ADVERTISEMENT

∙ ഏക രക്ഷിതാക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും അഭിഭാഷകയുമായ ലൈല സഫറിനെക്കുറിച്ച്... 

ഒരു മാസത്തിനു മുൻപുള്ള ഒരു ഉച്ച സമയം. ആക്ടിവിസ്റ്റും കൊച്ചിയിൽ കോർപറേറ്റ് അഭിഭാഷകയുമായ ലൈല സഫറിനു തിരുവനന്തപുരം സ്വദേശിയായ ഒരു യുവതിയുടെ കോൾ വരുന്നു. വിവാഹമോചന കേസ് താൻ തിരുവനന്തപുരം കുടുംബകോടതിയിൽ നൽകിയിരിക്കുകയാണെന്നും അതുവരെ അഞ്ചു ലക്ഷം രൂപ വക്കീൽ ഫീസായി നൽകിയെന്നും അവർ പറഞ്ഞു. ഉണ്ടായിരുന്ന പൊന്നു കൂടി വിറ്റാണ് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അവർ ഫീസ് നൽകിയത് എന്നിട്ടും നടപടിക്രമങ്ങൾ പൂർത്തിയാക്കി വിവാഹമോചന രേഖ കൈവശം ലഭിച്ചില്ല, കരച്ചിലിന്റെ വക്കിലെത്തിയ ആ യുവതി പറഞ്ഞൊപ്പിച്ചു. എന്താണു താൻ ചെയ്തു തരേണ്ടതെന്നു ചേദിച്ചപ്പോൾ, ‘ഇനിയും 30000 രൂപ കൂടിയുണ്ടെങ്കിൽ മാത്രമേ രേഖ കയ്യിൽ കിട്ടൂ എന്നു വക്കീൽ പറഞ്ഞു’. അതിനു പാങ്ങില്ലാത്തതിനാൽ മറ്റേതെങ്കിലും വഴിയിലൂടെ അതു ലഭ്യമാകുമോ എന്നറിയാൻ വിളിച്ചതാണെന്നും അവർ ലൈലയോടു പറഞ്ഞു. എങ്ങനെയെങ്കിലും ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കി തന്റെ കുട്ടിക്കൊപ്പം ജീവിച്ചാൽ മതിയെന്നു കൂടി പറഞ്ഞപ്പോൾ യുവതി കരഞ്ഞുപോയി. അതുകൂടി കേട്ടപ്പോൾ ഒരു നിമിഷത്തേക്കു താൻ സ്തബ്ധയായി പോയെന്നു ലൈല.

ഭാഗ്യത്തിന് അവരുടെ കൈവശം വക്കീലിനു കൈമാറിയ ഫീസിന്റെ ബാങ്ക് രേഖകൾ ഉണ്ടായിരുന്നു. അതു വച്ച് ലൈലയുടെ സഹായത്തോടെ യുവതി ബാർ കൗൺസിലിനു പരാതി നൽകി. വൈകാതെ കേസ് കേട്ട ജ‍ഡ്ജിയും സംഭവം അറിഞ്ഞു. തുടർന്ന് അന്യായമായി യുവതിയിൽ നിന്നു വാങ്ങിയ പണം തിരികെ നൽകാനും കുറ്റാരോപിതയായ അഭിഭാഷകയുടെ അംഗീകാരം സസ്പെൻഡ് ചെയ്യാനും നടപടി ആയി.

എന്തുകൊണ്ട് ലൈല സഫർ...

ഒട്ടേറെ അഭിഭാഷകർ ഉണ്ടായിട്ടും തിരുവനന്തപുരം സ്വദേശിയായ ആ യുവതി സഹായം അഭ്യർഥിച്ച് എന്തിനു ലൈല സഫറിനെ വിളിച്ചു എന്നതിന്റെ ഉത്തരം ഒരു ഇൻസ്റ്റഗ്രാം പേജിന്റെ പേരാണ്, ‘ദി വില്ലേജ് ഫോർ സിംഗിൾ പേരന്റ്സ്’. പേരുകൊണ്ടു തന്നെ ആശയം സംവേദനം ചെയ്യുന്ന ഈ പേജ് 2019ൽ ആരംഭിച്ചതു ലൈല സഫർ ആണ്. നിലവിൽ 5841 പേർ ഈ പേജ് പിന്തുടരുന്നു. ഏക രക്ഷിതാക്കൾ ആയവരും ഈ അവസ്ഥയെ പിന്തുണയ്ക്കുന്നവരും ആണ് പേജ് പിന്തുടരുന്നതിൽ ഭൂരിഭാഗവും. പിന്തുണയുമായി ഒരുപറ്റം സുഹൃത്തുക്കളും ലൈലയ്ക്കൊപ്പം ചേർന്നു.

2018 ഡിസംബറിൽ താനും ഒരു ഏക രക്ഷിതാവായപ്പോഴാണ് ഇന്ത്യയിൽ ‘സിംഗിൾ പേരന്റ്’ എന്ന അവസ്ഥയ്ക്കു സമൂഹത്തിലും നിയമവ്യവസ്ഥിതിയിലും കാര്യമായ പിന്തുണ ഇല്ലെന്നു മനസ്സിലാക്കിയതെന്നു ലൈല. അഞ്ചു വർഷങ്ങൾക്കു മുൻപു മാത്രം ദുബായ് വിട്ടു കേരളത്തിലെത്തിയ ലൈല മൂന്നു വർഷങ്ങൾക്കു മുൻപു മാത്രമാണു തിരിച്ചറിയുന്നത്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഉള്ളതിന്റെ പത്തിരട്ടി പിന്തുണ ഗൾഫ് രാജ്യങ്ങളിൽ ഏക രക്ഷിതാക്കൾക്ക് ഉണ്ടെന്ന്.

പിന്നീട് അധികം ആലോചിച്ചു നിന്നില്ല... തന്റെ അനുഭവങ്ങൾക്കൊപ്പം ബന്ധുക്കളും സുഹൃത്തുക്കളും പകർന്നു നൽകിയ ബലവും ഇന്ധനമാക്കി രാജ്യത്തെ എല്ലാ ഏക രക്ഷിതാക്കൾക്കും ആയി അവർ ഇൻസ്റ്റഗ്രാം പേജ് തുടങ്ങി. ഇപ്പോൾ ഏക രക്ഷിതാക്കൾക്കു വിവിധ വിഷയങ്ങളിൽ ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നതിനു ‘ദി വില്ലേജ് ബാന്റർ’ എന്ന വെബ്‌സൈറ്റ് കൂടി ആരംഭിച്ചിട്ടുണ്ട് ലൈല.

‘ഞാനൊരു സിംഗിൾ പേരന്റ്’ ആണെന്നു പറയുമ്പോൾ കിട്ടുന്ന അഭിമാന ബോധവും ആത്മവിശ്വാസവും ‘ഞാനൊരു ഏക രക്ഷിതാവ് ആണ്’ എന്നു പറയുമ്പോൾ കിട്ടുമോ? കിട്ടില്ലെന്നു മാത്രമല്ല, ആ പ്രയോഗത്തിനൊരു സുഖമില്ലായ്മ തോന്നുകയും ചെയ്യും. അതിന്റെ കാരണം എന്താണെന്ന് അറിയാമോ? നമ്മുടെ നാട് ഏക രക്ഷാകർതൃത്വത്തെ സാധാരണ നിലയിൽ കാണുന്നില്ലെന്നതു കൊണ്ടാണു ഭാഷയിലും ആ അസാധാരണത്വം വരുന്നത്. പങ്കാളിയുമായി ഒത്തുപോകാൻ കഴിയുന്നില്ലെങ്കിൽ വേർപിരിയുന്നതും ബന്ധത്തിൽ കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും എല്ലാം ഇപ്പോഴും ഇന്ത്യൻ പൊതുസമൂഹത്തിന്റെ നോട്ടത്തിൽ വിചിത്രം എന്നോ ലക്ഷണം കേട്ടത് എന്നോ ഒക്കെ വിലയിരുത്തപ്പെടുന്ന കാര്യങ്ങളാണ്. കേരളവും ഒട്ടും വ്യത്യസ്തമല്ല ഈ കാര്യത്തിൽ. സ്വഭാവത്തിന്റെയോ ജോലിയുടെയോ സാമൂഹിക സാഹചര്യത്തിന്റെയോ വിപരീത സ്വഭാവം കൊണ്ട് ജീവിതത്തിൽ ഒരിക്കലും ഒന്നാകരുതാത്ത ആളുകൾ കുട്ടികളുണ്ട് എന്ന പേരിൽ മാത്രം വികാരപരമായ ആഘാതം സഹിച്ചു ശിഷ്ടകാലം തള്ളി നീക്കുന്ന രീതിയെ ഇപ്പോഴും സാമാന്യവൽക്കരിക്കുന്ന സമൂഹമാണു നമ്മുടേത് എന്നു പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ? വിശ്വസിച്ചേ പറ്റു... ജനസംഖ്യയുടെ പകുതി എങ്കിലും ഇപ്പോഴും ആ വഴിയിലൂടെ ചിന്ത കൊണ്ടുപോകുന്നവരാണ്.

Laila-Zafar1

‘അറിയാമോ, സിംഗിൾ പേരന്റ് ആയതിന്റെ പേരിൽ കുട്ടിക്ക് സ്കൂളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യം നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഇപ്പോഴും ഉണ്ട്. ഇതിന്റെ പേരിൽ ദിവസങ്ങളോളം മാനസിക സമ്മർദം അനുഭവിച്ച എത്രയോ പേർ വില്ലേജ് ഗ്രൂപ്പിൽ തന്നെയുണ്ട്. പതിനായിരങ്ങൾ ഗ്രൂപ്പിനു പുറത്തും ഉണ്ട്. ഇതു നേരിടാൻ ഒരു കൂട്ടായ്മകയ്ക്കു കഴിയുംപോലെ ഒരാൾക്കു കഴിയണം എന്നില്ല.’

ലൈലയ്ക്ക് ഇൻസ്റ്റഗ്രാം പേജിന്റെ പേരു ലഭിച്ചത് ‘ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ്’ എന്ന ആഫ്രിക്കൻ പഴഞ്ചൊല്ലിൽ നിന്നാണ്. ഏക രക്ഷിതാവായി മാറിയ സമയത്ത് പല കാര്യങ്ങളിലും അറിവു നേടുന്നതിനായി ലൈലയും ഇന്റർനെറ്റിനെ അഭയം പ്രാപിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ സാഹചര്യത്തിൽ ഏക രക്ഷാകർതൃത്വത്തെ പിന്തുണയ്ക്കുന്ന ഒരു വെബ്സൈറ്റ് പോലും അന്നു കാണാൻ കഴിഞ്ഞില്ലെന്നു ലൈല. സമൂഹത്തിലെ എല്ലാ തുറകളിലും ഉള്ള ആളുകൾ ഒന്നിച്ചുള്ള തങ്ങളുടെ കൂട്ടായ്മയെ ഇപ്പോൾ പൂർണ അർഥത്തിൽ വില്ലേജ് എന്നു വിളിക്കാമെന്നും ഈ ‘കൂൾ അമ്മ’ പറയുന്നു.

ലൈല സഫറിന്റെ വാക്കുകളിലേക്ക്...

∙ സിംഗിൾ പേരന്റിങ് അംഗീകരിക്കാത്ത ഒരു വലിയ ശതമാനം ആളുകൾ ഇപ്പോഴും സമൂഹത്തിലുണ്ടെന്നു പറഞ്ഞല്ലോ. അംഗീകരിച്ചവരിൽ തന്നെ പലർക്കും പിന്നീട് ഇതു ബാധ്യതയായി തോന്നിയേക്കും എന്ന ഭയത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു?

നിയമപരമായുള്ള അരക്ഷിതത്വം ആണ് അത്തരം തോന്നലുകളിലേക്ക് ഒരു ഏക രക്ഷിതാവിനെ എത്തിക്കുന്നതെങ്കിൽ പരിഹാരം ‘വില്ലേജി’ലുണ്ട്. അതിനൊപ്പം പലവിധങ്ങളായ മാനസിക സമ്മർദങ്ങളും ഒരു ഏക രക്ഷിതാവിനെ താങ്കൾ സൂചിപ്പിച്ചതുപോലെ ഒരു അവസ്ഥയിലേക്ക് എത്തിക്കാം. അങ്ങനെയുള്ളവർക്കു പ്രശ്നങ്ങൾ എങ്ങനെ അഭിമുഖീകരിക്കണമെന്നതു നോക്കി പഠിക്കാനൊരു മാതൃക പോലും സമൂഹത്തിൽ ഉണ്ടാകുകയും ഇല്ല. ആ ഘട്ടത്തിൽ ഈ കൂട്ടായ്മയിലെത്തുന്ന ഒരു ഏക രക്ഷിതാവിനു മനോബലവും ആത്മവിശ്വാസവും നൽകാനുള്ള സാമഗ്രികൾ എല്ലാം ‘വില്ലേജി’ൽ ഉണ്ട്.

∙ ആർക്കൊക്കെ കൂട്ടായ്മയിൽ അംഗമാകാം? 

തങ്ങൾ ഒറ്റയ്ക്കല്ലെന്നും ഇതു മറ്റൊരു ജീവിതാവസ്ഥ മാത്രമാണെന്നും കരുതുന്ന ഏതൊരു ഏക രക്ഷിതാവിനും കൂട്ടായ്മയിലേക്കു കടന്നു വരാം, ജാതി – മത – വർഗ – വർണ – ലിംഗ വ്യത്യാസമേതും ഇല്ലാതെ. ഏക രക്ഷിതാക്കൾ അടുത്ത സുഹൃത്തുക്കളായവർക്കും ഈ അവസ്ഥയെ പിന്തുണയ്ക്കുന്നവർക്കും വരാം. 

ഏക രക്ഷിതാക്കളെ അവരുടെ ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്കും സഹായിച്ചവർക്കും സഹായിച്ചുകൊണ്ടിരിക്കുന്നവർക്കും സ്വാഗതം. ഏക രക്ഷിതാവെന്ന നിലയിൽ നിയമക്കുരുക്കുകൾ എന്തെങ്കിലും അലട്ടുന്നുവെങ്കിലും ‘ദി വില്ലേജ് ഫോർ സിംഗിൾ പേരന്റ്സ്’ കൂട്ടായ്മയിൽ നിന്നു പിന്തുണ ലഭിക്കും.

∙ നിയമസഹായം മാത്രമാണോ ‘വില്ലേജ്’ നൽകുന്നത്? 

ഏക രക്ഷിതാവെന്ന നിലയിൽ ഒരാൾ ഈ സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതൊക്കെ മേഖലകൾ ഉണ്ടോ, അതുമായി ബന്ധപ്പെട്ട് വിദഗ്ധർ ആയവർ നൽകുന്ന ഉപദേശങ്ങളും നിർദേശങ്ങളും ബ്ലോഗായും വിഡിയോ ഇന്ററാക്‌ഷനുകളായും വില്ലേജിൽ ലഭിക്കും.  കുട്ടികളുടെ ലേണിങ് ഡിസബിലിറ്റി, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ മുതൽ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എങ്ങനെ വലുതാക്കാം എന്നതു വരെ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നുണ്ട്.

രക്ഷിതാക്കൾക്കു വേണ്ടി സാമ്പത്തികമായി പുരോഗതി ലഭിക്കുന്നതിനുള്ള മാർഗങ്ങൾ മുതൽ പാചകം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിലെ പുതിയ അറിവുകൾ വരെ വിഷയവിദഗ്ധർ പങ്കുവയ്ക്കും. ഇതൊരു ‘വൺമാൻഷോ’ അല്ല, ഗ്രാമം ആണ്. ഗൗരവം ഉള്ള ചർച്ചകളും കുശലാന്വേഷണങ്ങളും നുറുങ്ങുകളും ചേരുന്ന വർത്തമാനങ്ങൾ നിറയുന്ന ഗ്രാമം.

∙ അടുത്ത ലക്ഷ്യം

ഏക രക്ഷിതാക്കൾക്കായി ഒരു നിയമസ്ഥാപനം തുടങ്ങിയിട്ടുണ്ട്; എ ബെറ്റർ ഫ്യൂച്ചർ. എളിയ തുടക്കമാണ്. ഡൽഹിയിൽ പ്രവർത്തിക്കുന്ന അഭിഭാഷകയും സുഹൃത്തുമായ റൂഹി കോലി ഈ ഉദ്യമത്തിൽ ഒപ്പമുണ്ട്. അവിടെ ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെയുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഏക രക്ഷിതാക്കൾക്കു സൗജന്യ നിയമസഹായം നൽകും. നിയമജ്ഞാനം നേടി യുദ്ധസന്നധരായി ഇരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഈ രാജ്യത്തിന്റെ ആവശ്യമാണ്. ആ വലിയ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് എന്റെ ഈ ചെറിയ ചുവടുവയ്പുകളും കാരണം ആകണം എന്നാണ് ആഗ്രഹം.

English Summary: Laila Zafar, a lawyer based in Kochi, has started a group named ‘The Village’, which aims to extend online support for single parents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT