ADVERTISEMENT

‘ആ രാത്രി എനിക്കുറങ്ങാനായില്ല. എന്റെ ‌കുഞ്ഞുങ്ങൾ എങ്ങനെയാണ് ആ കൂരയിൽ അന്തിയുറങ്ങുന്നത്? എങ്ങനെയാണ് അവർക്ക് സുരക്ഷയൊരുക്കേണ്ടതെന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.’–  തോപ്പും പടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ലിസി ചക്കാലയ്ക്കലിന്റെ വാക്കുകളാണിത്. സ്കൂളിലെ പലകുട്ടികളുടെയും വീടുകള്‍ സന്ദർശിച്ചപ്പോൾ കണ്ട കാഴ്ച ഈ അധ്യാപികയെ എത്തിച്ചിത് സാധാരണക്കാരന് സുരക്ഷിതഭവനം ഒരുക്കുന്ന ‘ഹൗസ് ചലഞ്ച്’ പദ്ധതിയിലെക്കാണ്. പാവങ്ങളുടെ കണ്ണീരൊപ്പിയ സിസ്റ്ററുടെ നേതൃത്വത്തില്‍ ഇതുവരെ നിർമിച്ചത് 150 വീടുകൾ. അശരണരായ കുറച്ചു മനുഷ്യർക്ക് സഹായം നൽകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യവും സ്കൂൾ കേന്ദ്രീകരിച്ച് നടത്തുന്ന സന്നദ്ധപ്രവർത്തനങ്ങളും ഈ വനിതാ ദിനത്തിൽ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് സിസ്റ്റർ.

‘ഒരുവ്യക്തിയിലൂടെ ഒരു കുടുംബവും കുടുംബത്തിലൂടെ സമൂഹവും പുരോഗമിക്കണം എന്ന ലക്ഷ്യത്തിലൂടെയാണ് ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെയുള്ള സമൂഹ്യ പരിഷ്കരണമാണ് സ്കൂൾ നടപ്പാക്കുന്ന ഹൗസിങ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീ ശാക്തീകരണത്തിനാണ് മുൻഗണന. ആരും സഹായിക്കാനില്ലാത്തവരുടെ ഇടയിലേക്ക് ഇറങ്ങി അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരിക എന്നതാണ് ലക്ഷ്യം.’– സിസ്റ്റർ ലിസി ചക്കാലയ്ക്കൽ തങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ച് പറഞ്ഞു തുടങ്ങി.

ചോരുന്ന വീട്ടിലുറങ്ങുന്ന പെൺമക്കൾ

home1

പശ്ചിമ കൊച്ചിയിലേക്ക് എത്തിയപ്പോൾ എനിക്ക് എന്തു ചെയ്യാൻ കഴിയും എന്ന് ചിന്തിച്ചു. നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ലായിരുന്നു എന്റെ വിദ്യാഭ്യാസ രീതി. മറ്റുളളവർക്ക് സഹായമാകുന്ന രീതിയിൽ പ്രവർത്തിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയായിരുന്നു ലക്ഷ്യം. കുട്ടികളെ അറിയുന്നതിന്റെ ഭാഗമായി അവരുടെ വീടുകൾ സന്ദർശിക്കാൻ തീരുമാനിച്ചു. പശ്ചിമകൊച്ചിയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ഒരു സ്ഥലമാണ് ചെല്ലാനം പഞ്ചായത്ത്. ചെല്ലാനം പഞ്ചായത്തിൽ നിന്നും നിരവധി കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് എത്തുന്നുണ്ട്. അവരുടെ ഭവനങ്ങൾ സന്ദർശിച്ചപ്പോഴാണ് പലരും സ്കൂളിൽ കാണുന്നതു പോലെയല്ല അവരുടെ ജീവിത സാഹചര്യങ്ങൾ എന്ന് വ്യക്തമായത്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത സാഹചര്യങ്ങളിൽ നിന്നാണ് കുട്ടികൾ വരുന്നത്. ആ കാഴ്ച എന്നെ ഞെട്ടിക്കുകയയും വേദനിപ്പിക്കുകയും ചെയ്തു. വളരെ ക്ലേശകരമായ സാഹചര്യങ്ങളിൽ നിന്നാണ് അവർ വരുന്നത്. മഴപെയ്താൽ ഉറങ്ങാൻ കഴിയാതെ ഇരിക്കുന്ന നിരവധി കുട്ടികളുണ്ട്. കൊച്ചിയെ സംബന്ധിച്ചിടത്തോളം ചൂടും കൊതുകും എല്ലാമായി അന്തിയുറങ്ങാന്‍ കഴിയാത്ത അവസ്ഥയിലുള്ള കുട്ടികളുണ്ടെന്നു മനസ്സിലായി. 

പലവീടുകളും ഫ്ലക്സോ പ്ലാസ്റ്റിക് ഷീറ്റോ കൊണ്ട് മറച്ചതായിരിക്കം. പെൺകുട്ടികൾക്ക് ഒരു സ്വകാര്യതയും ലഭിക്കുന്നില്ല. അച്ഛനോ സഹോദരനോ മദ്യപിച്ച് വന്ന് കാണിക്കുന്നതെല്ലാം ഈ പെൺകുട്ടികൾ കാണുകയാണ്. ആർത്തവ സമയത്തൊക്കെ അൽപം സ്വസ്ഥമായി കിടന്നുറങ്ങണമെന്ന് നമ്മുടെ പെൺകുട്ടകൾ ആഗ്രഹിക്കില്ലേ. ഈ ഒറ്റമുറി വീട്ടിൽ അവർക്ക് അതിന് സാധിക്കില്ല. അവർ അനുഭവിക്കുന്ന ദുരിതങ്ങൾ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അത്തരം സ്ത്രീകളെകുറിച്ചും പെൺകുട്ടികളെ കുറിച്ചുമാണ് നമ്മൾ ചിന്തിക്കേണ്ടത്.

സുരക്ഷിത ഭവനമെന്ന സ്വപ്നം

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന് വേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. ഭക്ഷണം, പാർപ്പിടം, വസ്ത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ആരും വസ്ത്രമില്ലാതെ നടക്കുകയോ പട്ടിണി കിടന്ന് മരിക്കുകയോ ചെയ്യുന്നില്ല. എന്നാൽ മൂന്നാമത്തെ കാര്യമായ സുരക്ഷിതമായ പാർപ്പിടം ഇപ്പോഴും പലർക്കും അന്യമാണ്. അന്തിയുറങ്ങാൻ സുരക്ഷിതമായ വീട് ഏത് വ്യക്തിയുടെയും സ്വപ്നമാണ്. എത്രയോ പേർ അതിന് സാധിക്കാതെ മരിച്ചു പോകുന്നുണ്ട്. കുട്ടികൾക്ക് ആദ്യം വേണ്ടത് സുരക്ഷിതമായ അടിസ്ഥാന സൗകര്യമാണ്. വീടിന്റെ സുരക്ഷിതത്വം ഉണ്ടെങ്കിൽ മാത്രമാണ് അവരെ ആത്മവിശ്വാസമുള്ള കുട്ടികളാക്കി മാറ്റാൻ സാധിക്കൂ എന്നെനിക്ക് ബോധ്യമായി. അടിസ്ഥാന സൗകര്യമില്ലാത്ത ഇടങ്ങളില്‍ നിന്ന് വരുന്നത് അവരുടെ വ്യക്തിത്വ വികസനത്തെ ബാധിക്കും. ആണ്‍കുട്ടികൾ ഇതില്‍ നിന്ന് രക്ഷനേടാനായി ലഹരിയെ ആശ്രയിക്കും. പെൺകുട്ടികളാകട്ടെ പാഠ്യ–പാഠ്യേതര പ്രവർത്തനങ്ങളിൽ പിന്നോട്ട് പോകുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഓരോ കുഞ്ഞിന്റെയും അവകാശമാണെന്ന് മനസ്സിലാക്കി അതിലേക്ക് പോകുകയായിരുന്നു.

ഇരകളാകുന്ന അമ്മമാരും പെൺമക്കളും

ജീവിത സാഹചര്യം കൊണ്ട് വീട്ടിലെ പുരുഷന്മാർ ചിലപ്പോൾ മദ്യപാനികളും ലഹരിക്ക് അടിമകളുമാകുന്നു. ജീർണിച്ച വീട്ടിൽ മദ്യപിച്ചു വന്നാലേ ഈ കൊതുകുകടിയും കൊണ്ട് ഉറങ്ങാൻ സാധിക്കൂ. അവരെ നമുക്ക് കുറ്റം പറയാൻ സാധിക്കില്ല. അവരുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താൻ നമ്മൾ തയാറാകണം. ഇതിന്റെ എല്ലാം ഇരകളായി മാറുന്നതാകട്ടെ ആ വീട്ടിലെ സ്ത്രീകളും. ഒരു പെൺകുട്ടി ഈ സാഹചര്യത്തിൽ ജനിച്ചു വീണാൽ അവളുടെ ജീവിതം തന്നെ ദുരിതപൂർണമാകുന്നു. മദ്യപാനിയുടെ മകളും സഹോദരിയുമായി ജീവിക്കേണ്ടി വരുന്നവൾ മദ്യപാനിയുടെ ഭാര്യ കൂടി ആകേണ്ടി വരുന്ന അവസ്ഥ വളരെ ദയനീയമാണെന്നത് പല വീടുകളിൽ ചെന്നാൽ നമുക്ക് ബോധ്യമാകും. മരണം വരെ സ്ത്രീകൾക്ക് ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകേണ്ടി വരുന്നു. ഈ അവസ്ഥ തരണം ചെയ്യാൻ എന്തു ചെയ്യണം എന്നാലോചിച്ചപ്പോഴാണ് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടണമെന്ന് മനസ്സിലായത്. 

key-change

സിസ്റ്റത്തെ പഴിചാരി എത്രകാലമാണ് നമുക്ക് രക്ഷപ്പെടുക. ഇരുട്ടുള്ളയിടത്ത് നമ്മളാൽ കഴിയുന്ന രീതിയിൽ ഒരു ചെറുതിരിയെങ്കിലും തെളിയ്ക്കുക എന്ന ചിന്ത എനിക്കുള്ളിൽ മുളപൊട്ടി. ഒരു കുടുംബത്തിന്റെ എങ്കിലും കണ്ണീരൊപ്പാൻ സാധിച്ചെങ്കിൽ എന്ന ചിന്തയിൽ അവരുടെ ജീവിത യാഥാർഥ്യങ്ങളിലേക്ക് ഞാൻ ഇറങ്ങിച്ചെന്ന് അവരുടെ നൊമ്പരങ്ങള്‍ എന്റെ നൊമ്പരങ്ങളാക്കി ഉൾക്കൊണ്ടു. പ്രശ്നത്തിൽ പ്രതികരിക്കുന്നതിനു പകരം അതു പരിഹരിക്കുകയാണു വേണ്ടതെന്ന് ചിന്തിച്ചു. അതിന്റെ ഭാഗമായി ആദ്യമായി മദ്യത്തിനും മയക്കുമരുന്നിനും എതിരെ പശ്ചിമ കൊച്ചിയിൽ വലിയ രീതിയിലുള്ള ബോധവത്കരണം നടത്താൻ തീരുമാനിച്ചു. എന്നാല്‍ അത്തരം ക്ലാസുകളെല്ലാം വച്ചാലും നമ്മൾ ഉദ്ദേശിക്കുന്ന വിഭാഗം എത്തണമെന്നില്ല. അവിടെയും വീടുകളിൽ നിന്ന് അമ്മമാരും പെൺകുട്ടികളും മാത്രമാണ് എത്തിയത്. അതിനൊരു പരിഹാരമെന്നോണം  അവരിലേക്ക് ഇറങ്ങിച്ചെല്ലാൻ തീരുമാനിച്ചു. 

തുടക്കം സഹപാഠിക്കൊരു ഭവനം

home3

സ്കൂളിലെ പ്ലാറ്റിനം ജൂബിലി വന്നപ്പോൾ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നു തോന്നി.  അര്‍ഥമില്ലാതെ ആഘോഷങ്ങൾ നടത്തിയിട്ടു കാര്യമില്ല. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒരു കുട്ടിക്ക് ഒരു വീടെങ്കിലും നിർമിച്ചു നൽകണം. അതായിരിക്കണം നമ്മുടെ ജൂബിലി സ്മാരകം. പക്ഷേ, ഇത് എങ്ങനെ സാധിക്കുമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. എന്നാലും ആ ദൃഢനിശ്ചയവുമായി മുന്നോട്ടു പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷേ, ഒരു പെൺകുട്ടിയെ മാത്രം എങ്ങനെ തിരഞ്ഞെടുക്കും എന്നതായിരുന്നു അടുത്ത പ്രശ്നം. അങ്ങനെ ഇരിക്കുമ്പോൾ എന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അച്ഛൻ മരിച്ചു.ഞങ്ങൾ ആ വീട് സന്ദർശിച്ചു. ആ വീടിന്റെ അവസ്ഥ ദയനീയമായിരുന്നു. മൂന്നു കുടുംബങ്ങൾ ഒരു വീട്ടിൽ താമസിക്കുന്നുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയും അഞ്ചാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയും അച്ഛനും അമ്മയും ഒരേ റുമിൽ തന്നൊണ് അന്തിയുറങ്ങുന്നത്. കൽപണിക്കാരനായിരുന്നു അദ്ദേഹം. മഴ പെയ്ത് വീട് ചോര്‍ന്നപ്പോൾ അത്  പരിഹരിക്കാൻ വേണ്ടി കട്ടില‍ിൽ‍ കയറിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു. പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായി സ്വന്തമായി ഒരു വീടുണ്ടാകുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. ആ സ്വപ്നം നിറവേറ്റാൻ സാധിക്കാതെയാണ് അദ്ദേഹം പോയത്. എങ്കിൽ ആദ്യം ആ അമ്മയ്ക്കും മക്കൾക്കും സുരക്ഷിതമായ ഒരു വീടൊരുക്കാൻ തീരുമാനിച്ചു. അതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പലരും ഞങ്ങളെ സഹായിച്ചു. അങ്ങനെ മരിച്ച വ്യക്തിയുടെ മൂത്ത സഹോദരനെ വിളിച്ച് 30 ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞ ശേഷം അവർക്ക് വീട് നിർമാണത്തിനായുള്ള ശിലാസ്ഥാപനം നടത്തണമെന്ന് ഞാൻ പറഞ്ഞു. വീടു നിർമാണത്തിനായി എന്റെ കയ്യിൽ പണം ഉണ്ടായിരുന്നില്ല. അങ്ങനെ സഭയിലെ ഒരു വൈദികനെ സമീപിച്ച്  അദ്ദേഹത്തോട് കാര്യം പറഞ്ഞു. എന്റെ കുട്ടിയുടെ അച്ഛൻ മരിച്ചു അവർക്ക് ഒരു വീടുവേണം എന്ന് അദ്ദേഹത്തോട് പറഞ്ഞു.  എന്റെ നിർബന്ധത്തിന് വഴങ്ങി അദ്ദേഹം 25000 രൂപ കടമായി നൽകി. സ്കൂളിന്റെ മാനേജരും 25000 രൂപ നൽകി. അങ്ങനെ ആദ്യമായി അരലക്ഷം രൂപയുമായി ഞങ്ങൾ ആ വീട്ടിലേക്ക് പോയി. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസത്തില്‍ വീടിന് തറക്കല്ലിടണമെന്നു പറഞ്ഞ് ആ പണം ഞാൻ അദ്ദേഹത്തിന്റെ സഹോദരനെ ഏൽപിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അവരാൽ കഴിയുന്ന സഹായവുമായി എത്തി. ഓരോരുത്തരോടും പത്തു രൂപയായും 100 രൂപയായും അക്ഷരാർഥത്തില്‍ യാചിച്ചാണ് ഞങ്ങൾ ആ വീടിന്റെ പണി പൂർത്തിയാക്കിയത്. അതായിരുന്നു ആദ്യമായി നിർമിച്ചു നൽകിയ ഭവനം.

ഈ വീട് പണി പൂർത്തിയാക്കിയാക്കിയപ്പോൾ ഞങ്ങൾക്ക് 25000 രൂപയോളം ബാക്കിയുണ്ടായി. അതുപയോഗിച്ച് അടുത്ത വീടിനു തറക്കല്ലിട്ടു. അങ്ങനെയാണ് 150ഓളം വീടുകൾ നിർമിച്ചത്. ഈ വനിതാ ദിനത്തിലും രണ്ട് വീടുകളുടെ താക്കോല്‍ കൈമാറുന്നുണ്ട്. ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥികളാണ് അവർ. ഇതിനായി സർക്കാരും സന്നദ്ധ സംഘടനങ്ങളും ഇപ്പോൾ സഹായം നൽകുന്നുണ്ട്. 

ഭവനരഹിതരില്ലാത്ത കേരളമാണ് സ്വപ്നം

ഭവനരഹിതരില്ലാത്ത ഒരു കേരളമാണ് നമ്മൾ കാണുന്ന സ്വപ്നം. അതിന്റെ സാക്ഷാത്കാരത്തിലേക്കാണ് ഈ 150ഓളം വീടുകൾ നമ്മൾ നിർമിച്ചത്. ഒന്നുമില്ലാത്ത എനിക്ക് ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവർക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും. നമ്മൾ മുന്നിട്ടിറങ്ങിയാൽ ധാരാളം സുമനസ്സുകൾ സഹായ ഹസ്തവുമായി എത്തുമെന്നത് ഞങ്ങളുടെ അനുഭവമാണ്. ‘സഹപാഠിക്കൊരു ഭവനം’ എന്ന രീതിയിലാണ് ഞങ്ങൾ ഈ പദ്ധതി ആവിഷ്കരിച്ചതെങ്കിലും പിന്നീട് ജാതി മത ഭേദമന്യേ നിരവധി പേർക്ക് പാർപ്പിട സൗകര്യമൊരുക്കാൻ സാധിച്ചു. അതെല്ലാം സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു. എങ്ങനെ ഭവനരഹിതരില്ലാത്ത കേരളം സാധ്യമാകുമെന്ന് ചിന്തിച്ച് ഞങ്ങൾ ഒരു ശൈലി തന്നെ രൂപപ്പെടുത്തി എടുത്തു. പണമായി മാത്രമല്ല, ഓരോരുത്തരും തങ്ങളാൽ കഴിയുന്ന ജോലികൾ ചെയ്തും ഞങ്ങളെ സഹായിച്ചു. കൂലിപ്പണിക്കാർ മുതൽ വ്യവസായികൾ വരെ ഞങ്ങളെ സഹായിക്കാനായി എത്തി. സ്കൂളിലെ വിദ്യാർഥിനികൾ അവരാൽ കഴിയുന്ന രീതിയിൽ സഹായിച്ചു. ഒരു രൂപയെങ്കിലും അവർ ഈ പദ്ധതിയിലേക്ക് നൽകും. അപ്പോൾ അവർക്ക് പറയാമല്ലോ. ഞാൻ ഒരു രൂപകൊണ്ട് ഒരു വീട് നിർമിച്ചു എന്ന്. പൂർവ അധ്യാപകരും പൂർവ വിദ്യാർഥികളും എന്നു വേണ്ട സമൂഹത്തിന്റെ നാനാതുറയിലുള്ളവർ ഞങ്ങൾക്ക് സഹായവുമായി എത്തി.

land

സ്ത്രീകൾ മാത്രമാണ് ഈ പദ്ധതിയുടെ ഭാഗമായി ഉള്ളത്. സ്കൂളിലെ തന്നെ ലില്ലി പോൾ ടീച്ചറാണ് എല്ലാത്തിനും കൂടെ നിൽക്കുന്നത്. നമ്മുടെ പെൺകുട്ടികളുടെ സംരക്ഷണത്തിനായി സ്ത്രീകൾ തന്നെയായിരിക്കണം മുൻകൈയെടുക്കേണ്ടത്. അവർക്ക് ഭയമില്ലാതെ ഉറങ്ങാൻ സാധിച്ചാൽ അപ്പോഴാണ് കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടായി മാറുന്നത്. ഓരോ സ്ത്രീകളും ജ്വാലകളായി മാറാൻ കഴിയണം

ഭൂദാനം മഹാദാനം

കൊച്ചിയെ സംബന്ധിച്ചിടത്തോളം ഒരു പിടി മണ്ണു കിട്ടുക എന്നത് വലിയ കാര്യമാണ്. ചെല്ലാനത്ത് രണ്ട് മത്സ്യ തൊഴിലാളികൾ ഓരോ സെന്റ് ഭൂമി വീതം നൽകി. മൂന്ന് സെന്റ് ഭൂമിയിൽ നിന്നും ഒരു സെന്റാണ് അവരിലൊരാൾ നൽകിയത്. അങ്ങനെ മുക്കാൽ സെന്റിലും ഒരു സെന്റിലും എല്ലാം ഞങ്ങൾ വീടുകൾ നിർമിച്ചു. മുക്കാൽ സെന്റിൽ ഇരുനില വീടുകൾ നിർമിക്കാൻ തുടങ്ങിയപ്പോൾ ഒരു കുടുംബത്തിന് സമാധാനമായി ജീവിക്കാനുള്ള സൗകര്യമായി. ഇപ്പോൾ ഞങ്ങൾക്ക് സഹായമായി ഒരാൾ 72 സെന്റ് സ്ഥലം നൽകിയിട്ടുണ്ട്. ഞങ്ങൾ അത് ഏറ്റെടുത്ത് പതിനാറു കുടുംബങ്ങൾക്ക് വീടുവച്ചു നൽകാനാണ് ഉദ്ദേശിക്കുന്നത്. പെൺകുട്ടികളുള്ള വിധവകൾക്കാണ് വീടുകൾ നൽകാനുദ്ദേശിക്കുന്നത്. ഏകദേശം 12 വീടുകളുടെ പണി പൂർത്തിയായി. 

വീടുകൾ നിർമിച്ചു കൊടുക്കാനായി ഒരു ഡോക്ടർ കോട്ടയത്ത് 20 സെന്റ് സ്ഥലം നൽകി. ഹൗസ് ചലഞ്ചിന്റെ ഭാഗമായി ഭൂദാനം മഹാദാനം എന്ന പദ്ധതിക്കും ഞങ്ങൾ തുടക്കമിടുകയാണ്. കൂടുതൽ ഭൂമി ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുപാട് നന്മയുള്ളവർ നമ്മുടെ സമൂഹത്തിലുണ്ട്. അതു കണ്ടെത്തി ഇല്ലാത്തവർക്ക് സഹായമാകുന്ന ഒരു ഏജന്റായി പ്രവർത്തിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. വീട് വച്ചു നൽകുന്നതിലൂടെ നമ്മുടെ സമൂഹത്തില്‍ ഒരു സന്തുലിതാവസ്ഥയുണ്ടാക്കാൻ സാധിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയ്ക്കാനും ഇത് കാരണമാകുന്നു. ആരോഗ്യകരമായ സമൂഹത്തെ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. 

ഈ ദിനം വാളയാറിലെ പെൺകുട്ടികളെ ഓർക്കണം

lizzy-lilly
ലില്ലി പോളിനൊപ്പം സിസ്റ്റർ ലിസി

വാളയാറിലെ അമ്മയെ കുറിച്ചോർക്കാതെ ഈ വനിതാ ദിനം നമുക്ക് കടന്നു പോകാൻ സാധിക്കില്ല. തലമുണ്ഡനം ചെയ്ത ആ അമ്മയെയാണ് നമ്മൾ ഓർക്കേണ്ടത്. പെൺമക്കള്‍ക്ക് നീതിക്കായാണ് ആ അമ്മയുടെ പോരാട്ടം. അത് നമ്മൾ കാണാതെ പോകരുത്. കേരളത്തിലെ സകല വനിതകളും ആ അമ്മയ്ക്ക് ഐക്യദാർഢ്യവുമായി അവിടെ എത്തണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരരുതെന്ന് ഉറക്കെ പ്രഖ്യാപിച്ച് ഈ വനിതാദിനത്തിൽ നമ്മൾ തല മുണ്ഡനം ചെയ്ത് ഐക്യദാർഢ്യം പ്രഖ്യാപിക്കണം. അടച്ചുറപ്പുള്ള വീടുണ്ടായിരുന്നെങ്കിൽ ആ കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഓരോ വനിതാ ദിനവും സമൂഹത്തിലെ താഴേത്തട്ടിലുള്ള വനിതകളെ ഓർക്കാൻ കൂടിയുള്ളതാകണം. 

ഓരോവർഷം കഴിയുംതോറും നമ്മുടെ സ്ത്രീകളും കുട്ടികളും കൂടുതല്‍ മികച്ച ജീവിത സൗകര്യങ്ങൾ ലഭിക്കുന്നവരാകണം. അല്ലാതെ വനിതാ ദിനങ്ങളൊക്കെ വെറും പ്രഹസനങ്ങളായി മാറരുത്. നാലോ അഞ്ചോ ലക്ഷം ചിലവഴിച്ച് ഓരോ പ്രോഗ്രാം നടത്താറുണ്ട്. ആ ചിലവഴിക്കുന്ന പണത്തിന്റെ ഒരു വിഹിതം ഉണ്ടെങ്കിൽ എത്രയോ മനുഷ്യർക്ക് സുരക്ഷിതമായ പാർപ്പിടം ഒരുക്കാം. കൊച്ചിയുടെ വിവിധ മേഖലകളിൽ ദാരുണമായ പാർപ്പിട പ്രശ്നം അനുഭവിക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. ഇവിടെ എല്ലാം എന്തെങ്കിലും മാറ്റങ്ങൾ കൊണ്ടുവരാൻ നമുക്കു സാധിച്ചിട്ടുണ്ടോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. 

സാന്ത്വനമായി ചിറകറ്റ ശലഭങ്ങൾ

‘ചിറകറ്റ ശലഭങ്ങൾ’ എന്ന പേരിൽ കുട്ടികൾക്കായി മറ്റൊരു പദ്ധതി കൂടി ഞങ്ങൾ നടപ്പാക്കി. ശിഥിലമായ കുടുംബ പശ്ചാത്തലങ്ങൾ കുട്ടികളുടെ മനോനിലയെ സാരമായി ബാധിക്കും. പലപ്പോഴും അവരുടെ അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ട്. അച്ഛനമ്മമാർ വിവാഹമോചനം നേടുന്നതിലൂടെ കുട്ടികളുടെ ജീവിതത്തിൽ താളപ്പിഴകളുണ്ടാകുന്നു. അവർക്ക് ഇരുവരുടെയും സ്നേഹം നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. അച്ഛന്റെ കൂടെ പോകൂ, അമ്മയുടെ കൂടെ പോകൂ എന്നു കോടതി പറയുമ്പോൾ കുഞ്ഞുങ്ങളാണ് അനാഥരാക്കപ്പെടുന്നത്. ഉടുപ്പൂരിയിടുന്നതു പോലെയല്ലല്ലോ ഒരു ബന്ധം വിച്ഛേദിക്കുമ്പോൾ സംഭവിക്കുന്നത്. അവർക്ക് കുട്ടികളുണ്ടെങ്കിൽ ആ കുട്ടികളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത അച്ഛനമ്മമാർക്കുണ്ട്. അതും ഒരു മനുഷ്യ ജീവിയല്ലേ. കുഞ്ഞുങ്ങൾ എപ്പോഴും ഇരകളാണ്. കുഞ്ഞുങ്ങൾക്കു വേണ്ടി കുറച്ചുകാലം അച്ഛനമ്മമാർ ഒരുമിച്ചു തന്നെയുണ്ടാകണം. അവരെ ആത്മവിശ്വാസമുള്ളവരായി വളർത്തേണ്ടത് അച്ഛനമ്മമാരുടെ കടമയാണ്.– സിസ്റ്റർ പറയുന്നു. 

English Summary: Sister Lizzy Chakkalakal' House Challenge Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com