിചാരിച്ച അർത്ഥത്തിലായിരിക്കില്ല അവർ എടുക്കുന്നത്. അത്തരം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാൻ പരമാവധി ശ്രമിക്കാറുമുണ്ട്. 

അശ്വതി എന്ന യാത്രിക

യാത്ര ചെയ്യുന്നത് വലിയ ഇഷ്ടമുള്ള കാര്യമാണ്. അതിലുപരി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുക എന്നത് വളരെ രസകരമായ കാര്യമായി എനിക്കു തോന്നിയിട്ടുണ്ട്. യാത്രയുടെ കാര്യത്തിൽ ഞാനും ഭർത്താവും ഒരുപോലെ ഇഷ്ടമുള്ളവരാണ്. ഭർത്താവ് നാട്ടിൽ വരുമ്പോൾ വണ്ടിയോടിക്കില്ല. യുഎഇയിൽ ഓടിക്കും. ഇവിടെ സ്ഥിരം ഡ്രൈവർ ഞാനാണ്. ഷൂട്ടിനു പോകുമ്പോൾ പോലും സ്വന്തമായി വണ്ടിയെടുത്താണ് പോകാറുള്ളത്. വണ്ടിയോടുള്ള ഇഷ്ടം കാരണം ചെറിയ യാത്രകൾ പോലും ഞാൻ ആസ്വദിക്കാറുണ്ട്. 

English Summary: Special Interview With Aswathy Sreekanth

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com