"ബാഗും‌ തൂക്കി പോകുന്നല്ലോ ജോലി കിട്ടുമോ?"; കളിയാക്കിയവർക്ക് 'ഒന്നാം റാങ്ക്' മറുപടിയുമായി ഇടുക്കിയിലെ മിടുക്കി

Ambika-Idukki
അംബിക
SHARE

വനിതാ സിവിൽ എക്സൈസ് ഒാഫീസർ പരീക്ഷയിൽ പാലക്കാട് ജില്ലയിൽ ഒന്നാമതെത്തിയ അംബിക കടന്നുവന്നത് കഷ്ടതയേറെയുള്ള വഴിയിലൂടെയാണ്. സ്വന്തം നാട്ടുകാരുടെ മുന്നിൽ നല്ല ഉദ്യോഗസ്ഥയായി യൂണിഫോമിട്ട് നടക്കണം എന്നത് അംബികയുടെ സ്വപ്നമായിരുന്നു. ഇടുക്കി ഏലപ്പാറയിൽ തോട്ടം തൊഴിലാളികളായ മധുരെ പാണ്ടിയുടെയും ധനത്തിന്റെയും മകൾ അംബിക തന്റെ നേട്ടത്തെക്കുറിച്ച് മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

പൊലിസെന്ന സ്വപ്നം

പൊലീസാകാനായിരുന്നു ആഗ്രഹം. സിവിൽ പോലീസ് ഒാഫീസറുടെ എഴുത്ത് പരീക്ഷയിൽ മെയിൻ ലിസ്റ്റിലെത്തി. എന്നാൽ, ഉയരത്തിന്റെ ചെറിയ വ്യത്യാസത്തിൽ കായികക്ഷമതാ പരീക്ഷയിൽ പരാജയപ്പെട്ടു. അന്ന് ഒരുപാട് കരഞ്ഞു. പഠിച്ചതെല്ലാം വെറുതെയായല്ലോ, കഷ്ടപ്പാടുകൾ ദൈവം കണ്ടില്ലല്ലോ എന്ന് കരുതി തളർന്നു പോയി. അന്ന് എല്ലാം അവസാനിപ്പിച്ചിരുന്നങ്കിൽ ഇന്നെനിക്ക് ഇൗ നേട്ടം കൈവരിക്കാൻ സാധിക്കില്ലായിരുന്നു. സ്കൂൾതലം മുതലേ എൻസിസിയിൽ പ്രവർത്തിക്കുമായിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് ഹിമാലയം ട്രക്കിങ്ങിന് നാഷണൽ ലെവലിൽ പങ്കെടുത്തിട്ടുണ്ട്. പൊലീസായില്ലെങ്കിലും അതുപോലുള്ള എക്സൈസ് ഒാഫീസർ പോസ്റ്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടു.  പാലക്കാടും ഇടുക്കിയിലും അപേക്ഷിച്ചിരുന്നു. പാലക്കാട്ടെ ഫലം മാത്രമേ വന്നുള്ളൂ. ഇടുക്കിയിലും മെയിൻ ലിസ്റ്റിലുണ്ട്.

ganesh-sir
ഗണേഷൻ സാറിനൊപ്പം

വഴിത്തിരിവായത് ഗണേശൻ സാർ

തളർന്നു പോകരുതെന്നും അവസരങ്ങൾ ഇനിയുമുണ്ടെന്നുമെല്ലാം പറഞ്ഞ് മനസിലാക്കി തന്നത് ചെയ്ഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗണേശൻ സാറാണ്. ഒരേ ഒരുവേക്കൻസിയേ ഉള്ളൂവെങ്കിലും അതിലും നമ്മൾ അപേക്ഷിക്കണമെന്നും അത് നമുക്കുള്ളതാകാമെന്നും പറഞ്ഞ് തന്നത് സാറാണ്. ഫീസൊന്നും വേണ്ടെന്നും വണ്ടിക്കാശ് തന്ന് പഠിപ്പിക്കാമെന്നും പറഞ്ഞ് ഞങ്ങളെപ്പോലുള്ള പാവപ്പെട്ട വീട്ടിലെ കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്ന സാറിന്റെ പ്രയത്നം മറക്കാനാവില്ല.

കനൽവഴികൾ

അച്ഛനും അമ്മയ്ക്കും ഞങ്ങൾ നാല് മക്കളാണ്. നാല് പേരെയും നന്നായി പഠിപ്പിച്ചു. കഴിഞ്ഞ 36 വർഷമായി വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്. മഴവന്നാൽ ചുറ്റുംവെള്ളം പൊങ്ങും.  പ്രാഥമികാവശ്യം നടത്തണമെങ്കിൽ പോലും നാല് മിനിറ്റ് നടക്കണം. അപ്പോഴൊക്കെ ചിന്താക്കാറുണ്ട് എന്നാണ് ഇൗ കഷ്ടപ്പാടുകളൊക്കെ മാറുക എന്ന്. ജോലികിട്ടിയാൽ ഒരു വീട് വയ്ക്കുകയാണ് ആദ്യ ആവശ്യം.

Ambika3

കായികക്ഷമത പരീക്ഷയ്ക്കായി ഒരുപാട് പരിശീലനം ചെയ്തിട്ടുണ്ട്. എഴുത്ത് പരീക്ഷ പാലക്കാടായിരുന്നു. എഴുപത് മാർക്കോളം അന്ന് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗണേശൻ സാർ പ്രക്ടീസ് ചെയ്യാൻ പ്രേരിപ്പിച്ചു. രാവിലെ നാലേമുക്കാൽ ആകുമ്പോൾ വീട്ടിൽ നിന്ന് പുറപ്പെടും അഞ്ചേകാലിന് കുമളിക്ക് ബസുണ്ട്. അവിടെ നിന്ന് വീണ്ടും ബസ് കയറിവേണം പരിശീലന ഗ്രൗണ്ടിൽ എത്താൻ. 15 മിനിറ്റിനുള്ളിൽ 100 മീറ്റർ ഒാടണം. അത് പാസായാൽ മാത്രമേ ഫിസിക്കലിനുള്ള അഞ്ച് ഐറ്റത്തിൽ പങ്കെടുക്കാനാവൂ. പാലക്കാടും ഇടുക്കിയിലും ഞാൻ മെയിൻ ലിസ്റ്റിൽ വന്നു. അത്കൊണ്ട് ഒരിടത്ത് ഫിസിക്കൽ ചെയ്താൽ മതിയെന്ന് അറിയിപ്പ് വന്നു. പക്ഷെ പോയാൽ രണ്ടിടത്തും അവസരം നഷ്ടമാകും. യാസിൻ എന്ന സാറാണ് ഫിസിക്കൽ പരിശീലിപ്പിച്ചത്. സാർ പറയുമായിരുന്നു അംബിക തന്നെ ഒന്നാമതെത്തുമെന്ന്. പക്ഷെ എന്റെ ഉള്ളിൽ ഭയമായിരുന്നു.

മരിയൻ കോളജിലെ നേട്ടം

പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് ടു വരെ പഠിച്ചു. കുട്ടിക്കാനം മരിയൻ കോളജിൽ നിന്നു ബിബിഎയിൽ ബിരുദം നേടി. വാശിയായിരുന്നു ആ കോളജിൽ പഠിക്കണം എന്നത്. എന്റെ നാട്ടിൽ നിന്ന് അവിടെ പഠിക്കുന്ന ആദ്യകുട്ടിയാണ് ഞാൻ. പണമുള്ള കുട്ടികളാണ് അവിടെ പഠിക്കുന്നത്. ഡിസ്റ്റിങ്ഷനിൽ കൂടുതൽ മാർക്ക് കിട്ടിയാൽ മെറിറ്റിൽ അഡ്മിഷൻ കിട്ടും. അങ്ങനെ വാശിക്ക് പഠിച്ച് മെറിറ്റിൽ അഡ്മിഷൻ നേടി. കോളജിൽ നിന്ന് ഞങ്ങളുടെ ബാച്ചിൽ ക്യാംപസ് സെലക്ഷൻ കിട്ടിയ ഒരേഒരു പെൺകുട്ടി ഞാനായിരുന്നു. നാലുപേരിൽ ബാക്കിമൂന്നുപേരും ആൺകുട്ടികളായിരുന്നു. ട്രെയിനിങ് കഴിഞ്ഞ് ഇടപ്പള്ളിയിൽ ജോലി ലഭിച്ചു.

അവിടെനിന്ന് സ്ഥലം മാറ്റം ആയപ്പോൾ ഞാൻ വീട്ടിൽ ചോദിച്ചു. രാജിവയ്ക്കട്ടെ എന്ന്. എന്റെ സ്വപ്നം സർക്കാർ ജോലി ആയിരുന്നു. ഏഴ് മാസം ബിഗ്ബസാറിൽ അസിറ്റന്റ് മാനേജരായി ചെയ്തു. അപ്പോഴേക്കും അത്യവശ്യം സാലറി ഉണ്ടായിരുന്നു. കടങ്ങളൊക്കെ ഏകദേശം വീട്ടി. സഹോദരൻ പറഞ്ഞു. ഞാൻ വീട്ടിലെ കാര്യങ്ങൾ നോക്കിക്കോളാം, നീ പഠിച്ചോളൂ എന്ന്. പിന്നീട് നാട്ടിലെത്തി. പഠനത്തോടൊപ്പം കുട്ടികൾക്ക് ട്യൂഷനും എടുത്തു. 2016 ൽ പഠനം തുടങ്ങിയതാണ്. നാട്ടുകാരൊക്കെ കളിയാക്കും എന്നും ബാഗും തൂക്കി പോകുന്നുണ്ടല്ലോ ജോലി കിട്ടുമോ എന്ന്. കളിയാക്കിയവർക്കുള്ള മറുപടിയാണിത്. എൽഡിയുടെ സപ്ലി ലിസ്റ്റിൽ ഉണ്ടായിരുന്നു. അന്ന് തമിഴ് മീഡിയം ചോദ്യപ്പേപ്പർ തെരഞ്ഞടുത്തത് കൊണ്ട് കുറേ ചോദ്യങ്ങളിൽ തെറ്റുണ്ടായിരുന്നു. അങ്ങനെകുറേ മാർക്ക് നഷ്മായി, മെയിൻ ലിസ്റ്റിലും വരാൻ സാധിച്ചില്ല.

നമ്മൂടെ കഠിനാധ്വാനം വെറുതെയില്ല എന്നതിന്റ തെളിവാണ് ഞാൻ. നമ്മൾ കഷ്ടപ്പെട്ടാൽ ഫലം കിട്ടുക തന്നെ ചെയ്യും. എന്റെ സഹോദരനാണ് പഠനത്തിൽ എല്ലാ പിന്തുണയും നൽകിയത്. അദ്ദേഹം സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലിചെയ്യുന്നു. രണ്ട് സഹോദരിമാരുണ്ട്. രണ്ടുപേരും ടീച്ചർമാരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA