sections
MORE

സ്ത്രീകൾ രണ്ടാംതരമാണെന്ന ചിന്ത ഉടനെയൊന്നും മാറില്ല; ലിംഗ അസമത്വം ഉണ്ട്: മിനി ഐ.ജി പറയുന്നു

mini
SHARE

മിനി ഐ.ജി. സംവിധാനം ചെയ്ത ഡിവോഴ്സ് എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്. കേരളസംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പ്രോജക്ടുകളില്‍ ആദ്യത്തേതാണ് ഈ ചിത്രം. മലയാളചലച്ചിത്രരംഗത്ത് വനിതാപ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്‍റെയും ഭാഗമായതിന്‍റെയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് സംവിധായിക മിനി ഐ.ജി.

പ്രോജക്ടിന്‍റെ പ്രവര്‍ത്തനരീതി

ചലച്ചിത്രവികസന കോര്‍പ്പറേഷന്‍റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി വനിതകളില്‍ നിന്ന് സിനിമയാക്കാനാഗ്രഹിക്കുന്ന പ്രോജക്ടുകള്‍ ക്ഷണിക്കുകയായിരുന്നു. അറുപതിലധികം തിരക്കഥകളില്‍നിന്ന് രണ്ടു തിരക്കഥകള്‍ ഒരു ജൂറി തിരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍, രഘുനാഥ്‌ പലേരി,  ഫൗസിയ ഫാത്തിമ, മനീഷ് നാരായണന്‍, ദീദി ദാമോദരന്‍ ഇവരടങ്ങിയ ജൂറിയായിരുന്നു. വലിയ ഒരു സിലക്‌ഷന്‍ പ്രോസസ് ആയിരുന്നു. തിരക്കഥകള്‍ സമര്‍പ്പിച്ച എല്ലാവര്‍ക്കും അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന രീതിയിലായിരുന്നു അത‌്.

തിരക്കഥ തിരഞ്ഞെടുക്കുന്നു എന്നേയുള്ളൂ. ഒരു പ്രൊജക്ടിനാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. സ്വന്തം തിരക്കഥ വേണമെന്ന് നിര്‍ബന്ധം ഇല്ലായിരുന്നു. മറ്റാരെങ്കിലും എഴുതിയ തിരക്കഥയും പ്രോജക്ട് ആയി സബ്മിറ്റ് ചെയ്യാം. ആ വിഷയം എങ്ങനെയാണ്, ഏതു വിധത്തിലാണ് ചെയ്യുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള വളരെ നീണ്ട പ്രോസസ് ആയിരുന്നു. താരാ രാമാനുജത്തിന്റെ നിഷിദ്ധോ, എന്‍റെ ഡിവോഴ്സ് എന്നീ രണ്ട് തിരക്കഥകളാണ് തിരഞ്ഞെടുത്തത്. താരയുടെ പ്രോജക്ട് ആലപ്പുഴയിലും എന്റേത് തിരുവനന്തപുരത്തുമായിരുന്നു ഉദ്ഘാടനം ചെയ്തത്. എന്‍റെ തിരക്കഥയില്‍ ആദ്യം ഏഴു കഥാപാത്രങ്ങളായിരുന്നു. ചര്‍ച്ചയില്‍ നല്ലതെന്നു തോന്നിയതിനാല്‍ അത് പിന്നീട് ആറാക്കി മാറ്റി.

2020 മാര്‍ച്ച് എട്ടിന് ലോക വനിതാ ദിനത്തില്‍ തിരുവനന്തപുരം മ്യൂസിയം ഹാളില്‍ വച്ച് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ ആണ് ‘ഡിവോഴ്‌സി’ന്റെ സ്വിച്ച് ഓണ്‍ നടത്തിയത്. ഒരു മാസമാണ് പ്രീ പ്രൊഡക്‌ഷന് പ്ലാന്‍ ചെയ്തത്. സാധാരണ മൂന്നോ നാലോ മാസമൊക്കെ കിട്ടുന്നതാണ്. എല്ലാം തുടങ്ങി വരുമ്പോഴേക്കും കോവിഡ് പ്രശ്നങ്ങള്‍ രൂക്ഷമായി. ആകെ അനിശ്ചിതത്വം. സര്‍ക്കാര്‍ പ്രോജക്ട് ആയതുകൊണ്ട് ഫിനാന്‍ഷ്യല്‍ ഇയര്‍ തീരുന്നതിന്റെ ചില സാങ്കേതിക പ്രശ്നങ്ങള്‍. ഞാന്‍ പ്രൈവറ്റ് ജോബ്‌ ഉപേക്ഷിച്ചാണ് ഇതിലേക്ക് ഇറങ്ങുന്നത്. എന്നു തുടങ്ങാന്‍ പറ്റും എന്നൊന്നുമറിയാതെ കുറേ നാളത്തേക്ക് അങ്ങനെ നീണ്ടുപോയി. ഒടുവില്‍ ഒക്ടോബറില്‍ വര്‍ക്ക് വീണ്ടും തുടങ്ങി.

അപ്പോഴും കോവിഡ് പ്രതിസന്ധി കാരണം പല കാര്യങ്ങളും പാതിവഴിയിലായിരുന്നു. ആര്‍ട്ട്, കോസ്റ്റ്യൂം പോലെയുള്ള കാര്യങ്ങളും പൂര്‍ത്തിയായിരുന്നില്ല. ഫണ്ട് വന്നാലല്ലേ വര്‍ക്ക് തുടങ്ങാന്‍ പറ്റൂ. ഒന്നര കോടിയുടെ പ്രോജക്ട് ആയിരുന്നു. അതില്‍ ഒന്നേകാല്‍ മേയ്ക്കിങ്ങിനും ഇരുപത്തഞ്ചുലക്ഷം പബ്ലിസിറ്റി കാര്യങ്ങള്‍ക്കുമാണ് വകയിരുത്തുന്നത്. പറഞ്ഞ ബജറ്റിനുള്ളില്‍ത്തന്നെ വര്‍ക്ക് തീര്‍ന്നു. ഷൂട്ടിങ് ഇരുപത്തഞ്ചുദിവസം പ്ലാന്‍ ചെയ്തെങ്കിലും ഒരു ദിവസം മുന്‍പേ തീര്‍ത്തു.

വലിയ എക്സ്പീരിയന്‍സായിരുന്നു ഈ പ്രോജക്ടിന്‍റെ ഭാഗമായത്. ഇങ്ങനെയൊരു പരിശീലനം കിട്ടുന്നത് വലിയ കാര്യമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. അതും മുപ്പതിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഫിലിം മേയ്ക്കിങ്ങില്‍ എക്സ്പീരിയന്‍സ് ഉണ്ടാകാനുള്ള അവസരം കുറവാണ്. ജോലികളില്‍ പോലും പ്രായം കുറഞ്ഞവരെയാണ് തിരഞ്ഞെടുക്കുന്നത്. ഫിലിം മേയ്ക്കിങ്ങില്‍ താല്‍പര്യവും കഴിവുമുള്ള, അത്രയും പാഷനേറ്റ്‌ ആയ ഒരാളെ സംബന്ധിച്ചിടത്തോളം  വലിയ ഒരു അനുഭവമാണ്. ഇങ്ങനെയൊരു സര്‍ക്കാര്‍ പ്രോജക്ട് ആകുമ്പോള്‍ സിലക്‌ഷനും അത്രയും പെര്‍ഫെക്ട് ആയിരിക്കും, കാരണം അവരുടെ ഇന്റഗ്രിറ്റി കൂടി ചോദ്യം ചെയ്യപ്പെടുന്ന കാര്യമാണല്ലോ.

നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നോ?

ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ യാതൊരു തരത്തിലും ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. വിഷയത്തിലോ കാസ്റ്റിങ്ങിലോ ഒന്നും. ഫിനാന്‍സ് ചെയ്യുമ്പോള്‍ ഒരു കൺട്രോള്‍ ഉണ്ടായിരുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തന്നെ നിയമിച്ച ഒരു ലൈന്‍ പ്രൊഡ്യൂസര്‍ ഉണ്ടായിരുന്നു. അരോമ മോഹനായിരുന്നു അത്. പബ്ലിസിറ്റി, വിതരണം, റിലീസ്, ഫെസ്റ്റിവലിന് അയയ്ക്കുന്ന കാര്യങ്ങള്‍ എന്നിവയിലൊക്കെ നിയന്ത്രണം അവര്‍ക്കാണ്. സിനിമയുടെ റൈറ്റും അതെ. സിനിമ ആത്യന്തികമായി ഒരു കെഎസ്എഫ്‌ഡിസി പ്രോജക്ട് തന്നെയാണ്.

women-film2

ക്രിയേറ്റീവ് ആയ കാര്യങ്ങളില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സ്ത്രീജീവിതവുമായി ബന്ധപ്പെട്ട വിഷയം വേണമെന്ന് യാതൊരു നിര്‍ബന്ധവും ഉണ്ടായിരുന്നില്ല. പക്ഷേ ഇത്തരം ഒരു പ്രോജക്ടില്‍ നമ്മള്‍ കമ്മിറ്റഡാകുമ്പോള്‍ സൊസൈറ്റിയോട് ഒരു കടപ്പാടും നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പിനോട് ഒരു ഉത്തരവാദിത്തവും വേണം എന്നുള്ളത് കൊണ്ടാണ് അങ്ങനെയുള്ള ഒരു വിഷയം തിരഞ്ഞെടുത്തത്. നമ്മള്‍ ചെയ്യുന്നതിന്‍റെ ഒരു ചെറിയ അലയെങ്കിലും സൊസൈറ്റിയിലേക്ക് ചെല്ലണം. കൂടുതല്‍ വര്‍ക്കുകള്‍ക്ക് സ്ത്രീകളെ വിശ്വസിക്കാനും വിശ്വസിച്ച് ഏല്‍പ്പിക്കാനുമുള്ള തോന്നലുണ്ടാവണം എന്നൊക്കെയാണ് പ്രതീക്ഷകള്‍.

ഡിവോഴ്സിനെക്കുറിച്ച്...

ആറു സ്ത്രീകളുടെ അനുഭവങ്ങളിലൂടെയാണ്‌ കഥ മുന്നോട്ടു പോകുന്നത്. വ്യത്യസ്തമായ സാമ്പത്തിക-സാമൂഹിക ചുറ്റുപാടുകളില്‍നിന്നു വരുന്ന ആറു സ്ത്രീകള്‍. അവരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട് അവര്‍ക്കുണ്ടാകുന്ന വൈകാരികമായ പ്രതിസന്ധികള്‍. മറ്റുള്ളവരുടെ ഇടപെടലുകള്‍ എങ്ങനെ അവരെ ബാധിക്കുന്നു ഈ കാര്യങ്ങളൊക്കെയാണ് ചര്‍ച്ച ചെയ്യുന്നത്. നിയമവ്യവസ്ഥയുടെ വളരെ കണ്‍വന്‍ഷനലായ ചില രീതികളുണ്ട്. പ്രത്യേകിച്ചും വിവാഹമോചനക്കേസുകളില്‍ പ്രാക്ടിക്കല്‍ സിറ്റ്വേഷന്‍സ് ആണ് കൂടുതലും ഡീല്‍ ചെയ്യുന്നത്. അമ്മ എന്ന നിലയിലൊക്കെയുള്ള സ്ത്രീകളുടെ  ഇമോഷനല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് കോടതികള്‍ക്കും നിയമവ്യവസ്ഥയ്ക്കും കാണാന്‍ കഴിയുന്നില്ല. അങ്ങനെയുള്ള വിധിതീര്‍പ്പുകള്‍ ഉണ്ടാകാറുമില്ല. എങ്ങനെ കൃത്യമായി ശ്രദ്ധയോടെ ഡീല്‍ ചെയ്യണമെന്നൊക്കെയുള്ള കാര്യങ്ങളാണ് കഥ മുന്നോട്ടുവയ്ക്കുന്നത്.

വനിതാസംവിധായിക എന്ന ടൈറ്റില്‍ ആവശ്യമില്ല

സ്ത്രീകള്‍ രണ്ടാം തരമാണ് എന്നൊരു മനോഭാവമൊന്നും ഉടനെ മാറുമെന്നു തോന്നുന്നില്ല. കൂടുതലും ഡൊമസ്റ്റിക് ഉത്തരവാദിത്തങ്ങള്‍ ആണ് സ്ത്രീകള്‍ക്ക് ഉള്ളത്. എല്ലായിടത്തും സ്ത്രീ കമ്മിറ്റഡ് ആണ്. പക്ഷേ ഏത് റോളും അവള്‍ ഏറ്റവും നന്നായി ചെയ്യും. ആ ഇന്‍റഗ്രിറ്റി ഉള്ളതുകൊണ്ടുതന്നെ റെസ്പോന്‍സിബിലിറ്റി ഫാക്ടര്‍ അവളില്‍ കൂടുതലുണ്ട്. അതിപ്പോ ക്രിയേറ്റീവ് ആണെങ്കിലും ബിസിനസില്‍ ആണെങ്കിലും വളരെ കൃത്യമായിട്ട്‌ സ്ത്രീക്കു ചെയ്യാന്‍ കഴിയും. തെങ്ങില്‍ കേറാന്‍ പറ്റുമോ എന്നൊക്കെ ചോദിക്കുന്നത് ഈ വസ്തുതയെ തെറ്റായി മനസ്സിലാക്കുന്നതിന്റെ പ്രശ്നമാണ്. ജെന്‍ഡര്‍ ഡിഫറന്‍സ് ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ ഇന്റലക്ച്വല്‍ ലെവലില്‍, ക്രിയേറ്റീവ് ലെവലില്‍ ഒന്നും വ്യത്യാസം  വരുന്നില്ല, അവസരം ലഭിക്കാതെ പത്തും പന്ത്രണ്ടും വര്‍ഷങ്ങളായി അലയുന്ന പുരുഷന്മാരുമുണ്ട്. അപ്പോ അവസരമാണ് പ്രശ്നം.

മാത്രമല്ല സിനിമ വര്‍ക്ക് ചെയ്യുന്നത് വേറൊരു  രീതിയിലാണ്‌. പാരലല്‍ മേയ്ക്കിങ്ങില്‍ പോലും ആ രീതിയാണ്. സമയത്തിനൊന്നും ഒരു കണക്കില്ല അവിടെ. നമ്മുടെ ഒരു സോഷ്യല്‍ സ്ട്രക്ച്ചറില്‍ അത് സ്ത്രീകള്‍ക്ക് എത്രത്തോളം സാധ്യമാണ് എന്നുള്ളതാണ്. എട്ടുമണിക്കു മുന്‍പ് വീട്ടില്‍ കേറി എന്നൊക്കെയുള്ള  കണ്ടീഷനിങ് ഇതുവരെ പൂര്‍ണമായി മാറിയിട്ടില്ല.

ഒരു സര്‍ക്കാര്‍ ജോലി പോലെയല്ല ക്രിയേറ്റീവ് ജോലികള്‍. കുടുംബം, സമൂഹം ഒക്കെ അത് എത്രത്തോളം അംഗീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്‍റെ വിജയം. എത്രത്തോളം നമ്മളില്‍ മുഴുകി ഇരിക്കാന്‍ പറ്റുന്നു എന്നുള്ളതാണ്. സമയമെന്ന ലക്ഷ്വറി ആ കാര്യത്തില്‍ പുരുഷന്മാര്‍ക്ക് കൂടുതലുണ്ട്. അത്രത്തോളം മള്‍ട്ടി ടാസ്കിങ് സ്ത്രീകള്‍ ചെയ്യുന്നുണ്ട്. മുഴുവനായും ഫ്രീ ആയിട്ടുള്ള ഒരു പുരുഷനെയും പകുതി ഫ്രീ ആയിട്ടുള്ള സ്ത്രീയെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ പോലും പറ്റില്ല. പ്രത്യേകിച്ചും സിനിമ പോലെയുള്ള ഫീല്‍ഡില്‍ ടെക്നിക്കല്‍ സ്കില്‍ നേടാനും അതിന്‍റെ പൂര്‍ണ്ണതയിലേക്ക് വളരാനുമൊക്കെ പുരുഷന് ലഭിക്കുന്നതിന്റെ പകുതി അവസരമേ സ്ത്രീകള്‍ക്ക് ലഭിക്കുന്നുള്ളൂ.

woman-film

സ്വന്തം കാഴ്ചപ്പാടിൽ ഒരു ആശയം രൂപപ്പെടുത്തി അത് ഒരു പ്രോജക്ട് ആക്കി മാറ്റാൻ നമ്മുടെ വ്യവസ്ഥാപിതമായ സിനിമാരീതിയിൽ സ്ത്രീകൾക്ക് അനുകൂലമായ അവസരങ്ങൾ ഉണ്ടാകുന്നില്ല, പലപ്പോഴും സ്ത്രീകൾ ക്രിയാത്മകമായ അടയാളപ്പെടുത്തലുകൾ നടത്താൻ കഴിയാതെ മാറ്റി നിര്‍ത്തപ്പെടുന്നു. ഈ ന്യൂനത തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു ആശയത്തിന്‍റെ സാക്ഷാത്കാരമാണ് ഡിവോഴ്‌സ് എന്ന സിനിമ.

ചിത്രത്തില്‍ കെപിഎസി ലീല, പി ശ്രീകുമാര്‍, അമലേന്ദു, ചന്തു നാഥ്, പ്രിയംവദ കൃഷ്ണന്‍, മണിക്കുട്ടന്‍, അഖില നാഥ്, ദേവേന്ദ്ര നാഥ്, ശിബ്ല ഫറ, അശ്വതി ചാന്ദ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, സുരേഷ്‌കുമാര്‍, ജോളി ചിറയത്ത്, ഇഷിത, അരുണാംശു എന്നീവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം-വിനോദ് ഇല്ലമ്പിള്ളി, എഡിറ്റര്‍- ഡേവിസ് മാനുവല്‍, അസോസിയേറ്റ് ഡയറക്ടര്‍- വിശാഖ് ഗില്‍ബെര്‍ട്ട്, സംഗീതം- സച്ചിന്‍ ബാലു, കോസ്റ്റ്യം- ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ്- സജി കാട്ടാക്കട, ഗാനരചന- സ്മിത അമ്പു, സൗണ്ട് സൂപ്പര്‍വൈസര്‍- രാധാകൃഷ്ണന്‍ ശിവരാജന്‍, സൗണ്ട് മിക്‌സിങ്- അനൂപ് തിലക്, സൗണ്ട് ഡിസൈനേഴ്സ്- സ്മിജിത്ത് കുമാര്‍ പി.ബി., ഷൈന്‍ ബി. ജോണ്‍, അസോഷ്യേറ്റ് മിക്‌സ് എൻജിനീയേഴ്സ്- ശങ്കര്‍ ദാസ് വി. സി., സതീഷ് ബാബു, ഫോളി എഡിറ്റര്‍- അഞ്ചല്‍ ഉല്ലാസ്, ഡബ്ബിങ് എൻജിനീയേഴ്സ്- സിജു വര്‍ഗ്ഗീസ്, അരുണ്‍ പ്രകാശ്, ശ്രീകുമാര്‍ മൂസാദ് അച്ചുത്ത്, ഫോളി ആര്‍ട്ടിസ്റ്റ്- സുരേഷ് കുമാര്‍, ലൊക്കേഷന്‍ സൗണ്ട്- സതീശന്‍ എംടി, അല്‍ അമീന്‍, സ്റ്റില്‍സ്- ഹരി തിരുമല, ഡിസൈന്‍- ലിനോജ് റിഡിസൈന്‍.

സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ബിരുദാനന്തരബിരുദം നേടിയ മിനി ഇരുപത്തിയഞ്ച് വർഷത്തോളമായി നാടകരംഗത്ത് പ്രവർത്തിക്കുന്നു. നാടകങ്ങൾ എഴുതുകയും ഇരുപത്തിയഞ്ചോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും അത്രതന്നെ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിൽ ലാൽജോസിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. പിന്നീട് ഇവൻ മേഘരൂപൻ എന്ന സിനിമയിൽ പി ബാലചന്ദ്രന്‍റെ സംവിധാന സഹായിയായി. റോസാപ്പൂ, മൂത്തോൻ, രണ്ടു പേർ ചുംബിക്കുമ്പോൾ എന്നിവയുൾപ്പെടെ ഏഴു സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

2010 ൽ ബ്രിട്ടിഷ് കൗൺസിലിന്റെ ചാൾസ് വാലസ് അവാർഡ് ലഭിച്ചു. ഒരു സ്പാനിഷ് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു. തെയ്യം, തിറ എന്നിവയുടെ ചമയത്തിന്റെ പഠനത്തിനും ഐടി മോഡലിങ് എന്ന സബ്ജക്ടിനും കേന്ദ്ര സർക്കാരിന്റെ ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.

English Summay: Interview With Mini K G

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA