sections
MORE

‘രാജിനി ആന്റിയെ നിങ്ങള്‍ക്കറിയില്ല, സ്വിംസ്വൂട്ടിടാൻ പറ്റാത്തതിൽ നിരാശയായിരുന്നു’ സദാചാരവാദികളോട് ആതിര

rajani-athira
രാജിനി ചാണ്ടിയും ആതിര ജോയിയും
SHARE

രണ്ടു മാസങ്ങൾക്ക് മുൻപ് നടന്ന ഒരു ഫോട്ടോഷൂട്ടിലൂടെയാണ് ആതിര ജോയ് എന്ന യുവഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഒരു ട്വിസ്റ്റ് സംഭവിക്കുന്നത്. വിദേശികളായ അമൃത് ബാബയ്ക്കും ജാനും മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തണമെന്നായിരുന്നു ആഗ്രഹം. സംഭവം നല്ല കളറായി തന്നെ ആതിര എടുത്തു കൊടുത്തു. ചിത്രങ്ങൾ വൈറലാവുകയും വിവാദങ്ങളുണ്ടാവുകയും ചെയ്തു, ആതിര അതേത്തുടർന്ന് സൈബർ ബുള്ളിയിങ് നേരിടേണ്ടിയും വന്നു. ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ എന്താണിത്ര പ്രശ്നം എന്ന് ചിന്തിച്ചാൽ ഒരു കാര്യം കൂടി എടുത്തു പറയേണ്ടതുണ്ട്, അമൃതിന്റെയും ജാനിന്റെയും ന്യൂഡ് മെറ്റേണിറ്റി ചിത്രങ്ങളായിരുന്നു ആതിര ചെയ്തത്. അവർ ആവശ്യപ്പെട്ടത് ചെയ്തു കൊടുത്തു എന്നതിൽ എന്താണ് തെറ്റ് എന്നാണ് അപ്പോഴും ഇപ്പോഴും ആതിര ചോദിക്കുന്നത്. അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ വന്നു, ചിത്രങ്ങളുടയും സ്ഥലത്തിന്റെയുമൊക്കെ ഭംഗിയും എടുപ്പും ഗർഭത്തിന്റെ മാഹാത്മ്യവുമൊക്കെ ചർച്ച ചെയ്യപ്പെട്ടപ്പോഴും അവരുടെ നഗ്നതയെപ്പറ്റി മാത്രം സംസാരിച്ച് വിഷയത്തെ സദാചാര പ്രശ്നമാക്കി മാറ്റിയ മലയാളിയുടെ ഫ്രസ്‌ട്രേഷൻ വിദേശികളായതുകൊണ്ടു മാത്രം അമൃതും ജാനും അറിഞ്ഞില്ല. അതുകൊണ്ട് ആതിര മാത്രമാണ് സൈബർ ബുള്ളിയിങ്ങിനെ നേരിട്ടത്. ഇപ്പോൾ അടുത്ത ഫോട്ടോഷൂട്ടുമായി ആതിര വീണ്ടും വരുകയാണ്, ഇത്തവണയും തന്റെ ലെൻസുകളില്‍ വ്യത്യസ്തമായ കുറെ ചിത്രങ്ങളാണ് ആതിര ഫെയ്‌സ്ബുക്ക് പേജിൽ പങ്കു വച്ചത്.

rajani-3

‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലൂടെ വന്നു ബിഗ് ബോസിന്റെ അകത്തളങ്ങളിലൂടെ ഒരു 'അമ്മ മനസ്സോടെ എല്ലാവരെയും ചേർത്ത് പിടിച്ച് നടന്ന രാജിനി ചാണ്ടിയുടെ മനോഹരമായ ചിത്രങ്ങളാണ് ആതിര ഇത്തവണ പങ്കു വച്ചത്. എന്നാൽ ഇപ്രാവശ്യവും സൈബർ സദാചാരക്കാർ ആതിരയെയും രാജിനി ചാണ്ടിയെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്നാണു ചിത്രങ്ങൾക്ക് ലഭിക്കുന്ന അഭിപ്രായങ്ങൾ പലതും സൂചിപ്പിക്കുന്നത്. ഡെനിം ഷോർട്ട് ജമ്പർ ലുക്കിലും ഡെനിം ജാക്കറ്റും ജീൻസിലും ഫ്ലോറൽ ഗൗണിലും രാജിനി ചാണ്ടി മാസ്സ് ആയിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. പക്ഷേ, വയസ്സ് ചെന്നവർ വീട്ടിലിരുന്നാൽപ്പോരേ, കുട്ടികളുടെ വേഷങ്ങളിടാൻ നാണമില്ലേ എന്നാണ് സദാചാരക്കാരുടെ ചോദ്യം. പക്ഷേ ഇത്തരം എല്ലാ ചോദ്യങ്ങളേയും അതിനെതിരെ വരുന്ന ആശംസകളും മാസ്സ് കമന്റുകളും മറി കടക്കുന്നുണ്ട്. രാജിനി ചാണ്ടിയുടെയും ഫോട്ടോഷൂട്ടിന്റെയും വിശേഷങ്ങൾ ആതിര മനോരമ ഓണ്‍ലൈനോട് പങ്കു വയ്ക്കുന്നു,

ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ രജനി ചാണ്ടി

 "ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് പോയപ്പോഴാണ് രാജിനി ആന്റിയെ പരിചയപ്പെടുന്നത്. ഓരോ കാര്യങ്ങൾ പറഞ്ഞു വന്ന കൂട്ടത്തിൽ ബിഗ് ബോസിൽ പോയപ്പോൾ സ്വിമ്മിങ് സ്യൂട്ട് ഇടാൻ പറ്റിയില്ല എന്നൊക്കെ വിഷമത്തിൽ പറഞ്ഞു, അപ്പോഴാണ് ഞാൻ പറഞ്ഞത്, ആന്റി ധൈര്യമായി ഇടൂ, നമുക്കത് ഒരു ക്ലിക്ക് ആകാമെന്ന്. അതിൽ നിന്നും ഒരു തമാശയായി തുടങ്ങിയ കാര്യമാണ്, ഇപ്പോഴിതാ ഗൗരവമായൊരു ഫോട്ടോഷൂട്ട് ആയി മാറിയത്. ആന്റിയുടെ വീട്ടിൽ വച്ച് തന്നെയായിരുന്നു ഷൂട്ട്.  വലിയ, എക്ടീരിയർ ഒക്കെയുള്ള വീടാണ്, അത് മാത്രമല്ല കോവിഡ് കാലം കൂടി ആയതുകൊണ്ട് പുറത്തേയ്‌ക്കെങ്ങും പോകേണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ ആ ഷൂട്ട് നടത്തി.

rajani-2

ആന്റി സമ്മതിച്ചെങ്കിലും ഞാനും എന്റെ മാനേജർ വിഷ്ണുവും കൂടി ചെന്ന് ഭർത്താവിനോട് സംസാരിച്ചിരുന്നു, അദ്ദേഹത്തിന്റെ സമ്മതവും വേണമല്ലോ, എന്നാൽ വിഷയം കേട്ടപ്പോൾ അദ്ദേഹവും ഞങ്ങൾക്ക് കട്ട സപ്പോർട്ട്. അതുകൊണ്ട് ഒരാഴ്ചയ്ക്കകം തന്നെ ഷൂട്ട്‌ പ്ലാൻ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. രജനി ആന്റിയ്ക്ക് ഒരു മകളാണ് ഉള്ളത്, അവർ വിദേശത്താണ് താമസം. രാജിനി ചാണ്ടി എന്ന സ്ത്രീ സത്യത്തിൽ വളരെ സ്വീറ്റ് ആയ കെയറിങ് ആയ ഒരാളാണ്, മാത്രമല്ല നല്ല മോഡേണും ആണ്. പക്ഷെ നമ്മൾ അവരെ സാരിയുടുത്തും ചട്ടയും മുണ്ടും ഉടുത്തുമൊക്കെയേ കണ്ടിട്ടുള്ളൂ. ഒരിക്കലെങ്കിലും യഥാർത്ഥത്തിലുള്ള സ്വത്വത്തിനെ ഒരാൾക്ക് അവതരിപ്പിക്കണമെന്ന് തോന്നുന്നത് നല്ല കാര്യമല്ലേ. ഞങ്ങൾ അത് പ്രവർത്തികമാക്കി എന്നേയുള്ളൂ. വളരെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ആണ് അവർ, പ്രായം കൂടുന്നത് എങ്ങനെയാണ് നമ്മുടെ ഇഷ്ടങ്ങൾക്ക് തടസ്സമാകുന്നത്?

രാജിനിയെ ശരിക്കും നിങ്ങൾക്ക് അറിയില്ല

വിവാദങ്ങൾ ഉണ്ടായതിൽ കൂടുതലൊന്നും പറയാനില്ല. അതൊരു ജെന്റർ അബ്യുസ് ആണ്. ഇപ്പോൾത്തന്നെ അടുത്തിടെ പുറത്തിറങ്ങിയ മമ്മൂക്കയുടെ ചിത്രങ്ങൾ കണ്ടിട്ട് ആരാധകർ എന്താണ് പറഞ്ഞത്, അദ്ദേഹത്തിന്റെ ഏജ് റിവേഴ്‌സ് ഗിയറിലാണോ സഞ്ചരിക്കുന്നത്, എന്ത് പൊളിയാണ്, വൗ എന്നൊക്കെയല്ലേ, അതേ സമയം അദ്ദേഹത്തിന്റെ അടുത്ത് തന്നെ പ്രായമുള്ള ഒരു സ്ത്രീ അത്തരത്തിൽ ഒരു ഫോട്ടോഷൂട്ട് നടത്തിയപ്പോൾ മാത്രം വയസ്സായവർക്ക് വീട്ടിലിരുന്നാൽ പോരെ, എന്നുള്ള ചോദ്യങ്ങൾ പിന്നെയെന്താണ് സൂചിപ്പിക്കുന്നത്. ഇത് കൃത്യമായ ജെന്റർ അബ്യുസ് ഇഷ്യൂ ആണ്. അവർ വളരെ മോഡേൺ ആയ ഒരു സ്ത്രീ ആണ്, ഇത്തരം വസ്ത്രങ്ങളൊക്കെ ഉപയോഗിക്കുന്ന ആളും, അപ്പോൾ എന്താണ് പ്രശ്നം? അവർക്ക് വീട്ടുകാര്യങ്ങൾ ചെയ്ത് ഒതുങ്ങിയിരുന്നൂടെ എന്നാണു വേറെ ഒരു ചോദ്യം, അവരോടു എനിക്ക് പറയാനുള്ളത്, രാജിനി ചാണ്ടി എന്ന സ്ത്രീയെ നിങ്ങൾ മനസിലാക്കിയില്ല എന്നാണ്. വീട്ടിൽ സ്വന്തമായി ഒരു കൃഷിത്തോട്ടം നന്നായി പരിപാലിക്കുന്ന, ഒരു വീട് മുഴുവൻ ഒറ്റയ്ക്ക് കൊണ്ട് നടക്കുന്ന ഒരു സ്ത്രീയാണ് അവർ. ഒരു ജിമ്മിലും അവർ പോകുന്നില്ല, എല്ലാ വീട്ടുകാര്യങ്ങളും തനിയെ ചെയ്യുന്നു. തികച്ചും ഒരു ഫാമിലി വുമൺ. വീട്ടിലുണ്ടാകുന്ന പച്ചക്കറികൾ കൊണ്ടാണ് ഭക്ഷണം പോലും ഉണ്ടാക്കുന്നത്, എന്നിട്ടും ബാക്കി വരുന്നവ പാതി വേവിച്ച് സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരുപക്ഷെ ഈ പ്രായത്തിൽപ്പോലും ജോലികൾ ചെയ്യാൻ മടി പിടിച്ചിരിക്കുന്ന ഒരു തലമുറയ്ക്ക് മുന്നിൽ അത്രയും ആക്റ്റീവ് ആയി നിന്ന് കാര്യങ്ങൾ ചെയ്യുന്ന, വീട് നോക്കുന്ന ഒരു സ്ത്രീയാണ് അവർ. അതുകൊണ്ട് തന്നെ അത്തരം അവർക്കെതിരെയുള്ള പ്രയോഗങ്ങൾ മോശമാണ്. വളരെയധികം ഹെൽത്തി ആണ് അവർ, നല്ല പോസിറ്റീവ് എനെർജിയുള്ള സന്തോഷവും സമാധാനവുമായി ജീവിക്കുന്നവർ. മാത്രമല്ല അഭിനയം മാത്രമല്ല എയ്‌റോബിക്സ് പോലെയുള്ള കുറെ കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്. എല്ലാവരോടും വളരെ സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ഒരാൾ. സിനിമയിൽ നമ്മൾ കാണുന്നത് പോലെയേ അല്ല.

ഇങ്ങനെയൊരു ഷൂട്ട് പ്ലാൻ ചെയ്തപ്പോൾത്തന്നെ രാജിനി ആന്റിയ്ക്ക് ചെറുതായി ഒരു പേടി ഉണ്ടായിരുന്നു. മോളെ, എന്നെ നമ്മളെ വിളിക്കാറുള്ളൂ, ആരെങ്കിലും മോശമായി കാണുമോ, എന്നൊക്കെ ആധി പറഞ്ഞിരുന്നു. ഫോട്ടോ ഇടുന്നതിനു മുൻപ് ആൾ നല്ല നേർവസ് ആയിരുന്നു, കഴിഞ്ഞിട്ടും പ്രശ്നം ഉണ്ടാകുമോ എന്ന് എന്നെ വിളിച്ചു ചോദിച്ചു, അതൊന്നും ആന്റി ശ്രദ്ധിക്കേണ്ട, പേടിക്കണ്ട എന്ന് പറഞ്ഞു ഞാൻ ആശ്വസിപ്പിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാം പേജിലൊക്കെ വരുന്ന നെഗറ്റീവ് അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്യുന്നുണ്ട്. അധികം സോഷ്യൽ മീഡിയ ഒന്നും ഉപയോഗിക്കാത്ത ആളായതുകൊണ്ട് പലയിടത്തും വരുന്ന നെഗറ്റീവ് അഭിപ്രായങ്ങൾ കണ്ണിൽപ്പെടില്ലെന്നു കരുതാം. പക്ഷെ ഒരുപാട് പേര് മികച്ച അഭിപ്രായങ്ങൾ പറയുന്നുണ്ട്, ആശംസകൾ നൽകുന്നുണ്ട്. പൊതുവെ അത്ര വേഗം തളർന്നു പോകുന്ന ഒരു സ്ത്രീയല്ല രാജിനി ചാണ്ടി. അതുകൊണ്ട് കുഴപ്പമില്ല. "

"ഒരു സാധാരണ സുന്ദരിയായ മോഡലിനെ മേക്കോവർ ചെയ്ത് സ്റ്റുഡിയോയിൽ വച്ച് ഫോട്ടോഷൂട്ട് നടത്താൻ ആരെക്കൊണ്ടും പറ്റും. എന്നാൽ എന്റെ ലക്ഷ്യം അതല്ല, വ്യത്യസ്തമായി എന്തെങ്കിലും ഞാൻ ചെയ്യുന്നതിൽ ഉണ്ടാകണം എന്നാണു എന്റെ ആഗ്രഹം". ആതിര പറയുന്നു. 

ഏജ് ഈസ് നതിങ് ബട്ട് ജസ്റ്റ് നമ്പേഴ്സ് എന്ന് ഉറക്കെ പറയാൻ ആരും തയ്യാറാകുന്ന ചിത്രങ്ങളാണ് ആതിര രാജിനി ചാണ്ടിയ്ക്ക് വേണ്ടി പകർത്തി സ്വന്തം ഫെയ്‌സ്ബുക്ക് പേജിൽ ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് അതേ പോസിറ്റീവ് അഭിപ്രായങ്ങളോട് പങ്കു വച്ചതും അഭിപ്രായങ്ങൾ പറയുന്നതും. അതിനിടയിൽ വരുന്ന മോശം കമന്റുകളെ സദാചാര മാലിന്യത്തിൽ വീണു പോയ അശ്ലീലമെന്നു പറഞ്ഞു അവഗണിക്കാം. കാരണം രാജിനി ചാണ്ടിയുടെ ചിത്രങ്ങൾ തരുന്ന പോസിറ്റീവ് വൈബ് അതിലും എത്രയോ മേലെയാണ്!

English Summary: Interview with Athira Joy Ambout Rajani Chandy's Viral Photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA