ADVERTISEMENT

'നിലാവ് പോലെ ചിരിക്കുന്ന പെൺകുട്ടി'; ഡോക്ടർ ഫാത്തിമ അസ്‌ലയ്ക്ക് ഇതിൽപരം ചേരുന്ന മറ്റൊരു വിശേഷണമില്ല. ജീവിതത്തെ ഇത്രയേറെ ശുഭാപ്തിവിശ്വാസത്തോടെ നേരിടുന്ന ഫാത്തിമയെ ഇങ്ങനെയല്ലാതെ എങ്ങനെ വിളിക്കാനാകും. വേദനയെ ചിരികൊണ്ട് നേരിടുന്ന ഫാത്തിമ സമൂഹമാധ്യമത്തിനു സുപരിചിതയാണ്. പൂനൂർ വട്ടിക്കുന്നുമ്മൽ അബ്ദുൽ നാസറിന്റെയും ആമിനയുടെയും 4 മക്കളിൽ രണ്ടാമത്തെ ആളാണ് ഫാത്തിമ. 

ഓസ്റ്റിയോജനസിസ് ഇംപെർഫെക്ട (ഒഐ – എല്ലു പൊടിയുന്ന രോഗം) ഉള്ളതിനാൽ എഴുന്നേറ്റു നിൽക്കാൻപോലും കഴിയാത്ത അവസ്ഥയിൽ വീൽചെയറിൽ ഇരുന്ന് ഫാത്തിമ നേടിയ വിജയങ്ങൾ ശ്രദ്ധേയമായിരുന്നു. ‘പ്രകാശം പരത്തുന്ന ഈ പെൺകുട്ടി’ സോഷ്യൽമീഡിയയുടെ പ്രിയപ്പെട്ട പാത്തുവാണ്. ഈ മാസം മൂന്നിനാണ് വീൽചെയർ മെഹറായി സ്വീകരിച്ച് കോഴിക്കോട് താമരശേരി സ്വദേശിനിയായ പാത്തു ലക്ഷദ്വീപ് കൽപേനി സ്വദേശിയായ ഫിറു എന്ന ഫിറോസിന്റെ ജീവിതസഖിയായത്. ഫാത്തിമയുടെ നിക്കാഹിന്റെ വാർത്തയും കയ്യടിയോടെയാണ് സോഷ്യൽമീഡിയ സ്വീകരിച്ചത്. സ്ത്രീയെന്ന നിലയിൽ തന്റെ നിലപാടുകളും സ്വപ്നങ്ങളും ഫാത്തിമ അസ്‌ല പങ്കുവയയ്ക്കുന്നു. 

വളർന്നുവരുന്ന പെൺകുട്ടികളോട് ഫാത്തിമയ്ക്ക് പറയാനുള്ളത്

പെൺകുട്ടികളോട് എനിക്ക് പ്രധാനമായും പറയാനുള്ളത് നിങ്ങൾ സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം. സ്വന്തം കാലിൽ നിൽക്കാനുള്ള വരുമാനം ഓരോ പെൺകുട്ടിയും ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. അതോടൊപ്പം മനസിന്റെ ശക്തിയും വളരെ പ്രാധാന്യമുള്ളത്. സ്വയം സ്നേഹിക്കാൻ ശീലിച്ചാൽ മാത്രമേ മറ്റുള്ളവരും നമ്മളെ സ്നേഹിക്കൂ. നമുക്ക് നമ്മളോട് ബഹുമാനവും സ്നേഹവുമുണ്ടെങ്കിൽ തീർച്ചയായും അത് മറ്റുള്ളവരിൽ നിന്നും ലഭിക്കും. എന്റെ അനുഭവം അങ്ങനെയാണ്.

വീൽചെയർ മെഹറായി വാങ്ങിയ നിക്കാഹിനെക്കുറിച്ച്?

എനിക്ക് കിട്ടിയ ഈ മെഹർ മറ്റുള്ളവർക്ക് പ്രചോദനമാകണമെന്ന് ആഗ്രഹമുണ്ട്. ഫിറു എന്നെ പൂർണ്ണമായി അംഗീകരിച്ചതിന്റെ തെളിവാണ് വീൽചെയർ മെഹറായി തന്നത്. ഞാൻ എന്താണോ അങ്ങനെ തന്നെ എന്നെ പ്രണയിക്കുകയും അംഗീകരിക്കുകയും ചെയ്ത വ്യക്തിയാണ് ഫിറു. അതുകൊണ്ട് തന്നെ ഈ വീൽചെയർ അംഗീകരമായിട്ട് കാണാനാണ് ആഗ്രഹിക്കുന്നത്.

നിങ്ങളുടെ വിവാഹത്തിന് സഹതാപത്തിന്റെ മേമ്പൊടി ചേർക്കുന്നവരോട് പറയാനുള്ളതെന്താണ്?

ഞങ്ങളുടെ വിവാഹത്തിന് സഹതാപത്തിന്റെ നിറം നൽകുന്നതിനോട് കടുത്ത വിയോജിപ്പാണുള്ളത്. കാരണം വിവാഹം എന്നെ സംബന്ധിച്ച് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. വേദനകളോടും പ്രയാസങ്ങളോടും പൊരുതി ഞാൻ നേടിയെടുത്ത ഒരു ജീവിതമാണ്. അതിനെ വിലകുറച്ച് കാണുന്നതിന് തുല്യമാണ് ഈ സിംപതി. വിവാഹജീവിതത്തിൽ എനിക്കും ഫിറുവിനും ഞങ്ങളുടേതായ ഒരു ഇടമുണ്ട്. ആ ഇടത്തെ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്തുകൊണ്ടാണ് ഞങ്ങൾ പ്രണയിച്ച് വിവാഹിതരായത്. സഹതപിക്കുന്നവർ ആ ഇടം കാണാതെ പോകുന്നതിൽ വിഷമമുണ്ട്. പോരായ്മകളുള്ള പെൺകുട്ടിയ്ക്ക് ജീവിതം കൊടുത്തു എന്നൊക്കെ പറയുന്നതിൽ വിഷമമുണ്ട്. 

പാത്തുവിനെ ഇപ്പോൾ കാണുന്ന പാത്തുവാക്കി മാറ്റിയതിൽ വീട്ടുകാരുടെ പങ്ക് എന്താണ്?

എന്റെ ഉമ്മച്ചി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. വളരെ ബോൾഡായ വ്യക്തിയാണ് ഉമ്മച്ചി. എന്റെ വാപ്പ ശരീരിക പരിമിതികളുള്ള  വ്യക്തിയാണ്. എന്നാൽ ഉമ്മച്ചിയുടെ മനസിന്റെ ശക്തി ഒന്നുകൊണ്ട് മാത്രമാണ് ഞങ്ങൾ നാലുമക്കളെയും വളർത്താനായത്. അധികം വിദ്യാഭ്യാസം നേടിയ വ്യക്തിയല്ല ഉമ്മച്ചി. എന്നാൽ ആ ജീവിതാനുഭവങ്ങൾ ഏറെയാണ്. അടുത്തറിയാവുന്നവർക്കറിയാം എത്രമാത്രം ഉമ്മച്ചി ബോൾഡാണെന്ന്.

സ്ത്രീധനം നൽകി പെൺകുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനെക്കുറിച്ച്?

ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ കെട്ടിച്ചയക്കുന്നതിനെക്കുറിച്ചാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ചിന്ത. കെട്ടിച്ചയക്കുക എന്ന പറയുന്നത് തന്നെ ഒരുതരം ബാധ്യതയാണ്. ഒരു പെൺകുട്ടിക്ക് നൽകാവുന്ന ഏറ്റവും വലിയ ധനം വിദ്യാഭ്യാസമാണ്. അവരെ പറ്റുന്നിടത്തോളം പഠിപ്പിച്ച് സ്വയംപര്യാപ്തരാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതല്ലാതെ വീട്ടിലെ സ്വത്ത് ആഗ്രഹിച്ച് വരുന്നവർക്ക് മകളെ കൊടുക്കുന്ന രീതി ശരിയല്ല. എന്റെ നിക്കാഹിന് ഞാൻ അണിഞ്ഞത് സുഹൃത്തുക്കൾ തന്ന സമ്മാനമാണ്. മകളെ പൂർണ്ണമായി അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾക്കാണ് വിവാഹം കഴിച്ച് നൽകേണ്ടത്. 

പാത്തുവിന്റെയും ഫിറുവിന്റെയും ഭാവിപദ്ധതികൾ എന്താണ്?

ഹൗസ് സർജൻസിക്ക് ശേഷം ഫിറുവിനൊപ്പം ലക്ഷദ്വീപിലേക്ക് പോകാനാണ് ആഗ്രഹം. ഞങ്ങളുടെ കുഞ്ഞുകുഞ്ഞു വിശേഷങ്ങൾ പങ്കുവെക്കാൻ കടലും നിലാവും എന്ന പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്നുണ്ട്. Dream beyond infinity എന്ന യൂട്യൂബ് ചാനൽ തുടരും. അതോടൊപ്പം രണ്ടാമത്തെ പുസ്തകത്തിന്റെ ജോലികൾ ആരംഭിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com