ADVERTISEMENT

കോവിഡ് കാലം മനുഷ്യരെ എങ്ങനെയൊക്കെയാണ് ബാധിച്ചത് എന്ന് ചിന്തിക്കുമ്പോൾ കൂടുതൽ സംസാരിക്കേണ്ടത് സ്ത്രീകളെ കുറിച്ച് തന്നെയാകണം. സാധാരണ ചെയ്യുന്ന ജോലികളുടെ ഇരട്ടി ജോലി ചെയ്യുന്ന സ്ത്രീകളെയാണ് പൊതുവിൽ കണ്ടെത്താനായത്, വീട്ടിൽ നിൽക്കുന്ന കുട്ടികളും ഭർത്താവും കൂടി നൽകുന്ന ഈ ജോലികൾക്കിടയിലും സ്വന്തം സ്വപ്നങ്ങളെയും ജോലികളെയും കൂട്ടി ചേർത്ത് കൊണ്ട് പോകാൻ പലരും നന്നായി ബുദ്ധിമുട്ടി. എന്നാൽ പ്രവാസികളായിപ്പോയ സ്ത്രീകളെ എത്ര പേര് ഓർത്തിട്ടുണ്ടാവണം? വീട്ടിൽ നിന്നും മാതാപിതാക്കളിൽ നിന്നും ഭർത്താക്കന്മാരിൽ നിന്നും കുഞ്ഞുങ്ങളിൽ നിന്നുമൊക്കെ ജോലിയുടെ പങ്കപ്പാടിലേയ്ക്ക് നീങ്ങി നിൽക്കുന്നവർക്ക് ഈ കഴിഞ്ഞു പോയ ഒരു വർഷം നൽകിയത് മുള്ളിൽ ചവിട്ടി നിൽക്കുന്നതിനേക്കാൾ വേദനയാണ്. നാട്ടിലേയ്ക്ക് ഒന്ന് വരാനോ വന്നാൽപ്പോലും അവരെ സ്നേഹത്തോടെ ഏറെ നാളത്തേയ്ക്ക് അരികിലേക്ക് ചേർത്ത് പിടിക്കാനോ പോലും കഴിയാതെ പോയ അവസ്ഥ. നാട്ടിലേയ്ക്ക് വരാൻ പൊരുതിയിറങ്ങി ഒടുവിൽ വിദേശത്ത് പെട്ടുപോയ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കഥ വായിച്ചു പലരും മനസ്സ് വേദനിച്ചിരുന്നു. ഈ കാലത്ത് പല രീതിയിൽ കോവിഡ് ബാധിക്കപ്പെട്ട പ്രവാസികളായ സ്ത്രീകൾ എങ്ങനെയൊക്കെയാണ് ഈ കാലത്തെ മറികടക്കുന്നതെന്ന് ആശങ്കപ്പെടേണ്ടതും പ്രധാനമാണ്. എഴുത്തുകാരിയായ ഹണി ഭാസ്കരൻ പ്രളയത്തിന്റെ കാലത്തും സോഷ്യൽ മീഡിയയിലൂടെ നിരവധി രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു പ്രവാസിയാണ്. നാട്ടിലേയ്ക്ക് വരാനാകാത്ത സ്വകാര്യ ബുദ്ധിമുട്ടുകൾ നിലനിൽക്കുമ്പോഴും നാട്ടിൽ അമ്മയില്ലാതായിപ്പോയ മകന്റെ ഒറ്റപ്പെടലിന്റെ ഓർത്ത് അവർ വേദനിക്കുകയും ചെയ്യുന്നുണ്ട്. കോവിഡ് കാലത്തേ ഹണി പ്രതിരോധിച്ചത് സയോണീ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ്. ഹണി സംസാരിക്കുന്നു.

കോവിഡ് കാലം പ്രവാസിയായ ഒരു സ്ത്രീയിൽ എങ്ങനെയാണ് ഇടപെട്ടത് ?

ഇവിടെ ഏറെയും കുടുംബത്തെ നാട്ടിൽ നിർത്തി ജോലി ചെയ്യുന്നവരാണ്. ഞാനുമതേ. കുഞ്ഞ് നാട്ടിലാണ്. അതുകൊണ്ടു തന്നെ കുഞ്ഞിനെ ഓർത്തുള്ള ആധി ഭീകരമായിരുന്നു. കുഞ്ഞിനെ കൂടെ നിർത്താനാവാത്തവരാണ് ലോകത്തെ ഏറ്റവും നിർഭാഗ്യശീലർ എന്ന വേദന പിടി കൂടി. കോവിഡ് ഡ്യൂട്ടി ഏറ്റെടുത്ത ആദ്യ ദിവസം വല്ലാത്ത ഭയം തോന്നി. പക്ഷേ മുന്നിൽ കണ്ട മനുഷ്യരുടെ നിസ്സഹായതയും ഭയവും എന്റെ ഭയം ഇല്ലാതാക്കി. ലോകം മുഴുവനും ഈ ഭയത്തിലൂടെ കടന്നു പോകുമ്പോൾ ആരോഗ്യ രംഗത്തുള്ളവരാണ് മുന്നിൽ നിൽക്കേണ്ടതെന്ന ബോധ്യത്തിലേക്കത് പെട്ടന്നെത്തിച്ചു. അവധിക്ക് നാട്ടിൽ പോകാൻ സാധിക്കാത്തതിന്റഎ ദുഃഖം എന്നെ പോലെ പല സ്ത്രീകളും അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ട്. ഈ കെട്ട കാലത്തിന്റെ ഒഴുക്കിനൊപ്പം നീന്താതെ വയ്യ. അതിജീവനമാണല്ലോ പ്രധാനം.

ഈ ലോകത്തെ തനിച്ചു നേരിടേണ്ടി വരുന്ന സ്ത്രീകളോടെനിക്ക് കരുണയുണ്ട്. സമൂഹത്തിൽ നിന്ന്  അവരേൽക്കുന്ന അപമാനങ്ങളെ കുറിച്ച്, അപകടങ്ങളെ കുറിച്ച്, മറി കടക്കുന്ന പ്രതിസന്ധികളെ കുറിച്ച് അനുഭവ സാക്ഷ്യങ്ങളുണ്ട്. അനാഥത്വത്തിന്റെ നീറ്റലും ഞെരുക്കവും കാണുമ്പോൾ ഒന്നും നോക്കാതെ മനുഷ്യർക്കൊപ്പം ചേർന്നു നിൽക്കാനോ എഴുതാനോ സാധിക്കുന്നത് നേരിട്ട പ്രതിസന്ധികളുടെ ചതുപ്പുകൾ തന്ന പാഠങ്ങളാണ്. മനുഷ്യരുടെ തകർച്ചകളെ കൊട്ടിഘോഷിക്കുന്ന ഈ കാലത്ത് ക്രിയേറ്റീവ് സ്പേസിൽ ആശ്വാസം കണ്ടെത്തുക എന്ന പോം വഴി തന്നെയായിരുന്നു 

ക്രിയേറ്റീവ് സ്പേസിൽ ഒരു സ്ത്രീ ഇടപെടുമ്പോൾ പരിക്കുകൾ ഏറെയാണ്. പുരുഷന്റെ കഴിവിനെ അനുകൂലിക്കുന്ന രീതിയിൽ സമൂഹം സ്ത്രീകളെ അംഗീകരിക്കില്ല. ഒറ്റക്കു പൊരുതുന്ന സ്ത്രീകളോടാണെങ്കിൽ പറയുകയും വേണ്ട. അവരെ തകർക്കാൻ ഏതു വിധേനയും ശ്രമങ്ങൾ ഉണ്ടാവും. ആർക്കും എന്തും പറയാനും ചെയ്യാനുമുള്ള തങ്ങളുടെ പബ്ലിക് പ്രോപ്പർട്ടിയാണ് അത്തരം സ്ത്രീകൾ എന്ന മാനസിക രോഗം നമ്മുടെ സമൂഹത്തിനുണ്ട്. ഫെമിനിസ്റ്റുകൾ ഏറെയുണ്ടാവട്ടെ. പൊളിച്ചെഴുത്തുകൾ നടക്കട്ടെ

നാട്ടിൽ വരാൻ വേണ്ടി ആദ്യ സമയത്തു കുറെ മനുഷ്യർ പോരാടിയിരുന്നു, എന്തായിരുന്നു ആ സമയത്തു മാനസിക അവസ്ഥ?

മനുഷ്യന് ജീവഭയം പിടി കൂടിയാൽ ഉറ്റവരെ പോലും വേണ്ടാതാവും എന്നതിന് പലപ്പോഴും സാക്ഷിയായി. മനുഷ്യരുടെ സ്വാർത്ഥത നേരിട്ടു കണ്ടു. നാടെത്താൻ പലരും തിടുക്കം കൂട്ടി. പക്ഷേ അത്തരത്തിലുള്ള വെപ്രാളം എനിക്കുണ്ടായിരുന്നില്ല. എന്നെക്കാൾ നിസ്സഹായരായ ആളുകളെ കുറിച്ചോർത്തു. അവരാണ് ആദ്യം നാട്ടിലേക്ക് പോകേണ്ടവർ എന്ന  ബോധ്യമുണ്ടായിരുന്നു. പ്രത്യേകിച്ചും കുട്ടികൾ, ഗർഭിണികൾ, രോഗികൾ, ജോലി ഇല്ലാത്തവർ. പ്രളയകാലത്തും കോവിഡ് കാലത്തും ഭയമില്ലാതെ സാഹചര്യങ്ങളെ നേരിടാനുള്ളൊരു ആർജ്ജവം ഉണ്ടായിട്ടുണ്ട്.

ഭയം നാട്ടിലുള്ളവരെ ഓർത്തു മാത്രമായിരുന്നു. ഇവിടെ നിയമം ശക്തമായതിനാൽ കോവിഡ് പ്രോട്ടോക്കോൾ കോവിഡ് കേസുകളുടെ എണ്ണം കുറക്കുമെന്ന് ഉറപ്പുണ്ട്. നാട്ടിലെ അവസ്ഥ അതായിരുന്നില്ല. രാഷ്ട്രീയവും ജാതീയവുമായ മുതലെടുപ്പു നടത്തുന്ന സാമൂഹ്യ ദ്രോഹികളെ എല്ലാ ദുരന്തകാലത്തും നാട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ രംഗത്തെ പ്രവർത്തനം ലോകത്തിനു തന്നെ മാതൃകയായി മുന്നേറുന്നുവെന്ന സമാധാനം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.

പ്രളയം പോലെയുള്ള വിഷയങ്ങളിൽ നിന്ന ആളാണ് ഹണി. രണ്ട് ദുരന്തങ്ങൾ, ഇതിനെ രണ്ടിനെയും എങ്ങനെ ഒരു സ്ത്രീ എന്ന നിലയിൽ കാണാൻ കഴിഞ്ഞു?

പ്രളയത്തെ അബുദാബിയിൽ നിന്നു കൊണ്ട് സുഹൃത്തുക്കൾക്കൊപ്പം ഡിസാസ്റ്റർ മാനേജ്മെൻ്റ് കൺട്രോൾ ടീം ഉണ്ടാക്കി കൂടെ നിന്നപ്പോൾ നേരിട്ടത്ര സ്ട്രസ് കോവിഡ് കാലത്തില്ല. പ്രളയകാലത്ത് ഓരോ സെക്കന്റ് നാട്ടിലെ മനുഷ്യരുടെ ജീവൻ മുൾമുനയിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളായിരുന്നു ഞങ്ങൾക്ക്. ജീവിതത്തിൽ ഏറ്റവും നല്ല സുഹൃത്തുക്കളെ നേടി തന്ന, ഏറ്റവും നല്ല മനുഷ്യരെ ഇവിടെ കൂട്ടി മുട്ടിച്ച കാലമായിരുന്നു എനിക്കത്. കാരണം മനുഷ്യത്വത്തോട് അത്ര ചേർന്നു നിൽക്കുന്നവരാണ് കൂടെ രാപ്പകലില്ലാതെ നാടിനു വേണ്ടി ചേർന്നു നിന്നത്. ക്ഷീണം ഞങ്ങൾക്ക് പ്രശ്നമായിരുന്നില്ല. പക്ഷേ കോവിഡ് കാലത്തു ഏറ്റവും സ്വാർത്ഥരായ മനുഷ്യരെ കൂടി എനിക്കു കാണാൻ പറ്റി. സമ്പത്തുള്ളവൻ പത്തായം നിറയ്ക്കാൻ ശ്രമിക്കുന്ന കാഴ്ച്ചകൾ. ജോലി നഷ്ടപ്പെട്ടവരുടെ, സമ്പത്തു നഷ്ടപ്പെട്ടവരുടെ, കട ബാധ്യത വന്നവരുടെ മാനസിക തകർച്ചകൾ. പ്രളയത്തെ കോവിഡ് കാലത്തോടുപമിക്കാനേ പറ്റില്ല. പ്രളയത്തെ നേരിട്ട മാനസികാവസ്ഥയല്ല ഇപ്പോൾ. ജീവിതം, ജോലി, ആയുസ് എല്ലാം അനിശ്ചിതത്വത്തിലാണ്. പക് ഷേ അപ്പോഴും മനുഷ്യൻ്റെ ക്രൂരതകൾക്കും സ്വാർത്ഥതകൾക്കും വലിയ മാറ്റമൊന്നും സംഭവിക്കുന്നില്ല. ഒരേ കൂരക്കു കീഴിൽ താമസിക്കുന്നവർക്കിടയിൽ പോലും മനുഷ്യത്വമില്ലായ്മ ഇപ്പോഴും തുടരുന്നുണ്ട്. ചുറ്റും പീഢനങ്ങളും കലാപങ്ങളും  നടക്കുന്നുണ്ട്. പണത്തോടുള്ള അത്യാർത്തി സാമ്പത്തികമായ് ഉയർന്നു നിൽക്കുന്ന മനുഷ്യരിൽ പോലും നിലനിൽക്കുന്നുണ്ട്. "മനുഷ്യൻ" ആവുക എന്നത് നിസാരമല്ല.  സമൂഹത്തിൽ നന്മമരങ്ങളായി കാണിക്കുകയും അല്ലാത്ത ഇടങ്ങളിൽ ജാതീയതയുടെ, വർഗ്ഗീയതയുടെ, കാപട്യത്തിൻ്റെ തൻപോരിമയും കാണിക്കുന്ന ഫേക്കുകളുടെ കൂടി കാലമാണിത്. കോവിഡിനെ മാത്രമല്ല ഇത്തരം മനുഷ്യരെ കൂടി അതിജീവിച്ചു മുന്നേറണമല്ലോ എന്നതാണ് സ്ത്രീ എന്ന നിലയിൽ ഏറ്റവും കഠിനം

കോവിഡ് കാലത്തിനു ശേഷമുള്ള പുതിയ എഴുത്തുകൾ, പ്രൊജെക്ടുകൾ

വളരെ സീരിയസായ ചില എഴുത്തുകൾ തുടങ്ങി വച്ചിട്ടുണ്ട്. അതിന് ഒരു പാട് വായന ആവശ്യമുണ്ട്. അതു കൊണ്ട് തന്നെ ഒറ്റയൊഴുക്കിൽ എഴുതി തീർക്കാനാവില്ല. സത്യത്തിൽ രണ്ടു മൂന്നു വർഷമായി ഞാൻ കാര്യമായിട്ടൊന്നും എഴുതിയിട്ടില്ല. കവിതയുടെ വേരറ്റു പോയോ എന്ന് ചിലപ്പോ തോന്നാറുണ്ട്. ഈ കാലങ്ങളിൽ ഒന്നും എഴുത്തിന് വേണ്ട സ്വസ്ഥത കിട്ടിയിരുന്നില്ല. വ്യക്തിപരമായ പല അസ്വസ്ഥതകളിൽ എഴുത്തും ചിതറി പോയി. എഴുതാൻ അങ്ങേയറ്റം കൊതി തോന്നുന്ന നിമിഷങ്ങളിൽ പോലും ഇളകി മാറാത്ത ചിന്തകളുടെ സ്വാസ്ഥ്യത്തിലേക്ക് ജീവിതം എന്നെ ഈ കാലങ്ങളിൽ നിർത്തിയില്ല. വീണും പരിക്കേറ്റും വീണ്ടും പിടഞ്ഞെണീറ്റ് ഓടുകയും ചെയ്യുന്നതിനിടയിൽ എഴുത്ത് ഇല്ലാതായി. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം നിർബന്ധിതമായ അവസ്ഥകളിൽ മാത്രം ഞാനെഴുതി. പലപ്പോഴും എഴുതാൻ സാധിക്കാത്തതോർത്തു കരഞ്ഞു. എഴുത്ത് ശ്വാസമാണെന്ന തിരിച്ചറിവിൽ എഴുതാൻ പറ്റാത്ത സാഹചര്യങ്ങളിൽ ശ്വാസം കിട്ടാത്ത പോലെ വീർപ്പു മുട്ടി.

സയോണീ ഒരു പുതിയ വഴിത്തിരിവാണ്. പാട്ടെഴുത്തിനുള്ള അവസരങ്ങൾ വന്നു തുടങ്ങിയത് സന്തോഷം തരുന്നു. സിനിമയുടെ ഭാഗമായ് കഥയിലും പാട്ടിലും എൻ്റെ വരികൾ കാണാൻ സാധിച്ചേക്കാം. ചിലത് കമ്മിറ്റ് ചെയ്തിട്ടുണ്ട്. ഈ കോവിഡ് കാലത്ത് ഒന്നിലും അമിത പ്രതീക്ഷയില്ല. ആരുടെയും ശ്വാസത്തിന് യാതൊരുറപ്പുമില്ല.  സംഭവിക്കാനുള്ളത് നല്ലതിനാണെങ്കിൽ മാത്രം സംഭവിക്കട്ടെയെന്ന പ്രത്യാശ മാത്രം.

സയോണീ എന്ന മ്യൂസിക് ആൽബം , അതും ഈ കോവിഡ് കാലത്ത്

ഗായിക സജ്ന വിനീഷുമായുള്ള സൗഹൃദമാണ് ഈ പാട്ടിനെ ഇത്ര മനോഹരമാക്കുവാനുള്ള കാരണം.  ദോഹയിൽ ഞാനുണ്ടായിരുന്ന കാലം മുതൽ ഏകദേശം 8 വർഷം നീണ്ട സൗഹൃദം. 

പാട്ടെഴുത്തിലും അഭിനയത്തിലും സംവിധാനത്തിലും എൻ്റെ ആദ്യത്തെ ചുവടുവയ്പ്പാണ് സയോണീ. ഇത് ആത്മപാതി എന്നർത്ഥം വരുന്ന ഉറുദു വാക്കാണ്.  കേട്ടു പരിചിതമല്ലാത്ത ഒരു ടൈറ്റിൽ ആവണം എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ ടൈറ്റിൽ ഉണ്ടാവുന്നത്. വരികളോടും വിഷ്വൽസിനോടും അത്ര തന്നെ ചേർന്നു നിൽക്കുന്ന ഒരു ടൈറ്റിൽ തന്നെ തിരഞ്ഞെടുത്തു. 

പാട്ടിന്റെ കംപോസിംഗ് മുതൽ  റെക്കോർഡിംഗ് കഴിയും വരെ അതിന്റെ ഈണത്തിലും അവതരണത്തിലും രാഗം തിരഞ്ഞെടുക്കുന്നതിലും സജ്ന സ്വന്തം സജഷൻസ് പറയുകയും  എൻ്റെ അഭിപ്രായങ്ങൾ പരിഗണിക്കുകയും ചെയ്തിട്ടുണ്ട് എന്നത് വല്യ സന്തോഷം തരുന്നു. ഗസൽ മൂഡിലുള്ള വരികളുടെ ആഴം ചോർന്നു പോവാതെ പാട്ടു വരണം  എന്ന് ഞങ്ങൾ രണ്ടു പേർക്കും നിർബന്ധം ഉണ്ടായിരുന്നു.  പ്രോഗ്രാമിംഗ്  ആൻഡ് മിക്സിംഗ് ചെയ്ത റാൽഫിൻസ്റ്റീഫൻ പാട്ടിൻ്റെ ഭംഗിയെ ഒന്നു കൂടി മനോഹരമാക്കി.

ഗൾഫിലും കെനിയയിലുമായിട്ടായിരുന്നു പാട്ടിൻ്റെ വിഷ്വൽസ് ചെയ്തത്. പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഹെർമിസ് ഹരിദാസാണ് പെയർ ആയി കൂടെ അഭിനയിച്ചത്. അദ്ദേഹത്തിൻ്റെ വൈൽഡ് ലൈഫ് ഷോട്ട്സാണ് പാട്ടിൽ ഉപയോഗിച്ചതും.  ഞങ്ങൾ രണ്ടു പേർക്കും ഇത് ആദ്യത്തെ അഭിനയ അനുഭവമാണ്. ഷിനിഹാസ് അബുവാണ് സിനിമാറ്റോഗ്രഫി. ടീം നട്ടപ്പാതിര യാണ് പ്രൊഡക്ഷൻ. അവരില്ലായിരുന്നെങ്കിൽ ഈ പാട്ട് ആളുകളിൽ എത്തുമായിരുന്നില്ല. പാട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ ഒന്നും നോക്കാതെ മുന്നോട്ടു പോകൂ എന്നു പറഞ്ഞവർ. യു. എ. ഇ യിൽ തന്നെയുള്ള വളരെ അടുത്ത ഫ്രണ്ട്സാണവർ. സത്യത്തിൽ ഞങ്ങളുടെ ഒരു സന്തോഷത്തിനു വേണ്ടി മാത്രം ചെയ്ത പ്രൊജക്റ്റാണിത്. ഷെറി സണ്ണി ജോർജ്ജ്, മുബാറക് മുഹമ്മദാലി, അബ്ദുൾ ലത്തീഫ്, ഷിനാസ് സലാവുദ്ധീൻ, സി.കെ മാസിൻ, സിജു സി.കെ, ഷെരീഫ് സൈനുദ്ധീൻ. ക്രിയേറ്റീവ് സ്പേസിലെ എൻ്റെ കൊച്ചു സന്തോഷങ്ങൾക്കെല്ലാം പിന്നിൽ ഇപ്പോൾ അവരുടെ കയ്യൊപ്പുണ്ട്. 

ജിതേഷ് പുരുഷോത്തമൻ, നിഷ ഗോപാലകൃഷ്ണൻ, റിബി നൈനാൻ കൃഷ്ണൻ രാജൻ, ശരത്ത് ആര്യ ഇവരെല്ലാം ലൊക്കേഷനിൽ പല രീതിയിൽ കൂടെ സപ്പോർട്ടു ചെയ്തു നിന്നവരാണ്. അതുപോലെ തന്നെ എഡിറ്റിംഗ് ചെയ്തവരും. പ്രണയം, ജീവിതം, പ്രവാസം എന്ന സ്റ്റോറി ലൈനിലാണ് വിഷ്വൽസ് ചെയ്തിരിക്കുന്നത്. മ്യൂസിക് 247 ൻ്റെ ലേബലിൽ പാട്ടിറങ്ങിയതും ജനശ്രദ്ധക്ക് തിളക്കം കൂട്ടി. 

എഴുത്താണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മേഖല. ശേഷമേ മറ്റെന്തുമുള്ളൂ. കവിതയിൽ നിന്ന് പാട്ടെഴുത്തിലേക്കുള്ള ഈ മാറ്റം പുതിയ കുറേ അവസരങ്ങൾ തരുന്നുണ്ട്. വരും കാലങ്ങളിൽ പാട്ടെഴുത്തിൽ ആ അവസരങ്ങൾ ഉപയോഗിച്ചേക്കാം. അഭിനയ മോഹം ഒട്ടുമുണ്ടായിരുന്നില്ല. കോവിഡിന്റെ അനുകൂലമല്ലാത്ത സാഹചര്യങ്ങളിൽ അങ്ങനൊരു റോൾ ചെയ്യേണ്ടി വന്നു. സുഹൃത്തുക്കളുടെ കൂട്ടുകെട്ടായതിനാൽ അനായാസമായ് ചെയ്യാനും പറ്റി. 

കോവിഡ് വിഷയമായ ആൽബം എന്തുകൊണ്ട്

കോവിഡ് അല്ല ശരിക്കും സയോണീയുടെ കഥാതന്തു. പ്രണയമാണ്. ഏതു തകർച്ചയിലും മനുഷ്യനെ മുന്നോട്ടു നയിക്കാൻ പ്രണയം ബാക്കി വെച്ച ഓർമ്മകൾക്കാവും. സുന്ദരമായ തീവ്രമായൊരു പ്രണയത്തിൻ്റെ കഥയാണത്. കോവിഡ് അതിലൊരാളുടെ മരണത്തിനു കാരണമാകുന്നുവെന്നേയുള്ളൂ. സത്യത്തിൽ അത്തരം മരണങ്ങളെ ഏറെ കണ്ടവർ പ്രവാസികളാണ്. കോവിഡ് വന്നു രാജ്യങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തിൻ്റെ വാതിലുകൾ അടഞ്ഞപ്പോൾ പല രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് ഉറ്റവർക്ക് കാണാൻ കഴിയാതെ മരിച്ചു പോയവർ. എൻ്റെ സുഹൃത്തുക്കൾക്ക് തന്നെ എത്രയോ പേർക്ക് അത്തരം അനുഭവം ഉണ്ടായിരിക്കുന്നു. ഏറ്റവും വേദനിപ്പിക്കുന്ന മരണ സാഹചര്യങ്ങളെ നേരിടാൻ വിധിക്കപ്പെട്ടവരാണ് അത്തരം മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്ന പ്രിയപ്പെട്ടവർ.

പ്രണയത്തോടെയല്ലാതെ ജീവിതത്തിലൊന്നിനെയും പാഷനോടെ സമീപിക്കാൻ കഴിയാറില്ല. എഴുത്തിലും യാത്രയിലും പാട്ടിലും നൃത്തത്തിലുമെല്ലാം ആ പ്രണയം നിറഞ്ഞു നിൽപ്പുണ്ട് എന്നതാണ് സത്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com