‘നിനക്ക് ഒരു കുഞ്ഞിനു ജന്മം നൽകാനാകില്ല, ഷോക്കേസിൽ വയ്്ക്കാം’ നോവോർമകളെ താലോലിച്ച് റാംപിൽ ‘കാലുറപ്പിച്ച’ പാത്തു

pathu-main
ഫാത്തിമ
SHARE

പാത്തു അൽപം സ്പെഷ്യലാണ്.അതുകൊണ്ട് തന്നെ പാത്തു സ്വയം പറഞ്ഞില്ലെങ്കിലും അവൾക്കൊപ്പമുള്ളവർ പറയും: ‘പാത്തുവിനെ തോൽപ്പിക്കാനാകില്ല മക്കളേ....’ കാരണം, അവൾക്കൊരു വീൽചെയർ വാങ്ങികൊടുക്കാൻ പറഞ്ഞ് ഓർഡറിട്ടവർക്കും ഇവളെ ഷോകെയ്സിൽ ഇരുത്താൻ മാത്രം കൊള്ളാം എന്ന് പറഞ്ഞ് അപഹസിച്ചവർക്കും പാത്തു ഒരു കലക്കൻ മറുപടി കൊടുത്തു. തന്നെ ഇരുത്താന്‍ പറഞ്ഞ അതേ ഷോകെയ്സിൽ വീൽചെയറില്ലാതെ തന്നെ ഒരു അവാർഡ് കൊണ്ടുവെച്ചുകൊണ്ടായിരുന്നു മറുപടി. ഏഷ്യാ ഫാഷൻ ഫെസ്റ്റ് ബെസ്റ്റ് ഇന്‍സ്പയറിംഗ് മോഡൽ അവാർഡ്. അങ്ങനെ രണ്ട് കാലുള്ളവർ മുഖത്തുനോക്കി പരിഹസിക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്യുമ്പോൾ, ഒരൊറ്റ കാലും, പത്തു കിലോ ഭാരമുള്ള മറ്റൊരു കൃത്രിമക്കാലും മുഖത്ത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയും നിറച്ച് പാത്തു ഉയരങ്ങൾ കീഴടക്കുന്നു.  കൊല്ലം പള്ളിമുക്ക് കൂറ്റത്ത്​വിള വീട്ടിൽ ഫാത്തിമ സി എസ് എന്ന പാത്തുവിനെ പറ്റിയാണ് പറ​ഞ്ഞു വന്നത്. ഇന്ന് ഫാഷൻ റാമ്പുകളിൽ പാത്തു 'കാലുകളുറപ്പിച്ച്' നിൽക്കുമ്പോൾ, ആ കാഴ്ചയ്ക്ക് പത്തരമാറ്റ് വിജയ തിളക്കമാണ്. 

pathu2

വിധിയെ തോൽപ്പിച്ച് പാത്തു

വളർച്ച ഇല്ലാത്ത കാലുകളുമായാണ് ജനിച്ചതെങ്കിലും, പാത്തുവിന്റെ മനസ്സിനെ തളർച്ച കീഴടക്കിയിട്ടില്ല. പ്ലസ് ടു പഠനകാലയളവ് വരെ പാത്തു മറ്റൊരു കൃത്രിമ കാലാണ് ഉപയോഗിച്ചിരുന്നത്.  അതുപയോഗിക്കുമ്പോഴുണ്ടാകുന്ന വേദന കാരണം പഠനത്തിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ വന്നതോടെയാണ് കാല് മുറിച്ചുമാറ്റി മറ്റൊരു കാല് വെക്കാൻ തീരുമാനിച്ചത്. ആദ്യം ഈ തീരുമാനത്തെ അംഗീകരിക്കാൻ കുടുംബത്തിലാരും തയ്യാറായില്ല. ഒടുവിൽ പാത്തു തന്നെ മുൻകൈ എടുത്ത് കാല് മുറിച്ചുമാറ്റി. തന്റെ ഉമ്മയും സ്നേഹത്തോടെ താൻ കുഞ്ഞ എന്ന് വിളിക്കുന്ന ഉമ്മായുടെ അനിയത്തിയും മുന്നിട്ടിറങ്ങിയപ്പോൾ അതെല്ലാം നല്ല‌ പടിയായി തന്നെ നടന്നു. എന്നാൽ ആദ്യമൊക്കെ ധൈര്യം കാണിച്ചിരുന്ന തനിക്ക് കാര്യത്തോടടുത്തപ്പോൾ, ധൈര്യം ചോർന്നു പോകാൻ തുടങ്ങി എന്ന് പാത്തു തന്നെ പറയുന്നുണ്ട്. "പ്ലസ് ടു ഫലം വരുന്ന സമയമായിരുന്നിട്ടു കൂടി ഭയം മൊത്തം കാലിന്റെ സർജറിയുടെ കാര്യമോർത്തായിരുന്നു. മാത്രമല്ല ഒന്ന് കരയാൻ പോലും എനിക്കാവില്ലായിരുന്നു. കാരണം ഞാൻ കരഞ്ഞാൽ എന്റെ ഒപ്പം ഉമ്മായും ഇത്തയും എല്ലാം കരയും. അവർക്കൊന്നും ഒട്ടും ധൈര്യമുണ്ടായിരുന്നില്ല. ഒടുവിൽ സർജറിക്ക് മുൻപ് ഡ്രസ് മാറാൻ പോയപ്പോൾ താൻ ഒറ്റയ്ക്ക് കരഞ്ഞു തീർത്തു. അന്ന് ഇത്തയാണ് ഒരുപാട് ആശ്വസിപ്പിച്ചത്. പേടിക്കണ്ട, നീ ഒന്നും അറിയില്ല, ഉറങ്ങും എന്നെല്ലാം പറഞ്ഞത് ഇത്തയാണ്. അന്നവിടെയുണ്ടായിരുന്ന ഒരു ഡോക്ടറേ ഞാൻ ഒരിക്കലും മറക്കില്ല. കാരണം അന്നന്നെ ആശ്വസിപ്പിക്കാൻ അദ്ദേഹം ഒരുപാട് പണിപ്പെട്ടിരുന്നു." അതൊരു തുടക്കമായിരുന്നു. വിജയതലങ്ങൾ ഒന്നിനു പിറകേ ഒന്നായി കൈയ്യെത്തി പിടിക്കാനുള്ള പാത്തുവിന്റെ കാൽവെപ്പുകളുടെ തുടക്കം.

ഡാൻസർ പാത്തു

കാലില്ലാത്തതിന്റെ കുറവൊന്നും പാത്തു പാത്തുവിനോടു തന്നെ കാണിച്ചിട്ടില്ല. നൃത്തം ചെയ്യുന്നതിൽ പാത്തുവിനുള്ള പാടവം അതിനുള്ള ഉദാഹരണമാണ്. "ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ഡാൻസ് ചെയ്യാനായി ആദ്യമായി സ്റ്റേജിൽ കയറുന്നത്. അന്ന് എല്ലാവരും പ്രോഗ്രാം ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോൾ എനിക്കും ഡാൻസ് കളിക്കണമെന്നായി. ഞാൻ കുഞ്ഞയോടാണ് ആദ്യം ആഗ്രഹം പറഞ്ഞത്. ഒരു കുഞ്ഞുടുപ്പും കുഞ്ഞി പാവാടയും വാങ്ങി തന്ന് നീ കളിച്ചോ എന്നാണ് കുഞ്ഞ പറഞ്ഞത്. അന്ന് ഞാൻ കാലൊന്നും വെച്ചിട്ടില്ല, ഒറ്റക്കാലിൽ നിന്നു കളിച്ചു. നോട്ടു മാലയടക്കം വലിയ സപ്പോർട്ടായിരുന്നു അന്നെനിക്ക് കിട്ടിയത്. ആദ്യമായിട്ടായിരുന്നു അങ്ങനൊരനുഭവം. അന്ന് ഞാനതെല്ലാം അവിടെ കൊണ്ടുനടന്നു കാണിച്ചു." – ഡാൻസർ എന്ന നിലയിൽ തന്റെ അരങ്ങേറ്റം അതായിരുന്നു എന്ന് പാത്തു ഓർത്തെടുത്തു

pathu3

"എന്റെ ഗുരുനാഥൻ  അൻഷാദിക്ക ഒരു ഡാൻസറാണ്. ആദ്യമായി എന്നെ ഡാൻസ് പഠിപ്പിക്കുന്നത് അദ്ദേഹമാണ്. ഓൺ റാംപിൽ നടന്ന് വന്ന് കളിക്കാന്‍ പഠിപ്പിച്ചതും, വോക്കിനിടയില്‍ നിന്ന് കറങ്ങാൻ പഠിപ്പിച്ചതുമെല്ലാം  ഇക്ക തന്നെ. മറ്റു മോഡലുകളെ പോലെ തന്നെയാണ് ഇക്ക എന്നെ റാംപിൽ ഇറക്കിയിരുന്നത്. ഇന്ന് ഞാൻ കമ്പനിയിലെ ഷോ സ്റ്റോപ്പറാണ്." പാത്തുവിന്റെ വാക്കുകളില്‍ നിറയുന്ന ഈ ഗുരുനാഥൻ പ്രശസ്ത മോഡലിംഗ് കമ്പനിയായ എമിറേറ്റ്സിന്റെ സി ഇ ഒ കൂടിയാണ്. മോഡലിംഗ് രംഗത്ത് പാത്തുവിനെ ഹരിശ്രീ കുറിപ്പിച്ചതും ഇദ്ദേഹമാണ്. "കൊല്ലത്ത് വച്ച് നടന്ന ഒരു മത്സരമാണ്, എമിറേറ്റ്സ് മോഡലിംഗ് കമ്പനിയിലേക്കുള്ള എന്റെ വഴി തുറക്കുന്നത്. അന്നത്തെ വിധികര്‍ത്താക്കളിൽ ഒരാളായിരുന്നു ഇക്ക. അന്നത്തെ എന്റെ റാംപ് വോക്ക് കണ്ട്,  ഇനി മുതൽ നീ എമിറേറ്റ്സ് മോഡലാണ് എന്ന് പറഞ്ഞാണ് അദ്ദേഹം എന്നെ എമിറേറ്റ്സിലേക്ക് ക്ഷണിച്ചത്. അന്നൊക്കെ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു, ഒരു ഷോ എങ്കിലും അതുമല്ലെങ്കിൽ ഒരു ഷൂട്ട് എങ്കിലും എമിറേറ്റ്സിന് വേണ്ടി ചെയ്യണമെന്ന്. അതുകൊണ്ട് തന്നെ ആ ക്ഷണം അന്നെന്നെ ഒത്തിരി ഹാപ്പിയാക്കിയിരുന്നു." - പാത്തു ഓർത്തെടുക്കുന്നു. 

pathu1

പാത്തു വേറേ ലെവലാണ്

ഒരുപാട് യാത്ര ചെയ്യാനും ആളുകളുമായി അടുത്തിടപഴകാനും ആഗ്രഹിക്കുന്ന പാത്തുവിന് പാരച്യൂട്ട് റൈഡ് പോലുള അഡ്വഞ്ചറസ് ആയ റൈഡുകൾ എല്ലാം പരീക്ഷിക്കണമെന്നുണ്ട്. ഒരിക്കൽ മുട്ടറ മരുതിമല കയറി ഞെട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ സിനിമ വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് നൂറു വാട്ടിന്റെ പുഞ്ചിരി കത്തിച്ച് പാത്തു മറുപടി പറയും.. "അയാം റെഡി". "അധികവും സൈക്കോ മൂവികളാണ് ഞാന്‍ കാണുന്നത്. അത്തരം കഥാപാത്രങ്ങൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ആരുടെ കൂടെ അഭിനയിക്കണം എന്ന് ചോദിച്ചാൽ, ഒരൊറ്റ ഉത്തരമേയുള്ളൂ, ദുൽഖർ സൽമാൻ. അങ്ങനെയൊരവസരം ലഭിച്ചാൽ ഞാൻ ഒത്തിരി ഹാപ്പിയായിരിക്കും. ആദ്യം ഞാൻ മമ്മൂക്ക ഫാനായിരുന്നു. അതിന് ശേഷമാണ് ഞാൻ ദുൽഖർ ഫാനായത്. ആക്ഷനാണെങ്കിലും അഭിനയമാണെങ്കിലും ലുക്കാണെങ്കിലും ദുൽഖറിക്കയെയാണ് ഇഷ്ടം." - പാത്തു ഇങ്ങനെ വാചാലയാകുമ്പോളും കുത്തുവാക്കുകൾ പിന്നിൽ നിന്നും ഒരുപാട് വന്നു മൂടാറുണ്ട്. "മുൻപൊരു അഭിമുഖത്തിൽ ഇതുപോലെ ദുൽഖറിനൊപ്പം അഭിനയിക്കാൻ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ എന്റെ കസിൻസ് തന്നെ എന്നെ ഒരുപാട് കളിയാക്കിയിരുന്നു. ദുൽഖറിക്ക എന്നെ കാണുമ്പോൾ പേടിച്ചോടും തുടങ്ങി പലതും അന്നവർ പറഞ്ഞു.അന്നതെന്നെ വല്ലാതെ വേദനിപ്പച്ചെങ്കിലും ചിരിച്ചുകൊണ്ടാണ് ഞാൻ അതിനെല്ലാം മറുപടി കൊടുത്തത്." 

വളർത്തിയവരും തളർത്തിയവരും

"മോഡലിങ് ചെയ്യണം അല്ലെങ്കിൽ ഫോട്ടോ ഷൂട്ട് ചെയ്യണമെന്ന് പറഞ്ഞപ്പോൾ എന്നെ ആദ്യം തന്നെ സപ്പോർട്ട് ചെയ്തത് എന്റെ ഇത്തയാണ്. എന്നെ മോട്ടിവേറ്റ് ചെയ്തു മോട്ടിവേറ്റ് ചെയ്തു ഇന്ന് ഇത്ത ഒരു മോട്ടിവേഷൻ സ്പീക്കറുമായി.  എന്റെ ബെസ്റ്റ് ഫ്രണ്ടും എന്റെ ഇത്ത തന്നെ. ഞങ്ങളെ വിളിച്ചിരുന്നത് പോലും സയാമീസ് ഇരട്ടകള്‍ എന്നാണ്. കാരണം, ഞങ്ങള്‍ കഴിക്കുന്നതും കളിക്കുന്നതും എല്ലാം ഒന്നിച്ചിരുന്നാണ്.

ഉമ്മയെ പറ്റി പറഞ്ഞാൽ എനിക്ക് മുൻപ് ഒറ്റയ്ക്ക് നടക്കാൻ ആവില്ലായിരുന്നു. ആറാം ക്ലാസ് വരെ എന്നെ എടുത്തു കൊണ്ട് നടന്നത് ഉമ്മയാണ്. എന്റെ ലോകം തന്നെ എന്റെ ഉമ്മയാണ്. കുഞ്ഞായും എന്റെ ഗുരുനാഥനും എനിക്ക് നൽകുന്നത് വലിയ ഊര്‍ജമാണ്. കൂടെ നിൽക്കുന്ന ഒരുപാട് കൂട്ടുകാരുമുണ്ട്." - പാത്തു തന്റെ ജീവിതത്തിലെ മാലാഖമാരേ എണ്ണിയെണ്ണി പ‌റയുന്നതിങ്ങനെ. 

pathu4

വഴി തെളിച്ചവരെ മാത്രമല്ല, തല്ലി കെടുത്താൻ മുൻകൈ എടുത്തവരേയും പാത്തു ഓർക്കുന്നുണ്ട്. "എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് എന്റെ കാലിനെ പറ്റിയുള്ള ഒരു യഥാർത്ഥ ചിത്രം എനിക്ക് കിട്ടുന്നത്. ആ സമയത്തെല്ലാം എന്റെ ഒരു ആന്റി ഉണ്ടായിരുന്നു.  ഇവളെ ആര് കെട്ടും, ഇവൾക്ക് ഒരു വീൽ ചെയർ  വാങ്ങിച്ചു കൊടുക്ക്,  നിന്നെ കൊണ്ടൊന്നിനും പറ്റില്ല.. വെറുതെ ഇരുന്നോ...വെറുതെ ഇരുന്ന് കഴിച്ചോ എന്നെല്ലാം എന്റെ മുഖത്തുനോക്കി അവർ പറഞ്ഞിരുന്നു. എനിക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയില്ലെന്നും ഒരിക്കൽ അവർ പറഞ്ഞു. അതെന്നെ ഒരുപാട് വേദനിപ്പിച്ചു. 10 കിലോ ഭാരമുള്ള ഈ കാല് പൊക്കാം എന്നുണ്ടെങ്കിൽ ഒരു കുഞ്ഞിനെ താങ്ങാനുള്ള കഴിവും ശേഷിയും എനിക്കുണ്ട്." പാത്തുവിന്റെ വാക്കുകളിൽ ആത്മവിശ്വാസം നിറയുന്നു. 

English Summary: Special Interview With Model Fathima

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA