ADVERTISEMENT

നിങ്ങൾ വർഷങ്ങൾക്കു മുൻപ് വിവാഹിതരായവരാണോ ? ഇപ്പോഴത്തെ മേക്കപ്പ് രീതികൾ അന്നുണ്ടായിരുന്നെങ്കിൽ എന്ന് നഷ്ടബോധത്തോടെ ചിന്തിക്കുന്നവരാണോ ?സ്വന്തം കല്യാണത്തിന് ആഗ്രഹിച്ച വിധത്തിലുള്ള വധുവായി അണിഞ്ഞൊരുങ്ങാൻ കഴിയാതെ പോയവരാണോ ? സാങ്കേതിക കാരണങ്ങളാൽ പരമ്പരാഗത രീതിയിൽ വിവാഹമെന്ന ചടങ്ങ് നടത്താൻ കഴിയാതെ വിഷമം ഉള്ളിൽ ഒതുക്കുന്നവരാണോ ? മതമോ , ജാതിയോ അതിർവരമ്പ് തിരിക്കാത്ത ഒരു വധു സങ്കൽപം ഉള്ളാലെ കൊതിക്കുന്നവരാണോ ? 

സ്വന്തം മകൾക്കൊപ്പമോ ,മരുമകൾക്കൊപ്പമോ ഒരു വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നില്ക്കാൻ കഴിഞ്ഞെങ്കിലെന്നു അൽപം കുസൃതിയോടെ ചിന്തിക്കുന്നവരാണോ ???

അതേ .....!!!

എന്നാണ് ഉത്തരമെങ്കിൽ , നിങ്ങൾക്കുള്ളതാണ് ''ഡ്രീം ബ്രൈഡൽ മേക്കോവർ ഫോട്ടോഷൂട്ട് ''സെലിബ്രിറ്റി മേക്ക് ഓവർ ആർട്ടിസ്റ്റായ സബിത സാവരിയയുടെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ച് ആ പഴയ കല്യാണ ദിവസം ഓർക്കാത്ത സ്ത്രീകൾ ഉണ്ടായിരിക്കില്ല. സ്വന്തം ആഗ്രഹങ്ങൾക്ക് അൽപം പോലും പ്രാധാന്യം ലഭിക്കാതെ ബ്യൂറ്റീഷ്യന്റെയും ഒപ്പം നിന്ന മുതിർന്നവരുടെയും ഇഷ്ടങ്ങൾക്ക് കെട്ടിയാടിയ ആ വേഷമോർക്കുമ്പോൾ ഇന്നത്തെ പല മധ്യവയസ്സിലേക്ക് കയ്യെത്തി നിൽക്കുന്ന സ്ത്രീകൾക്കും സങ്കടം തോന്നുന്നുണ്ടാവും. ഇന്നത്തെ കാലത്തേ പെൺകുട്ടികളുടെ വസ്ത്രങ്ങളും മേക്കപ്പും കാണുമ്പോൾ അറിയാതെ ഉള്ളിലൊരു കൊളുത്തി വലിക്കൽ. 

"എനിക്ക് വിവാഹം ഏറ്റവും ലളിതമായി നടത്താനായിരുന്നു ആഗ്രഹം. അന്ന് അങ്ങനെ തന്നെയാണ് അത് നടന്നതും. ഒട്ടും മേക്കപ്പ് ഇല്ലാതെ, ആർഭാടവും അധികം ആളുകളും, സ്വർണവും നല്ല പട്ടുസാരിയും ഒന്നുമില്ലാതെ. പക്ഷേ, ഇപ്പോൾ ഈ നാല്‍പതുകളിൽ നിൽക്കുമ്പോൾ വെറുതെയൊരു മോഹം തോന്നുന്നുണ്ട്. അന്ന് ആർഭാടമില്ലാതെ അണിഞ്ഞൊരുങ്ങലില്ലാതെ വിവാഹം കഴിച്ച ദിവസം പോലെയെന്ന് പുനർനിർമ്മിച്ചാലോ എന്ന്. കുറെ ആഭരണം അണിഞ്ഞു. നല്ലൊരു പട്ടുസാരിയിട്ട, മേക്കപ്പ് ഇട്ടു ഒരു ചിത്രമെങ്കിലും എടുക്കണം.",

ദേ ഇതുപോലെ ചില ആഗ്രഹങ്ങൾ തോന്നിയിട്ടില്ലാത്ത എത്ര പേരുണ്ടാവും? അതൊരു നടക്കാത്ത മോഹമല്ല എന്ന് ഉറപ്പിച്ചു പറയുകയാണ് സബിത സവാരിയ. എറണാകുളത്ത് സലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റായ സബിതയും ഫാഷൻ ഫോട്ടോഗ്രാഫർ സുമേഷ് രാമനും ചേർന്നാണ് സ്ത്രീകൾക്കായി ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. 

sabitha-neethu2

അതിന്റെ വിശേഷങ്ങൾ സബിത സാവരിയ പറയും, "ഫെയ്‌സ്ബുക്കിൽ കല്യാണപ്പെണ്ണിന്റെ ചിത്രങ്ങൾ ഇടുമ്പോൾ പലപ്പോഴും സുഹൃത്തുക്കൾ പറയാറുണ്ട്. എന്ത് രസായിട്ടാണ് ചെയ്തിരിക്കുന്നത്. നമ്മളൊക്കെ പത്തും പതിനഞ്ചും വർഷങ്ങൾക്കു മുൻപ് കല്യാണം കഴിച്ച സമയത്തോക്കെ ഇത്തരം മേക്കപ്പ് ഉണ്ടായിരുന്നെങ്കിൽ നന്നായേനെ, ഇതൊക്കെ കാണുമ്പൊൾ ഒരിക്കൽക്കൂടി കല്യാണം കഴിക്കാൻ തോന്നുന്നുണ്ട് എന്നൊക്കെ പറയുന്നതു കേട്ടപ്പോൾ എനിക്ക് തോന്നി, പലരുടെയും മനസ്സിൽ അങ്ങനെയൊരു ആഗ്രഹമുണ്ട്. പക്ഷേ, പ്രായോഗികമായി അത് അത്ര എളുപ്പവുമല്ല. അതിനെ എങ്ങനെ നടപ്പാക്കാം എന്നാണു പിന്നെ ഞാൻ ആലോചിച്ചത്, അങ്ങനെയാണ്‌ ബ്രൈഡൽ മേക്കോവർ ഫോട്ടോഷൂട്ട് എന്ന കൺസെപ്റ്റിലേയ്ക്ക് എത്തിയത്. 

സാധാരണ ഒരു ബ്രൈഡൽ മേക്കപ്പ് ചെയ്യുമ്പോൾ ഒരുപാടു നിയന്ത്രണങ്ങളുണ്ടാവും. പെൺകുട്ടികൾക്ക് ഒരുപാട് ആശയങ്ങളുണ്ടാവും. ചിലപ്പോൾ റഫറൻസ് ആയി പലതും അവർ കാണിക്കുകയും ചെയ്യും. പക്ഷെ മേക്കപ്പ് ചെയ്യുമ്പോൾ വിവാഹം കഴിക്കുന്ന പയ്യൻ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടങ്ങളും അതിൽ കൊണ്ടു വരേണ്ട അവസ്ഥയുണ്ടാകാറുണ്ട്. മാത്രമല്ല പെൺകുട്ടികളുടെ ഫീച്ചർ മനസ്സിലാക്കി, ലൈറ്റിങ് നന്നായി ചെയ്ത് നല്ലൊരു ഫോട്ടോഗ്രാഫർ കൂടി വേണം. അതായത് മേക്കപ്പും ലൈറ്റിങ്ങും കൃത്യമായ ആംഗിളും എല്ലാം ഇതിൽ പ്രധാനമാണ്. അങ്ങനെയാണ് സുരേഷ് രാമനെ സമീപിക്കുന്നത്. ഞങ്ങളുടെ കളേഴ്സ് ഓഫ് കളേഴ്സ് എന്ന ഡാർക്ക് സ്കിൻ ടോണിനെ പ്രൊമോട്ട് ചെയ്യുന്ന ഒരു ഫോട്ടോഷൂട്ട് വൈറലായിരുന്നു. ഡാർക്ക് ഭംഗിയാണ് എന്ന കണ്സെപ്പ്റ്റിലായിരുന്നു ആ ഫോട്ടോഷൂട്ട് പക്ഷേ, അത് ഒരുപാട് വിവാദങ്ങൾക്ക് വഴി വച്ചു. നിറമുള്ള പെൺകുട്ടിയെ നിറം കുറച്ചു ചെയ്തു എന്നൊക്കെ ചർച്ചകളുണ്ടായി. സത്യത്തിൽ അതിനെ അങ്ങനെയല്ലായിരുന്നു ഞങ്ങളുദ്ദേശിച്ചത്. അതിൽ തുടങ്ങിയതാണ് സുരേഷ് രാമനുമായുള്ള സൗഹൃദം. ഇപ്പോൾ ഈ കൺസെപ്റ്റ് വന്നപ്പോഴും അദ്ദേഹം തന്നെ കൂടെ നിൽക്കാമെന്ന് സമ്മതിച്ചു. നിരവധി സ്ത്രീകൾ താൽപര്യം പ്രകടിപ്പിച്ചു മേക്കോവറിനു തയ്യാറായി എത്തുന്നുണ്ട്. 

ബ്രൈഡൽ മേക്കോവർ ആദ്യമായി സബിത ചെയ്തത് നീതു പോൾസണ് ആണ്. നിറക്കുറവിന്റെ പേരിൽ ഒരുപാട് അപമാനങ്ങൾ കേട്ട നീതു എടുത്തു പറയുന്നു, "ഇന്ന്... ഈ നിമിഷംഅവളുടേതായിരുന്നു.ആ കറുമ്പി പെണ്ണിന്റെ" തന്നെ മനോഹരമാക്കിയ ആ നിമിഷത്തെക്കുറിച്ച് നീതു.  "ഒരു ബ്രൈഡൽ മേക്കപ്പ് ഷൂട്ട് ഉണ്ടെന്നും പറഞ്ഞു അവിചാരിതമായാണ് ഒരു ദിവസം സബിത ചേച്ചി വിളിക്കുന്നത്.  കുറച്ചു പൂവൊക്കെ ചൂടി, രണ്ടു ഫോട്ടോ എടുക്കുക എന്നതിൽ പരം കൂടുതൽ ഒന്നും മനസ്സിലുണ്ടായിരുന്നില്ല. കല്യാണത്തിനോ ഒരുങ്ങിയില്ല. ഇപ്പോഴെങ്കിലും ഒരുങ്ങാലോ എന്ന ചിന്തയും. സബിതചേച്ചിയുടെ മേക്കപ്പ് ഫോട്ടോസ് ഒക്കെ കാണുമ്പോൾ എന്നേം ഒരുക്കാമോ എന്നൊക്കെ ചെന്നു ചോദിച്ചിട്ടുണ്ട്. അത്രയും ഒരാഗ്രഹമായിരുന്നത്. അതോർത്ത് വച്ചു ചേച്ചി വിളിച്ചപ്പോൾ ആകെ അമ്പരപ്പായിരുന്നു. തൃപ്പൂണിത്തുറയിലെ ചേച്ചിയുടെ വീട്ടിൽ ചെല്ലുമ്പോഴും മുല്ലപൂവൊക്കെ വെച്ച് സാരി ചുറ്റി ഫോട്ടോ എടുക്കുക പോരുക എന്നതായിരുന്നു മനസ്സിൽ.  കുറച്ചൊരു ആത്മവിശ്വാസകുറവും ഉണ്ടായിരുന്നു. മേക്കപ്പ് സ്റ്റാർട്ട് ചെയ്തപ്പോൾ എനിക്ക് തന്നെ അതിശയമായി. എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമാണിതൊക്കെ.    ക്യാമറമാൻ സുരേഷ് ചേട്ടനാണെന്നറിഞ്ഞപ്പോ  സന്തോഷം ഒക്കെ മനസ്സിൽ അടക്കി പിടിച്ചങ്ങനെയിരുന്നു.  മേക്കപ്പ് പൂർത്തിയായി കഴിഞ്ഞു ഷൂട്ടിന് ചെന്നിരുന്നപ്പോഴാണ്. ഞാൻ ഉദ്ദേശിച്ചത് പോലെ അഞ്ചോ പത്തോ മിനിറ്റിൽ തീരുന്നതല്ല ഫോട്ടോ ഷൂട്ട് എന്ന് മനസ്സിലായത്.  ഞാനൊരു മോഡലല്ലായിരുന്നു.  എന്നിട്ടും സുരേഷ് ചേട്ടൻ വളരെ ക്ഷമയോടെ ഇരിക്കേണ്ട പോസ്, മുഖത്തെ ഭാവങ്ങൾ, ആറ്റിറ്റ്യൂഡ് ഒക്കെ പറഞ്ഞു തന്നു.  ഓരോ തവണയും സബിത ചേച്ചി അടുത്ത് വന്നു ടച്ചപ്പ് ചെയ്തു. മുഖത്ത് ഭാവം വരുമ്പോൾ ഇരിപ്പ് ശരിയാവില്ല. ഇരുപ്പ് ശരിയാകുമ്പോൾ മുഖം ശരിയാവില്ല. എങ്കിലും ഒരിക്കൽ പോലും ഒരു  മുഷിച്ചിൽ സുരേഷ് ചേട്ടനോ സബിതചേച്ചിയോ കാണിച്ചില്ല. സുരേഷ് ചേട്ടനൊപ്പം തന്നെ സുരേഷ് ചേട്ടന്റെ ഭാര്യ അനിത, സബിതചേച്ചിയുടെ കസിൻ ജിജിൻ എല്ലാവരും സപ്പോർട്ട് ചെയ്തു. നല്ലൊരു ഫോട്ടോ കിട്ടുന്നിടം വരെയത് നീണ്ടു എന്നതാണ് സത്യം.

ഞാൻ ഒരു സാധാരണ നാട്ടിൻപുറത്തുകാരിയാണ്. ഫോട്ടോ ഷൂട്ടും മേക്കപ്പും ഒക്കെ എനിക്ക് സങ്കല്പിക്കാവുന്നതിലുമപ്പുറമാണ്. മടക്കയാത്രയിൽ പോൾ പറയുന്നുണ്ടായിരുന്നു. ഇതു നിന്റെ ഭാഗ്യമാണെന്ന്..എന്റെ ആഗ്രഹം പോലെ,  സ്വപ്നം കണ്ടതു പോലെ എന്നെ ഒരുക്കിയതിന്, ഏറ്റവും ക്ഷമയോടെ അത് ക്യാമറയിൽ പകർത്തിയതിന് സബിതചേച്ചിയോടും സുരേഷ് ചേട്ടനോടും ഒരുപാട്  സ്നേഹം. കുന്നോളം ആഗ്രഹിച്ചാൽ കുന്നിമണിയോളം കിട്ടുമെന്നത് എത്ര സത്യമാണല്ലേ. മേക്കോവർ ചെയ്യാൻ സബിത സാവരിയയുടെ ലിസ്റ്റിലേക്ക് കയറിപ്പറ്റിയ ചില സ്ത്രീകൾ അവരുടെ മനസ്സ് തുറക്കുന്നു.

ലക്ഷ്മി ഗായത്രി അജേഷ് 

ഡ്രീം ബ്രൈഡൽ മേക്കോവറിനെ കുറിച്ച് സബിതേച്ചി പറയുമ്പോൾ സത്യത്തിൽ അത്ഭുതം കൊണ്ടെന്റെ കണ്ണ് മിഴിഞ്ഞിരുന്നു. കാരണം,ചേച്ചിയുടെ കൈയുടെ മാജിക്കിൽ ഒരു തവണ സുന്ദരിയാവാൻ ഭാഗ്യം കിട്ടിയതിനാൽ ആ കൈകളിലുള്ള വിശ്വാസം അത്രമേൽ  ഉണ്ടായിരുന്നു എന്ന് മാത്രമല്ല;വർഷങ്ങൾക്ക് മുന്നേ വളരെ ഒതുങ്ങിയ രീതിയിൽ വിവാഹം കഴിഞ്ഞ്‌ ഒരു സാധാരണ വീട്ടമ്മയായി കഴിയുന്ന എന്നെ പോലെയുള്ളവർക്ക് പുതിയ ട്രെൻഡിൽ മേക്കപ്പ് അണിഞ്ഞു ഇഷ്ടമുള്ള വധൂ വേഷത്തിൽ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ കഴിയുക. അങ്ങിനെ ആളുകൾ കാണുക ശരിക്കും എക്സൈറ്റ് ചെയ്യിക്കുന്ന ചാൻസ്. ആ ദിവസത്തിനായി ഒരുപാട് കൗതുകത്തോടെയും ആവേശത്തോടെയുമാണ് ഞാൻ കാത്തിരിക്കുന്നത്.

സന്ധ്യ രാധാകൃഷ്ണൻ 

ഈയൊരു കൺസെപ്റ്റ് തന്നെ വളരെ പുതുമയുള്ള ഒന്നാണ്, ഏറ്റവും മനോഹരിയായി വധു കാണപ്പെടാൻ ആഗ്രഹിക്കുന്ന മുഹൂർത്തമാണ് വിവാഹ വേളകൾ, ഇനി ഇങ്ങനെ ഒരു അവസരം ഒരുക്കാൻ പറ്റാത്ത സാഹചര്യങ്ങളിലൂടെ കടന്നുപോയവരും നമ്മുക്കിടയിലുണ്ട്, അതുമല്ല പ്രതീക്ഷിച്ച നിലവാരത്തിൽ ഒരുങ്ങാൻ കഴിഞ്ഞില്ല എന്ന് സങ്കടപെടുന്നവരും ഉണ്ട്. എന്റെ മേക്കോവർ രണ്ട് വര്‍ഷമ മുൻപാണ് നടന്നത്. അന്നും സ്കിൻ ടോൺ നോക്കി കോസ്റ്റും നോക്കി എല്ലാം പെർഫെക്റ്റ് ആക്കി മേക്കോവർ ചെയ്യുന്ന രീതി ആയിരുന്നില്ല ഉണ്ടായിരുന്നത്. 

പൊതുവെ പ്രകൃതി ദത്തമായ രീതികൾ നിലനിർത്തി ചെയ്യുന്ന മേക്കോവറിനോട് പ്രിയമുള്ള ഒരാളാണ് ഞാൻ, ആളെത്തന്നെ തിരിച്ചറിയാത്തവിധം ചെയ്യുന്ന മാറ്റത്തിനോട് താൽപര്യക്കുറവുണ്ട്.  അക്കാര്യത്തിൽ ഉറപ്പു നൽകാൻ കഴിയുന്ന ആർട്ടിസ്റ്റ് ആണ് സബിത ചേച്ചി. അതുകൊണ്ട് തന്നെ നടക്കാത്ത സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും എന്നതിൽ യാതൊരു സംശയവും ഇല്ല. മാത്രമല്ല നന്നായി ഒരുങ്ങിയാൽ മിനിമം ആഭരണങ്ങൾ  മതി സുന്ദരിയാകാൻ. ഒരുപാട് ആഭരണങ്ങൾ വാരി വലിച്ചിടേണ്ട ആവശ്യം വരുന്നില്ല, അവിടെയും ഗുണം ഉണ്ട്. പലരും പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്, എന്റെ സ്വപ്നമാണ്‌ ഒരു മോഡൽ ഷൂട്ട് എന്ന്.  അവർ ഈ അവസരങ്ങൾ വിനിയോഗിക്കണം എന്നാണ് പറയാൻ ഉള്ളത്, ടീമിന് എല്ലാ വിധ ആശംസകളും

സാറാ ജെസിൻ വർഗ്ഗീസ്

സന്തോഷങ്ങളൊക്കെ തനിയെ വന്നുചേരുമെന്ന് ചിന്തയിൽ നിന്നും നമ്മൾ സന്തോഷത്തെ തേടിപോകുന്ന ദൂരമാണ് ജീവിതം. സബിത സാവരിയയുടെ ഡ്രീം ബ്രൈഡൽ മേക്കോവറിനെ കുറിച്ചു കേട്ടപ്പോഴുമതാണ് തോന്നിയത്. നമ്മുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും ആരുമൊരു പരിധി നിശ്ചയിച്ചിട്ടില്ലയെന്നും എപ്പോൾ വേണമെങ്കിലുമത് നേടാമെന്നും തോന്നിപ്പിച്ചതിന്, പ്രചോദനമായതിനും നന്ദി. ഇനിയും നല്ല മോഡൽസിനെ കാണാൻ കാത്തിരുന്നു. എല്ലാ നന്മകളും. 

ജ്യോതിർമയി അനിൽ 

കല്യാണ ഫോട്ടോ മോശമായ ഒരു പെണ്ണിന്റെ മനസ്സ് എല്ലാവർക്കും ചിന്തിക്കാവുന്നതാണ്..ഞാനും അത്തരമൊരു ദുഃഖത്തിൽ ആയിരുന്നു. അതിസുന്ദരിയൊന്നും ആയിരുന്നില്ലെങ്കിലും  ബ്ലാക്ക്‌ ബ്യൂട്ടി എന്നൊരു ചെല്ലപേർ കൂട്ടുകാർ തന്നിരുന്നു. എന്റെ കൂട്ടുകാരി സബിത, നീതു എന്ന കുട്ടിയെ മേക്കോവർ ചെയ്തു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവതരിപ്പിച്ചപ്പോൾ എന്റെ ഉള്ളിലും ഒരാഗ്രഹം തോന്നി. നീതുവിനെ സബിത അടിമുടി മാറ്റിയിരുന്നു. അത്രമേൽ സുന്ദരിയായി നീതു. എന്നെ പോലെ ഇരുണ്ട നിറമുള്ള ആ സുന്ദരി കുട്ടിയെ അതിസുന്ദരിയാക്കി , എന്നെ ഡാർക് ചോക്ലേറ്റ് എന്ന് വിളിക്കുന്ന സബിത  ഈ നാല്പതുകളിൽ എന്നെ മണവാട്ടി ആയി ഇനി ഒരുക്കാൻ പോവുകയാണ്.അങ്ങിനെ എന്റെ സ്വപ്നങ്ങൾക്കും ഒരു ചിറക് തുന്നിച്ചേർക്കുന്നു. കൗതുകവും സന്തോഷവും ഒരുപാടുണ്ട്.

ദിവ്യ ഗീത്

രാജകുമാരിയെ പോലേ ഒരുങ്ങി വിവാഹവേദിയിൽ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി പുഞ്ചിരിയോടെ ഇരിക്കുന്നതാണ് ഒരു സാധാരണപെൺകുട്ടിയുടെ വിവാഹസങ്കൽപം. പക്ഷെ, പലപല സാഹചര്യങ്ങൾക്കൊണ്ട് പലരുടെയും ജീവിതത്തിൽ അതൊന്നും നടക്കാതെ പോയ കാര്യങ്ങളാണ്. അങ്ങനെയുള്ളവർക്ക് ഒട്ടും പ്രതീക്ഷിക്കാതെ അവരാഗ്രഹിച്ചപോലെ ഒരു ബ്രൈഡൽ ലുക്കിനു അവസരം ലഭിക്കുക എന്ന് പറയുമ്പോൾ അതിൽപ്പരം സന്തോഷം വേറെ ഉണ്ടാകില്ല. അവരിലെ സുന്ദരിയെ പുറത്തു കാട്ടാൻ സഹായിക്കുന്നതിന്  മാത്രമല്ല അവരുടെ മനസ്സ് നിറയ്ക്കാൻ കഴിയുന്നത് കൂടിയാണ് ഈ ഒരു  സീരീസിനെ  മനോഹരമാക്കുന്നത്.

പല പ്രായത്തിലും പ്രൊഫഷനുകളിലുമുള്ള ഈ സ്ത്രീകളെയൊക്കെ തന്റെ ക്യാമറക്കണ്ണിലൂടെ അവരെ ഏറ്റവും ഭംഗിയാക്കി അവതരിപ്പിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫർ സുരേഷ് രാമനാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ വ്യത്യസ്തമായ ബ്രൈഡൽ ഫോട്ടോഗ്രാഫി ഏറെ പ്രധാനമാണ്."സബിത സാവരിയ  ഈ കൺസെപ്റ്റ് പറഞ്ഞപ്പോൾ തന്നെ എന്തോ ഒരു പ്രേത്യകത തോന്നി. കളർ ഓഫ് കളേഴ്സ്, ഒരു വ്യത്യസ്തമായ ആശയമായിരുന്നു. ഡാർക്ക് സ്കിൻ കോംപ്ലക്ഷൻ അങ്ങനെ തന്നെ നിലനിർത്തി ചെയ്യുന്ന മേക്കപ്പ് നല്ലൊരു ഫീൽ എന്നിലുണ്ടായി. ആ സീരിസിലെ 6 ചിത്രങ്ങളും ജനഹൃദയങ്ങൾ ഏറ്റെടുക്കുകയുണ്ടായി. ഡാർക്ക് സ്കിൻ ടോൺ ഉള്ള പെൺകുട്ടികൾക്ക് ആത്മ വിശ്വാസം പകരുന്ന തരത്തിലുള്ള രീതിയിൽ ആയിരുന്നു, ആ ചിത്രങ്ങളിൽ ഉണ്ടായിരുന്നത്. സബിത സാവരിയയുടെ  മാന്ത്രിക  കരസ്പർശമേറ്റ, ആ ചിത്രങ്ങൾ ഫോട്ടോഗ്രാഫി രംഗത്തെ ഒരിക്കലും മറക്കാനാകാത്ത ഒരുപിടി നല്ല  അനുഭവങ്ങൾ എനിക്ക്  സമ്മാനിച്ചു.

കാട്ടു തേനിന്റെ നിറവും, മനോഹരമായ ചിരിയും, തിളങ്ങുന്ന കണ്ണുകളുമുള്ള, നീതു പോൾസൺ, ആയിരുന്നു ഡ്രീം ബ്രൈഡൽ മേക്കപ്പിന്റെ  ആദ്യ താരം. സാഹചര്യങ്ങൾ പലതും, എല്ലാവർക്കും അനുകൂലമാകണം എന്ന് ഇല്ലല്ലോ. നിറം മങ്ങിയ തന്റെ സ്വപ്നങ്ങൾക്ക് കുറച്ചധികം, നിറക്കൂട്ടുകൾ സമ്മാനിക്കുകയാണ് ഈ കൺസെപ്റ്റ്. മേക്കപ്പിലൂടെ മോഡൽ നെ തന്റെ മുന്നിൽ എത്തിക്കുമ്പോൾ, അവരുടെ  മുഖത്തിന്റെയും, ഷേപ്പിന്റെയും, ഏറ്റവും നല്ല ആംഗിൾ തിരഞ്ഞെടുക്കുകയും, അതിനനുസരിച്ചുള്ള, ലൈറ്റ് അപ്പ്  ചെയ്യുകയാണ് ഓരോ ഫോട്ടോഗ്രാഫറിനുമുള്ള ജോലി, എങ്കിൽ മാത്രമേ ആ ചിത്രം പൂർണ്ണതയിൽ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ഫോട്ടോഗ്രാഫി രംഗത്ത് ഇതൊരു പുതിയ അദ്ധ്യായം തന്നെയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com