ADVERTISEMENT

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന പെരുമയോടെയാണ് ഇരുപത്തിയൊന്നുകാരി രേഷ്മ മറിയം റോയ് അരുവാപ്പാലം പഞ്ചായത്തിന്റെ ചുമതല ഏറ്റെടുത്തത്. ആഘോഷാരവങ്ങളുടെയും അഭിനന്ദനപ്രവാഹങ്ങളുടെയും നാളുകളില്‍ നിന്ന് പഞ്ചായത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളുടെ തിരക്കുകളോടും ടെന്‍ഷനുകളോടും രേഷ്മ അനായാസം ഇണങ്ങിച്ചേര്‍ന്നു കഴിഞ്ഞു.  മൈതാനത്തിലിറങ്ങും വരെയാണ് ഗ്യാലറിയിലെ കയ്യടികള്‍ക്ക് കനമുണ്ടാവുക. കളിച്ചു തുടങ്ങുമ്പോള്‍ ഗ്യാലറിയുടെ സ്വഭാവം മാറിയും മറിഞ്ഞും വരും. പ്രത്യേകിച്ചും രാഷ്ട്രീയത്തിന്റെ മൈതാനത്ത്. എന്നാല്‍ രേഷ്മയെ സംബന്ധിച്ചിടത്തോളം അതൊന്നും വലിയ പ്രശ്നങ്ങളല്ല.  "സ്ത്രീകള്‍ക്ക് അത്യാവശ്യം ഫ്രീഡം അനുവദിച്ചു കൊടുക്കുന്ന മോഡേണ്‍ പഞ്ചായത്താണ് ‍ഞങ്ങളുടേത്. എല്ലാവരും ഫ്രണ്ട്‍ലി ആണ്. എല്ലാവരും സഹകരിക്കുന്നുണ്ട്," നര്‍മത്തില്‍ പൊതിഞ്ഞ് രേഷ്മയുടെ കിടിലന്‍ മറുപടി. അധികാരത്തിലേറിയതിനു ശേഷമുള്ള അനുഭവങ്ങളുമായി രേഷ്മ മറിയം റോയ് മനോരമ ഓണ്‍ലൈനില്‍. 

എല്ലാം ട്രാക്കിലാണ്, നൊ ടെന്‍ഷന്‍

തുടക്കം എങ്ങനെയായിരിക്കണം എന്നൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു ആദ്യഘട്ടത്തില്‍. മുന്‍പുണ്ടായിരുന്ന ഭരണസമിതി തുടക്കമിട്ട പ്രൊജക്ടുകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പുതിയത് തുടങ്ങാനുള്ള സമയം ആയിട്ടില്ല. എങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന് അറിയാത്തതുകൊണ്ടുള്ള ആശയക്കുഴപ്പം വരുമല്ലോ. ജനുവരി 31ന് മുന്‍പ് പെന്‍ഡിങ് വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കണം. അതിനുവേണ്ടി അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളിലാണ് ഇപ്പോഴത്തെ ശ്രദ്ധ. പുതിയ പ്രൊജക്ടുകളെക്കുറിച്ച് ആലോചിച്ചു തുടങ്ങി. ഫെബ്രുവരി 25നു മുന്‍പായി അനുമതി വാങ്ങണം. ഇതൊക്കെയാണ് ആദ്യഘട്ടത്തിലെ ജോലികള്‍. കൂടാതെ കിലയുടെ (KILA) പരിശീലനവും ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകള്‍. 

പാലക്കാട് നിന്നുള്ള സന്ദര്‍ശകന്‍

reshma2

പാലക്കാട് നിന്ന് എനിക്ക് ഒരു സന്ദര്‍ശകന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് അശ്വിന്‍ എന്നാണ്. കാഴ്ചപരിമിതിയുള്ള വ്യക്തിയാണ് അശ്വിന്‍. വേറൊരു സുഹൃത്തിനെയും കൂട്ടി എന്നെ കാണാന്‍ വന്നതാണ്. എം.എ പൊളിറ്റിക്സ് കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഭിന്നശേഷിക്കാര്‍ നിര്‍മിക്കുന്ന പേപ്പര്‍ പേനകള്‍ പഞ്ചായത്തിലും മറ്റുമൊക്കെ ഇവര്‍ വില്‍പന നടത്താറുണ്ട്. നേരത്തെ എന്നെ അഭിനന്ദിച്ച് അദ്ദേഹം ഒരു കത്തെഴുതിയിരുന്നു. ഇന്ന് നേരില്‍ കാണാനും എത്തി. അത് വലിയ സന്തോഷമുള്ള സന്ദര്‍ശനമായിരുന്നു. 

റോഡും തോടും പാലവും മാത്രമല്ല വികസനം

ഭണസമിതിയിലുള്ള അംഗങ്ങള്‍ 15 പേരാണ്. അതിലങ്ങനെ പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഞാന്‍ കാണുന്നില്ല. അങ്ങനെ കാണുമ്പോഴാണ് നമ്മളോട് ശത്രുതാമനോഭാവം വരുന്നത്. വാര്‍ഡ് തിരിച്ച് കാണാതെ പഞ്ചായത്തിനെ മൊത്തമായി കാണാനുള്ള ഒരു മനോഭാവം മെമ്പര്‍മാരില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്റെ വാര്‍ഡിന് മാത്രം എന്തെങ്കിലും ചെയ്യണമെന്ന ലക്ഷ്യത്തോടെ നില്‍ക്കുന്നതുകൊണ്ടാണ് പല പ്രൊജക്ടുകളും നടക്കാതെ വരുന്നത്. കാരണം മതിയായ ഫണ്ടുകള്‍ അപ്പോള്‍ ലഭിക്കില്ല. എപ്പോഴും വികസനമെന്ന പേരില്‍ റോഡും തോടും പാലവും മാത്രം പോരല്ലോ... അതിനപ്പുറത്ത് കുറെ കാര്യങ്ങളുണ്ട്. അതിന് മുന്‍തൂക്കം ലഭിക്കാന്‍ വേണ്ടി ഒരു യൂണിറ്റായി പഞ്ചായത്തിനെ കാണണം. ഈ ആശയമാണ് ഞാന്‍ മുന്‍പോട്ടു വയ്ക്കുന്നത്. 

ചോദിച്ചു ചോദിച്ചു ചെയ്യാം

അധികാരം ഉണ്ട്. പക്ഷേ, അത് ആരിലും അടിച്ചേല്‍പ്പിക്കുകയല്ലല്ലോ. അവരും കൂടി അംഗീകരിക്കുമ്പോഴാണ് അതിന് പ്രസക്തിയുള്ളത്. പഠിച്ചാണ് ഓരോ കാര്യങ്ങളിലും ഇടപെടുന്നത്. തലേദിവസം തന്നെ അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങള്‍ പ്ലാന്‍ ചെയ്യും. അറിയാത്ത കാര്യങ്ങള്‍ അന്വേഷിക്കും. സെക്രട്ടറി പോലുള്ളവരോട് ചോദിച്ചറിയും.  പഞ്ചായത്തില്‍ പകുതിയില്‍ കൂടുതലും വനിതാപ്രതിനിധികളാണ്. അതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല. തുടക്കമല്ലേ... നമുക്കറിയാത്ത ഒരുപാടു കാര്യങ്ങളുണ്ട്. സംഘടനാരംഗത്തുണ്ടായിരുന്നപ്പോഴും സമയം നോക്കാതെ തന്നെയായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും. ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം വന്നു എന്നു മാത്രം. കൃത്യസമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കണമെന്ന ഡെഡ്‍ലൈന്‍ സംഘടനപ്രവര്‍ത്തനം ചെയ്യുമ്പോഴില്ല. നമ്മള്‍ ചെയ്താല്‍ മതി. പക്ഷേ, ഇപ്പോള്‍ സമയബന്ധിതമായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. ആ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. നേരത്തെയും ഒരു സമയത്താണ് .വര്‍ക്കുകള്‍ കഴിഞ്ഞ് തിരിച്ചെത്തിയിരുന്നത്. ഇപ്പോഴും അങ്ങനെ തന്നെ.

English Summary: Interview With Youngest Panchayat President In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com