sections
MORE

എന്നെ എടുത്ത് ഓരോ വേദിയും കയറിയിറങ്ങി; ആ പേരിനു പിന്നിൽ അമ്മ: ഗിന്നസ് പക്രു

pakru-mother
അമ്മയോടൊപ്പം അജയ് കുമാർ (ഗിന്നസ് പക്രു)
SHARE

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണി മാഷിന്റെ വരികൾ അജയ് കുമാർ എന്ന ഗിന്നസ് പക്രുവിന്റെ ജീവിതത്തിലേക്ക് പകർത്തിയെഴുതുമ്പോൾ ചെറിയൊരു തിരുത്തൽ കൂടി നടത്തണം. കാരണം, ഈ ഉയരത്തിന് എന്തൊരു ഉയരമെന്ന് അതിശയിക്കാത്തവർ ഉണ്ടാകില്ല. മൂന്നു ഗിന്നസ് റെക്കോർഡുകളും രണ്ടു സംസ്ഥാന പുരസ്കാരങ്ങളും അടക്കം എണ്ണിയാലൊടുങ്ങാത്ത പുരസ്കാരങ്ങളും അംഗീകാരങ്ങളുമാണ് ഈ വലിയ കലാകാരനെ തേടിയെത്തിയത്. കയ്യടികളും ആരവങ്ങളും നിറയുന്ന വേദികളിലേക്ക് അജയ് കുമാർ എന്ന കൊച്ചു പയ്യനെ അക്ഷരാർത്ഥത്തിൽ എടുത്തു കൊണ്ടു പോയിരുന്നത് അമ്മ അംബുജാക്ഷിയമ്മ ആയിരുന്നു. വേദിയിൽ ആരവങ്ങളുയരുമ്പോൾ മറ്റാരേക്കാളും ആ അമ്മയുടെ മനസ് പെരുമ്പറ കൊട്ടിക്കാണണം. ഒരു കലാകാരൻ എന്ന നിലയിൽ അജയ് കുമാർ നേടിയെടുത്ത വിജയങ്ങൾക്ക് അമ്മയോളം പൊക്കമുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും കരുത്തായി കൂടെയുള്ള അമ്മയെക്കുറിച്ച് താരം മനസു തുറക്കുന്നു. 

എനിക്ക് പേരിട്ടത് അമ്മ

കൊല്ലം കുണ്ടറയിലെ മുളവനയിലാണ് ഞാൻ ജനിക്കുന്നത്. അംബുജാക്ഷിയമ്മ എന്നാണ് അമ്മയുടെ പേര്. അമ്മ കാര്യമായങ്ങനെ വിദ്യാഭ്യാസം ഒന്നും നേടിയിട്ടില്ല. ടെലഫോൺ സർവീസ് ഏജൻസിയിലായിരുന്നു അമ്മയ്ക്ക് അന്ന് ജോലി. അച്ഛൻ രാധാകൃഷ്ണപിള്ള ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ കോട്ടയത്തും കൊല്ലത്തും ഒക്കെ ജോലി ചെയ്തിട്ടുണ്ട്.  അമ്മയാണ് എനിക്ക് അജയ് കുമാർ എന്ന പേരിട്ടത്. എല്ലായിടത്തും ജയിച്ചു കയറുന്നവനാകും എന്ന ആത്മവിശ്വാസത്തിലാകും ആ പേരിട്ടത്. ഞാനാണ് വീട്ടിൽ മൂത്തയാൾ. എനിക്ക് താഴെ രണ്ടു അനിയത്തിമാരാണ്. 

വീടു നിറയെ വളരാനുള്ള പൊടികളുടെ ടിന്നുകൾ

എനിക്ക് നാലു വയസൊക്കെ ആയപ്പോഴാണ് ഉയരക്കുറവിനെക്കുറിച്ച് അമ്മയും അച്ഛനും ശ്രദ്ധിക്കുന്നത്. ആ സമയത്ത് എനിക്ക് ഒരു സൈക്കിൾ വാങ്ങി തന്നിരുന്നു. മൂന്നു ചക്രമുള്ള സൈക്കിൾ ഇല്ലേ... അങ്ങനെയൊന്ന്! നാലു വയസായിട്ടും എനിക്ക് അത് ഉന്തി നടക്കാനേ പറ്റുന്നുള്ളൂ. ചവിട്ടാൻ പറ്റുന്നില്ല. അന്നേരമാണ് ഈ വ്യത്യാസം അമ്മ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിനുശേഷം വളരാനുള്ള പൊടികളുടെ ടിന്നുകളായിരുന്നു വീടു നിറയെ! അതൊക്കെ തന്നിട്ട്, പൊടി തീരുന്നതല്ലാതെ ഞാൻ വളരുന്നതൊന്നും ഇല്ലായിരുന്നു. എന്റെ ഈ പ്രത്യേകത മനസിലാക്കിയപ്പോൾ എല്ലാവരും വളരെ സ്നേഹത്തോടും കരുതലോടും കൂടിയാണ് എന്നോട് പെരുമാറിയിരുന്നത്. വേദനിപ്പിക്കലോ കുത്തിപ്പറച്ചിലോ ഒന്നും ഉണ്ടായിട്ടില്ല. എല്ലാവർക്കും എന്നോട് പ്രത്യേക വാത്സല്യമായിരുന്നു. 

pakru-family
അമ്മയ്ക്കും അച്ഛനും ഒപ്പം അജയ് കുമാർ

അമ്മയുടെ സ്കൂട്ടറിലെ യാത്രകൾ

ഒരിക്കൽ സ്കൂളിൽ അധ്യാപകർ പറഞ്ഞു, എല്ലാവരും എന്തെങ്കിലും കലാപരിപാടികൾ അവതരിപ്പിക്കണമെന്ന്! ഞാൻ നേരെ വന്ന് ഇക്കാര്യം അമ്മയോടാണ് പറയുന്നത്. അച്ഛൻ ഒരു പഴയ കാഥികനായിരുന്നു. കോട്ടയത്തുള്ള കലാകാരന്മാർ എല്ലാം അച്ഛന്റെ ഓട്ടോയിലാണ് സ്ഥിരം. കലാകാരനായ ഓട്ടോക്കാരനോട് കലാകാരന്മാർക്കു തോന്നുന്ന സ്നേഹം അച്ഛനോടും ഉണ്ടായിരുന്നു. എന്നെയും കലാമേഖലയിലേക്ക് കൊണ്ടു വരണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ കലാരംഗത്തേക്ക് വരുന്നത്. യുവജനോത്സവ വേദികളിലേക്ക് അമ്മയാണ് എന്നെ എടുത്തുകൊണ്ടു പോയിരുന്നത്. അമ്മയുടെ സ്കൂട്ടറിലാണ് ഞാൻ എല്ലായിടവും പോയിരുന്നത്. അന്നേരവും അമ്മ ജോലി ചെയ്യുന്നുണ്ട്, നാഷണൽ സേവിങ്സിന്റെ ഏജൻസിയുണ്ടായിരുന്നു. അപ്പോഴേക്കും ടെലഫോൺ സർവീസിങ്ങിന്റെ കോൺട്രാക്ട് അമ്മ എടുത്തു. ജോലിക്കാരെ വച്ച് അതു ചെയ്യിപ്പിച്ചു. എന്റെ വിദ്യാഭ്യാസ കാര്യങ്ങൾക്കും കലാപരിപാടികൾക്കുമുള്ള യാത്രകളിൽ എന്നെ കൊണ്ടു നടന്നതെല്ലാം അമ്മയായിരുന്നു. 

എവിടെപ്പോയാലും അമ്മയുടെ കണ്ണുണ്ടാകും

സ്കൂളിലും കോളജിലും അമ്മയുടെ ശ്രദ്ധ എപ്പോഴും എന്റെ മേലുണ്ടായിരുന്നു. ഞാൻ കൂട്ടുകാരുടെ കൂടെ പോയാലും അമ്മ പിറകിലുണ്ടാകും. കോളജിൽ പഠിക്കുന്ന സമയം വരെ എന്റെ നിഴലു പോലെ അമ്മയും കാണും. വിശ്വസ്തരായ കൂട്ടുകാരാണെന്നു തിരിച്ചറിഞ്ഞപ്പോൾ പിന്നെ അമ്മ പയ്യെ പിൻവാങ്ങി. പത്തു പതിനാറു വർഷം ഞാൻ കാഥികനായി പോയ സമയമുണ്ടായിരുന്നു. ആ സമയത്ത് അച്ഛൻ അല്ലെങ്കിൽ അമ്മ... ആരെങ്കിലും എപ്പോഴും ഒപ്പമുണ്ടാകും. ഞാൻ പ്രൊഫഷണൽ ട്രൂപ്പുകളിൽ പോയിത്തുടങ്ങിയപ്പോഴാണ് ഇവർ എന്റെ കൂടെയുള്ള വരവ് നിറുത്തിയത്. അതുവരെ അമ്മയും അച്ഛനും എപ്പോഴും കൂടെ ഉണ്ടായിരുന്നു.  

pakrusis
അജയ് കുമാർ സഹോദരിമാർക്കൊപ്പം

ആ താരപരിവേഷം അമ്മയ്ക്ക് ഇഷ്ടമല്ല

തുടക്കകാലത്ത് എല്ലാ തരത്തിലുള്ള പ്രതിബന്ധങ്ങളേയും നേരിടേണ്ടി വന്നിട്ടുണ്ട്. ഞങ്ങൾക്ക് വീടുണ്ടായിരുന്നില്ല. പിന്നീട്, പ്രോഗ്രാമുകളും സ്റ്റേജ് ഷോകളും എല്ലാം വന്നു തുടങ്ങിയപ്പോഴാണ് സ്വന്തമായി വീടുണ്ടായതും എല്ലാം. തീർച്ചയായും അതിൽ എന്റെ അമ്മയുടെയും അച്ഛന്റെയും രണ്ടു അനിയത്തിമാരുടെയും പിന്തുണ കൂടിയുണ്ട്. അതിൽ മുൻനിരയിൽ എപ്പോഴും അമ്മയായിരുന്നു. ജോലി ചെയ്യുന്നു... കുടുംബം നോക്കുന്നു... അതിനൊപ്പം പരിമിതികളുള്ള ഒരു മകന് കൊടുക്കേണ്ട കരുതൽ കൂടി നൽകി മുൻപോട്ടു പോകുക എന്നു പറയുന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. അതു ചെയ്യാൻ നല്ല കരുത്തും ധൈര്യവും വേണം. അമ്മയ്ക്ക് അതുണ്ടായിരുന്നു. എന്നാൽ അമ്മയ്ക്ക് അങ്ങനത്തെ ഒരു പരിവേഷമൊന്നും ഇഷ്ടമല്ല. ചെയ്യേണ്ട കടമ ചെയ്തൂ എന്നേ അമ്മ പറയൂ. ഇതൊക്കെ എല്ലാ അമ്മമാരും ചെയ്യുന്നതല്ലേ എന്ന മട്ടാണ് അമ്മയ്ക്ക്. അതാണ് പുള്ളിക്കാരിയുടെ ഒരു രീതി. 

വീട്ടിലെ വാദപ്രതിവാദങ്ങൾ

എന്നെ കല്ല്യാണം കഴിപ്പിക്കണം, കുടുംബമുണ്ടാകണം എന്ന ആഗ്രഹം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതും അമ്മയ്ക്കായിരുന്നു. എന്റെ വിവാഹം നടത്താൻ മുൻപിലുണ്ടായിരുന്നത് അമ്മയായിരുന്നു. അമ്മ മുൻപിട്ടിറങ്ങി. അമ്മ തന്നെയാണ് ഈ പ്രൊപ്പോസൽ കണ്ടെത്തിയതും സംസാരിച്ചതും. എന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അമ്മയാണ് കട്ടയ്ക്ക് കൂടെ നിന്നിട്ടുള്ളത്. എന്നാൽ ഞങ്ങള് ഇടയ്ക്ക് നന്നായി വഴക്കു കൂടും. വമ്പൻ ചർച്ചകളുണ്ടാകും. നിയമസഭയിലൊക്കെ നടക്കില്ലേ... അതുപോലെ.. ഘോര വാദപ്രതിവാദങ്ങളുണ്ടാകും. ഒടുവിൽ ഞങ്ങൾ അഭിപ്രായ സമന്വയത്തിലെത്തി സംഗതി അവസാനിക്കും. എന്തായാലും റിസൾട്ട് എപ്പോഴും പോസിറ്റീവ് തന്നെയായിരിക്കും.

അമ്മയുടെ പ്രാർത്ഥന, എന്റെ ധൈര്യം

കോവിഡിന്റെ കാര്യത്തിൽ അമ്മയ്ക്ക് നല്ല പേടിയായിരുന്നു. പക്ഷേ, എനിക്ക് ജോലിയുടെ ഭാഗമായി തമിഴ്നാട്ടിലേക്ക് പോകേണ്ടി വന്നു. ഇതിനിടെ എപ്പോഴോ കോവിഡ് കിട്ടി. അമ്മയ്ക്ക് വലിയ ഷോക്കായിപ്പോയി. ഞാൻ അങ്ങോട്ട് പോയതിൽ അമ്മയ്ക്ക് ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. എന്റെ ഇഷ്ടത്തിനാണ് ഞാൻ പോയത്. ഞാൻ കോവിഡ് പോസിറ്റീവ് ആയപ്പോൾ അമ്മ കോട്ടയത്തായിരുന്നു. എന്നെ നോക്കിയത് എന്റെ ഭാര്യയായിരുന്നു. അമ്മയ്ക്ക് പ്രായമുള്ളതുകൊണ്ട് എന്നെ നേരിൽ കാണാനോ പരിചരിക്കാനോ കഴിയുമായിരുന്നില്ല. അങ്ങനെയൊരു അവസ്ഥ അമ്മയെ സങ്കടത്തിലാക്കി. ഭാഗ്യത്തിന് വേഗം സുഖമായി ഞാൻ തിരിച്ചെത്തി. എവിടെപ്പോയാലും അമ്മയുടെ പ്രാർത്ഥനയാണ് എന്റെ ധൈര്യം. കണ്ണിന് ചെറിയൊരു ഓപ്പറേഷൻ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു അമ്മ. എന്റെ അടുത്തുണ്ട്. ഒരാഴ്ചയിലെ വിശ്രമവും കഴിഞ്ഞ് ആളിപ്പോൾ വീണ്ടും ഓടി നടക്കാൻ തുടങ്ങി. 

English Summary: Guinness Pakru About His Mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA