sections
MORE

‘മകളെ ഒറ്റയ്ക്കാക്കി പോകുമ്പോൾ ഭയന്നു; ആത്മഹത്യ വരെ ചിന്തിച്ചു’, ഒരു വീടിനായി ലിജി മോളുടെ അലച്ചിൽ!

lijimil-home1
SHARE

തകർന്ന മനസോടെ ഇനിയെന്തെന്ന ചോദ്യചിഹ്നവുമായി നിൽക്കുകയാണ് ലിജിമോൾ. ഏറെ നാളത്തെ പ്രയത്നത്തോടെ ലൈഫ് ഭവനപദ്ധതിയിലുടെ വീട് വയ്ക്കാനുള്ള ഭൂമി വാങ്ങാന്‍ സർക്കാർ അനുവദിച്ച നാലരലക്ഷം രൂപക്കൊപ്പം ബാക്കി തുകക്കുള്ള നെട്ടോട്ടത്തിലാണ് ലിജിമോൾ. പത്തൊൻപതുകാരിയായ മകൾക്കും തനിക്കും സുരക്ഷിതമായി താമസിക്കാൻ ലഭിച്ച സാഹചര്യം കയ്യിൽ നിന്ന് നഷ്ടപ്പെടുമെന്ന ഭയത്തിൽ ദിവസങ്ങളായി തനിക്കുറങ്ങാൻ സാധിച്ചിട്ടില്ലെന്ന് ലിജിമോൾ പറയുന്നു. ജനുവരി പത്തിനുള്ളിൽ വീട് വക്കാനുള്ള സ്ഥലത്തിന്റെ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ആനുകൂല്യം നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഇതുവരെ സ്ഥലം ലഭിച്ചിട്ടുമില്ല. 

ആനുകൂല്യം നഷ്ട്ടപ്പെട്ടാൽ താൻ തകർന്ന് പോകുമെന്ന് ലിജിമോൾ പറയുന്നു. വീട് വക്കാനുള്ള ഭൂമിക്ക് വേണ്ടി ദിവസങ്ങളായുള്ള തിരച്ചിലിലാണ് ലിജിമോൾ. കൂടെ ആരുമില്ലാത്തതിനാൽ വളരെ ബുദ്ധിമുട്ടിലാണ്. കരഭൂമിയാണോ നിലഭൂമിയാണോ വീട് വക്കാൻ വാങ്ങേണ്ടതെന്ന് പോലും തനിക്കറിയില്ലായിരുന്നെന്ന് ലിജിമോൾ പറയുന്നു. ചോദിക്കുന്ന പണം നൽകി സ്ഥലം വാങ്ങാനുള്ള സാമ്പത്തിക ശേഷി തനിക്കില്ല. ആത്മഹത്യ ചെയ്യേണ്ടതിനെ കുറിച്ച് വരെ ചിന്തിച്ചു. വിഷമം മൂലം മാനസിക നില തെറ്റുമോയെന്ന ഭയം പോലും ഉണ്ടെന്ന് ലിജിമോൾ പറയുന്നു. ആരോഗ്യ സ്ഥിതി മോശമായിട്ട് പോലും സ്ഥലത്തിന് വേണ്ടിയുള്ള അലച്ചിലിലാണ്. സ്ഥലം നോക്കാൻ  പോകുന്നതും തനിച്ചാണ്. പറയുന്ന വില നൽകാന്‍ തന്റെ കയ്യിലില്ല. ഭൂമി നോക്കാൻ പോകുമ്പോൾ അതിനെ കുറിച്ചൊന്നും അറിയില്ല. വാടകയ്ക്ക് വീടെടുക്കുന്നത് പോലെയാണ് സ്ഥലം വാങ്ങാനും പോകേണ്ടതെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ പിന്നിലുള്ള നൂലാമാലകളൊന്നും തനിക്കറിയില്ലെന്നും ലിജിമോൾ പറയുന്നു. 

അനാഥാലയത്തിൽ കഴിഞ്ഞ ലിജിമോൾക്ക് മകളല്ലാതെ ബന്ധുക്കളായി ആരുമില്ല. ഭർത്താവ് വർഷങ്ങൾക്ക് മുമ്പ് ഉപേക്ഷിച്ച് പോയപ്പോൾ തനിച്ചായ ലിജിയും മകളും കടന്ന് വന്നത് കഷ്ടതകൾ മാത്രം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ്. നിലവിൽ ചാലക്കുടിയിലെ ഒരു വീട്ടിൽ മകളുമായി താമസിച്ച് ജോലി ചെയ്യുകയാണ് ലിജിമോൾ. കുറച്ച് മാസങ്ങൾക്ക് മുമ്പ് താമസിച്ച ഏലൂരിലെ വീടിന് ചുറ്റും അതിഥി തൊഴിലാളികളായിരുന്നു. മകളെ ഒറ്റയ്ക്കാക്കി ജോലിക്ക്  പോവുമ്പോൾ ഉള്ളിൽ നിറയെ ഭയമായിരുന്നെന്ന് ലിജിമോൾ പറയുന്നു. അടച്ചുറപ്പില്ലാത്ത വീടും അവിടെ താമസിക്കുന്ന എല്ലാവർക്കും ഒരു ശുചിമുറിയുമായിരുന്നു. മകളുടെയും തന്റെയും സുരക്ഷയെ കരുതി അവിടെ നിന്ന് താമസം മാറ്റി. പിന്നീട് അങ്കമാലിയില്‍ മകള്‍ക്ക് താമസ സൗകര്യം ലഭിച്ചെങ്കിലും ഒരാഴ്ച്ചക്ക് ശേഷം അവിടെ നിന്നും മകളെ മാറ്റേണ്ടിവന്നു. വാടക വീട്ടിലേക്ക് ഇരുവരും പിന്നീട് മാറി. അടച്ചുറപ്പുള്ള വീടായിരുന്നെങ്കിലും വാടക നൽകാൻ നിവൃത്തിയില്ലായിരുന്നു. കോവിഡ് കാരണം സാഹചര്യം വീണ്ടും വഷളായി. പിന്നീട് പെരുവഴിയിൽ ഇറങ്ങേണ്ട അവസ്ഥ വന്നപ്പോൾ നിലവിൽ ജോലി ചെയ്ത് താമസിക്കുന്ന വീട്ടിലേക്ക് മകളോടൊപ്പം മാറുകയായിരുന്നു. 

സാമ്പത്തികമായി മാത്രമല്ല, ആരോഗ്യപരമായും ലിജിമോൾക്ക് ഒരുപാട് പ്രശ്നങ്ങളുണ്ട്. എല്ലിന്റെ തേയ്മാനം ശരീരമാകെ വ്യാപിച്ചുവെന്നാണ് ഡോക്ടർ അറിയിച്ചതെന്ന് ലിജിമോൾ പറഞ്ഞു. അതുകൊണ്ട് തന്നെ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ഗർഭാശയ സംബന്ധമായ രോഗങ്ങൾ ലിജിമോൾക്കുണ്ട്. ഒരിക്കൽ വഴിയിൽ തളർന്നു വീണപ്പോൾ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചില സുമനസുകളുടെ സഹായത്തോടെയാണ് ഓപ്പറേഷൻ  നടത്തിയത്. ഗർഭപാത്രം നീക്കം ചെയ്തതോടെ ശാരീരികമായ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്.

മകൾ ഐശ്വര്യ ശ്രീക്കുട്ടി മിടുക്കിയായി പഠിക്കുന്ന കുട്ടിയാണെന്ന് ലിജിമോൾ പറയുന്നു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉയർന്ന മാർക്കോടെയാണ് പാസായത്. ഐഎഎസുകാരിയാവുകയെന്നാണ് മകളുടെ ലക്ഷ്യം. നിലവിൽ സെന്റ് തെരേസാസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. ഒരു കിഡ്നി വിറ്റായാലും മകളെ പഠിപ്പിക്കുമെന്നാണ് ലിജിമോൾ പറയുന്നത്. മകൾ നന്നായി പഠിക്കുന്നത് കൊണ്ട് ഗ്രാന്റുകളും സ്കോളർഷിപ്പും ലഭിക്കാറുണ്ട്. പ്രീ മെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വീട്ടു ജോലി ചെയ്തും റോഡു പണിയെടുത്തും ഹോട്ടലിൽ ജോലി ചെയ്തുമാണ് ഇത്രയും വർഷം കഴിഞ്ഞത്. 

വീട് വക്കാനുള്ള ഭൂമിക്ക് വേണ്ടി ദിവസങ്ങളായുള്ള തിരച്ചിലിലാണ് ലിജിമോൾ. അതി രാവിലെ എഴുന്നേറ്റ് വീട്ടു ജോലികൾ ചെയ്താണ് തന്റെ കയ്യിലൊതുങ്ങുന്ന സ്ഥലത്തിന്റെ അന്വേഷണത്തിന് ലിജിമോൾ ഇറങ്ങുന്നത്. ശാരീരികമായും മാനസികമായും തകർന്ന നിലയിലാണ് താനെന്ന് ലിജിമോൾ പറയുന്നു. ആനുകൂല്യം നഷ്ടപ്പെട്ടാൽ തനിക്കും മകൾക്കും അടച്ചുറപ്പുള്ള വീടെന്ന വലിയ സ്വപ്നമായിരിക്കും തകരുന്നത്.

ലിജിയുടെ അക്കൗണ്ട് നമ്പര്‍:

ലിജി സി.കെ

അക്കൗണ്ട് നമ്പർ: 856810110004307

ഐഎഫ്എസ്‌സി കോഡ്: BKID0008568

ബാങ്ക് ബ്രാഞ്ച്; ഉദ്യോഗമണ്ഡൽ ബ്രാ‍ഞ്ച്, ബാങ്ക് ഓഫ് ഇന്ത്യ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA