sections
MORE

തരിശുകൃഷിയിലൂടെ പുതിയ പച്ചപ്പരപ്പുകൾ ഒരുക്കിയ ‘ടീച്ചറമ്മ’; രാഷ്ട്രീയത്തിലും പൊന്നരിവാൾ

CK Lathakumari
SHARE

പത്തനംതിട്ട ജില്ലയിലെ മുണ്ടിയപ്പള്ളി ഐക്കുഴി ഒന്നാം നമ്പർ അങ്കണവാടിയിലെ കുട്ടികളുടെ പ്രിയപ്പെട്ട ‘ടീച്ചറമ്മ’ അവരെ ഓരോന്നും കണ്ടും കേട്ടും  അറിഞ്ഞും പഠിപ്പിക്കുന്ന ശീലക്കാരിയാണ്. നെല്ലുകാണാത്ത കുഞ്ഞുങ്ങളെ ‘ചോറുണ്ടാക്കുന്ന കഥ’ കാണിച്ചു കൊടുക്കാൻ അങ്കണവാടിയുടെ മുറ്റത്ത് നെല്ലുവിതച്ചത് അങ്ങനെയാണ്. മുളപൊട്ടുന്നതും ഞാറാകുന്നതും കതിരിടുന്നതും കണ്ട കുരുന്നു മുഖങ്ങളിലെ സന്തോഷവും അത്ഭുതവുമാണ് ഇന്നത്തെ 80 ഏക്കറിനു മുകളിൽ വരുന്ന തരിശുനില കൃഷിയുടെ വളം. എന്നു മാത്രമല്ല കൃഷി അന്യം നിൽക്കാതെ കാക്കാൻ ചുറ്റുവട്ടത്തുള്ളവരെയൊക്കെ ചേർത്ത് ഒരു പാടശേഖര സമിതിയ്ക്കും രൂപം കൊടുത്തു സി.കെ. ലതാകുമാരിയെന്ന അങ്കണവാടി വർക്കർ.

പതിയെ, പുതിയ ചുവടുകൾ

50 സെന്റ് സ്ഥലത്തെ ആദ്യ കൃഷി വിജയമായതോടെ അങ്കണവാടി പരിസരത്ത് പച്ചക്കറി കൃഷി തുടങ്ങി കുട്ടികളെ കൂട്ടി വെള്ളമൊഴിച്ചും പരിചരിച്ചും കിട്ടിയ പച്ചക്കറി കൊണ്ട് കുഞ്ഞുങ്ങൾക്ക് കൂട്ടാനൊരുക്കി. അടുത്ത വർഷം പാട്ടത്തിനെടുത്ത 80 സെന്റിലേക്ക് കൃഷി വ്യാപിപ്പിച്ചു. വഴിയോരത്ത് കതിരിട്ടു നിൽക്കുന്ന നെൽപ്പാടത്തിനടുത്ത് നിന്നു സെൽഫിയെടുത്ത് പോകുന്ന പിള്ളേരും നാട്ടുകാരും നല്ലതുപറഞ്ഞതോടെ കൃഷിയോടുള്ള ഇഷ്ടം പിന്നെയും കൂടി. സ്വന്തമായി ഭൂമി വാങ്ങി, പാടശേഖര സമിതി രൂപീകരിച്ചു– അങ്ങനെ കൃഷി വളർന്നു.   കൃഷി നഷ്ടമെന്നും ജോലിക്ക്് ആളെ കിട്ടാനില്ലെന്നും പറഞ്ഞ് പാടം തരിശിടുന്നവർക്കു ലാഭത്തിന്റെ കണക്ക് എണ്ണിത്തിട്ടപ്പെടുത്തി കൊടുക്കും ലതാകുമാരി. മൂന്നേക്കർ നിലത്ത് 130000 രൂപ ഇറക്കി കൃഷി ചെയ്ത് ഒന്നര ലക്ഷം ലാഭം കൊയ്തതോടെ കൃഷി നഷ്ടമല്ലെന്നുറപ്പായി. 2019ൽ എട്ടര ഏക്കറിൽ കൃഷി  ഇറക്കി. മംഗലപ്പള്ളി ഇല്ലത്ത് ഭാഗത്ത് കോവിഡ് കാലത്ത് കൊയ്തെടുത്തത് 48 ഏക്കർ പാടം. ഇത്തവണ കൃഷി 80 ഏക്കറിലുമധികം. 

 ‌

മുളയ്ക്കാതെ പ്രതീക്ഷകൾ

സ്വർണപണയവും വായ്പയും ഉൾപ്പെടെ 10 ലക്ഷം രൂപ ചെലവാക്കിയാണ് കഴിഞ്ഞ തവണ തുടക്കം. തരിശു കിടന്ന പ്രദേശം കൃഷിയ്ക്കൊരുക്കുന്നതു തന്നെ വലിയ കഷ്ടപ്പാടായിരുന്നു. ഉപേക്ഷിക്കപ്പെട്ട തോട് വൃത്തിയാക്കിയും ബണ്ട് കെട്ടിയും കാട് വെട്ടിയും കൃഷിയ്ക്കൊരുങ്ങിയതോടെ മികച്ച പിന്തുണയുമായി നാട്ടുകാർ കൂടെ നിന്നു. ‘ലാഭമൊന്നും തരേണ്ട, ഞങ്ങളുടെ സ്ഥലത്തും കൃഷി ഇറക്കാമോ’ എന്ന ആവശ്യവുമായി ചിലരെത്തി. നാട്ടിലെ അറിയപ്പെടുന്ന പഴയകാല കർഷകരെ എല്ലാം പോയിക്കണ്ട് അറിവുകൾ ശേഖരിച്ചു. 

CK Lathakumari

എല്ലാം കഴിഞ്ഞ് വിത്തുവിതച്ചപ്പോഴാണ് പ്രതീക്ഷകൾ ഒന്നോടെ കരിഞ്ഞുപോയത്. ഒറ്റവിത്തുപോലും മുളച്ചില്ല. മനസുമടുക്കാതെ ആലപ്പുഴ, കടപ്ര, മേപ്രാൽ പ്രദേശങ്ങളില്ലാം പോയി വിത്തുകൊണ്ടുവന്നു വിതച്ചു മുളപ്പിച്ചെടുത്തു. അതും കുറേ ഭാഗം മഴ പെയ്ത് ഒഴുകിപ്പോയി.   വെള്ളത്തിന്റെ പ്രശ്നവുമുണ്ടായിരുന്നു. 

സമീപത്തെ പനയമ്പാല തോട് വറ്റിവരണ്ടു. അൽപം മാറിയുള്ള കോമ്പടവൻ ചാലിൽ നിന്നു പൈപ്പ് വഴി വെള്ളമെത്തിച്ചാണ് ഉപയോഗിക്കുന്നത്. എങ്കിലും വിളവു മോശമായില്ല. കോവിഡ് കാലത്തു കൊയ്തെടുത്തു. ഇത്തവണ ഉപേക്ഷിക്കപ്പെട്ടു തരിശുകിടന്ന കൂടുതൽ നിലങ്ങൾ കണ്ടെത്തി കൃഷിയിറക്കി. വീട് വരെ പണയത്തിലാണെങ്കിലും, കാലം തെറ്റിയെത്തിയ മഴ ഇടയ്ക്കിടെ ബുദ്ധിമുട്ടിക്കുന്നെങ്കിലും മണ്ണ് ചതിക്കില്ലെന്ന വിശ്വാസത്തിലാണ് ലതാകുമാരി. നെൽക്കൃഷി കൂടാതെ പാട്ടത്തിനെടുത്ത സ്ഥലത്ത് 3000ത്തിലധികം ഏത്തവാഴകളുമുണ്ട്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ഭർത്താവ് വി. ആർ. സജി ജോലി വിട്ടുവന്ന് കൃഷിയിൽ ഒപ്പം കൂടിയതോടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗം കൂടിയായി അത്. കോവിഡിന്റെ ജോലിയില്ലാക്കാലത്ത് സമീപത്തുള്ള പലർക്കും ജീവിതമാർഗ്ഗമായത് ഇവരുടെ കൃഷിയാണ്.

രാഷ്ട്രീയത്തിലും പൊന്നരിവാൾ

അങ്കണവാടിയിലെ ജോലി സമയം കഴിഞ്ഞാൽ കൃഷിയും സാമൂഹിക പ്രവർത്തനങ്ങളുമായിരുന്നു മുഖ്യം. 2005ൽ കവിയൂർ പഞ്ചായത്തിലേക്ക്  മത്സരിച്ചാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്. അത്തവണ വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. 2015ൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായി. ഇത്തവണ ജില്ലാ പഞ്ചായത്തിൽ. രണ്ടു പെൺമക്കളും അവരുടെ ഭർത്താക്കന്മാരുമൊക്കെ കൃഷിയെ ഹൃദയത്തോടു ചേർത്തവരാണെന്നു പറയുമ്പോൾ ലതാകുമാരിയ്ക്ക് നിറഞ്ഞ അഭിമാനം. ഒരു നാടിനെയാകെ ഒന്നിച്ചു നിർത്തി തരിശുകൃഷിയിലൂടെ പുതിയ പച്ചപ്പരപ്പുകൾ ഒരുക്കാനുള്ള ഓട്ടത്തിലാണ് അവർ.

English Summary: CK Lathakumari's new approach to rice cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA