sections
MORE

'ആക്രി എന്നു കേള്‍ക്കുമ്പോള്‍ എന്നെയാണ് ഓര്‍മ വരുന്നതെന്ന് പലരും പറയാറുണ്ട്': 'ജീവിതശയ്യ' ഒരുക്കിയ ലക്ഷ്മി: 'വനിത വുമണ്‍ ഓഫ് ദി ഇയറിലേക്കുള്ള' ആ യാത്ര

lakshmi
ലക്ഷ്മി എൻ മേനോൻ
SHARE

കോവിഡ് മഹാമാരിയില്‍ ലോകം നടുങ്ങിയപ്പോള്‍ സമൂഹത്തിനു വേണ്ടി, സമൂഹത്തെ ഒപ്പം കൂട്ടി, ക്രിയാത്മകവും ശക്തവുമായ ആശയങ്ങള്‍ ആവിഷ്കരിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേര്‍ന്ന ലക്ഷ്മി എന്‍ മേനോനാണ് വനിത വുമണ്‍ ഓഫ് ദി ഇയര്‍. കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ‘ശയ്യ’ മെത്തയുണ്ടാക്കി  അതിജീവനത്തിന്റെ മാതൃകതീര്‍ത്ത ലക്ഷ്മി വനിത വീട് മാഗസിനോട് തന്‍റെ സ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ചുവടെ വായിക്കാം... 

ഗൂഗിളിൽ ആക്രിയോളജി എന്നു സെർച്ച് ചെയ്താൽ തെളിയുന്നത് ‘പ്യുവർ ലിവിങ്ങിന്റെ’ വെബ്സൈറ്റാണ്. പ്യുവർ ലിവിങ്ങിന്റെ അമരക്കാരി ലക്ഷ്മി മേനോനെ നമ്മളെല്ലാം അറിയും.കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയിൽ തകർന്നു പോയ ചേന്ദമംഗലം കൈത്തറിക്ക് ചേക്കുട്ടി പാവയിലൂടെ പുതുജീവൻ നൽകി ലക്ഷ്മി. സാന്റ്ഫ്രാൻസിസ്കോയിലെ ആർട് ഗ്യാലറിയിൽ ആർട്ടിസ്റ്റായിരുന്ന ലക്ഷ്മി പ്രായമായ അമ്മയ്ക്കും അമ്മൂമ്മയ്ക്കും തുണയായാണ് നാട്ടിലെത്തുന്നത്. അമ്മൂമ്മമാരുണ്ടാക്കുന്ന അമ്മൂമ്മത്തിരി, വിത്തുകളൊളിപ്പിച്ച പെൻ വിത് ലവ് എന്ന പേപ്പർ പേന തുടങ്ങി ലക്ഷ്മി തുടങ്ങിയ സംരംഭങ്ങളെല്ലാം വൻവിജയമായി.

ഇപ്പോഴിതാ കോവിഡ് കാലത്ത് പിപിഇ കിറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് ‘ശയ്യ’ മെത്തയുണ്ടാക്കി വീണ്ടും അതിജീവനത്തിന്റെ മാതൃകയുമായി ലക്ഷ്മി മുന്നോട്ടെത്തിയിരിക്കുകയാണ്. ഇന്റീരിയർ, ജ്വല്ലറി, ഫാഷൻ, ഹാൻഡിക്രാഫ്റ്റ് ഡിസൈനിങ് ആണ് ഈ ഹോംസയൻസ് ബിരുദധാരിയുടെ പ്രഫഷൻ. സാമൂഹ്യ സംരംഭകയായി മാറുന്നത് ഇഷ്ടം കൊണ്ടാണ്.

എന്താണ് ശയ്യ?

പിപിഇ കിറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്നുണ്ടാക്കുന്ന മെത്തകളാണ് ശയ്യ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കുമ്പോൾ മെത്തകളുടെ ദൗർലഭ്യവും സാമ്പത്തിക പ്രയാസവും ശ്രദ്ധയിൽപെട്ടു. അങ്ങനെയാണ് അമ്മയെയും അടുത്തുള്ള വീട്ടമ്മമാരെയും കൂട്ടി മെത്ത നിർമാണം തുടങ്ങിയത്. രണ്ടര കിലോ അവശിഷ്ടത്തിൽ നിന്ന് ആറ് അടി നീളവും രണ്ടരയടി വീതിയുമുള്ള കിടക്ക ഉണ്ടാക്കാം. ആർക്കും നിർമാണം പഠിപ്പിച്ചു നൽകും.  

പിപിപിഇ കിറ്റിന്റെ ചെറുകിട നിർമാതാക്കളെ വിളിച്ചപ്പോൾ ഒരിടത്തു തന്നെ ആറ് ടൺ വേസ്റ്റ് ഉണ്ട്. അപ്പോൾ ഒരുദിവസം 20,000 പിപിഇ കിറ്റ് വരെ നിർമിക്കുന്ന വലിയ കമ്പനികളുടെ കാര്യം പറയണോ? പ്ലാസ്റ്റിക്  അടങ്ങിയിട്ടുള്ളതിനാൽ ഇവ കത്തിക്കാനും പറ്റില്ല. ശയ്യ വഴി അപ്സൈക്ക്ലിങ്ങിനൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പറ്റും.

lakshmi2

അമ്മൂമ്മത്തിരിയിൽ നിന്നാണല്ലോ തുടക്കം?

അതെ. മഴയുള്ള ഒരു ദിവസം അമ്മൂമ്മയെ അടക്കിയിരുത്താനായി കുറച്ചു തിരികൾ ഉണ്ടാക്കാൻ നൽകി. അമ്മൂമ്മ ഏകാഗ്രതയോടെയും പ്രാർഥനയോടെയും അതു ചെയ്യുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി. അമ്മൂമ്മ തിരിച്ച തിരിയായതു കൊണ്ട് അമ്മൂമ്മത്തിരി എന്നു പേരിട്ട്, ചുമ്മാതിരിക്കാതെ ചുമ്മാ തിരിച്ചത് എന്ന് ടാഗ്‌ലൈനും കൊടുത്തു. ഒരിക്കൽ ഒരു വൃദ്ധസദനത്തിലെ സന്ദർശനത്തിനിടയിൽ അവിടത്തെ അമ്മൂമ്മമാർക്കും ചെറിയ സാമ്പത്തിക സാതന്ത്ര്യം നൽ‌‌കണമെന്ന ആഗ്രഹത്തിൽ നിന്ന് അത് വൃദ്ധസദനത്തിലെ അമ്മൂമ്മമാരിലേക്കും വ്യാപിപ്പിച്ചു.

അടുത്ത പദ്ധതികൾ?

lakshmi3

പല പ്രോജക്ടുകളും നടക്കുന്നുണ്ട്.  ഈ ലോക്ഡൗണിൽ തന്നെ ആരംഭിച്ച സംഭാഷണം –some random talks അത്തരത്തിലൊന്നാണ്. സംസാരത്തിലൂടെ ഭാഷ പഠിപ്പിക്കുന്ന പദ്ധതിയാണിത്. ഇംഗ്ലിഷും ഹിന്ദിയും അറിയാവുന്നവർ അവ നന്നായി വശമില്ലാത്തവരോടു ഫോണിലൂടെ സംസാരിച്ച് ഭാഷാവൈദഗ്ധ്യം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ ആർക്കും പങ്കാളികളാകാം. മറ്റൊന്ന് ഈ പ്രതിസന്ധി ഘട്ടത്തിൽ ആർട്ടിസാൻസിനെ സഹായിക്കാൻ വേണ്ടി രൂപം കൊണ്ട ക്രിയേറ്റിവ് ഡിഗ്നിറ്റി എന്ന ദേശീയ സംഘടനയുടെ ഭാഗമായി കേരളത്തെ പ്രതിനിധീകരിച്ച്  കഥകളി പാവകൾ ചെയ്യുന്നു. കഥകിളി എന്നൊരു ഫിംഗർ പപ്പറ്റ് സീരിസും ചെയ്യുന്നുണ്ട്.

കോവിഡ് കാലത്തുതന്നെ ഉരുത്തിരിഞ്ഞതാണല്ലോ കോ–വീട് പദ്ധതി ? കോവിഡ് മൂലം ഏറ്റവുമധികം പ്രയാസം നേരിടുന്നത് ദിവസക്കൂലിക്കാരാണ്. അവർക്കു വേണ്ടി എന്തു ചെയ്യാം എന്ന ആലോചനയിൽ നിന്നാണ് കോ–വീട് ഉരുത്തിരിയുന്നത്. കാർഡ്ബോർഡ് കൊണ്ട് ചെറിയ വീട് ഉണ്ടാക്കി അതിനുള്ളിൽ അരിയും മറ്റു ധാന്യങ്ങളും നിക്ഷേപിക്കുന്ന പദ്ധതിയാണത്. ലോക്ഡൗൺ തുടങ്ങിയ ദിവസം മനസ്സിൽ തോന്നിയതാണിത്. ലോക്ഡൗൺ തീരുമ്പോഴേക്കും ആവശ്യക്കാരെ സഹായിക്കാനുള്ള ധാന്യങ്ങൾ ശേഖരിക്കാൻ പറ്റും. വീട് ഉണ്ടാക്കാനുള്ള രീതികൾ അപ്‌ലോഡ് ചെയ്തിരുന്നു.  ആവശ്യക്കാർക്ക് ടെംപ്ലേറ്റ് ഡൗൺലോഡ് ചെയ്ത് കോ–വീട് നിർമിക്കാം. ആ പദ്ധതി പിന്നീട് ചെന്നൈയിലെ ഹെറിറ്റേജ് മ്യൂസിയമായ ദക്ഷിൺചിത്ര ഏറ്റെടുത്തു.

എങ്ങനെയാണ് ഓരോ പ്രോജ്ക്ടിനും ഇത്രയും മനോഹരമായ പേരുകൾ കണ്ടെത്തുന്നത്? കുഞ്ഞുണ്ണിക്കവിതകളുടെ വലിയ ആരാധികയാണ് ഞാൻ. അത് പരോക്ഷമായി സ്വാധീനിക്കുന്നതാവാം. ലക്ഷ്മിയുടെ പ്രവർത്തനങ്ങളിൽ അധികവും റീസൈ‌ക്ക്ലിങ്ങിൽ ഊന്നിയുള്ളതാണല്ലോ? അപ്സൈക്ലിങ് എന്നു പറയുന്നതാവും കൂടുതൽ ശരി. ഭൂമിക്കായും സമൂഹത്തിനായും നമുക്കെന്തു ചെയ്യാൻ പറ്റും എന്നാണ് ഞാൻ എപ്പോഴും ആലോചിക്കുന്നത്. അഗസ്ത്യ മരത്തിന്റെ വിത്ത് ഒളിപ്പിച്ച പേപ്പർ പേനയൊക്കെ അങ്ങനെയുണ്ടായതാണ്. പഴയ പ്ലാസ്റ്റിക് പേനകൾ ശേഖരിക്കാൻ പെൻ ഡ്രൈവ് എന്നൊരു ക്യാംപെയ്ൻ നടത്തി. 6,50,000 പഴയ പേനകളാണ് ലഭിച്ചത്. കൊച്ചി ബിനാലെയിൽ ആ പേനകളുപയോഗിച്ച് ഇമ്മിണി ബല്യ ഒന്ന് എന്ന പേരിൽ സ്ഥിരമായ ഇൻസ്റ്റലേഷൻ  സൃഷ്ടിച്ചിരുന്നു. അപ്സൈക്ലിങ്ങും റീസൈക്ക്ലിങ്ങും വഴി കുറ‍ഞ്ഞ ചെലവിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനാണ് ശ്രമം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA