‘പക’ യിൽ എത്തിച്ച മോഹം; മലയാള സിനിമയിൽ മേക്കപ്പ് ചെയ്യാൻ സ്ത്രീകളെ അനുവദിക്കില്ല: ശിവപ്രിയ

shivapariya-main
സിനിമാ സെറ്റിൽ ആർട്ടിസ്റ്റിന് മേക്കപ്പിടുന്ന ശിവപ്രിയ
SHARE

1928 ൽ ജെ.സി.ഡാനിയേൽ വി​ഗതകുമാരനിലൂടെ മലയാളികൾക്ക് ചലച്ചിത്രലോകം തുറന്നു നൽകി. നായികയായെത്തിയ പി.കെ. റോസിയെ കാത്തിരുന്നത് കല്ലേറുകൾ മാത്രം. സാമൂഹിക യാഥാസ്ഥിതിയും ചലച്ചിത്രയാഥാർഥ്യവും രണ്ടായി കാണാത്താവരുടെ മുന്നിലാണ് ജെ.സി. ഡാനിയേലിന് തന്റെ ആദ്യ സിനിമ പ്രദർശിപ്പിക്കേണ്ടിവന്നത്. സവർണ്ണ കഥാപാത്രമായി ഒരു കീഴ്ജാതിക്കാരി അഭിനയിച്ചു എന്ന ഒറ്റ കാരണത്താലായിരുന്നു നായികയെ ക്രൂശിക്കാൻ അന്നത്തെ സമൂഹം തുനിഞ്ഞത്. കല്ലേറുകളിൽ നിന്നു തുടങ്ങിയ സിനിമയിലെ സ്ത്രീ ചരിത്രം സ്വന്തമായ അസ്ഥിത്യം ഉണ്ടാക്കിയെങ്കിലും അധികം മുന്നോട്ട് പോയി എന്ന് അവകാശപ്പെടാൻ കഴിയില്ല. ക്യാമറയ്ക്ക് മുന്നിലും പിന്നിലും സ്ത്രീകൾ എത്തിയെങ്കിലും അതിന് വേണ്ടി പലർക്കും കല്ലേറ് കൊള്ളേണ്ടി വന്നു. ഇന്നും സിനിമയിലെ പല മേഖലകളിലും പുരുഷാധിപത്യം നിലനിൽക്കുന്നു എന്നതിന് തെളിവാണ് മേക്കപ്പ് ചെയ്ത് ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്രീ മേക്കപ്പ് ആർട്ടിസ്റ്റുമാർ നടത്തുന്ന പോരാട്ടം. മേക്കപ്പ് സ്ത്രീകളുടെ കല എന്ന് അവകാശപ്പെടുമ്പോഴും സിനിമയിൽ മേക്കപ്പ് ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. കോസ്റ്റ്യൂം ആസോസിയേഷനിൽ സ്ത്രീകൾക്ക് അംഗത്വം ലഭിക്കുമ്പോഴും മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷനിൽ സ്ത്രീകൾക്ക് അംഗത്വമില്ല. ഇതിനെതിരെ പോരാടുന്ന ശിവപ്രിയ മനീഷ സംസാരിക്കുന്നു.

ഹെയർ സ്റ്റൈലിസ്റ്റ് മതി!

മലയാള സിനിമയിൽ മേക്കപ്പ് ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. ഹെയർ സ്റ്റൈലിസ്റ്റ് എന്ന പട്ടികയിലേക്ക് ഞങ്ങളെ മാറ്റി നിർത്തുകയാണ്. മേക്കപ്പ് ചെയ്യാൻ അറിയുന്ന ഒരു പാട് സ്ത്രീകൾ ഉണ്ട്. എന്നാൽ സിനിമയിലേക്ക് കടന്നുവരാൻ അവരെ അനുവദിക്കുന്നില്ല. മേക്കപ്പ് ആർട്ടിസ്റ്റ് അസോസിയേഷനിൽ അംഗത്വം ഇല്ലാതെ മേക്കപ്പ് ചെയ്യാൻ കഴിയില്ല. ഇങ്ങനെ ആരെങ്കിലും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ മേക്കപ്പ് ചീഫിൽ നിന്നും 25000 മുതൽ തോന്നിയ തുക പിഴ ഈടാക്കും. അതുകൊണ്ടു തന്നെ പലരും സ്വന്തം കഞ്ഞിയിൽ പാറ്റയെയിടാൻ തയ്യാറാവില്ല. ഫെഫ്കാ ഹയർ സ്റ്റൈലിസ്റ്റിന്റെ കാർഡാണ് സ്ത്രീകൾക്കു നൽകുന്നത്. ആ കാർഡ് ഉപയോഗിച്ച് സ്വതന്ത്രയായ മേക്കപ്പ് ആർട്ടിസ്റ്റ് ആവാൻ സ്ത്രീകൾക്ക് കഴിയില്ല. മേക്കപ്പ് അസോസിയേഷന്റെ ബൈ ലോയിൽ സ്ത്രീകൾക്ക് കാർഡ് കൊടുക്കരുതെന്ന് പറയുന്നുണ്ട്. അക്കാദമിക്ക് തലത്തിൽ മേക്കപ്പ് പഠിച്ച് ഇറങ്ങുന്ന സ്ത്രീകൾ ഈ നയം കാരണം അവസരങ്ങൾ നഷ്ടപ്പെട്ട് വീട്ടിൽ ഒതുങ്ങുകയാണ്. പഠിച്ചിറങ്ങുന്നവർക്ക് മുന്നിലുള്ളത് ശൂന്യത മാത്രം. ചില സ്ത്രീകൾ മാത്രമാണ് സ്വന്തമായി സ്ഥാപനങ്ങൾ തുടങ്ങിയെങ്കിലും ജീവിക്കുന്നത്.

‘പക’യില്‍ എത്തിച്ച മോഹം

മേക്കപ്പ് അസോസിയേഷനിൽ അംഗത്വത്തിനായി ഒരു പാട് പരിശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഇതുവരെ അനുകൂല നിലപാട് ഉണ്ടായിട്ടില്ല. ധാരാളം അന്യഭാഷാ ചിത്രങ്ങളിൽ മേക്കപ്പ് ചെയ്തു. മലയാള സിനിമയിൽ അസിസ്റ്റ് ചെയ്തിട്ടുണ്ട്. ചീഫ് കാർഡ് ഇല്ലാത്തതിനാൽ തന്നെ വന്ന അവസരങ്ങൾ അധികവും നഷ്ടപ്പെടുകയാണ് ഉണ്ടായത്. എന്റെ അതിയായ ആഗ്രഹമത്താലാണ് പക സിനിമയിൽ മേക്കപ്പ് ചെയ്യാൻ സാധിച്ചത്. കാർഡ് ഇല്ലെങ്കിലും യൂണിയന്റെ അനുമതിയോടെ ജോലി ചെയ്യാം എന്ന് സമ്മതിച്ചു. അങ്ങനെയാണ് സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റാവാൻ കഴിഞ്ഞത്. ഇത് പക്ഷേ ശരിയായ വഴിയല്ല. ഐഡന്റിന്റി ഇല്ലാതെ ജോലി ചെയ്യേണ്ട അവസ്ഥയാണ്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ അവസാന 30 സിനിമയിൽ പക എത്തിയതിൽ സന്തോഷമുണ്ട്. അസോസിയേഷനിൽ അംഗത്വം ഇല്ലാത്തതിനാൽ അവാർഡിന് ഞങ്ങളെ പരിഗണിക്കില്ല. സ്വന്തമായി തൊഴിൽ ചെയ്ത് ജീവിക്കാൻ കഴിയില്ല.

shiva-priya

കഥാപാത്രങ്ങളുടെ ജീവൻ

സിനിമയിലെ മേക്കപ്പ് ബ്യൂട്ടി എന്ന സങ്കൽപത്തിൽ അല്ല കാണേണ്ടത്. ആർട്ടിസ്റ്റിനെ ക്യാരക്ടർ ആക്കുക എന്നത് മേക്കപ്പ് ആർട്ടിസ്റ്റിന്റെ ധർമമാണ്. അവർ കണ്ണാടിയിൽ നോക്കുമ്പോഴേക്കും പകുതി ക്യാരക്ടർ ആയി മാറിയിരിക്കും. സ്ത്രീകൾക്ക് പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യാൻ അറിയില്ല എന്നാണ് അസോസിയേഷനിൽ ഉള്ള വരുടെ വാദം. എന്നാൽവിജയകരമായി അത് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. പക സിനിമയിൽ അത് ദൃശ്യമാണ്. പൊള്ളൽ, മുറിവ്, രക്തം എല്ലാം ചെയ്യാൻ കഴിയുന്നുണ്ട്. പട്ടണം റഷീദ് സാറിന്റെ ശിക്ഷണത്തിലാണ് ഇതെല്ലാം പഠിച്ചത്. പ്രോസ്മെറ്റിക് മേക്കപ്പ് ചെയ്ത് വിജയിച്ചിട്ടു പോലും കാർഡ് നൽകാൻ അസോസിയേഷൻ തയാറല്ല.

ലിംഗ സമത്വമില്ല

2013 ൽ സുപ്രീം കോടതി സ്ത്രീകൾക്ക് ഏത് ജോലി ചെയ്യുന്നതിനും അനുവാദം നൽകിയിട്ടുണ്ട്. തൊഴിൽ ചെയ്യുന്ന സ്ത്രീകളെ തടസപ്പെടുത്തരുതെന്നും പറഞ്ഞിട്ടുണ്ട്. എന്റെ പോരാട്ടം തൊഴിൽ ചെയ്യാൻ വേണ്ടിയുള്ളതാണ്. സുപ്രീം കോടതി വിധി അറിയാത്തതിനാലാണോ അറിയില്ലെന്ന് നടിക്കുന്നതാണോ എന്ന് മനസ്സിലായിട്ടില്ല. പ്രതികരിക്കുന്ന സ്ത്രീകളെ അപകീർത്തിപ്പെടുത്തി ഒറ്റപ്പെടുത്തുന്ന പ്രവണതയും സിനിമാ രംഗത്ത് കൂടി വരുകയാണ്. മേക്കപ്പ് അസോസിയേഷനിൽ സ്ത്രീകൾക്ക് അംഗത്വമില്ലാ അതുപോലെ തന്നെ ഹെയർ സ്റ്റൈലിസ്റ്റ് കാർഡ് 35 വയസ് കഴിഞ്ഞാൽ സ്ത്രീകൾക്ക് നൽകില്ല. പ്രായവും ലിംഗവും നോക്കി തൊഴിൽ ചെയ്യാൻ അനുവദിക്കാത്തത് രാജ്യത്തെ നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.

പുരുഷാധിപത്യം മാത്രം

മലയാള സിനിമയിൽ പുരുഷാധിപത്യമാണ് നിലനിൽക്കുന്നത്. കോസ്റ്റ്യൂം രംഗത്ത് ഇപ്പോൾ ധാരാളം സ്ത്രീകളുണ്ട്. മേക്കപ്പ് കൂടെ സ്ത്രീകൾക്ക് നൽകിയാൽ പുരുഷൻമാർക്ക് തൊഴിൽ ഇല്ലാതാകുമോ എന്ന ഭയവും പലർക്കും ഉണ്ട്. 13 വർഷമായി ഞാൻ നാടക, സിനിമാ മേക്കപ്പ് രംഗത്തുണ്ട്. ആദ്യമൊക്കെ ലൊക്കേഷനിൽ കസേരയിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇപ്പോൾ അതിന് മാറ്റം വന്നു. ധാരാളം സ്ത്രീകൾ സിനിമയിലെ എല്ലാ മേഖലകളിലും എത്തിയിട്ടുണ്ട്. അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉള്ളവരാണ് അവർ.

shivapeiya3

സർക്കാർ കണ്ണു തുറക്കണം

പ്രോസ് തെറ്റിക് മേക്കപ്പ് ചെയ്യുന്ന ധാരാളം സ്ത്രീകൾ രാജ്യത്തുണ്ട്. കമൽഹാസൻ, രജനികാന്ത് തുടങ്ങിയവർക്കെല്ലാം സ്ത്രീ മേക്കപ്പ് ആർട്ടിസ്റ്റുമാർ ഉണ്ട്. പ്രീതി സിംഗ്, ഗുർ പീത്, ബാനു തുടങ്ങിയ അനേകം വനിതകൾ ഈ മേഖലയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ബറോസ് പോലെയുള്ള ചിത്രങ്ങളിൽ മുംബൈയിൽ നിന്നുള്ള സ്ത്രീകൾക്ക് മേക്കപ്പ് ചെയ്യാം. എന്നാൽ ഇവിടെയുള്ളവരെ ചെയ്യാൻ അനുവദിക്കയില്ല. മലയാള സിനിമയിലെ ഈ വിവേചനം അവസാനിപ്പിക്കണം.

ആദ്യം കണ്ണു തുറക്കേണ്ടത് സർക്കാറാണ്. അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിക്കും സിനിമ സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സ്വന്തം തൊഴിൽ ചെയ്ത് ജീവിക്കാനാണ് ഈ പോരാട്ടം. ശിവപ്രിയ മനീഷ പറഞ്ഞു നിർത്തി. സ്ത്രീ മേക്കപ്പ് ആർട്ടിസ്റ്റുമാരിലൂടെ മലയാള സിനിമ വരുംകാലത്ത് ശ്രദ്ധയാകർഷിക്കുമെന്ന ഉറച്ച ദൃഢനിശ്ചയം ശിവപ്രിയയുടെ വാക്കുകളിലുണ്ട്.

English Summary: Make Up Artist Shivapriya's StruggleIn Malayalam Film Industry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA