sections
MORE

'തട്ടീം മുട്ടീം' കൊണ്ടുവന്ന ഭാഗ്യം; വൈറലായ 'മുടിയത്തി' ഇവിടെയുണ്ട്: അഭിമുഖം

anna-chako
SHARE

മഴവിൽ മനോരമയിലെ തട്ടീംമുട്ടീം പ്രേക്ഷകരെ ചിരിപ്പിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. മീനാക്ഷിയും കണ്ണനുമൊക്കെ വളർന്നു വലുതായി. മീനാക്ഷി ലണ്ടനിൽ പോയെങ്കിലും കണ്ണനു വേണ്ടിയുള്ള പെണ്ണന്വേഷണത്തിലാണ് കുടുംബം. ഇപ്പോഴിതാ കണ്ണനെ വിവാഹം കഴിക്കാനാഗ്രഹിച്ചുകൊണ്ട് ഒരു 'മുടിയത്തി' പെണ്ണും എത്തിയിരിക്കുന്നു കഥയിലേക്ക്. ഒറ്റനോട്ടത്തിൽ തന്നെ പ്രേക്ഷകരുടെ കണ്ണുടക്കിയ സ്ക്രീനിലെ 'തനിമ' എന്ന അന്നമ്മ ചാക്കോ മനോരമ ന്യൂസ് ഡോട്ട് കോമിനോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

എങ്ങനെയാണ് തട്ടീം മുട്ടീമിൽ എത്തിയത്?

തട്ടിം മുട്ടീടെ അസിസ്റ്റന്റ് ഡയറക്ടർ അജയ്ചേട്ടനെ പരിചയമുണ്ടായിരുന്നു. ചേട്ടനാണ് ചോദിച്ചത് ഇതിൽ ചെറിയൊരു വേഷമുണ്ട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. ഒരു പെണ്ണുകാണൽ സീനിലേക്കായിരുന്നു ക്ഷണം. എത്ര ചെറിയ വേഷമാണെങ്കിലും അഭിനയിക്കാൻ തയ്യാറായിരുന്നു. കാരണം തട്ടീം മുട്ടിയുമൊക്കെ ചെറുപ്പം മുതലേ കാണുന്നതാണ്. അതിലൊക്കെ അവസരം കിട്ടുക എന്ന് പറഞ്ഞാൽ ഭാഗ്യമാണ്. ചെറിയ വേഷത്തിലേക്കാണ് വിളിച്ചതെങ്കിലും ആ എപ്പിസോഡിന് നല്ല റീച്ച് കിട്ടിയപ്പോൾ എനിക്ക് വീണ്ടും അതിൽ തുടരാനായി.

മുടിയുടെ രഹസ്യം?

ജന്മനാ ഈ മുടിയാണ്. മുടികൊണ്ടാണ് എന്നെ എല്ലാവരും തിരിച്ചറിയുന്നത്. അമ്മയ്ക്ക് ചെറിയ ചുരുണ്ടമുടിയാണെങ്കിലും ഇത്രയ്ക്ക് ചുരുണ്ടതല്ല. ഇപ്പോ പുറത്തുപോകുമ്പോഴൊക്കെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി. 

മുടിയൊരു ബുദ്ധിമുട്ടായി തോന്നിയോ?

അയ്യോ ഇല്ല, ഈ മുടികൊണ്ടാണ് ഇപ്പോൾ ജീവിച്ചുപോകുന്നതെന്ന് വേണം പറയാൻ. മുടികാരണമാണ് എന്നെ തിരിച്ചറിയുന്നതും വേഷങ്ങൾ കിട്ടുന്നതുമെല്ലാം. ഈ മുടി സംരക്ഷിക്കാൻ കുറച്ച് പാടാണ്. പുറത്തുപോകുമ്പോഴൊക്കെ ഒതുക്കി കെട്ടിവയ്ക്കും. മോഡലിങ്ങിനുവേണ്ടി സ്ട്രെയിറ്റൻ ചെയ്തിട്ടുണ്ടെങ്കിലും എനിക്കിഷ്ടം ചുരുണ്ട മുടിയാണ്. 

അഭിനയം ആദ്യമാണോ?

അഭിനയമാണ് എന്റെ പാഷൻ. വീട്ടുകാർ ജോലിക്കു പോകാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും സ്ക്രീനിൽ നല്ലൊരു വേഷം കിട്ടുമെന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. എംബിഎ കഴിഞ്ഞതിനു ശേഷമാണ് അഭിനയത്തിലേക്കിറങ്ങിയത്. ഇതിനുമുമ്പ് മോഡലിംഗ് ചെയ്യുമായിരുന്നു. ഒരു ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്.ലോക്ക് ഡൗൺകാലത്ത് വെബ്സീരിസിൽ അഭിനയിച്ചിരുന്നു. ഇൗരംഗത്ത് പിടിച്ചു നിൽക്കണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. കോമഡിമാത്രമല്ല, കാരക്ടർ റോളുകളും ഒക്കെ കിട്ടണമെന്നാണ് ആഗ്രഹം. ഇപ്പോ കുറച്ചു അവസരങ്ങളൊക്കെ വരുന്നുണ്ട്. അതുകൊണ്ട് ജീവിച്ചുപോകുന്നു.

നാടെവിടെയാണ്?

കോട്ടയം ചങ്ങനാശ്ശേരിയാണ് നാട്. ഞാനിപ്പോൾ കൊച്ചി ഇടപ്പള്ളിയിലാണ് താമസിക്കുന്നത്. ഒരു ഇടത്തരം കുടുംബമാണ് എന്റേത്. അഭിനയിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും എംബിഎ പൂർത്തിയായതുകൊണ്ട് ജോലിക്കുപോകാൻ വീട്ടുകാർ പറയും. നാട്ടുകാരും അഭിനയവിശേഷങ്ങളൊക്കെ ചോദിക്കും. കൊച്ചിന്റെ എപിസോഡെന്നാ വരുന്നതെന്ന് നാട്ടിലുള്ളവർ അന്വേഷിക്കും. തട്ടീംമുട്ടീം യൂട്യൂബിൽ ട്രെൻഡിങ്ങിൽ ഒന്നാമെതെത്തിയപ്പോൾ കൂട്ടുകാരെല്ലാം വിളിച്ചത്. അപ്പോഴാണ് ഞാൻ അറിയുന്നത്. 

തട്ടീമുട്ടിം പരമ്പരയെക്കുറിച്ച്? 

എല്ലാവരും അഭിനയിച്ച് പരിചയമുള്ളവരായതുകൊണ്ട് ശരിക്കും ടെൻഷനുണ്ടായിരുന്നു. ഇടയ്ക്ക് തെറ്റിക്കും, അപ്പോ ഡയറക്ടർ സാർ സമാധാനിപ്പിക്കും. കൂടെ അഭിനയിക്കുന്നവരെല്ലാം നല്ല പിന്തുണ നൽകുന്നുണ്ട്. തട്ടീംമുട്ടിലെ അർജുനൻ സാറിനെയാണ് ഏറ്റവും ഇഷ്ടം . എല്ലാവരും ഡയലോഗൊക്കെ പറയുന്നത് കേട്ട് നോക്കി നിൽക്കാറുണ്ട്. എന്തായാലും തട്ടീം മുട്ടിമിലെ വേഷമാണ് എനിക്ക് ഭാഗ്യം കൊണ്ടുവന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA