ADVERTISEMENT

ഒരു ദലിത് വീട്ടമ്മയുടെ ആത്മകഥയിൽ സ്ഫോടകാത്മകമായ എന്തു തുറന്നുപറച്ചിലുകളാകും ഉണ്ടാവുകയെന്ന് സംശയിച്ചവരുടെ ഇടയിലേക്കാണ് സ്വന്തം ജീവിതപരിസരങ്ങളെ ഭാഷയുടെ മുഖംമിനുക്കലൊന്നും കൂടാതെ രജനി പാലാമ്പറമ്പിൽ തുറന്നു വച്ചത്. ഗൂസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ച രജനിയുടെ ആത്മകഥ 'ആ നെല്ലിമരം പുല്ലാണ്' എന്ന പുസ്തകം, ആത്മകഥയുടെ വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്നു. രജനിയുടെ തുറന്നെഴുത്തുകളിൽ കേരള സമൂഹം ഇന്നോളം മാറ്റിനിറുത്തിയ ദലിതരുടെ, കറുത്തവരുടെ ജീവിതങ്ങളുണ്ട്. അവരുടെ ആഘോഷങ്ങളുണ്ട്... അപകർഷതകളുണ്ട്. അവരോട് ലോകം കാണിച്ച നെറികേടുകളുണ്ട്. 

കോളജ് വിദ്യാഭ്യാസവും അധ്യാപന പരിശീലനവും നേടിയിട്ടും രജനിക്ക് ഇന്നു വരെ ആശ്രയിക്കാവുന്ന ജോലിയൊന്നും നേടാനായിട്ടില്ല. സംവരണമുള്ളവർക്ക് ജോലിയൊക്കെ സിംപിളല്ലേ എന്നു ചോദിക്കുന്നവർ കാണാതെ പോകുന്ന ജീവിതങ്ങളാണ് രജനി വായനക്കാർക്കു മുൻപിൽ വരച്ചിടുന്നത്. ഇതെല്ലാം ലോകവുമായി സംവദിക്കാൻ രജനി ശീലിച്ചിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളൂ. അതിനു രജനിയെ സഹായിച്ചത് ഒരു സ്മാർട്ട്ഫോണാണ്. അതിലൂടെയാണ് രജനി അനുഭവങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതും അതിനു വായനക്കാരുണ്ടായതും. 

ഭർത്താവ് മരിച്ച സ്ത്രീ ആത്മവിശ്വാസത്തോടെ കുട്ടികളെ വളർത്തിയാൽ സമൂഹം പിന്നെയും അംഗീകരിക്കും. എന്നാൽ നല്ല വസ്ത്രം ധരിക്കുകയും സന്തോഷത്തോടെ ജീവിക്കുകയും സമൂഹമാധ്യമങ്ങളിലടക്കം സജീവമായി എഴുതുകയും ചെയ്താൽ പലർക്കും ദഹിക്കില്ല. അവരോട് രജനി പറയുന്നു, 'ഞാൻ എന്റെ ഇഷ്ടത്തിനാ ജീവിക്കുന്നേ...!' തന്റേടമുള്ള ഈ വാക്കുകളിലുണ്ട് അവർ കടന്നുവന്ന വഴികളിൽ നിന്നു കണ്ടെടുത്ത രാഷ്ട്രീയവും തിരിച്ചറിവുകളും. ഗൃഹാതുരത്വത്തിന്റെ ഭൂതകാലക്കുളിരില്ലാത്ത ആ അനുഭവങ്ങളുമായി രജനി പാലാമ്പറമ്പിൽ മനോരമ ഓൺലൈനിൽ.  

പാടത്തിന്റെ നടുക്കുള്ള ജീവിതം

കോട്ടയം കടുത്തുരുത്തിയാണ് സ്വദേശം. അച്ഛനും അമ്മയ്ക്കും കൂലിപ്പണിയായിരുന്നു. പാടത്തിന്റെ നടുക്കു ജീവിക്കുന്ന ജീവിതം. ഞങ്ങൾ ആറുമക്കൾ. ഞാനായിരുന്നു ഏറ്റവും ചെറുത്. അച്ഛന്റെ പേര് കറമ്പൻ. അമ്മ കുട്ടി. ഒരു നായർ കുടുംബത്തിന്റെ കുടികിടപ്പുകാരായിരുന്നു ഞങ്ങൾ. അവരുടെ പാടത്തിന്റെ ഒരു ഭാഗത്തായിരുന്നു ഞങ്ങളുടെ കൊച്ചുവീട്. ഒന്ന് മഴ പെയ്താൽ വീട്ടിൽ വെള്ളം കേറും. ചേറും ചെളിയും നിറയും. ഒപ്പം ഇഴജന്തുക്കളും. അച്ഛൻ ഏറെ കഷ്ടപ്പെട്ടു വാങ്ങിത്തരുന്ന പുസ്തകങ്ങൾ പലതും നനഞ്ഞു പോകും. പകരമൊന്നു വാങ്ങാനുള്ള പണമൊന്നും ഉണ്ടാകില്ല. വെള്ളപ്പൊക്കം എന്നും പ്രശ്നമായിരുന്നു. പലപ്പോഴും പുസ്തകങ്ങൾ വെള്ളത്തിൽ പോകും. വീട്ടിലേക്ക് പാമ്പ് വരും. ഇപ്പോഴും ആ അവസ്ഥയിൽ വലിയ മാറ്റമൊന്നുമില്ല. അച്ഛൻ ഏഴാം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്. ഞങ്ങൾ സ്കൂളിൽ പോകണമെന്നും പഠിക്കണമെന്നുമുള്ളത് അച്ഛന്റെ നിർബന്ധമായിരുന്നു. അച്ഛന് വിദ്യാഭ്യാസത്തിന്റെ വില അറിയാം. അച്ഛൻ പറയും, പഠിച്ചില്ലെങ്കിൽ വേറെയൊരു വീട്ടിൽ ചെല്ലുമ്പോൾ അടിമജോലി ചെയ്യേണ്ടി വരുമെന്ന്. വിദ്യാഭ്യാസവും ജോലിയുമില്ലാത്ത സ്ത്രീക്ക് കുടുംബത്തിൽ വിലയുണ്ടാകില്ല. ഞങ്ങൾക്കു ചുറ്റും അത്തരത്തിൽ ഒരുപാടു ജീവിതങ്ങളുണ്ടായിരുന്നു. നല്ല ഉൾക്കാഴ്ചയുള്ള മനുഷ്യനായിരുന്നു അച്ഛൻ. 

പരിഹാസങ്ങളെ നേരിട്ട് പഠനം

എനിക്കൊരു ചേച്ചിയുണ്ട്. പഠിക്കാൻ മിടുക്കിയായിരുന്നു ചേച്ചി. പക്ഷേ, എട്ടാം ക്ലാസിൽ വച്ച് ചേച്ചിക്ക് പഠിപ്പ് നിറുത്തേണ്ടി വന്നു. അമ്മ പണിക്കു പോയാൽ ഞങ്ങൾ ചെറുതുങ്ങളെ നോക്കാൻ ആരുമില്ല. ഞങ്ങളെ നോക്കാൻ വേണ്ടിയാണ് ചേച്ചി പഠിപ്പ് നിറുത്തിയത്. അതോർക്കുമ്പോൾ ഇപ്പോഴും കണ്ണു നിറയും. പലപ്പോഴും ചേച്ചി സ്കൂളിലെത്താൻ വൈകും. അമ്മയ്ക്ക് പണിയുള്ള ദിവസങ്ങളിൽ സ്കൂളിൽ പോകാൻ‌ പറ്റില്ല. പിന്നെ സ്കൂളിൽ ചെല്ലുമ്പോൾ അധ്യാപകരുടെയും കുട്ടികളുടെയും പരിഹാസവും 'മാവേലി' എന്നു വിളിച്ചുള്ള കളിയാക്കലുകളും ചേച്ചിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. 

rajani1

പലതിനെയും അതിജീവിച്ചു വേണമായിരുന്നു എനിക്ക് പഠനം മുന്നോട്ടു കൊണ്ടുപോകാൻ! അമ്മ കൊയ്യാൻ പോകും. കൊയ്ത്തും മെതിയുമൊക്കെ ബോറൻ പരിപാടിയാണ്. ഇന്നത്തെ സാഹചര്യമല്ല. കൊയ്തെടുത്ത കറ്റ കിലോമീറ്ററുകളോളം ചുമക്കണം. അമ്മയ്ക്കൊരു സഹായത്തിന് ഞാനും പോകും. കറ്റ ചുമക്കും. തുച്ഛമായ കൂലിയല്ലേ ഉള്ളൂ. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ഞാൻ പാടത്ത് കള പറിക്കാനൊക്കെ പോയിട്ടുണ്ട്. എങ്കിലും, പഠനം ഒരിക്കലും അവസാനിപ്പിക്കാൻ തോന്നിയിട്ടില്ല. 

ആ മാറ്റിനിറുത്തൽ എന്തിനായിരുന്നു?

കോളജിൽ പോയിത്തുടങ്ങിയപ്പോഴാണ് ദലിത് ഐഡന്റിറ്റി കൃത്യമായി മനസിലായിത്തുടങ്ങിയത്. ദലിത് വിദ്യാർത്ഥികളെല്ലാം ഒരു ബെഞ്ചിൽ ഇരിക്കും. ഹോസ്റ്റലിൽ ആണെങ്കിൽ ഏറ്റവും മോശം മുറി ഞങ്ങൾക്ക്. ക്ലാസിലെ അപ്രധാന വിദ്യാർഥിയാകും... ആരാലും ശ്രദ്ധിക്കപ്പെടില്ല. ഞങ്ങളുടെ വേഷത്തെ കളിയാക്കും... മുടിയെ കളിയാക്കും. മറ്റുള്ളവരുടെ കൂടെ നിൽക്കുമ്പോഴുള്ള അപമാനം... അപകർഷതാബോധം... ഇവയെല്ലാം നേരിട്ടു വേണമായിരുന്നു പഠനം പൂർത്തിയാക്കാൻ! ധാരാളം ബോഡി ഷെയ്മിങ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനൽപം തടിച്ച പ്രകൃതമായിരുന്നു. എല്ലാവരും എന്നെ കളിയാക്കും. അന്ന് ഇതിനെക്കുറിച്ച് ചിന്തിക്കാൻ അറിയില്ല. പിന്നീട് ഞാൻ ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ടാണ് ഞങ്ങളെ മാറ്റി നിറുത്തിയതെന്ന്! 

വിവാഹവും ഭർത്താവിന്റെ മരണവും

പിജിക്ക് പഠിക്കുമ്പോഴായിരുന്നു വിവാഹം. എനിക്കൊരു പ്രണയമുണ്ടായിരുന്നു. വീടിനടുത്തുള്ള ആളായിരുന്നു കക്ഷി. പെട്ടെന്നു വിവാഹിതരാകാനാണ് അന്ന് തോന്നിയത്. പിന്നീട് ഞാൻ ഗർഭിണിയായി. പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസം നിലച്ചു പോയതിൽ ഏറെ സങ്കടപ്പെട്ടു. അതൊരു കുറ്റബോധമായി മനസിൽ കിടന്നു. ഒടുവിൽ മോൾക്ക് മൂന്നു വയസായപ്പോൾ ഞാൻ ബിഎഡിന് ചേർന്നു. ഭർത്താവിനും ഞാൻ പഠിക്കണമെന്നായിരുന്നു. ഭർത്താവ് മോഹനൻ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. ഒരു രാത്രി പെട്ടെന്ന് പക്ഷാഘാതം വന്നു. അറിഞ്ഞില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും പൂർണ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കിടപ്പിലായി. 

2013ലായിരുന്നു ഇതു സംഭവിച്ചത്. കുഞ്ഞുങ്ങൾ സ്കൂളിൽ പഠിക്കുന്നു. ഏറ്റവും ഞാൻ ബുദ്ധിമുട്ടിയ കാലഘട്ടം അതായിരുന്നു. മിക്കവാറും ദിവസങ്ങളിൽ ആശുപത്രിയിലാകും. ചെറിയ ജോലികൾക്കൊക്കെ ആ സമയത്ത് പോയിരുന്നു. പി.എസ്.സി ലിസ്റ്റിൽ വന്നെങ്കിലും അതൊന്നും സ്ഥിരം ജോലിയിലേക്ക് എത്തിച്ചില്ല. പല സ്കൂളുകളിലും ഗസ്റ്റ് അധ്യാപികയാകാനും ശ്രമിച്ചു. വലിയ ആളുകളുടെ റെക്കമെൻഡേഷൻ ഇല്ലാത്തതുകൊണ്ട് എവിടെയും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. കാശു കൊടുത്തു ജോലി വാങ്ങാനുള്ള സാമ്പത്തികവും ഇല്ലായിരുന്നു. പിന്നെ എവിടെയും പോയില്ല. വെറുതെ വേഷംകെട്ടി ചെന്നു നിൽക്കണ്ടല്ലോ എന്നു കരുതി. ആ പ്രൊഫഷൻ തന്നെ വേണ്ടെന്നു വച്ചു. അധ്യാപകജോലിയോടല്ല ഇഷ്ടക്കേട്... ആ വ്യവസ്ഥിതിയോടാണ്. 

ഫോണിലൂടെ തിരിച്ചു പിടിച്ച എഴുത്ത്

പത്താം ക്ലാസ് കഴിഞ്ഞ സമയത്താണ് കൂടുതലും വായിക്കാൻ തുടങ്ങിയത്. ചേട്ടൻ പുസ്തകങ്ങൾ കൊണ്ടു വരും. ആർത്തിയോടെ ഞാൻ വായിക്കും. ഹോസ്റ്റൽ കാലഘട്ടത്തിലാണ് പൊയ്കയിൽ അപ്പച്ചനെ കുറിച്ചു കേൾക്കുന്നതും വായിക്കുന്നതുമെല്ലാം. പഠിക്കുന്ന കാലത്ത് എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുമെങ്കിലും ആരെയും കാണിച്ചിരുന്നില്ല. ഭർത്താവ് മരിച്ചതിനു ശേഷമാണ് ഞാൻ സ്വന്തമായി ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നത്. 2018ലാണ് അത്. ഫോൺ വന്നതിനുശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. എന്റെ കാര്യങ്ങൾ പറയാൻ എനിക്കൊരു ഇടം നൽകിയത് സോഷ്യൽ മീഡിയ ആണ്. ഇത്തരത്തിൽ ആക്ടീവ് ആയതുകൊണ്ട് മറ്റു പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഞാൻ വിധവ ആണല്ലോ... വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിക്കുന്നതും സന്തോഷത്തോടെ ജീവിക്കുന്നതും പലർക്കും ദഹിക്കില്ല. അടുപ്പിൽ എന്തെങ്കിലും പുകയുന്നുണ്ടോ എന്നതല്ല, വേറെ വല്ലതും പുകയുന്നുണ്ടോ എന്നാണ് അവരുടെ അന്വേഷണം. ഞാൻ മുടി സ്ട്രെയ്റ്റ് ചെയ്താണ് നടക്കുന്നത് എന്നൊക്കെയാണ് ആരോപണം. ആദ്യം അതെല്ലാം വലിയ ബുദ്ധിമുട്ടായി തോന്നി. ഇപ്പോൾ ആ പറച്ചിലുകളെ ഗൗനിക്കാറില്ല. 

rajani3

തുടരുന്ന ജോലി അന്വേഷണങ്ങൾ

സ്ഥിരവരുമാനം ലഭിക്കുന്ന ഒരു ജോലിക്കുവേണ്ടിയാണ് ഇപ്പോഴും അന്വേഷണം. ഇപ്പോൾ 47 വയസുണ്ട്. വിദ്യാഭ്യാസ യോഗ്യതകളുണ്ടായിട്ടും നല്ല ഒരു ജോലി ഇപ്പോഴും കിട്ടിയിട്ടില്ല. പഞ്ചായത്തിലും രാഷ്ട്രീയക്കാരോടുമെല്ലാം സംസാരിച്ചിരുന്നു. അവരെല്ലാം കൈമലർത്തി. മുൻപ് ട്യൂഷൻ എടുക്കുമായിരുന്നു. പക്ഷേ, ഇപ്പോൾ താമസിക്കുന്ന വീട്ടിൽ അതിനുള്ള സൗകര്യമില്ല. കനാലിന്റെ വശത്താണ് വീട്. വെള്ളം പൊങ്ങും. കുട്ടികൾക്ക് ഇങ്ങോട്ടു വന്നു പഠിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇപ്പോൾ ട്യൂഷനില്ല. സ്വന്തമായൊരു വീട് പണിയാൻ തുടങ്ങിയെങ്കിലും അതും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജോലിക്കു വേണ്ടിയുള്ള അന്വേഷണങ്ങളും പരിശ്രമങ്ങളും അവസാനിപ്പിച്ചിട്ടില്ല. അങ്ങനെയങ്ങ് പിന്മാറാൻ പറ്റില്ലല്ലോ!  

പുസ്തകമെഴുത്തും സന്തോഷങ്ങളും

സമൂഹമാധ്യമങ്ങളിൽ ഞാനെഴുതുന്നത് കണ്ടാണ് പ്രസാധകരായ ഗൂസ്ബെറി എന്നെ സമീപിച്ചത്. കവി അജിത്ത് എം പച്ചനാടനാണ് അവതാരിക എഴുതിയത്. ഞാനെഴുതിയത് മക്കളൊന്നും വായിച്ചിട്ടില്ല. പുസ്തകം റിലീസ് ആയിട്ട് വായിക്കാമെന്നാണ് അവർ പറഞ്ഞത്. മകൾ അപർണ ഡിഗ്രിക്കും മകൻ ആനന്ദ് ഐടിഐയിലും ആണ് പഠിക്കുന്നത്. ഞാനൊക്കെ പഠിക്കുന്ന സമയത്ത് ലക്ഷ്യബോധമില്ലായിരുന്നു. പഠിക്കാൻ എല്ലാവരും പറയും. പക്ഷേ, എന്തു പഠിക്കണമെന്നു അറിയില്ല. ഡയറക്ട് ചെയ്തു വിടാൻ ആളില്ല. ഡിഗ്രി, പിജി, ബിഎഡ്... ഇതിനപ്പുറമുള്ള പഠനം അറിയില്ല. ഇപ്പോൾ അങ്ങനെയല്ല. തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ കുട്ടികൾ തിരഞ്ഞെടുക്കുന്നുണ്ട്. വെളിയിൽ പോയി പഠിക്കാൻ സാധിക്കുകയാണെങ്കിൽ അതു ചെയ്യണം. പൈസയുണ്ടാക്കണം... ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ബാക്കിയെല്ലാം നമ്മുടെ പുറകെ വരും. 

English Summary: Interview With Rajani Palaparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com