sections
MORE

സമരഭൂമിയിലെ ചാച്ചാമാര്‍: കര്‍ഷകരോട് തോള്‍ചേര്‍ന്ന മലയാളി പെണ്‍കുട്ടി ഇതാ

Protest in support of farmers continues
SHARE

‘കിസാൻ ഏക്താ സിന്ദാബാദ്... ജയ് ജവാന്‍ ജയ് കിസാൻ’.. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കർഷകരുടെ മുദ്രാവാക്യങ്ങളിൽ ഒരു മലയാളി പെണ്‍കുട്ടിയുടെ ശബ്ദം കൂടിയുണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും കർഷകരെ പിന്തുണച്ച് ഡൽഹിയിലെ സമരമുഖത്തെത്തിയ ബിസ്മി ബഷീർ. യുവ കോൺഗ്രസ് പ്രവർത്തക കൂടിയാണ് നിയമ വിദ്യാർഥിനിയായ ബിസ്മി. കർഷക സമരം കൊടുമ്പിരി കൊള്ളുന്ന സിംഘു ബോർഡറിലും റാസിപൂരിലും ബിസ്മി എത്തിയിരുന്നു. കണ്ട കാഴ്ചകളിലെ തീക്ഷ്ണത വായിച്ചറിഞ്ഞ വിവരങ്ങളേക്കാൾ പതിൻമടങ്ങ് ഉയരത്തിലായിരുന്നെന്ന് ബിസ്മി. നേരിൽ കണ്ട കർഷക സമരം മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുകയാണ് ബിസ്മി ബഷീർ.

കേരളത്തിൽ നിന്ന് കർഷകസമരത്തിലേക്ക് 

സമരം നടക്കുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ കർഷകരെ ഉപദ്രവിക്കുന്ന ചില വിഡിയോ കണ്ടു. ഡൽഹിയിൽ പോകണമെന്നും കർഷകർക്ക് പിന്തുണ നൽകണമെന്നും അന്ന് മനസിൽ നിശ്ചയിച്ചു. ഡിസംബർ മൂന്നിന് നാട്ടിൽ നിന്ന് ഡൽഹിയിലേയ്ക്ക് ബിസ്മി പുറപ്പെട്ടു. ഡിസംബർ അഞ്ച് മുതൽ ഒൻപത് വരെ ബിസ്മി സമരം നടക്കുന്നയിടത്ത് എന്നുമെത്തിയിരുന്നു. ഭാരത് ബന്ദിലും കാൻഡിൽ സമരത്തിലും മറ്റ് പ്രതിഷേധ പ്രകടനങ്ങളിലും പങ്കെടുത്തു. ജനുവരി ആദ്യവാരം വീണ്ടും പോകാനുള്ള തീരുമാനത്തിലാണ് ഇരുപത്തിമൂന്നുകാരിയായ ബിസ്മി. 

ആളിക്കത്തുന്ന പ്രതിഷേധച്ചൂട്

കർഷകസമരത്തിനെത്തിയ ബിസ്മി ബഷീർ കണ്ടത് ജീവൻ പോയാലും കാർഷകബിൽ പിൻവലിക്കാൻ സമരം ചെയ്യുന്ന പല പ്രായത്തിലുമുള്ളവരെ. ചെറിയ കുട്ടികൾ മുതൽ നടക്കാൻ കഴിയാത്തവർ വരെ സമരത്തിനുണ്ടായിരുന്നു. സിംഘു ബോർഡറിൽ നിന്നും പത്ത് കിലോമീറ്റര്‍ ദൂരത്തിൽ കർഷകർ സമരം ചെയ്യുന്നുണ്ട്. ഡിസംബറിന്റെ തണുപ്പ് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാണിപ്പോൾ. എന്നാൽ അത് പ്രശ്നമാക്കാതെയാണ് കർഷകർ സമരം ചെയ്യുന്നത്. ഒറ്റക്കെട്ടായാണ് കർഷക സമരം. ശാരീരികമായി തളർന്നെങ്കിൽ കൂടി മാനസികമായി ശക്തരായി പൊരുതുകയാണ് കർഷകർ. ചിലപ്പോൾ അച്ഛനും അമ്മയും മക്കളും മാത്രമടങ്ങുന്ന കുടുംബം കൊടി പിടിച്ച് മുദ്രാവാക്യവുമായി നടക്കുന്നത് കണ്ടിട്ടുണ്ടെന്നും ബിസ്മി പറയുന്നു. 

‘അവർക്കൊത്തിരി സ്നേഹമാണ്’

‘കാണുമ്പോൾ തന്നെ ഭക്ഷണം കഴിച്ചോയെന്നാണ് ചാച്ചാമാർ ചോദിക്കാറുള്ളത്. വളരെ സ്നേഹമുള്ള ആളുകളാണ് അവിടെയുള്ളത്’. ബിസ്മി പറയുന്നു. ആദ്യമായാണ് കർഷകസമരത്തിന് മലയാളിയെത്തുന്നത്. കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ വളരെ സന്തോഷമായെന്നും ബിസ്മി. അവർക്ക് വലിയ കാര്യമായിരുന്നുയെന്നെയെന്നും ബിസ്മി ചിരിയോടെ പറഞ്ഞു. 

സമരമുഖത്തെ കർഷകരുടെ ജീവിതം

രാവിലെയും വൈകീട്ടുമുള്ള പ്രാർഥനകള്‍ കർഷകർ മുടക്കാറില്ല. എണീറ്റതിന് ശേഷം പ്രാർഥന കഴിഞ്ഞാണ് അവർ സമരത്തിനിറങ്ങാറുള്ളത്. ട്രാക്ടറിലും, ലോറിയിലും റോഡിലുമായാണ് സമരത്തിനെത്തിയ കർഷകർ ഉറങ്ങുന്നത്. സമരം ചെയ്യുന്നവർക്കും പിന്തുണക്കാനെത്തുന്നവർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന സ്റ്റാളുകളുണ്ട്. ശൗചാലയമായി ഈ–ടോയിലറ്റ് സംവിധാനമാണ് കർഷകർ ഉപയോഗിക്കുന്നത്. ചപ്പാത്തിയുണ്ടക്കുന്ന മഷീന്‍ വാടകയ്ക്കെടുത്തിരിക്കുകയാണ്. 

Protest in support of farmers continues

പഞ്ചാബിലെ നടീനടൻമാർ സമരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ടെന്ന് ബിസ്മി പറയുന്നു. പുതപ്പും മെത്തയുെമല്ലാം അവരെത്തിക്കാറുണ്ട്. കൂടെയില്ലാത്ത സാഹചര്യങ്ങളുണ്ടെങ്കിൽ കൂടി ഒത്തൊരുമിച്ചാണ് അവർ നിൽക്കുന്നത്.  സമരം ചെയ്യുന്ന സ്ഥലങ്ങളിലെ താമസക്കാരും കർഷകർക്ക്  പിന്തുണ നൽകുന്നുണ്ട്.  ജാതിമതഭേദമന്യേയാണ് സമരം ചെയ്യുന്നവരെയാണ് താനവിടെ കണ്ടതെന്നും ബിസ്മി. കർഷകസമരത്തിന് മുമ്പ് പ്ലാസ്റ്റിക് പെറുക്കി വിൽക്കുന്ന കുട്ടികളവിടെ ഉണ്ടായിരുന്നു. കർഷകസമരം ആരംഭിച്ചതോടെ അവർക്ക് എന്നും സൗജന്യമായി ഭക്ഷണം കൊടുക്കാൻ തുടങ്ങിയെന്ന് ബിസ്മി. 

‘കൊറോണ ഞങ്ങൾക്ക് പ്രശ്നമല്ല’

കോവിഡ് ഭയത്തെ കവച്ച് വച്ചാണ് കർഷകർ സമരം ചെയ്യുന്നത്. തങ്ങൾക്ക് നീതി നടപ്പാകുന്നതാണ് മുഖ്യമെന്നും കർഷകർ പറയുന്നു. മാസ്ക് വെയ്ക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് ആയിരക്കണക്കിന് കർഷകർ സമരം ചെയ്യുന്നത്. ചെറിയ കുട്ടികൾക്ക് പോലും സമരം ചെയ്യുന്നതിന്റെ കാരണമറിയാം. പിറന്നു വീഴുന്ന കുട്ടികളെപോലും എല്ലാം പറഞ്ഞുകൊടുത്താണ് അവർ വളർത്തുന്നത്. അവര്‍ക്കുള്ള അറിവ് കണ്ട് വളരെയേറെ സന്തോഷം തോന്നിയെന്നും ബിസ്മി പറഞ്ഞു. 

പ്രതിഷേധത്തിനിടെ ലഭിച്ച അനുഭവങ്ങൾ

ഭാരതബന്ദിനിടെ ഡൽഹി ഹൈവേയിൽ സമാധാനപരമായി സമരം ചെയ്തിരുന്ന കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. താനും ആ കൂട്ടത്തിലുണ്ടായിരുന്നു.  രണ്ട് മണിക്കൂറോളും പൊലീസ് സ്റ്റേഷനിൽ കിടന്നു. മറക്കാനാകാത്ത അനുഭവമായി ബിസ്മി അത് പങ്കുവക്കുന്നു. സമരം നടന്ന സ്ഥലത്ത് താനേറെ സുരക്ഷിതയായിരുന്നു. എന്നാൽ ഡൽഹിയിലെത്തിയ ദിവസം തന്നെ ആരോ തന്റെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു. നഖം കൊണ്ട് ഉടൻ തന്നെ മാന്തിയതുകൊണ്ട് ഫോൺ പോയില്ലെന്ന് ബിസ്മി ഒാർക്കുന്നു. 

പരീക്ഷയായതുകൊണ്ടാണ് ബിസ്മിക്ക് മടങ്ങിവരേണ്ടിവന്നത്. എന്നാൽ പരീക്ഷ നടന്നില്ല. അടുത്ത മാസം ഇനിയും പോകണം. നാട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഒത്തിരി പേർ വിളിച്ചിരുന്നു. ഇനി പോകുമ്പോൾ കൂടെ വരുന്നുണ്ടന്ന് പെൺകുട്ടികളുൾപ്പെടെ പറഞ്ഞെന്നും ബിസ്മി അറിയിച്ചു. ചാച്ചാമാർക്ക് തന്റെ ഭാഗത്തുനിന്ന് നൽകാവുന്ന എല്ലാ സഹായവും പിന്തുണയും നൽകാൻ എന്നും തയ്യാറാണ് ബിസ്മി ബഷീര്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA