sections
MORE

മുകേഷിന്റെ സഹോദരി, എഴുത്തിലെ ജയശ്രീ: ‘അഭിനയം ഇഷ്ടമാണ്, പക്ഷേ..’

Mukesh-Jayasree
ജയശ്രീക്കും മകൾക്കും ഒപ്പം മുകേഷ്
SHARE

നാടകാചാര്യൻ, അന്തരിച്ച ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും രണ്ടു മക്കളെ മലയാള സിനിമാ–നാടക പ്രേക്ഷകർക്കു പരിചയപ്പെടുത്തേണ്ടതില്ല. എം.മുകേഷും സന്ധ്യാ രാജേന്ദ്രനും. സിനിമകളിലൂടെയും നാടകങ്ങളിലൂടെയും ടിവി ഷോകളിലൂടെയുമെല്ലാം ഇവർ മലയാളിക്കു സുപരിചിതരാണ്. മുകേഷാകട്ടെ രണ്ടു ടേമായി കൊല്ലത്തുനിന്നുള്ള എംഎൽഎയും. ഈ കലാകുടുംബത്തിൽ മൂന്നാമതൊരാൾ കൂടിയുണ്ട്. പഠനകാലത്ത് കേരള സർവകലാശാലയിലെ മികച്ച നടിയായിരുന്ന, കാളിദാസ കലാകേന്ദ്രത്തിന്റെ അൻപതിലേറെ വേദികളിൽ അഭിനയിച്ച ജയശ്രീ.  

ഒ.മാധവന്റെയും വിജയകുമാരിയുടെയും ഇളയ മകൾ. അഭിനയ ലോകം വിട്ട് അധ്യാപികയായി മാറിയ ജയശ്രീ ഇന്നു ലണ്ടനിലെ മലയാളി സമൂഹത്തിൽ അറിയപ്പെടുന്ന എഴുത്തുകാരിയാണ്. മൂന്നാമത്തെ പുസ്തകം ‘മിറിയം’ അടുത്തിടെ പുറത്തിറങ്ങി. അഭിനയത്തെക്കുറിച്ച്, എഴുത്തിനെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് ജയശ്രീ ശ്യാംലാൽ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.

അഭിനയം ഇഷ്ടമാണ്, പക്ഷേ...

പഠനകാലത്ത് ഞാൻ ആദ്യമായി വേദിയിൽ കയറുന്നതു നാടകം കളിക്കാനല്ല, പ്രസംഗിക്കാനായിരുന്നു. നാടകവും അഭിനയവും ഏറെ ഇഷ്ടമായിരുന്നു. അങ്ങനെയാണു കൊല്ലത്ത് ശ്രീനാരായണ വനിതാ കോളജിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ചത്. ജി.ശങ്കരപ്പിള്ളയുടെ നാടകമാണു കളിച്ചത്. 1980ലാണ്.  സർവകലാശാലയിലെ മികച്ച നടിയായി. പക്ഷേ, പിന്നീട് കുറേ വർഷങ്ങൾ അഭിനയിച്ചില്ല. നിരുത്സാഹപ്പെടുത്തിയത് അച്ഛനായിരുന്നു. ആദ്യം പഠനം, അതിനുശേഷവും ആഗ്രഹമുണ്ടെങ്കിൽ അഭിനയിച്ചോളൂ എന്നായിരുന്നു അച്ഛന്റെ നിലപാട്. 

പഠനകാലത്തും പിന്നീടുമായി പല വേദികളിൽ അഭിനയിച്ചു. പക്ഷേ, തുടർന്നില്ല. അച്ഛനും അമ്മയും നാടകത്തിൽ സജീവമായിരുന്നതിനാൽ എന്നെ കുട്ടിക്കാലത്ത് അമ്മൂമ്മയാണു നോക്കിയത്. എന്റെ മക്കൾക്കും കുടുംബത്തിനൊപ്പം എപ്പോഴും വേണമെന്നു ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അഭിനയം എന്ന ഇഷ്ടം വേണ്ടെന്നു വച്ചത്. 

ജയശ്രീ, ആദ്യ നായികയുടെ പേര്

കാളിദാസ കലാകേന്ദ്രത്തിന്റെ ആദ്യ നാടകം ‘ഡോക്ടർ’ ആയിരുന്നു. അതിലെ നായികാ കഥാപാത്രത്തിന്റെ പേരാണു ജയശ്രീ. തുടക്കകാലത്ത് കവിയൂർ പൊന്നമ്മയായിരുന്നു ആ വേഷം ചെയ്തത്. ‘ഡോക്ടർ’ അരങ്ങിലെത്തിയ വർഷമാണു ഞാൻ ജനിച്ചത്. അങ്ങനെ ആദ്യ നാടകത്തിലെ നായികയുടെ പേര് അച്ഛൻ എനിക്കിട്ടു. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഞാൻ അഭിനയിച്ച ആദ്യ നാടകവും ഇതായിരുന്നു. കോളജ് പഠനകാലത്താണ്, ജയശ്രീ എന്ന കഥാപാത്രമായി ഞാൻ വേഷമിട്ടത്. പിന്നീട്, 1990ൽ കാളിദാസ കലാകേന്ദ്രം അമേരിക്കൻ പര്യടനം നടത്തിയപ്പോൾ യാദൃശ്ചിമായി അതിൽ ഞാനും ഉൾപ്പെട്ടു. ഒരു നടിയുടെ വീസ ശരിയാകാതെ വന്നപ്പോഴാണു ഞാൻ പകരക്കാരിയായത്. മുപ്പതിലേറെ വേദികളിൽ അന്ന് അഭിനയിച്ചു 

Jayasree-Madhavan
ജയശ്രീ ശ്യാംലാൽ

കലയിൽനിന്നു കണക്കിലേക്ക്

അഭിനയം അധികനാൾ തുടർന്നില്ല. പഠനം കഴിഞ്ഞ് അധികം വൈകാതെ കൊല്ലത്തെ ഹോളി ഏഞ്ചൽസ് സ്കൂളിൽ അധ്യാപികയായി. കണക്ക് ആയിരുന്നു വിഷയം. ഇതിനിടെ വിവാഹം കഴിഞ്ഞു. പ്രണയവിവാഹമായിരുന്നുവെന്നു പറയാം. വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാർ വിവാഹം നടത്തിത്തരികയായിരുന്നു. ശ്യാംലാൽ എന്റെ നാട്ടുകാരൻ തന്നെയായിരുന്നു. നാട്ടിൽ വച്ചുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. ടികെഎം എൻജിനീയറിങ് കോളജിലായിരുന്നു ശ്യാംലാലിന്റെ പഠനം. 

ലണ്ടനിലേക്കു കുടിയേറ്റം

ശ്യാംലാൽ തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ ജോലി ചെയ്യുമ്പോൾ ലണ്ടനിൽ സ്കോളർഷിപ് ലഭിച്ചു. അങ്ങനെ 2004ൽ അദ്ദേഹത്തിനൊപ്പം ഞാനും ലണ്ടനിലെത്തി. ഞാൻ അധ്യാപന ജോലിയിൽ തുടർന്നു. ഇവിടെ അഡൽട്ട് കോളജിൽ അധ്യാപികയാണ്. കണക്കു തന്നെ വിഷയം. അഭിനയം വിട്ടെങ്കിലും കലാലോകവുമായി ഇടക്കിടെ ബന്ധം പുലർത്തിയിരുന്നു. ശ്യാംലാലും സുഹൃത്തുക്കളും ചേർന്നു നടത്തിയിരുന്ന സംഗീത വിഷൻ സ്റ്റുഡിയോയ്ക്കു വേണ്ടി ചില പ്രോഗ്രാമുകൾ സംവിധാനം ചെയ്തു.

Miriam-Book

എഴുത്തുജീവിതം

ഇപ്പോഴത്തെ ഏതൊരു പ്രവാസിയെയും പോലെ ഫെയ്സ്ബുക്കിലാണ് ആദ്യമെഴുതിത്തുടങ്ങിയത്. മനസ്സിൽ തോന്നിയതൊക്കെ ചെറു കുറിപ്പുകളാക്കി. സുഹൃത്തുക്കൾ നല്ല രീതിയിൽ പ്രോത്സാഹിപ്പിച്ചതോടെ ചെറുകഥകളെഴുതി. ഇവ പല മലയാളം പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നതോടെ പുസ്തകമെഴുതാനുള്ള ധൈര്യം വന്നു. ആദ്യ പുസ്തകം ‘മാധവി’ എന്ന നോവലായിരുന്നു. മാധവി എന്ന കഥാപാത്രത്തിലൂടെ ലണ്ടൻ കുടിയേറ്റക്കാരുടെ കഥയാണു പറഞ്ഞത്. 

ഷേക്സ്പിയറുടെ നാടായ സ്ട്രാറ്റ്ഫോർഡും അദ്ദേഹം താമസിച്ചിരുന്ന വീടും സന്ദർശിച്ച അനുഭവം സമാഹരിച്ചപ്പോൾ രണ്ടാമത്തെ പുസ്തകം പുറത്തുവന്നു– ഷേക്സ്പിയറിലൂടെ ഒരു യാത്ര. ‘മിറിയം’ എന്ന നോവലാണ് ഒടുവിലത്തേത്. രണ്ടാംലോക യുദ്ധകാലത്ത് ഹിറ്റ്ലറിന്റെ നേതൃത്വത്തിൽ ജർമനിയിൽ നടന്ന വംശഹത്യ അതിജീവിച്ച മിറിയത്തിന്റെ കഥയാണിത്. മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടമായി കോൺസെൻട്രേഷൻ ക്യാംപുകളിൽ കഴിച്ചുകൂട്ടിയ മിറിയം 92–ാം വയസിൽ ആ കാലഘട്ടം ഓർമിച്ചെടുക്കുകയാണു നോവലിൽ. വംശവെറിയുടെ ഇരയായ മിറിയം, വംശവിവേചനമില്ലാതെ മനുഷ്യർ മരിച്ചുവീഴുന്ന കൊറോണക്കാലം താണ്ടുന്നതിനെക്കുറിച്ചും നോവൽ പറയുന്നു. 

യുദ്ധം എത്ര ഭീകരമാണെന്ന തിരിച്ചറിവും, ഇനി ഒരു യുദ്ധമുണ്ടാകരുതെന്ന ആഗ്രഹവുമാണ് എന്നെക്കൊണ്ട് ഈ നോവൽ എഴുതിച്ചത്. പട്ടാമ്പിയിലെ ലോഗോസ് ബുക്സാണു പ്രസാധകർ. എഴുത്ത് സംഭവിച്ചു പോകുന്നതാണ്. അതുകൊണ്ട് അടുത്ത പുസ്തകത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എഴുതുമ്പോൾ എനിക്കു സന്തോഷം കിട്ടുന്നുണ്ട്. എന്തു വേദനകളുണ്ടെങ്കിലും മറക്കാൻ കഴിയുന്നു. ആ സന്തോഷത്തിനുവേണ്ടിയാണ് എന്റെ എഴുത്ത്. ലണ്ടനിലെ ജീവിതമാണെങ്കിലും മലയാളത്തിൽ എഴുതുന്നതു കൂടുതൽ സന്തോഷകരമാണ്. നാട്ടിലെ സുഹൃത്തുക്കൾ പുസ്തകത്തിന്റെ ചർച്ചകളൊക്കെ സംഘടിപ്പിച്ച് എന്നെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 

കലാവഴിയിൽ മക്കൾ

കലാലോകം ഞാൻ വളരെ മുൻപേ ഉപേക്ഷിച്ചെങ്കിലും മക്കൾ രണ്ടുപേരും ആ വഴിയിലുണ്ട്. ഇളയ മകൾ നതാലിയ സിനിമാ സംവിധായികയാണ്. നതാലിയയുടെ ആദ്യ ചിത്രം ‘ഫ്രൂട്ട് പ്രിന്റ്സ് ഓൺ വാട്ടർ’ ഡിസംബറിൽ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസാകും. ആദിൽ ഹുസൈൻ, നിമിഷ സജയൻ, ലെന തുടങ്ങിയവരാണ് അഭിനേതാക്കൾ. റസൂൽ പൂക്കുട്ടി, അഴഗപ്പൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്. ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതു മൂത്ത മകൾ നീതയാണ്. തിരക്കഥയ്ക്ക് ‘സിനിസ്റ്റാൻ’ പുരസ്കാരവും ലഭിച്ചു. 

Jayasree-Family-1
ജയശ്രീയും കുടുംബവും

നതാലിയയുടെ ഹ്രസ്വചിത്രങ്ങൾക്കെല്ലാം തിരക്കഥയൊരുക്കിയതും നീതയാണ്. മക്കൾ ഈ രംഗത്തു വരുമെന്നു പ്രതീക്ഷിച്ചതേയില്ല. സിഎയാണു പഠിച്ചതെങ്കിലും നീത എഴുത്തിലാണു സജീവം. ആനന്ദ്, രാജർഷി ഭദ്ര എന്നിവരാണു മരുമക്കൾ. ഇരുവരും എൻജിനീയർമാർ. ആനന്ദിന്റെയും നീതയുടെയും മകന് ഒ.മാധവന്റെ ഓർമയ്ക്ക് മാധവൻകുട്ടി എന്നാണു പേരിട്ടത്.

Jayasree-Family

നടനും എംഎൽഎയുമല്ല, മുകേഷ് എന്റെ അണ്ണൻ

അച്ഛൻ ഒ.മാധവൻ എനിക്കു സുഹൃത്തിനെപ്പോലെയായിരുന്നു. അണ്ണനും എനിക്ക് അങ്ങനെ തന്നെ. സിനിമയിൽ നല്ല നടനാണ് അണ്ണൻ. എംഎൽഎയായി രാഷ്ട്രീയത്തിലും തിളങ്ങുന്നു. ഈ ഗ്ലാമറൊന്നും ഞങ്ങൾക്കിടയിലില്ല. സഹോദരനും അടുത്ത സുഹൃത്തുമാണ്. എന്റെ ഫെയ്സ്ബുക്ക് കുറിപ്പുകളൊക്കെ വായിച്ച് അഭിപ്രായം പറഞ്ഞിരുന്നു. പുസ്തകം വായിക്കാൻ തിരക്കിനിടയിൽ സമയം കിട്ടില്ലെന്നാണു ഞാൻ കരുതിയിരുന്നത്. എന്നാൽ ‘മിറിയം’ വായിച്ചെന്നും നന്നായിട്ടുണ്ടെന്നും പറഞ്ഞു. 

(ജയശ്രീ ശ്യാംലാലിന്റെ ഇമെയിൽ വിലാസം: jayasreesyamlal@yahoo.co.uk)

English Summary: Interview with Writer Jayasree Syamlal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA