sections
MORE

സ്ത്രീ അല്ലെന്ന് അറിയിക്കാൻ അവർ ലൈംഗികമായി പീഡിപ്പിച്ചു; ശസ്ത്രക്രിയക്ക് വിധേയരാകുന്നവർ അറിയണം: നവ്യ സിങ്

navya-singh
നവ്യ സിങ്. ചിത്രം∙ സോഷ്യൽ മീഡിയ
SHARE

ഒന്നുകിൽ ലൈംഗികവൃത്തി, അല്ലെങ്കിൽ ഭിക്ഷയെടുക്കൽ– ഒരു ട്രാൻസ്ജെൻഡർ ആണെന്നു വെളിപ്പെടുത്തിയ നവ്യ സിങ്ങിനു മുൻപിൽ ഈ രണ്ടു സാധ്യതകളാണ് ഏറ്റവും പ്രിയപ്പെട്ടവരെന്നു കരുതിയവർ പരിഹാസത്തോടെ മുന്നോട്ടു വച്ചത്. സ്വന്തം വ്യക്തിത്വം പണയപ്പെടുത്താതെ അഭിമാനത്തോടെ ജിവിക്കുമെന്നുറച്ച് വീടു വിട്ടിറങ്ങിയ നവ്യ സിങ്ങിനു പിന്നീടു നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത വെല്ലുവിളികളാണ്. ഓരോ പ്രതിസന്ധിയേയും അവസരങ്ങളാക്കി മാറ്റിയ നവ്യ, ലാക്മേ ഇന്ത്യ ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന ആദ്യ ട്രാൻസ് മോഡലായി. മോഡലിങ്ങിലും അഭിനയരംഗത്തും ട്രാൻസ് വ്യക്തികൾ നേരിടുന്ന അവഗണനയ്ക്കെതിരെ ശബ്ദമുയർത്തുകയും അതിനു വേണ്ടി പോരാടുകയും ചെയ്ത നവ്യ സിങ്, ട്രാൻസ് ക്വീൻ ഇന്ത്യ ബ്രാൻഡ് അംബാസിഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബിഹാറിലെ കത്തിഹാർ എന്ന കൊച്ചുഗ്രാമത്തിൽ നിന്ന് മുംബൈയിലെ ഫാഷൻ ലോകത്ത് സ്വന്തമായി മേൽവിലാസമുണ്ടാക്കിയ നവ്യ സിങ് തന്റെ അനുഭവങ്ങൾ മനോരമ ഓൺലൈനുമായി പങ്കുവച്ചു.

നീ ആണോ പെണ്ണോ? നേരിട്ട ചോദ്യങ്ങൾ

ബിഹാറിലെ വളരെ ചെറിയൊരു ഗ്രാമത്തിൽ നിന്നാണ് ഞാൻ വരുന്നത്. അവിടെ സ്ത്രീകളുടെ അഭിപ്രായങ്ങൾ ആരും ചെവികൊള്ളാറില്ല. എന്റെ അമ്മ പോലും മൂടുപടത്തിന്റെ മറവിൽ നിന്ന് പുറത്തുകടന്നിട്ടില്ല. അത്തരമൊരു ജീവിതസാഹചര്യത്തിൽ എനിക്കെന്റെ അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യം പോലുമുണ്ടായിരുന്നില്ല. പന്ത്രണ്ടാമത്തെ വയസിലാണ് എനിക്കെന്റെ അസ്തിത്വത്തെക്കുറിച്ച് തിരിച്ചറിവുണ്ടായത്. ഞാൻ വ്യത്യസ്തയാണെന്നു മനസിലാകാൻ തുടങ്ങി. സത്യത്തിൽ, സമൂഹമാണ് എനിക്ക് ആ ബോധ്യമുണ്ടാക്കി തന്നത്. ഞാൻ ആണാണോ പെണ്ണാണോ എന്നൊരു ചോദ്യം എപ്പോഴും എനിക്കു മുൻപിൽ ഉന്നയിക്കപ്പെട്ടു. എനിക്ക് തന്നെ ഞാൻ എന്താണെന്ന് അറിവുണ്ടായിരുന്നില്ല. 

അവർ എന്നെ ലൈംഗികമായി പീഡിപ്പിച്ചു

എന്റെ പതിനാറാമത്തെ വയസിലാണ് ഞാനിന്നും ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ കാര്യം സംഭവിച്ചത്. എന്റെ സ്വന്തം സുഹൃത്തുക്കൾ എന്നെ ലൈംഗികമായി പീഡിപ്പിച്ചു. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ നിന്ന് അത്തരമൊരു അനുഭവമുണ്ടാകുമ്പോൾ അതിന്റെ ആഘാതം വളരെ വലുതാണ്. ഞാനൊരു പെണ്ണല്ല എന്ന് എന്നെ ബോധ്യപ്പെടുത്താനായിരുന്നു അവർ അങ്ങനെ ചെയ്തത്. ഞാൻ തകർന്നു പോയി. തിരിച്ചു വീട്ടിലെത്തിയപ്പോൾ അമ്മയ്ക്കു മനസിലായി ആരോ എന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന്. എന്റെ ഷർട്ട് ഊരിയപ്പോൾ ഞാൻ നേരിട്ട ഉപദ്രവങ്ങളുടെ നേർചിത്രം അമ്മയ്ക്കു മുൻപിൽ തെളിഞ്ഞു. അമ്മ ഒന്നും സംസാരിച്ചില്ല. കുറച്ചു ദിവസങ്ങൾക്കു ശേഷം, ഞാൻ അമ്മയോടു പറഞ്ഞു, ഈ ശരീരത്തിൽ നിന്ന് എനിക്ക് പുറത്തു കടക്കണം... എനിക്ക് പൂർണമായും സ്ത്രീയാകണം എന്ന്. അമ്മ എന്നോടു മിണ്ടാതിരിക്കാൻ പറഞ്ഞു. ഇതു അച്ഛൻ അറിഞ്ഞാൽ എന്നെ വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കുമെന്നു പറഞ്ഞു.

അഭിമാനത്തോടെ ജീവിക്കാൻ വീടുവിട്ടിറങ്ങി

സ്വപ്നങ്ങൾ ശക്തമാണെങ്കിൽ ആർക്കും നമ്മെ തടയാനാവില്ലെന്നല്ലേ പറയുക. 18 വയസായപ്പോഴേക്കും ഞാൻ എന്റെ കാര്യങ്ങൾ തുറന്നു പറയാനുള്ള ആത്മവിശ്വാസം കൈവരിച്ചു. ഞാൻ വീടുവിട്ട് മുംബൈയിലെത്തി. ആദ്യം ബന്ധുക്കൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ക്കൊപ്പമായിരുന്നു കഴിഞ്ഞത്. പക്ഷേ, ഒരു ട്രാൻസ്ജെൻഡർ വ്യക്തി വീട്ടിൽ താമസിക്കുന്നത് അവർക്ക് അസൗകര്യമായി. അയൽക്കാർ പരാതിപ്പെട്ടു. അങ്ങനെ എനിക്ക് അവിടം വിടേണ്ടി വന്നു. അങ്ങനെ ഞാനൊറ്റയ്ക്കായി. ജീവിക്കാൻ ഒന്നുകിൽ ലൈംഗികവൃത്തി, അല്ലെങ്കിൽ ഭിക്ഷാടനം... ഇവയാണ് എന്റെ ബന്ധുക്കൾ എനിക്ക് പരിഹാസത്തോടെ നിർദേശിച്ച വഴികൾ. അഭിമാനത്തോടെ ജീവിക്കുമെന്നുറച്ചാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്. ട്രാൻസ്‍വുമൺ ആയിട്ടുള്ള എന്റെ യാത്ര തുടങ്ങിയത് മുംബൈ നഗരത്തിൽ നിന്നാണ്. 

ഓഡിഷനിൽ നേരിട്ട അവഗണനകൾ

മുംബൈയിൽ വന്നതിനു ശേഷം ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായി. എന്തുകൊണ്ട് ഫാഷൻ രംഗത്ത് മോഡലായിക്കൂടാ എന്നൊരു ചിന്ത വന്നു. ഞാൻ മോഡലിങ്ങിലേക്ക് തിരിഞ്ഞു. ഓരോ ദിവസവും നിരവധി ഓഡിഷനുകളിൽ പങ്കെടുത്തു. എല്ലായിടത്തും പോയി എന്റെ പ്രൊഫൈൽ നൽകി. പക്ഷേ, എല്ലായിടത്തു നിന്നും എനിക്ക് തിരസ്കാരങ്ങളാണ് ആദ്യം നേരിടേണ്ടി വന്നത്. എന്തുകൊണ്ടാണ് എന്നെ പരിഗണിക്കാത്തതെന്ന് എനിക്ക് മനസിലായില്ല. ഒരിക്കൽ ഇതുപോലെ ഓഡിഷൻ ഉണ്ടെന്നറിഞ്ഞ് ഞാൻ പോയി. അവിടെ നിന്നാണ് എന്തുകൊണ്ട് ഞാൻ തിരസ്കരിക്കപ്പെടുന്നു എന്നതിന്റെ ഉത്തരം കിട്ടിയത്. ജീവശാസ്ത്രപരമായി ഞാനൊരു സ്ത്രീ അല്ലാത്തതുകൊണ്ടാണ് എന്നെ ആ റോളിലേക്ക് പരിഗണിക്കാത്തതെന്ന് ഞാൻ തിരിച്ചറിഞ്ഞു. വല്ലാത്തൊരു നടുക്കത്തോടെയാണ് ആ മറുപടി ഞാൻ സ്വീകരിച്ചത്. ട്രാൻസ്‍വുമണിന്റെ വേഷം വരുമ്പോൾ വിളിക്കാമെന്നു പറഞ്ഞ് അവരെന്നെ പറഞ്ഞയച്ചു. 

navyasigh

മോഡലല്ല, റോൾ മോഡലാകണം

നാം തുല്യതയെക്കുറിച്ച് വാ തോരാതെ സംസാരിക്കും. അതിനുവേണ്ടി മുദ്രാവാക്യങ്ങൾ വിളിക്കും. ഹാഷ്‍ടാഗ് ക്യാംപയിനിൽ പങ്കെടുക്കും. പക്ഷേ, കാര്യത്തിലേക്ക് കടക്കുമ്പോൾ യാഥാർഥ്യം മറ്റൊന്നാണ്. ഒരു അഭിനേതാവ് ‍ജെൻഡർ ന്യൂട്രൽ ആകണമെന്നാണ് എന്റെ പക്ഷം. ഒരു അഭിനേതാവിന് ആണ്‍വേഷമോ പെൺവേഷമോ ട്രാൻസ് വ്യക്തിയുടെ കഥാപാത്രമോ എന്തും ചെയ്യാം. കാരണം, അഭിനയിക്കുമ്പോൾ ഓരോ അഭിനേതാവും ഒരു കഥാപാത്രമായി മാറുകയാണ്. പക്ഷേ, ഈ സ്വാതന്ത്ര്യം ട്രാൻസ് ആർടിസ്റ്റുകൾക്കില്ല. എന്തുകൊണ്ടാണ് ഇത്തരം വേർതിരിവുകൾ? ബോളിവുഡിലെ ഇത്തരം വേർതിരിവുകളെയാണ് ഞാൻ ചോദ്യം ചെയ്തത്. ഇപ്പോഴും ആ പോരാട്ടം തുടരുന്നു. 2017ൽ ഡൽഹിയിൽ നടന്ന മിസ് ട്രാൻസ് ക്വീൻ സൗന്ദര്യമത്സരത്തിൽ അവസാന അഞ്ചിലെത്തി. മോഡൽ ആകാനാല്ല, റോൾ മോഡൽ ആകാനാണ് ഞാൻ മത്സരിച്ചത്. പിന്നീട് ലൈംഗിക ന്യൂനപക്ഷങ്ങൾക്കുവേണ്ടിയുള്ള എന്റെ പ്രവർത്തനങ്ങളോടുള്ള ആദരമായി ട്രാൻസ് ക്വീൻ ഇന്ത്യ ബ്രാൻഡ് അംബാസിഡറായി സംഘാടകർ എന്നെ തിരഞ്ഞെടുത്തു. 

ജീവൻ വിലപ്പെട്ടത്, തിരക്കിട്ട തീരുമാനം വേണ്ട

ലിംഗമാറ്റ ശസ്ത്രക്രിയ ഏറെ വേദന നിറഞ്ഞതാണ്. അതു വിജയകരമല്ലാതായിത്തീരുമ്പോഴുള്ള അവസ്ഥ കഷ്ടമാണ്. ആരും പിന്തുണയ്ക്കില്ല. കേരളത്തിൽ ഈയടുത്ത് ആത്മഹത്യ ചെയ്യേണ്ടി വന്ന അനന്യ കുമാരിയുടെ സാഹചര്യവും വ്യത്യസ്തമായിരുന്നില്ല. ഏറെ നടുക്കത്തോടെയാണ് ഞാൻ ആ വാർത്ത കേട്ടത്. അനന്യയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. എന്റെ ട്രാൻസ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. ചികിത്സയോ സർജറിയോ എന്തുമാകട്ടെ, അതിനു പോകുന്നതിനു മുൻപ് അവയെക്കുറിച്ച് കൃത്യമായി അന്വേഷിക്കണം. ഏറ്റവും ചുരുങ്ങിയത്, അതിനെക്കുറിച്ച് ഗൂഗിൾ ചെയ്യുകയെങ്കിലും വേണം. അത്തരം ചികിത്സകൾക്ക് വിധേയരായിട്ടുള്ള സുഹൃത്തുക്കളോട് സംസാരിക്കണം. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം മാത്രം സ്വീകരിക്കുക. തിരക്കിട്ട തീരുമാനങ്ങൾ എടുക്കരുത്. നിങ്ങളുടെ ജീവൻ വിലപ്പെട്ടതാണ്.  

English Summary: Trans Model Navya Singh About Her Life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ക്രിക്കറ്റ് 20 ഓവറിലേക്കു ചുരുങ്ങിയത് എങ്ങനെ?

MORE VIDEOS
FROM ONMANORAMA