ADVERTISEMENT

എൻജിനീയർ, ടെലിവിഷൻ അവതാരക, നർത്തകി അങ്ങനെ പലരീതിയിൽ പരിചയപ്പെടുത്താവുന്ന പേരാണ് അനുശ്രീ എസ് നായരുടേത്. ജോലിത്തിരക്കിനിടയിലും നൃത്തത്തെ സ്നേഹിക്കുന്ന അനുശ്രീ  "മാനവ ജന്മ" എന്ന തന്റെ പുതിയ നൃത്താവിഷ്കാരത്തിന്റെ തിരക്കിലാണ്. പുരന്ദര ദാസ കൃതികളിലെ തത്വ ചിന്താത്മകമായ വരികളെ കർണാടക സംഗീതത്തിൽ ലയിപ്പിച്ച് ഒരു സൃഷ്ടി. പുതിയ നൃത്താവിഷ്കാരത്തെ കുറിച്ച് അനുശ്രീ പറയുന്നു.

എൻജിനീയറാണ് പക്ഷേ...

ബിടെക്ക് ചെയ്തിട്ടുണ്ട്, എൻജിനീയറുമാണ്. പക്ഷേ ആ കോഴ്‌സിനും മുൻപേ എനിക്കൊപ്പം നൃത്തമുണ്ട്. ആങ്കറിങ്ങും നൃത്തവുമൊക്കെ എത്രയോ വര്‍ഷങ്ങളായി കൂടെ തന്നെയുണ്ട്. നൃത്തമാണ് ആങ്കറിങ്ങിലേക്ക് പോകാൻ തന്നെ കാരണം. മലയാളത്തിലെ ഒരു പ്രമുഖ ചാനലിന്റെ തുടക്കത്തിൽ ഒരു നൃത്ത പരിപാടിയ്ക്ക് വേണ്ടി പോകുന്നതിനിടയിലാണ് ആങ്കറിങ്ങിലേക്ക് എത്തുന്നത്. പിന്നെ പഠനവും നൃത്തവും ആങ്കറിങ്ങും ഒന്നിച്ച് കൊണ്ടു പോയി. എല്ലാ വർഷവും ഒരു വേദിയിലെങ്കിലും നൃത്തം ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, കിട്ടുന്ന സ്റ്റേജുകളൊന്നും വിടാറില്ല എന്നതാണ് സത്യം.

ജോലി ഉണ്ടെങ്കിലും നൃത്തം പ്രധാനം

ഡാൻസ് ഒരു പ്രധാനപ്പെട്ട കാര്യമാണ് എന്റെ ജീവിതത്തിൽ. ജോലി കിട്ടി ഹൈദരാബാദ് ടിസിഎസിൽ ഉദ്യോഗസ്ഥയായ ശേഷമാണ് നൃത്തവുമായുള്ള അടുപ്പം ഇടയ്ക്ക് വിട്ടു പോയത്. അതിനു ശേഷം പഠിക്കാൻ തന്നെ തീരുമാനിച്ചു. ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഡിഗ്രി എടുത്തു. ഒരു ഗുരുവിന്റെ അഭാവം ഉണ്ടെന്ന് തോന്നിയപ്പോഴാണ് അതെടുത്തത്. അതേ സമയത്ത് നൃത്തം പുറത്തുള്ള ഗുരുക്കൻമാരിൽ നിന്ന് പഠിക്കുകയും ചെയ്തു. നാട്യ ഗുരു പദ്മഭൂഷൺ ആനന്ദ ശങ്കർ ജയന്തിന് കീഴിലാണ് പഠിച്ചത്. രണ്ടും ഒന്നിച്ചാണ് കൊണ്ടു പോയത്. കോളജിലൊക്കെ സന്തോഷത്തിനു വേണ്ടി കളിച്ചു എന്നല്ലാതെ അതിനു ശേഷമാണ് നൃത്തം പ്രാണനോളം പ്രിയപ്പെട്ടതാകുന്നത്. വിവാഹത്തിന് ശേഷം കുറച്ചു നാളുണ്ടായ നിശബ്ദതയും അതോടെ മാറി. മൂത്ത കുട്ടിയും ഉണ്ടായിക്കഴിഞ്ഞ ശേഷമാണ് ഇതിലൊക്കെ ആക്ടീവ് ആകുന്നത്. പിന്നീട് നൃത്തവുമായി ഒരുപാട് യാത്ര ചെയ്തു. പലതരം ഫെസ്റ്റിവലുകളിലൊക്കെ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. കൂടുതലും മോഹനിയാട്ടത്തിനു വേണ്ടിയാണ് അതിലൊക്കെ തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതുകൊണ്ട് പ്രധാന വഴി അത് തന്നെയാക്കി.

anusree1

ഏതു നാട്ടിലും മറക്കാത്തത്!

ഇടയ്ക്ക് കുറച്ചു നാൾ മലേഷ്യയിൽ പോയിരുന്നു. ആ സമയത്തൊക്കെ നമുക്ക് സ്റ്റേജ് പ്രോഗ്രാം ഉണ്ടാവാറില്ല. പക്ഷേ, എപ്പോഴൊക്കെ ഞാൻ സ്റ്റേജിൽ നിന്ന് വിട്ടു നിന്നിട്ടുണ്ടോ അപ്പോഴൊക്കെ എനിക്ക് പഠിക്കാൻ വരുന്ന കുട്ടികളുണ്ട്. ഏതു നാട്ടിലും കുട്ടികളെ കിട്ടിയിട്ടുണ്ട്. അവിടുന്ന് പോരേണ്ടി വന്നാലും അവർക്ക് പറ്റിയ മറ്റൊരു ഗുരുവിനെ ഏർപ്പെടുത്തി കൊടുത്ത ശേഷമേ പോകാറുള്ളൂ. പിന്നീടാണ് സൂര്യ ഫെസ്റ്റിവലിൽ പങ്കെടുത്തത്. അത് നല്ലൊരു തുടക്കമായി. രണ്ടാമത്തെ കുട്ടി ഉണ്ടായ ശേഷമാണ് നിശാഗന്ധി ഫെസ്റ്റിവലിൽ പങ്കെടുക്കാനായത്. പ്രസവശേഷമുള്ള വേദിയായിരുന്നു. പക്ഷേ, ആ വേദി തന്ന ഒരു ഊർജമുണ്ട്, പിന്നീടുള്ള ലോകം നൃത്തമാക്കാൻ എനിക്കുള്ള പ്രധാന പ്രചോദനങ്ങളിലൊന്ന് അതായിരുന്നു. കാണുന്ന എല്ലാ ഫെസ്റ്റിവലിലും പങ്കെടുക്കാനായി അപേക്ഷകൾ അയക്കാറുണ്ട്. അതിനോട് നൂറു ശതമാനവും എനിക്ക് നീതി പുലർത്തണം. ഒരിക്കലും ഞാനിത് നിർത്താൻ പോകുന്നില്ല. പ്രായം കൂടുന്തോറും നമ്മുടെ ആരോഗ്യം പ്രശ്നമാണ്, ജോലി തിരക്കുകൾ കാരണം പതിവായി പ്രാക്ടീസ് സ്ഥിരമാക്കാനായിട്ടില്ല. എന്നാൽ പ്രഫഷനൽ നിലപാട് തന്നെയാണ് നൃത്തത്തിനോടുള്ളത്. മാത്രമല്ല പെർഫോം ചെയ്യാനുള്ള ഒരു അവസരവും വേണ്ടെന്ന് വയ്ക്കില്ല.

മാനവ ജന്മ...

പഴയ ക്ലാസിക്കൽ കൃതികൾ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് പുരന്ദര ദാസ കൃതികളെടുത്ത് നൃത്ത രൂപമാക്കാൻ തീരുമാനിച്ചത്. എന്റെ രണ്ട് സുഹൃത്തുക്കളാണ് അതിനു കാരണം. പുരന്ദര ദാസൻ കര്‍ണാടിക് മ്യൂസിക്കിന്റെ പിതാവാണ്, അതിന്റെ ഉൽപ്പത്തി തന്നെ അദ്ദേഹത്തിൽ നിന്നാണെന്ന് പറയപ്പെടുന്നു. വലിയ ധനികനായ ഒരാളിൽ നിന്ന് ഇറങ്ങി തെരുവുകളിൽ കൃഷ്ണനു വേണ്ടി പാടി നടന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പാട്ടു കേൾക്കാൻ കൃഷ്ണൻ അടുത്തുണ്ടെന്നാണ് സങ്കൽപം. അദ്ദേഹത്തോടാണ് പുരന്ദര ദാസന്റെ പാട്ടുകളൊക്കെയും സമർപ്പണം. അത്രയധികം തത്വചിന്താത്മകമാണ് ആ പാട്ടുകൾ. നമുക്ക് ഈ ധനവും ധാന്യവും കുടുംബവും അങ്ങനെ എല്ലാഭൗതിക സാഹചര്യങ്ങളിൽ നിന്നു മാറി നമ്മളെല്ലാം ലയിക്കുന്ന ആ ഭഗവാനിലേക്ക് മനസ്സ് അർപ്പിക്കാൻ പ്രേരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കൃതിയാണ് ഞങ്ങൾ നൃത്തത്തിനായി എടുത്തത്.

എന്റെ ഒപ്പം എൻജിനീയറിങ് പഠിച്ച കൂട്ടുകാരിയായിരുന്നു. വീണ. അവർ കൊറോണ കാരണം നാട്ടിൽ പെട്ടു പോയ സമയത്താണ് വീണയുടെ ഭർത്താവ് ജോർഡൻ ശ്രീപുരന്ദര ദാസ കൃതി എടുത്ത് പാടാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞത്. നല്ലൊരു പാട്ടുകാരനാണ് അദ്ദേഹം. അപ്പോഴാണ് ആ കൃതികളുടെ പ്രസക്തി എനിക്കും തോന്നിയത്. അതുകേട്ടപ്പോൾ വീണ എന്നോട് ഡാൻസ് കളിക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ചു, ആ നിമിഷം ഞാൻ യെസ് പറഞ്ഞു. അത്ര എളുപ്പമായിരുന്നില്ല അത്തരം ഒരു കൃതിയെ ചിന്താത്മകമായ നൃത്തമാക്കൽ. അന്ന് സുഗന്ധി ടീച്ചർ കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാക്കി തന്നു. കൊറോണകാലമായതുകൊണ്ട് ഓൺലൈൻ ക്ലാസ് ആയിരുന്നു. ആ കൃതിയുടെ ഉള്ളറിഞ്ഞു തന്നെ ടീച്ചർ എന്നെ സഹായിച്ചു. അതൊരു വലിയ പ്രചോദനവുമായി. അങ്ങനെ "മാനവ ജന്മ" പിറവിയെടുക്കുകയാണ്.

സംഗീതജ്ഞന്റെ ആശയം

പൂർവ്വികല്യാണി രാഗത്തിന്റെ ഭംഗിയും മാനവ ജന്മ എന്ന കൃതിയുടെ മനോഹാരിതയും ചോരാതെ സമകാലീന സംഗീതവുമായി ചേർത്ത് വേറിട്ടൊരു ആസ്വാദന അനുഭവം നൽകുകയാണ് സംഗീതജ്ഞനായ ജോർഡൻ ശ്രീ. കർണാടക സംഗീതത്തെ ലോക സംഗീത ആസ്വാദകർക്കായി പരിചയപ്പെടുത്തുക എന്ന ഉദ്യമത്തിന്റെ പാതയിലാണ് അദ്ദേഹം. 2007 ലെ ഓസ്കർ അവാർഡ് ജേതാവായ MARKETA IRGLOVA യുമായി ചേർന്ന് ഒരു ഇന്റർനാഷണൽ സംഗീത ആൽബത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ.

കുടുംബം കട്ടയ്ക്ക് കൂടെ

ഭർത്താവ് യുകെയിൽ ഡോക്ടറാണ്, സൂരജ് ശങ്കർ. എനിക്കും യുകെയിൽ ജോലി ആയി. ഉടനെ തന്നെ അങ്ങോട്ടേക്ക് പോകുകയാണ്. അതുകൊണ്ട് ഈ നൃത്തശിൽപം അവതരിക്കപ്പെട്ട കഴിഞ്ഞാലും അതിനെക്കുറിച്ചുള്ള കൂടുതൽ അഭിപ്രായങ്ങളും നിരൂപണങ്ങളുമൊക്കെ ഞാൻ കാണുന്നത് ഒരു പ്രവാസി ആയിരുന്നുകൊണ്ടാവും.

അമ്മയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അമ്മ നർത്തകിയായിരുന്നു. എന്നാൽ കുടുംബമൊക്കെയായതോടെ അമ്മയ്ക്ക് നൃത്തം തുടരാൻ സാധിച്ചില്ല. അതുകൊണ്ട് അമ്മയ്ക്ക് വേണ്ടി കൂടിയുമാണ് ഞാൻ അത് ചെയ്യുന്നതെന്ന് 'അമ്മ പറയാറുണ്ട്, അത് കേൾക്കുന്നത് എനിക്ക് വലിയ സന്തോഷമാണ്. പലപ്പോഴും ഇതിന്റെ വർക്ക് നടക്കുമ്പോൾ ഒരു മുറിയിൽ ഞാൻ അടച്ചിരിക്കുകയാവും മക്കൾ രണ്ടു പേരും ഒരു കാര്യത്തിനും ആ സമയത്ത് ബുദ്ധിമുട്ടിക്കാറേയില്ല. എല്ലാം മാനസ്സിലാക്കി അവരൊക്കെ എന്റെ കൂടെ നിൽക്കുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. അത് തന്നെയാണ് പ്രചോദനവും.

എവിടെ പോയാലും...

ഇപ്പോഴും ഞാൻ ആങ്കറിങ് ചെയ്യുന്നുണ്ട്. യുകെയിൽ പോയാൽ ഒരുപക്ഷേ ഇവിടെ നാട്ടിൽ ചെയ്യുന്ന ആങ്കറിങ് ചെയ്യാൻ കഴിയില്ലായിരിക്കാം, പക്ഷേ നൃത്തം എന്റെ പ്രാണവായുവാണ്. അത് ഒരിക്കലും നിർത്തണോ മുടക്കമോ താൽപ്പര്യമില്ല. സ്റ്റേജിൽ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ കുട്ടികളെ പഠിക്കാനായി കണ്ടെത്തും. അവർക്ക് നമ്മളിലുള്ള കല പകർന്നു കൊടുക്കാനാവുന്നത് തന്നെ സന്തോഷമാണ്. ഇങ്ങനെയൊക്കെ തന്നെയാണ് ഞാൻ നൃത്തത്തെ എല്ലാ കാലത്തും ഏതെങ്കിലുമൊക്കെ രീതിയിൽ കൂടെ കൂട്ടാൻ ആഗ്രഹിക്കുന്നത്.

English Summary: Dancer Anusree about Professional Life and new projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT