ADVERTISEMENT

കാലഭേദങ്ങളെ ‘ഫ്രീസ്’ ആക്കി നിർത്താനുള്ള കഴിവ് ചിത്രങ്ങൾക്കുണ്ടെന്ന് ആലങ്കാരികമായി പറയാറുണ്ട്. രൂപവും ഭാവവും മാറ്റിമറിക്കുന്ന കാലങ്ങളെ ട്രാൻസ്ഫർമേഷൻ ചലഞ്ചിലൂടെ തിരികെ വിളിക്കുകയാണ് ന്യൂജനറേഷൻ. തടിച്ച ശരീരങ്ങളിൽ നിന്ന് സൈസ് സീറോയിലേക്കും സാധാരണ ചുറ്റുപാടുകളിൽ നിന്ന് മെച്ചപ്പെടലുകളിലേക്കുമുള്ള യാത്രകളെ ട്രാൻസ്ഫർമേഷന്റെ ടാഗിൽ പലരും കോർത്തെടുക്കാറുണ്ട്. പക്ഷേ ആണുടലിൽ നിന്ന് പെണ്ണുടലിലേക്കും സ്വത്വത്തിലേക്കുമുള്ള യാത്രകളെ അമ്പരപ്പിക്കും വിധമുള്ള ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തുകയാണ് ചിലർ. ജന്മംകൊണ്ട് ആണിന്റെ കുപ്പായമണിയുകയും ഒടുവിൽ മനസിന്റെ വിളികേട്ട് പെണ്ണുടലിലേക്കും മനസിലേക്കും പാറിപ്പറന്ന അവരുടെ ചലഞ്ച് വലിയൊരു വിപ്ലവം കൂടിയാണ്. അവന്തിക വിഷ്ണുവെന്ന സാമൂഹ്യ പ്രവർത്തകയ്ക്കും പറയാനുണ്ട് അങ്ങനെയൊരു കഥ. രണ്ടു ചിത്രങ്ങളുടെ കാലദൈർഘ്യങ്ങൾക്കിടയിൽ അവൾ കണ്ട ജീവിതാനുഭവങ്ങളുടെ കഥയാണിത്. സോഷ്യൽ മീഡിയയെ അമ്പരപ്പിച്ച ട്രാൻസ്ഫർമേഷൻ ചലഞ്ചിന്റെ കഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ജീവിതം ഒരു ചലഞ്ച്

‘ഇങ്ങനെ വേഷംകെട്ടി ജീവിക്കാന്‍ ഇവിടെ പറ്റില്ല...’ഓർമകളുടെ ഫ്രെയിമുകൾ ചികയുമ്പോൾ അച്ഛൻ ലൂക്ക അറുത്തുമുറിച്ചു പറഞ്ഞ ആ വാക്കുകൾ എന്റെ കാതുകളിൽ വന്നലയ്ക്കുന്നുണ്ട്. രണ്ട് ഫ്രെയിമുകളിലായി നിങ്ങൾ കണ്ട എന്റെ ചിത്രങ്ങൾ. എന്റെ ജീവിതത്തിന്റെ രണ്ട് അധ്യായങ്ങളാണ്. ഓർക്കുമ്പോൾ ഇന്നും ഉള്ളിലൊരു വിങ്ങലായി ആ പോയകാലമുണ്ട്– അവന്തിക പറഞ്ഞു തുടങ്ങുകയാണ്.

കോട്ടയം പാലായാണ് എന്റെ സ്വദേശം. ലോട്ടറി വിൽപന ഉപജീവനമാക്കിയ ലൂക്കയുടേയും മോളിയുടേയും മകനായി ജനനം. ജന്മം കൊണ്ട് ആണിന്റെ കുപ്പായമണിഞ്ഞു അത്രമാത്രം. അത് വെറുമൊരു വെളിപാടായിരുന്നില്ല. കാലം എനിക്ക് കാട്ടിത്തന്നു കൊണ്ടേയിരുന്ന. അറിയാവുന്ന പ്രായത്തിലേ പെൺകുട്ടികളായിരുന്നു എന്റെ കൂട്ട്. കൺമഷിയും വളയും ചാന്തും എന്റെ ഇഷ്ടങ്ങളായി. അമ്മയുടെ സാരിയുടുത്ത് കണ്ണാടിക്ക് മുന്നിൽ നിന്ന കാലം ഇന്നും ഓർമയിലുണ്ട്. പക്ഷേ അന്നൊന്നും എന്റെ മനസിലെ വിചാരങ്ങൾ എന്താണെന്നോ ട്രാൻസ് ജെൻഡർ എന്താണെന്നോ തിരിച്ചറിയാതെ പോയി. പ്ലസ്ടു കാലമായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റ്. അന്നും കൂട്ടുകാരൻമാരേക്കാൾ കൂട്ടുകാരികൾ ആയിരുന്നു കൂടുതൽ. ക്ലാസിൽ കൺമഷിയൊക്കെ എഴുതി പോകുന്ന ഞാൻ ടീച്ചർമാരുടെ വരെ പരിഹാസ പാത്രമായി. പെൺകുട്ടികളെ പോലെ ഒരുങ്ങിയതിന് ക്ലാസിൽ നിന്ന് ഗെറ്റ് ഔട്ട് അടിക്കുന്ന സാഹചര്യം വരെ ഉണ്ടായി. പെണ്ണാച്ചി... ചാന്തുപൊട്ട് എന്നിങ്ങനെയുള്ള പരിഹാസപ്പേരുകൾ വേറെയും. അന്ന് ഞാൻ അനുഭവിച്ച വേദനകൾ എനിക്കു മാത്രം സ്വന്തമായിരുന്നു. അല്ലെങ്കിലും അന്നൊക്കെ ഞങ്ങളുടെ വേദനയൊക്കെ ആരറിയാനാണ്.– അവന്തിക ഒരുനിമിഷം മിഴികൾ തുടച്ചു.

സോഷ്യൽ മീഡിയയുടെ കടന്നു വരവോടെയാണ് എന്നെപ്പോലെ ചിന്തിക്കുന്നവർ ഒരുപാട് പേർ ഈ ഭൂമിയിൽ ഉണ്ടെന്ന് ബോധ്യമായത്. അവരെ ഫെയ്സ്ബുക്കിലൂടെ അടുത്തറിഞ്ഞതോടെ ഉള്ളിലൊരു ആത്മവിശ്വാസമുണ്ടായി. ഒറ്റയ്ക്കല്ല ഞാനെന്ന ബോധ്യമുണ്ടായി. കുറേപേരെ കണ്ടു പരിചയപ്പെട്ടു. എന്റെ ഉള്ളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന സ്വത്വമാറ്റത്തെയും അതിന്റെ പരിണാമത്തേയും കുറിച്ച് വിശദമായി അറിഞ്ഞു, പഠിച്ചു. പല സമരമുഖങ്ങളിലും വച്ച് ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവരെ കണ്ടു, പരിചയപ്പെട്ടു. അങ്ങനെയാണ് സ്ത്രീയായി മാറാനുള്ള സർജറിയെ കുറിച്ചും ഹോർമോൺ ചികിത്സയെ കുറിച്ചും അറിയുന്നത്. പക്ഷേ വലിയ ഭൂകമ്പങ്ങൾ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഒരിക്കൽ കമ്മ്യൂണിറ്റിയുടെ ഒരു പ്രോഗ്രാമിൽ വധുവായി അണിഞ്ഞൊരുങ്ങി. ആ ചിത്രം ഫെയ്സ്ബുക്ക് വഴി നാട്ടിലുള്ള പലരും അച്ഛനെ കാണിച്ചു. അച്ഛനു മുന്നിൽ ഞാന്‍ പൂർണമായും വെറുക്കപ്പെട്ടവളാകുന്നത് അങ്ങനെയാണ്. ഇങ്ങനെ വേഷം കെട്ടി ജീവിക്കാൻ ഇവിടെ പറ്റില്ല, എങ്ങോട്ടെങ്കിലും പൊയ്ക്കോണം എന്ന് അന്ന് പറഞ്ഞു. ആയിടയ്ക്ക് ഹോർമോണ്‍ ചികിത്സയൊക്കെ ഞാൻ ആരംഭിച്ചിരുന്നു. മരുന്നിന്റെ ഫലമായി, സ്തനങ്ങൾ വളർച്ച പ്രാപിച്ചു തുടങ്ങിയത്, അച്ഛന്റെയും അമ്മയുടേയും ശ്രദ്ധയിൽപെട്ടു. ടീ ഷർട്ടൊക്കെ ഇട്ട് നിൽക്കുന്ന എന്നെ കണ്ട് കലിതുള്ളിയെത്തി അച്ഛൻ. വാക്കത്തിയുമായി എന്നെ വെട്ടാനെത്തി. കഷ്ടിച്ചാണ് അന്ന് രക്ഷപ്പെട്ടത്.

അവന്തിക... അവളിലേക്കുള്ള ദൂരം

വീട്ടിൽ നിൽക്കാൻ കഴിയില്ല എന്ന നിലയിലായപ്പോള്‍ എങ്ങോട്ടെങ്കിലും പോയി ജീവിക്കാന്‍ അമ്മ പറഞ്ഞു. എന്റെ സർട്ടിഫിക്കറ്റും കുറച്ചു തുണികളും പിന്നെയൊരു 500 രൂപയും തന്ന് എന്നെ പറഞ്ഞു വിട്ടു. ലക്ഷ്യമില്ലാതെയുള്ള യാത്ര.... മുന്നിൽ ശരിക്കും ഇരുട്ടായിരുന്നു. കുറേനാൾ സുഹൃത്തുക്കളുടെ വീട്ടിൽ നിന്നു. വീട്ടിൽ നിന്നു പുറത്തായതോടെ പഠനം അന്ന് പാതിയിൽ മുടങ്ങി. സർജറിക്കും ഹോർമോൺ ചികിത്സയ്ക്കുമായുള്ള പണം എന്റെ പല സുഹ‍ൃത്തുക്കളും സ്വരൂപിച്ചിരുന്നത് സെക്സ് വർക്കും മറ്റും ചെയ്തിട്ടാണ്. നിവൃത്തിയില്ലാഞ്ഞിട്ടാണ്. അങ്ങനെയൊരു അവസ്ഥയിലേക്ക് പലരും എത്തിപ്പെട്ടത്. പക്ഷേ ഞാൻ ആ വഴി തിരഞ്ഞെടുക്കില്ലെന്ന് ശരിക്കും ഉറപ്പിച്ചു. അന്ന് ജീവിതവഴിയിൽ ഒറ്റപ്പെട്ടു പോകുമായിരുന്ന എന്നെ അമ്മയെപ്പോലെ ചേർത്തു പിടിച്ചത് കമ്മ്യൂണിറ്റിയിലെ എന്റെ അമ്മ രഞ്ജുമോൾ മോഹനാണ്. അമ്മ സെക്സ് വർക്കിന് പോയാണ് എന്നെ പോലുള്ള ഒരുപാട് പേർക്ക് തണലൊരുക്കിയത്. അതൊന്നും ഒരിക്കലും മറക്കില്ല.

ട്രാൻസ് വുമണായി മാറാനുള്ള സർജറിക്കു വേണ്ടിയുള്ള പണം സംഘടിപ്പിക്കാൻ ഒത്തിരി അലഞ്ഞു. 

അഭിമുഖത്തിന്റെ പുർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT