ADVERTISEMENT

പ്രെഗ്നൻസി ടെസ്റ്റിൽ പോസിറ്റിവ് എന്ന് ഉറപ്പിക്കുന്ന ആ രണ്ടു കുഞ്ഞു പിങ്ക് വരകൾ തെളിഞ്ഞു വന്നപ്പോൾ കൊച്ചി സ്വദേശിയായ കാവ്യ മാധവ് ആദ്യം ആ സന്തോഷത്തിൽ ഒന്ന് നൃത്തം ചെയ്തു. പിന്നെ നേരെ ആശുപത്രിയിലേക്ക്, അവിടെ ചെന്ന് വിദഗ്ധയായ ഒരു ഗൈനക്കോളജിസ്റ്റ് കാവ്യയുടെ നിഗമനങ്ങൾ ശരി വച്ചപ്പോഴും കാവ്യ നൃത്തം ചെയ്തു. മൂന്നു വയസ് മുതൽ നൃത്തം അഭ്യസിക്കുന്ന, ജീവിതത്തിൽ മിക്കവാറും എല്ലാദിവസങ്ങളിലും ചിലങ്കകെട്ടുന്ന, 80 ൽ പരം കുട്ടികൾ നൃത്ത വിദ്യാർത്ഥികളായുള്ള, നൃത്തത്തെ ഉപാസിക്കുന്ന കാവ്യക്ക് അതെ ചെയ്യാൻ പറ്റുമായിരുന്നുള്ളൂ. 

‘വിശേഷം’ അറിയിച്ച ആ ദിവസം തുടങ്ങിയ നൃത്തം ലേബർ റൂം വരെ തുടർന്ന് എന്നതാണ് കാവ്യയെ വ്യത്യസ്തയാക്കുന്നത്. ഈ പത്ത് മാസത്തിനുള്ളിൽ താൻ ചെയ്യുന്ന ഓരോ നൃത്തവും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കാവ്യക്ക് നെഗറ്റിവും പോസ്‍റ്റിവുമായ റിവ്യൂ ലഭിച്ചു. ഒടുവിൽ കഴിഞ്ഞ മാസം കുഞ്ഞു ഭരത് പൂർണ ആരോഗ്യവാനായി പിറന്നു വീണതോടെ വിശേഷമായാൽ വിശ്രമിക്കണം എന്ന് പറഞ്ഞ പലരും അഭിപ്രായം മാറ്റുകയും ചെയ്തു.

''ജീവിതത്തിൽ എന്ത് സന്തോഷം വന്നാലും നൃത്തം ചെയ്യുന്ന ഒരു വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ളപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന, സന്തോഷിക്കേണ്ട അവസരം അമ്മയാകാൻ പോകുന്നു എന്ന വാർത്ത അറിയുകയും അതിനായി ഒരുങ്ങുകയും ചെയ്യുമ്പോഴാണ്. ആ അവസരത്തിൽ നൃത്തം ചെയ്യരുത് റെസ്റ്റ് എടുക്കണം എന്നൊക്കെ പറയുമ്പോൾ അത് സഹിക്കാനാകുന്നതിലും അപ്പുറമാണ് എനിക്ക്'' കാവ്യ പറയുന്നു. 

ഭാരത നാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഓട്ടൻതുള്ളൽ , സിനിമാറ്റിക് തുടങ്ങിയ നൃത്ത രൂപങ്ങളിൽ കൊറോണക്ക് മുൻപ് വരെ സ്റ്റേജ് ഷോകൾ നടത്തിവരികയായിരുന്നു കാവ്യ. നർത്തകനും അഭിനേതാവുമായ വിനീത് രാധാകൃഷ്ണൻ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്കൊപ്പം കഴിഞ്ഞ 13  വർഷങ്ങളായി നൃത്തപരിപാടികൾ ചെയ്യുന്ന വ്യക്തിയാണ് കാവ്യ. അങ്ങനെയിരിക്കെയാണ് താൻ ഗർഭിണിയാണെന്ന സന്തോഷം കാവ്യയെ തേടി എത്തുന്നത്. 

kavya-dance

പതിവു പോലെ പലരും പലവിധ അഭിപ്രായങ്ങളുമായെത്തി. ഈ സമയത്ത് നൃത്തം ചെയ്യരുത് എന്നും റെസ്റ്റ് എടുക്കണമെന്നും പറഞ്ഞു. എന്നാൽ, നൃത്തത്തെ ജീവനായി കാണുന്നതുകൊണ്ടു തന്നെ അതിനോടു യോജിക്കാൻ കാവ്യക്ക് കഴിഞ്ഞില്ല. ഏറെ ആത്മവിശ്വാസം ഉണ്ടായിരുന്നു എങ്കിലും തന്നെ സ്നേഹിക്കുന്നവരുടെ ഉപദേശങ്ങളെ അവഗണിക്കാനും കാവ്യക്ക് കഴിഞ്ഞില്ല

ഡോക്ടർ പച്ചക്കൊടി കാട്ടി

''എന്നെ സംബന്ധിച്ചിടത്തോളം കുഞ്ഞിനു വേണ്ടി നൃത്തത്തെയോ നൃത്തത്തിനു വേണ്ടി കുഞ്ഞിനെയോ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. എനിക്ക് എന്റെ രണ്ടുകണ്ണുകൾ പോലെയായിരുന്നു കുഞ്ഞും നൃത്തവും. അതിനാൽ ഞാൻ സൈമർ ഹോസ്പിറ്റലിലെ എന്റെ ഗൈനക്കോളജിസ്റ്റായ ഡോ. ഷൈനിയോട് അഭിപ്രായം ചോദിച്ചു. എന്റെ പ്രൊഫഷൻ ഇതാണെന്നും നൃത്തം എനിക്ക് എത്രമാത്രം വലുതാണെന്നും മനസിലാക്കിയ ഡോക്ടർ എന്നോട് നൃത്തം ചെയ്തോളാൻ പറയുകയായിരുന്നു. ഇത് പ്രകാരം ആദ്യത്തെ നാലു മാസം ഞാൻ വലിയ രീതിയിലുള്ള ചാട്ടവും മറ്റും ഒഴിവാക്കി. നൃത്തക്ലാസുകൾ എടുക്കുകയും ചെയ്തു. ഡോക്ടറുടെ വാക്കുകൾക്കു മാത്രമേ ഞാൻ പ്രാധാന്യം നൽകിയിരുന്നുള്ളൂ''  കാവ്യ മാധവ് പറയുന്നു. 

നെഗറ്റീവ് കമന്റ്സിന് ചെവി കൊടുത്തില്ല 

ആദ്യത്തെ മൂന്ന് നാലു മാസം ചെയ്ത ഡാൻസ് വീഡിയോകൾ വലിയ പ്രശ്നം ഇല്ലാതെ പോയി. എന്നാൽ വയറു വന്നതോടെ ആളുകൾ വീഡിയോ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. അതോടെ നെഗറ്റീവ് കമന്റുകളും വരാൻ തുടങ്ങി. നെഗറ്റീവ് കമന്റുകളെക്കാൾ ഏറെ പോസിറ്റീവ് കമന്റുകൾ കിട്ടിയതിനാൽ തന്നെ നെഗറ്റീവ് കമന്റുകൾ അർഹിക്കുന്ന സ്ഥാനം നൽകി ചെവി കൊടുക്കാതെ തള്ളി. ഇതിനിടയിൽ വ്യക്തിപരമായി വേദനിപ്പിക്കുന്ന ചില കമന്റുകൾ ലഭിച്ചെങ്കിലും ഗർഭാവസ്ഥയിൽ സന്തോഷമായിരിക്കണം എന്നതിനു പ്രാധാന്യം നൽകി കാവ്യ അവയൊന്നും മുഖവിലക്കെടുത്തില്ല. നോർമൽ ഡെലിവറിയാകാൻ വേണ്ടിയാണോ നൃത്തം ചെയ്തത് എന്ന് സ്ഥിരം കിട്ടിയ ഒരു ചോദ്യമായിരുന്നു. 

കട്ട സപ്പോർട്ടുമായി ഭർത്താവും കുടുംബവും 

ഗർഭാവസ്ഥയിൽ ലേബർ റൂം വരെ തനിക്ക് നൃത്തം ചെയ്യാൻ കഴിഞ്ഞതിൽ കാവ്യ പ്രത്യേകം നന്ദി പറയുന്നതു തന്റെ ഭർത്താവ് ശ്രീജിത്തിനോടും കുടുംബത്തോടുമാണ്. കാവ്യക്ക് നൃത്തം എത്ര പ്രധാനമാണ് എന്ന് മനസിലാക്കി പരമാവധി പ്രോത്സാഹനം നൽകുകയാണ് വീട്ടുകാർ ചെയ്തത്. അമ്മയോട് മകൾ എന്താ ഈ അവസ്ഥയിൽ ഡാൻസ് ചെയ്യുന്നതെന്ന് ചോദിച്ചവരെയെല്ലാം പരമാവധി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ 'അമ്മ ശ്രദ്ധിച്ചിരുന്നു. 

ഇന്റീരിയർ ഡിസൈനർ ആയ ഭർത്താവ് ശ്രീജിത്തിന് ഉള്ളിൽ അല്പം പേടിയുണ്ടായിരുന്നു എങ്കിലും കാവ്യയുടെ ആത്മവിശ്വാസത്തിനു മുന്നിൽ അദ്ദേഹം തന്റെ ഭയം ഉപേക്ഷിച്ചു. ഓരോ  മാസവും ചെക്കപ്പിന് പോകുമ്പോൾ അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ കാവ്യയുടെ ഡാൻസ് തെറാപ്പി ഫലം കണ്ടെന്നു എല്ലാവരും സമ്മതിക്കാൻ തുടങ്ങി. 

ഗർഭം എന്നത് ഒരു അസുഖമല്ല!

''നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കു വച്ച് തുടങ്ങിയപ്പോൾ ധാരാളം മെസ്സേജുകൾ ലഭിച്ചിരുന്നു. ഇതിൽ ഏറെ വേദനിപ്പിച്ച ചില മെസ്സേജുകൾ ഗർഭധാരണത്തെ തുടർന്ന് കലാരംഗത്ത് നിന്നും പിൻവാങ്ങേണ്ടി വന്ന സ്ത്രീകളുടെ മെസ്സേജുകളാണ്. ഗർഭം എന്നത് ഒരു രോഗമല്ല. ആ സമയത്ത് നൃത്തം ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല. ഇക്കാര്യത്തിൽ നിങ്ങളുടെ ഡോക്ടർ പറയുന്നത് മാത്രം നിങ്ങൾ കേട്ടാൽ മതി. കുഞ്ഞു ജനിക്കുന്നു എന്നതിന്റെ പേരിൽ കലാരംഗത്തു നിന്നും അവധിയെടുക്കേണ്ടതില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്'' കാവ്യ പറയുന്നു. 

കുഞ്ഞു ഭരത് ഹാപ്പിയാണ് !

ഗർഭാരംഭം മുതൽ ലേബർ റൂം വരെ നൃത്തം ചെയ്ത് , ഒടുവിൽ യാതൊരുവിധ കോംപ്ലിക്കേഷനുകളും കൂടാതെ തന്നെ കാവ്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പൂർണ ആരോഗ്യവാനായി ജനിച്ച ഭരതിന് അമ്മയെ പോലെ നൃത്തത്തോട് താല്പര്യമുണ്ടോ എന്നറിയണമെങ്കിൽ കാത്തിരുന്നു തന്നെ അറിയണം

English Summary: Kavya Madhav's Labour Room Dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com