sections
MORE

വനിതാ മുഖ്യമന്ത്രി വരും എന്നാണ് പ്രതീക്ഷ; പെൺകുട്ടികൾ അല്‍പം നിഷേധികളായി വളരണം; മനസ്സു തുറന്ന് ആര്യ

SHARE

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആയി തിരുവനന്തപുരം മുടവൻമുകള്‍ സ്വദേശി ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്ത തീരുമാനം തെറ്റായില്ല എന്ന് ആര്യ തന്റെ പ്രവർത്തനം കൊണ്ട് തെളിയിക്കുകയാണ്.  തിരുവനന്തപുരം  ഓള്‍ സെയിൻ്റ്സ് കോളേജിലെ രണ്ടാം വര്‍ഷ ബിഎസ്‍‍സി ഗണിത വിദ്യാര്‍ഥിനിയായ ആര്യ പഠനത്തോടൊപ്പം മികച്ച പ്രവർത്തനമാണ് തിരുവനന്തപുരത്തിന്റെ മേയർ എന്ന നിലയിൽ കാഴ്ച വയ്ക്കുന്നത്. ജൻഡറിന്റെയോ പ്രായത്തിന്റെയോ പേരിൽ എവിടെയും മാറ്റി നിർത്തപ്പെട്ടിട്ടില്ലെന്നും പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചതുകാരണമാണ് തന്നെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും മേയർ ആര്യ പറയുന്നു. വനിതാ ദിനത്തിൽ ആര്യ മനോരമ ഓൺലൈനിന്‌ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്.

എത്ര പുരോഗമനം പറഞ്ഞാലും പെൺകുട്ടികൾ വീടകങ്ങളിൽ നിന്നും വിവേചനം നേരിടുന്നുണ്ട്. മുൻപ് ഒരു സിനിമാതാരം പറഞ്ഞത് വീട്ടിൽ വിളമ്പുന്ന വറുത്ത മീൻ കഷണത്തിൽ പോലും വിവേചനം പ്രകടമാണ് എന്നാണd. ആ അഭിപ്രായ പ്രകടനം മുന്നോട്ടു വയ്ക്കുന്ന വലിയൊരു രാഷ്ട്രീയമുണ്ട്. എങ്ങനെയായിരുന്നു ആര്യ വളർന്നു വന്ന സാഹചര്യം?

പെൺകുട്ടികൾ ഉറക്കെ സംസാരിക്കാൻ പാടില്ല, ശബ്ദമുണ്ടാക്കി ചിരിക്കാൻ പാടില്ല, അങ്ങനെയൊക്കെ കേൾക്കാറുണ്ട്, പക്ഷേ ഞാൻ വളർന്നു വന്ന ചുറ്റുപാടിലോ എന്റെ വീട്ടിലോ അങ്ങനെ ഉണ്ടായിട്ടില്ല.  എന്റെ വീട് ജനാധിപത്യ രീതി പുലർത്തിയിരുന്ന കുടുംബമായിരുന്നു.  അച്ഛനും അമ്മയും ചേട്ടനും ഞാനും അടങ്ങുന്ന കുടുംബത്തിൽ വിവേചനമോ മാറ്റിനിർത്താലോ ഉണ്ടായിട്ടില്ല.  അച്ഛനും അമ്മയും ഒരുമിച്ച് അടുക്കള ജോലികൾ ചെയ്യുന്നത് കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ ഒരു പിന്തുണ വീട്ടിൽ നിന്ന് കിട്ടിയതുകൊണ്ട് തന്നെയാണ് എനിക്ക് പൊതുപ്രവർത്തനത്തിൽ ഇറങ്ങാൻ കഴിഞ്ഞതും.

ഒരു നേതൃത്വസ്ഥാനം അലങ്കരിക്കാനുള്ള പ്രായം ആയിട്ടുണ്ടോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു.  കടന്നു വന്ന വഴികളിൽ പ്രായത്തിന്റെയോ ജെൻഡറിന്റെയോ പേരിൽ വിവേചനം നേരിട്ടിട്ടുണ്ടോ?

അങ്ങനെ ഉണ്ടായിട്ടില്ല.  പെൺകുട്ടികൾ മുൻനിരയിലേക്ക് കടന്നുവരണം എന്ന് നിഷ്കർഷിക്കുന്ന പ്രസ്ഥാനത്തിലാണ് ഞാൻ പ്രവർത്തിക്കുന്നത്.  പെൺകുട്ടികൾക്ക് സംരക്ഷണവും ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസവും നൽകി ഒന്നിലും മാറ്റി നിർത്താതെ ഇടപെടാൻ കഴിയണം എന്നുതന്നെയായിരുന്നു ബാലസംഘത്തിന്റെയും ആശയങ്ങൾ.  എന്റെ പ്രവർത്തനങ്ങളിൽ ഉടനീളം പ്രശംസ ഏറ്റുവാങ്ങിയാണ് ഞാൻ മുന്‍നിരയിലേക്ക് എത്തിയത്.  അതുകൊണ്ടു തന്നെ പെൺകുട്ടി എന്ന നിലയിലോ മറ്റേതെങ്കിലും കാരണം കൊണ്ടോ മാറ്റിനിർത്തപ്പെടുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി ഇതുവരെ പ്രവർത്തിച്ചിട്ടില്ല.  ഇത്തരം വലിയ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിഞ്ഞത് അതുകൊണ്ടാണ്.

arya-rajendran

ഞാൻ ഉന്നത സ്ഥാനങ്ങളിൽ എത്തിയാൽ സമൂഹത്തെ ആകെ മാറ്റിമറിക്കും എന്നൊക്കെ കുട്ടിയായിരിക്കുമ്പോൾ പലരും പറയാറുണ്ട്.  അങ്ങനെ ചിന്തിച്ചിട്ടുണ്ടോ?  അങ്ങനെ ഒരു സ്ഥാനത്ത് എത്തിയപ്പോൾ പറയുന്നതുപോലെ എളുപ്പത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയും എന്ന് തോന്നുന്നുണ്ടോ?  

ഞാൻ വളരുമ്പോൾ ഡോക്ടറാകും എൻജിനീയറാകും സയന്റിസ്റ് ആകും എന്നൊക്കെ ക്ലാസ്മുറികളിൽ കുട്ടികൾ പറയുന്നത് കേട്ടിട്ടുണ്ട്.   പക്ഷേ, കാലഘട്ടം മാറുന്നതിനനുസരിച്ച് ക്ലാസ് മുറികളിൽ ഞങ്ങൾ നല്ല മനുഷ്യരായി വളരും എന്നുപറയുന്ന കുട്ടികളാണ് ഉണ്ടാകേണ്ടത്.  പൊതുപ്രവർത്തനത്തിൽ മുഴുകണം എന്നാഗ്രഹിച്ചിരുന്ന ഒരു കുട്ടിയായിരുന്നു ഞാൻ.  കാരണം അച്ഛനുമമ്മയും സാധാരണക്കാരായ തൊഴിലാളികൾ ആയിരുന്നു.  അച്ഛൻ വിശ്വസിച്ചിരുന്ന പ്രസ്ഥാനം എന്നതിലുപരി നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ സംഘടനാപ്രവർത്തനം കരുത്തായിട്ടുണ്ട്.  പഠനം പൂർത്തിയാക്കി തൊഴിലിലേക്ക് പ്രവേശിക്കുമ്പോഴും, ജീവിതത്തിൽ ഏതു മേഖലയിൽ പ്രവർത്തിച്ചാലും ആ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടു പൊതുപ്രവർത്തനം നടത്തണം, സാധാരണക്കാരെ സഹായിക്കണം എന്നുള്ള വലിയ ലക്‌ഷ്യം എനിക്കുണ്ടായിരുന്നു.  ഒരു ഉത്തരവാദിത്തത്തിൽ നിൽക്കുമ്പോൾ ഇത് എനിക്ക് ചെയ്യാൻ സാധിക്കില്ല എന്ന് തോന്നിയിട്ടില്ല, മാറ്റങ്ങൾ ഉണ്ടാക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ് ആ ഉത്തരവാദിത്തത്തിൽ ഉറച്ചു നിന്നുകൊണ്ട് മാറ്റങ്ങൾക്കു കരണക്കാരാകുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ നീങ്ങുന്നത്, അതിലൊരു പ്രയാസമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല.

arya-rajendran-01

കേരളത്തിന്  ഒരു വനിതാ മുഖ്യമന്ത്രി എന്നത് ഇപ്പോഴും സ്വപ്നങ്ങളിൽ മാത്രം ഒതുങ്ങുകയാണ്.  ഈ വ്യവസ്ഥിതിയോടുള്ള പ്രതികരണം എന്ത്? 

തീർച്ചയായിട്ടും കേരളത്തിൽ നല്ല വനിതാ നേതാക്കൾ ഉണ്ടാകണം .  അതിനു മാതൃക തന്നെയാണ് നമ്മുടെ ആരോഗ്യ മന്ത്രിയും ഫിഷറീസ് മന്ത്രിയും.  കാലഘട്ടം മാറുന്നതിനനുസരിച്ചു കൂടുതൽ വനിതാ മന്ത്രിമാർ ഉണ്ടാകും.  ചരിത്രം മാറ്റി എഴുതുന്ന രീതിയിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകും എന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.  എല്ലാവര്ക്കും രാഷ്ട്രീയ രംഗത്ത് നല്ല അവസരങ്ങൾ ഉണ്ടാകണം.  ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനം അങ്ങനെ ഒരു മാതൃക പിന്തുടരുന്നതുകൊണ്ടു തന്നെയാണ് ഞാൻ ഇന്നിവിടെ മേയർ ആയി ഇരിക്കുന്നത്.

യുവജനങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നു എന്ന് പറയുമ്പോൾ അത് പുരോഗമനപരം ആണെങ്കിൽ കൂടി പഠിക്കേണ്ട സമയത്ത് പൊതുപ്രവർത്തനത്തിലേക്ക് വരുന്നത് അക്കാദമിക്ക് തലത്തിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ വരില്ലേ?

പഠിക്കുക എന്നുള്ളത് വലിയ ഒരു ലക്ഷ്യം തന്നെയാണ്.  പഠനത്തിന് വേണ്ടി രാഷ്ട്രീയമോ രാഷ്ട്രീയത്തിന് വേണ്ടി പഠനമോ കോമ്പ്രമൈസ് ചെയ്തിട്ടില്ല.  പഠിക്കുക എന്നുള്ളത് ഒരു വിദ്യാർഥിനി എന്ന നിലയിൽ എന്റെ ലക്ഷ്യമാണ്.  മാത്രമല്ല ഒരു മേയർ നല്ല വിദ്യാസമ്പന്ന ആയിരിക്കുക എന്നുള്ളത് ഒരു സമൂഹത്തിന്റെ കൂടി ആവശ്യമാണ്.  എന്നെ സംബന്ധിച്ച് ഭാവിയിൽ ഞാൻ എന്താകും എന്നുള്ളതിനേക്കാൾ നിലവിൽ ഞാൻ എന്താണ് ആ മേഖലയിൽ ഞാൻ എങ്ങനെ പ്രവർത്തിക്കുന്നു എന്നുള്ളതിൽ വലിയ ശ്രദ്ധകൊടുക്കാൻ ആഗ്രഹിക്കുന്നു .  മേയർ എന്ന നിലയിൽ പ്രവർത്തിച്ച് എല്ലാ ജനങ്ങളിലേക്കും എത്തിച്ചേർന്നു മാറ്റങ്ങൾ ഉണ്ടാക്കണം എന്നുള്ളതാണ് എന്റെ ലക്ഷ്യം.  പഠിക്കാൻ കഴിയുന്നതിന്റെ  അങ്ങേയറ്റം വരെ പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക എന്ന ആഗ്രഹം കൂടിയുണ്ട്.  ഒരു ലീഡർഷിപ്പ് ക്വാളിറ്റി എന്ന് പറയുന്നത് തന്നെ പല പ്രവർത്തനങ്ങൾ ഒരു തടസ്സവുമില്ലാതെ ഒരുമിച്ചു ചെയ്യുക എന്നുള്ളതാണ്.     പ്രസ്ഥാനത്തിൽ  പ്രവർത്തിക്കുന്നവർ എല്ലാം തന്നെ  സംഘടനാ പ്രവർത്തനത്തോടൊപ്പം പഠനവും നല്ല രീതിയിൽ കൊണ്ടുപോകണം എന്ന് നിഷ്കർഷിക്കാറുണ്ട്.  അതുകൊണ്ടു പൊതുപ്രവർത്തനം നടത്തുന്നത് പഠനത്തെ ബാധിക്കുമെന്ന് തോന്നുന്നില്ല.  പുതിയ തലമുറ തീർച്ചയായും പൊതുരംഗത്ത് ഉണ്ടാകണം.  ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമാണെന്നു നാം പറയുമ്പോൾ പോലും ഇന്ത്യ അത് അല്ലാതാകുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ മുതൽ എല്ലാവരും ശരിയുടെയും നേരിന്റെയും രാഷ്ട്രീയം മനസ്സിലാക്കുന്നവരായി വളർന്നുവരണം.  

ഒരു സ്ത്രീയെന്ന നിലയിൽ അഡ്രസ് ചെയ്യപ്പെടാനാണോ ജൻഡർ വേർതിരിവില്ലാതെ ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അഡ്രസ് ചെയ്യപ്പെടാൻ ആണോ താല്പര്യം?

ജൻഡർ വേർതിരിവില്ലാതെ ഒരു രാഷ്ട്രീയ പ്രവർത്തക എന്ന് അറിയപ്പെടാൻ തന്നെയാണ് താല്പര്യം .  കാരണം സ്ത്രീകളെ പ്രത്യേക പരിഗണന കൊടുക്കേണ്ട സാഹചര്യം ഉണ്ടാക്കിയത് നമ്മൾ തന്നെയാണ് .  സ്ത്രീകൾ  മുന്നോട്ടു വരണം എന്ന് എത്ര ആഹ്വാനം ചെയ്താലും പല സ്ത്രീകളും മുന്നോട്ടു വരാൻ തയ്യാറാകുന്നില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്.  മുന്നോട്ടു കടന്നു വരുന്ന സ്ത്രീകൾക്കെതിരെ പല വിമർശനങ്ങൾ ഉന്നയിക്കുന്ന സമൂഹമാണ് നമ്മുടേത്.  അതൊക്കെ മാറണം എന്നാണ് ആഗ്രഹം.   പതിനെട്ട് വയസ്സാകുമ്പോൾ തന്നെ പെൺകുട്ടികളെ വിവാഹം ചെയ്തു അയക്കണം എന്നുള്ള കാഴ്ചപ്പാടുള്ള ഒരുപാടുപേർ ഇപ്പോഴും ഉണ്ട്.  എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായി പെൺകുട്ടികൾ പഠിക്കട്ടെ അറിവുനേടി വളരട്ടെ എന്ന് ചിന്തിക്കുന്നവരും ഉണ്ട്.  പഴയ കാഴ്ചപ്പാടിൽ നിന്നും  മാറ്റങ്ങൾ ഉണ്ടാകുന്നതുകൊണ്ടാണ് അങ്ങനെ ഒരു ചിന്താഗതി രൂപപ്പെടുന്നത്.  വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ഒരുപാടുപേരുടെ പ്രതിനിധി ആയതുകൊണ്ട് തന്നെ എല്ലാവരാലും ഒരുപോലെ കാണാൻ കഴിയുന്ന ഒരു രാഷ്ട്രീയ പ്രവർത്തകയായി മാറണം എന്നുതന്നെയാണ് ആഗ്രഹിക്കുന്നത്.

arya-rajendran

മേയർ എന്ന നിലയിലും പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വനിത എന്ന നിലയിലും വനിതാദിനത്തിൽ എന്ത് സന്ദേശമാണ് നൽകുന്നത്?

സ്ത്രീപക്ഷ എഴുത്തുകാർ പോലും സ്ത്രീകളെ ത്യാഗിനിമാരായാണ് സൃഷ്ടിച്ചിട്ടുള്ളത്.  കാലഘട്ടം മാറുന്നതിനനുസരിച്ച് സ്ത്രീകൾ ആരാച്ചാരായി മാറുന്ന കാഴ്ചയാണ് നാമിപ്പോൾ കാണുന്നത്.  തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു കാലഘട്ടമാണിത്.  എപ്പോഴും മറ്റുള്ളവരുടെ ആവശ്യങ്ങൾ അനുസരിച്ച് മാത്രം മാറാതെ സ്വന്തം ഇഷ്ടപ്രകാരം കൂടി പ്രവർത്തിക്കാനും അതിനനുസരിച്ചു മാറാനും സ്ത്രീകൾക്ക് സാധിക്കണം.  എല്ലായെപ്പോഴും "എസ്" പറയാതെ "നോ" എന്ന് പറയാൻ കൂടി പഠിക്കേണ്ടതുണ്ട്.  ബഹുമാനപ്പെട്ട കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ പറയുന്നതുപോലെ "നിങ്ങൾ നല്ല കുട്ടിയായി ജനിക്കണം, നിങ്ങൾ നല്ല കുട്ടിയായി ജനിച്ച് നല്ലകുട്ടിയായി പഠിക്കണം, നിങ്ങൾ നല്ലകുട്ടിയായി ജനിച്ച് , നല്ലകുട്ടിയായി പഠിച്ച് നല്ല കുട്ടിയായി വളർന്നാൽ നിങ്ങൾക്ക് നല്ല കുട്ടിയായി മരിക്കാൻ മാത്രമേ സാധിക്കൂ".  കാലമിന്ന് ആവശ്യപ്പെടുന്നത് നിഷേധികളെയാണ് കാരണം നമ്മുടെ നാട്ടിൽ നിഷേധികൾ ഉള്ളതുകൊണ്ടാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്, ക്ഷേത്രപ്രവേശനം ലഭിച്ചത്.  പെൺകുട്ടികൾ കുറച്ച് നിഷേധികളായി വളർന്നതുകൊണ്ടു കാലത്തിനു ഒരു കുഴപ്പവും സംഭവിക്കില്ല എന്നത് ഈ വനിതാദിനത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നു.  സ്ത്രീകൾക്കായി "വനിതാദിനം"   എന്ന പേരിൽ ഒരു ദിനം വേണമെന്നും ഞാൻ ആഗ്രഹിക്കുന്നില്ല കാരണം അവർ ചെയ്യുന്ന അധ്വാനത്തിന് എന്നും എല്ലാദിവസവും അവരെ അഭിനന്ദിക്കേണ്ടതാണ്.  സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും അഭിനന്ദിക്കാൻ നമുക്ക് സാധിക്കണം. അവരെ ഒരു ദിവസം മാത്രം അഭിനന്ദിക്കാതെ എല്ലാദിവസവും എല്ലാവരെയും ചേർത്തു നിർത്താൻ നമുക്ക് കഴിയണം എന്നാണ് ഈ ദിനത്തിൽ എനിക്ക് പറയാനുള്ളത്.

English Summary: women's day special interview with trivandrum mayor arya rajendran

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA