sections
MORE

ചെറിയൊരു തീപ്പൊരി; ശരീരം പൊള്ളിയടർന്ന ആ കറുത്ത ദിനം; വിധിയെ തോൽപിച്ച് റാംപിൽ ചുവടുവച്ച ലാൽ

lal-krishna
ലാൽ കൃഷ്ണ ബിബിൽ
SHARE

ചിലരങ്ങനെയാണ്... അവരെ നോക്കുമ്പോഴൊക്കെ സന്തോഷത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു കുഞ്ഞല വന്നു നമ്മെ തൊടും. ആ പ്രകാശത്തിന്റെ ഒരു തുണ്ട് നമ്മിലും നിറയും. എത്ര തീവ്ര വിഷാദ നേരങ്ങളിലും ഇളവെയിൽ പരക്കും. 35 ശതമാനത്തിലേറെ തീപ്പൊള്ളലേറ്റ, നാലുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളജിലെ ബേൺസ് ഐസിയുവിൽ കഴിഞ്ഞ ഒരു പെൺകുട്ടി ഒന്നര വർഷം കൊണ്ട് ആ നോവുകളെ മറികടന്ന് ആത്മവിശ്വാസത്തോടെ റാംപിലേക്കും പിന്നെ മോഡലിങ്ങിലേക്കും ചുവടുവച്ച കഥയാണിത്. ഇടതു കൈയും ശരീരഭാഗങ്ങളും പൊള്ളിയടർന്ന ലാൽ കൃഷ്ണ ബിബിൽ എന്ന തിരുവനന്തപുരത്തുകാരി പെൺകുട്ടി അടുത്തിടെ നടന്ന ഒരു ബ്യൂട്ടി പേജന്റിൽ ‘മിസിസ് ബോഡി ബ്യുട്ടിഫുൾ’ ‘മിസിസ് ക്യാറ്റ് വാക്ക് ’ ടൈറ്റിലുകളും നേടിയാണ് നമുക്ക് മുന്നിൽ പുഞ്ചിരിച്ചുനിൽക്കുന്നത്. മത്സരത്തിനിറങ്ങുമ്പോൾ പ്രിയപ്പെട്ടവർ പകർന്നുനൽകിയ ആത്മവിശ്വാസവും വിധിയോടു തോറ്റുപോകാതെ എന്തെങ്കിലും ചെയ്യണമെന്ന അത്യധികമായ ആഗ്രഹവും മാത്രമായിരുന്നു കൈമുതൽ. പക്ഷേ, ആ വേദിയിൽ നിന്നു പുറത്തുവന്നത് ചുറ്റുമുള്ള അവസരങ്ങളൊന്നും പാഴാക്കാതെ ഉയരങ്ങളിലേക്കു കുതിക്കാനുള്ള കരുത്തും ആർജവവും നേടിയൊരു പെൺകുട്ടിയായിരുന്നു...

ജീവിതത്തിലെ കറുത്തവാവ്

2017ൽ വിവാഹനിശ്ചയം കഴിഞ്ഞ് സ്ഥിരമായൊരു ജോലി കിട്ടുന്നത് കാത്തിരുന്ന സമയത്തായിരുന്നു സ്വപ്നങ്ങളെ കരിയിക്കാൻ മാത്രം കരുത്തുള്ളൊരു  തീപ്പൊരി അവരുടെ ജീവിതത്തിലേക്ക് വന്നു വീണത്. 2019ലെ കർക്കിടക വാവ് ദിവസം വീട് അടിച്ചുവാരി വേസ്റ്റ് കത്തിക്കാനൊരുങ്ങുകയായിരുന്നു അവൾ. കുളിക്കാൻ എണ്ണതേച്ചിരുന്നു. കത്തിക്കൊണ്ടിരുന്നതിൽ നിന്നൊരു തീപ്പൊരി പാറി വീണതേ ഓർമയുള്ളൂ. എണ്ണയുള്ള ദേഹത്തും വസ്ത്രങ്ങളിലും തീ ആളിപ്പടർന്നു. വെപ്രാളത്തിൽ മുറിയിലേക്കോടി കൈയിൽ കിട്ടിയ ബെഡ്ഷീറ്റ് പുതച്ചു തറയിൽ കിടന്നുരുണ്ടതോടെ തീയണഞ്ഞു. പിന്നെ ആശുപത്രിയിലേക്ക്. മെഡിക്കൽ കോളജിലെ ബേൺസ് ഐസിയുവിൽ നാലു മാസത്തോളം. അതിനു ശേഷം ‘സ്കിൻ ഗ്രാഫ്റ്റിങ്’ സർജറി. വീട്ടിൽ ശേഷം എസി ഇട്ട് മുറിവ് തുറന്നു വക്കണം എന്നു ഡോക്ടർ പറഞ്ഞിരുന്നു. മുറിവ് നല്ല ആഴത്തിലുണ്ടായിരുന്നു. വസ്ത്രം ധരിക്കാനോ, കിടക്കാനോ അനങ്ങാനോ പറ്റാതെ വേദനയിൽ പിടഞ്ഞു ലാൽ. വീണ്ടും മറ്റൊരു സ്വകാര്യആശുപത്രിയിലേക്ക്. ഒരു മാസം കൊണ്ടാണ് മുറിവ് വാടിത്തുടങ്ങിയത്. അന്ന് ഒപ്പം നിന്ന് മുറിവുകൾ തേച്ചുകഴുകി കുളിപ്പിച്ചതും സ്നേഹത്തിന്റെ ലേപനം കൊണ്ട് ആശ്വാസമായതും പ്രതിശ്രുത വരൻ ബിബിൽ. ഇന്നും അത് തുടർന്നുപോരുന്നു. പതിയെ മുറിവുകൾ ഉണങ്ങിത്തുടങ്ങി. 2020 മാർച്ചിൽ വിവാഹം.

ലോക്ഡൗണിൽ പുതിയ വഴികൾ

ലോക്ഡൗൺ സമയത്ത് ലാൽകൃഷ്ണയും ബിബിലും ചേർന്ന് വീട്ടിൽ കേക്ക് ബിസിനസ് തുടങ്ങി. ബിസിനസിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാമിൽ സജീവമായത്. ഇൻസ്റ്റയിൽ മത്സരത്തിന്റെ അനൗൺസ്മെന്റ് കണ്ടതോടെ ഒരു ആഗ്രഹം. എങ്കിലും പങ്കെടുക്കാൻ ധൈര്യമുണ്ടായിരുന്നില്ല. ബിബിലും സുഹൃത്തുക്കളുമൊക്കെ ഒപ്പം നിന്നു. മുറിവുണങ്ങിയ പാടുകൾ തെളിഞ്ഞുകിടന്നതുകൊണ്ട് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ അണിയാൻ പോലും മടി. ‘ഹൈ ഹീൽ’ ഇട്ട് നടക്കുമ്പോൾ ഉള്ളംകാൽ വിയർത്തുകുഴഞ്ഞു, നാവു വരണ്ടു. എന്നാൽ ഷോയുടെ ദിവസം ലാൽകൃഷ്ണ അതെല്ലാം മറികടന്നു. മത്സരത്തിനെത്തി പരിചയപ്പെട്ട കൂട്ടുകാരും ജഡ്ജസുമെല്ലാം അവൾക്കൊപ്പമായിരുന്നു. ‘മനസ്സിൽ ധൈര്യമുണ്ടെങ്കിൽ ഏതു വേഷവും അണിയാം’ എന്നവർ ധൈര്യം പകർന്നു. പിന്നെ അവൾ പൊള്ളൽപ്പാടുകളെ പേടിച്ചില്ല. ഇഷ്ടവസ്ത്രം ധരിച്ച് ആത്മധൈര്യത്തോടെ, മുഖമുയർത്തി നിന്നു. മത്സരത്തിനു പുറപ്പെടും മുൻപ് സുഹൃത്ത് അഞ്ജലിയും അച്ഛനും പറഞ്ഞതുപോലെ ‘ ഒരു വിജയിയെപ്പോലെ’ വേദിയിൽ ചുവടുവച്ചു– മിസിസ് പെർഫെക്ട് ക്യാറ്റ്  വാക്കായി. ടൈറ്റിൽ വിന്നറായതോടെ ആത്മവിശ്വാസം, ആവേശം, സന്തോഷം... 

lal-sabitha

ആ ഷോയിൽ വച്ചാണ് സന്ധ്യ രാധാകൃഷ്ണൻ, വഫ എന്നീ 2 സുഹൃത്തുക്കളെ കിട്ടിയത്. സന്ധ്യ വഴി സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സബിത സാവരിയയുമായി പരിചയപ്പെട്ടതോടെ ആദ്യ ഫോട്ടോഷൂട്ടിന് വഴിയൊരുങ്ങി. പ്രൊഫഷണൽ ഫൊട്ടോഗ്രഫർ ഇകുട്ട് രഘുവും സബിത സാവരിയയും ഒന്നിച്ച ഷൂട്ടിൽ നിന്ന് ഒരു പാട് കാര്യങ്ങൾ പഠിക്കാനായെന്ന് ലാൽകൃഷ്ണ. തുടർന്ന്  ഏതാനും പരസ്യചിത്രങ്ങൾ. മോഡലായതോടെ ആത്മവിശ്വാസത്തിന്റെ ലെവൽ ഉയർന്നു.  കൂടുതൽ വർക്കുകളും ഷോകളുമായി തിരക്കിലേക്ക് പോകുന്നു ജീവിതം. ‘ഗോ ഗ്ലോറിയസ്’ എന്ന ഓൺലൈൻ ഫാഷൻ മത്സരത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഇപ്പോൾ.

പഠനം, സ്വപ്നങ്ങൾ

പള്ളിപ്പുറം സിആർപിഎഫ് കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു 12–ാം ക്ലാസ് വരെ പഠനം. ഒരു എയർഹോസ്റ്റസ് ആവണമെന്നതായിരുന്നു അന്നത്തെ ജീവിതസ്വപ്നം. പ്ലസ് ടുവിനു ശേഷം ബിബിഎ ഏവിയേഷൻ കോഴ്സ്. രണ്ടാം വർഷം ക്യാംപസ് സെലക്ഷൻ വഴി ചെന്നൈ ഇന്റർനാഷണൽ എയർപോർട്ടിലേക്ക്. എയർ അറേബ്യയുടെ ഗ്രൗണ്ട് സ്റ്റാഫായി ഒരു വർഷം. പിന്നെ കുറച്ചു നാൾ ടെക്നോപാർക്കിൽ. ഒടുവിൽ പഠിച്ച കോളജിൽ തന്നെ ഡിപ്ലോമ ഇൻ ഏവിയേഷൻ ഫാക്കൽറ്റിയായി. ആ സമയത്തായിരുന്നു അപകടം. 

എന്നുമൊപ്പം, കുടുംബം

തിരുവനന്തപുരത്ത് കഴക്കൂട്ടമാണ് ലാൽ കൃഷ്ണയുടെ വീട്. അച്ഛൻ സജിലാൽ, അമ്മ ഷീബ, അനിയൻ ലാൽ സർക്കാർ ഇവർ ചേരുന്നതാണ് കഴക്കൂട്ടത്തെ കുടുംബം. വിവാഹ ശേഷം ഭർത്താവ് ബിബിലിനൊപ്പം തോന്നയ്ക്കലെ വീട്ടിലാണ് ലാൽകൃഷ്ണ. അവിടെ ബിബിലിന്റെ സഹോദരനും അമ്മയുമുണ്ട്. ബിബിലും ലാൽകൃഷ്ണയും ചേർന്ന് ഒരു ബോർമ നടത്തുന്നു. മോഡലിങ്ങും ഷൂട്ടുകളുമൊക്കെയായി ഓടുമ്പോഴും ബേക്കറി സാധനങ്ങളുടെ ഉൽപാദനവും വിതരണവുമൊക്കെ കൃത്യമായി നോക്കാനും അവർ തന്നെ സമയം കണ്ടെത്തുന്നുണ്ട്. അല്ലെങ്കിലും ഏതു നോവുവഴികളിലും ചേർന്നുനടക്കാൻ ഒരാളുണ്ടാകുമ്പോൾ, പുതിയ വഴികളിലെ യാത്രകൾ കൂടുതൽ ആവേശമാകുമ്പോൾ ... അവയൊന്നും അത്ര കഠിനമായി തോന്നാൻ  തരമില്ലല്ലോ...

English Summary: Life Story Of Lalkrishna Bibil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA