രണ്ടടി കൊടുത്തില്ല, ഒന്നേ പറ്റിയുള്ളു, ദുഃഖമുണ്ട്: ആർ. ശ്രീലേഖ
Mail This Article
കിളിരൂർ കേസിലെ പ്രതി ലതാ നായരെ തല്ലി. പക്ഷേ, ഒരടി കൂടി ബാക്കിയുണ്ട്. പറയുന്നത് കേരളത്തിലെ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥ ആർ ശ്രീലേഖ. തല്ലുന്നത് നിയമപരമല്ല, എന്നാൽ പലപ്പോഴും അതിനൊരു ന്യായമുണ്ട്. അതു കൊണ്ടു തന്നെ അവർക്ക് രണ്ടടി കൊടുക്കാനാവത്തതിൽ ഇന്നും ദുഖമുണ്ട്.
വിരമിച്ചതിനു ശേഷം മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരുന്ന ശ്രീലേഖ ആദ്യമായി മനസ്സു തുറക്കുകയാണ് മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയിലൂടെ. മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് ശ്രീലേഖയുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
‘‘ അടിച്ചിട്ടുണ്ട്, അത് നിയമപരമല്ല, എനിക്കെതിരേ കേസു വരാം. എങ്കിലും ന്യായത്തിനായാണ് ആ അടി. കിളിരൂർ കേസിൽ ക്രൂരമായി പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയെ മരണാസന്നയായ നിലയിൽ ആശുപത്രി കിടക്കയിൽ കണ്ടപ്പോൾ അവൾ പറഞ്ഞു. ആൻറി, എൻറെ കമ്മലും മാലയും വരെ അവർ അഴിച്ചെടുത്തു. അവരെ പിടിക്കുമോ? പിടിച്ചാൽ എന്നെ എന്തിനാണിങ്ങനെയൊക്കെ ചെയ്തത് എന്നു ചോദിക്കണം, എന്നിട്ട് രണ്ടടി കൊടുക്കണം. അതിനായായിരുന്നു ആ അടി. ഒന്നേ അടിക്കാൻ പറ്റിയുള്ളു. അതു പോലെ ഒരു സ്ത്രീയെ പരസ്യമായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന, കൊച്ചു കുട്ടിയെ പീഢിപ്പിച്ചു കൊണ്ടിരിക്കുന്ന കള്ളു കുടിയൻ ഭർത്താവിനെ ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, ഇതല്ല നിങ്ങൾ ചെയ്യേണ്ടത് എന്നു കാണിച്ചു കൊടുക്കാൻ ഒരു തല്ല് കൊടുക്കണ്ടേ. ആ ഒരു മാതൃക കാണിച്ചു കൊടുക്കാനായില്ലെങ്കിൽ പിന്നെന്തിനു യൂണിഫോം?
33 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ സ്ത്രീ എന്ന നിലയിൽ തൊഴിലിടത്തിൽ താൻ നേരിട്ട വെല്ലുവിളികളും പ്രതിസന്ധികളും ശ്രീലേഖ തുറന്നു പറയുന്നു. പൊലീസില്‍ നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ മനോഭാവങ്ങളും അഭിമുഖത്തിൽ തുറന്നു കാട്ടുന്നു.
ഡി ഐ ജിക്ക് തൊലി വെളുത്ത വനിതാ എസ് ഐയെ വേണം
‘‘ ഡിഐജി പൊലീസ് ക്ലബിൽ വന്നിട്ടുണ്ട്. എന്നെ വിളിപ്പിക്കുന്നു. മാഡം ഒന്ന് എന്നെ രക്ഷിക്കണേ... ഒരു വനിതാ എസ്ഐ എന്നോട് വന്ന് കരഞ്ഞു പറഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ഒരു ഡിഐജി പൊലീസ് ക്ലബിൽ വന്നാൽ അവരെ വിളിപ്പിക്കും. കാരണം അവരുടെ തൊലി വെളുത്തതാണ്. മുൻപ് ഇങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ട അനുഭവം അവർക്കുണ്ടായിട്ടുണ്ട്. അത് അവർ എന്നോട് തുറന്നു പറയുകയാണ്. എങ്ങനെ ഒരു പുരുഷമേധാവിയോട് അവർക്കിത് പറയാൻ കഴിയും? എന്നോടാകുമ്പോൾ അവർക്ക് ഇത് തുറന്നു പറയാമല്ലോ. ഉടനെ ഞാൻ അദ്ദേഹത്തെ വിളിച്ചു. സർ ഈ ലേഡിയെ വിളിപ്പിച്ചെന്നു അറിഞ്ഞു. അവർ ഇന്ന് എന്നോടൊപ്പമാണ്. ഇന്നു വരാൻ കഴിയില്ല. അപ്പോൾ ഇക്കാര്യം എനിക്കു മനസ്സിലായതായി അയാള്‍ക്കു വ്യക്തമായി. ശല്യമുണ്ടായില്ല. ഇത്തരത്തിൽ വനിതാ ഉദ്യോഗസ്ഥരെ സഹായിക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. ആദ്യത്തെ വനിതാ ഓഫിസർ എന്ന നിലയിൽ ഞാൻ നടന്ന പാതയിലെ കല്ലും മുള്ളും എല്ലാം എന്റെ കാലിൽ തറച്ചിട്ടുണ്ട്. പിറകെ വരുന്ന വനിതാ ഓഫിസർമാർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഡിപ്പാർട്ട്മെന്റിന് അകത്തെ ദുഷിപ്പുകൾ എന്നെ എല്ലാ കാലവും അലോസരപ്പെടുത്തിയിരുന്നു. വിരമിച്ച ശേഷവും തിരിഞ്ഞു നോക്കുമ്പോൾ എത്ര കാലം ഞാൻ ഇത് സഹിച്ചു എന്നാണ് എനിക്കു തോന്നുന്നത്. എന്നേക്കാൾ ഉപരി ജനങ്ങളോട് പോലീസ് ഇങ്ങനെയാണല്ലോ ചെയ്യുന്നത് എന്ന കാര്യമോർത്താണ് എനിക്കു വിഷമം തോന്നിയത്. ’’
പുരുഷനാണെങ്കിൽ ഇത്ര സഹിക്കേണ്ടി വരില്ലായിരുന്നു
‘‘ ആദ്യത്തെ പത്തുവർഷം കഠിനമായിരുന്നു. കാരണം ആദ്യമായാണല്ലോ വനിത കേരളത്തിൽ സീനിയർ ലെവലിൽ വരുന്നത്. അക്കാലത്ത് പൊതുജനങ്ങളും മാധ്യമങ്ങളും കുടുംബവും എനിക്കു പൂർണ പിന്തുണ നല്‍കിയിരുന്നു. ഡിപ്പാർട്ട്മെന്റിൽ നെറ്റിചുളിക്കലും അവഗണനയും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആദ്യത്തെ പത്തു വർഷം അൽപം ബുദ്ധിമുട്ടുള്ളതായിരുന്നു. പിന്നീട് ഇവരുടെ അവഗണന സഹിക്കേണ്ട ആവശ്യം എനിക്കില്ലെന്ന മനോഭാവത്തിലേക്ക് ഞാൻ മാറി എന്നാണ് തോന്നുന്നത്. ആദ്യ പത്തു വർഷം സീനിയേഴ്സിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും താഴേത്തട്ടിലുള്ളവരിൽ നിന്നും എല്ലാം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ട്.
പുരുഷ ഓഫിസറായിരുന്നെങ്കിൽ എനിക്ക് ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ലായിരുന്നു. ഞാനും അവരോടു ചേര്‍ന്നു പോകുമായിരുന്നു. ഒരു സത്രീയായതിനാലാണ് ഇതെല്ലാം നേരിടേണ്ടി വന്നത്. ഒരു സ്ത്രീ എന്ന നിലയിൽ പലകാര്യങ്ങളും എനിക്ക് ദുസ്സഹമായിരുന്നു. ഈ പെണ്ണിനെ കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവർ ചിന്തിക്കുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. ‘‘
കുമരകത്തെ കാമകേളികൾ: ഒന്നാം പേജ് വാർത്ത
‘‘ വളരെയധികം അപവാദങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. വേറെ ആരെങ്കിലുമാണു ഞാൻ കല്യാണം കഴിച്ചിരുന്നതെങ്കിൽ ഇട്ടിട്ടു പോയേനെ. എന്റെ കുട്ടിക്കാല സുഹൃത്താണ് എന്നെ വിവാഹം കഴിച്ചത് എന്നതു കൊണ്ടു മാത്രമാണ് അതൊന്നും സ്വകാര്യ ജീവിതത്തെ ബാധിക്കാതെ ഇരുന്നത്. ഇത്തരം കാര്യങ്ങളിലെല്ലാം എന്നെ ഏറ്റവും കൂടുതൽ സമാധാനിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു.
‘സ്ത്രീയായ ഒരു പൊലീസ് ഓഫിസർ ഷൈൻ ചെയ്യണ്ട എന്നതു തന്നെയായിരുന്നു കാര്യം. എ എസ് പി ആയിരുന്നപ്പോൾ തുടങ്ങിയതാണ്. അസിസ്റ്റന്റ് കലക്ടറും ഞാനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഒരു പ്രമുഖ മാധ്യമത്തിൽ ഒന്നാം പേജ് വാർത്തയായി വന്നു. കുമരകത്ത് കാമകേളി എന്നെല്ലാം പറഞ്ഞ് പേരു വച്ച് എഴുതിയ പശ്ചാത്തലമുണ്ട്. അവിടുന്നിങ്ങോട്ട് എന്തെങ്കിലും ഒരു അവസരം കിട്ടിയാൽ നിരന്തരം കഥകളുണ്ടാക്കി.’’
സന്തോഷ് മാധവനും നഗ്നപൂജയും
‘‘ സന്തോഷ് മാധവൻ എന്ന വ്യക്തിയെ പൊലീസ് കേസില്‍ അകപ്പെട്ട് പത്രത്തിലൂടെയായിരുന്നു ഞാൻ കണ്ടത്. ആദ്യമായി ഞാൻ അയാളെ കാണുന്നത് ക്രൈംബ്രാഞ്ചിൽ എന്നെ പോസ്റ്റ് ചെയ്തപ്പോഴാണ്. ആ കേസ് അന്ന് എന്റെ കീഴില്‍ വന്നു. അയാൾ എപ്പോഴെങ്കിലും എന്റെ പേര് പറഞ്ഞിട്ടുണ്ടോ എന്ന് അറിയാൻ ആ ഫയൽ ഞാൻ എടുത്തു വച്ചു നോക്കി. പിന്നീട് ജയിലിൽ പോയി കണ്ടപ്പോൾ താൻ എന്നെ കണ്ടിട്ടുണ്ടോ എന്ന് ഞാൻ അയാളോട് ചോദിച്ചു. ഇല്ല. ആരാ? എന്ന് അയാൾ എന്നോട് തിരിച്ചു ചോദിച്ചു. അപ്പോഴെങ്കിലും ജനങ്ങൾ ഇതെല്ലാം അറിയട്ടെ എന്ന് ഞാൻ ആഗ്രഹിച്ചു. അയാളുടെ മുന്നിൽ പോയി നഗ്ന പൂജ നടത്തി. അരയിൽ എന്തോ ജപിച്ചു കെട്ടിച്ചു. അയാളുടെ ഡയറിയിൽ എന്റെ പേരുണ്ട് എന്നെല്ലാം വാർത്ത വന്നിരുന്നല്ലോ.
പൊലീസിൽ നമ്മൾ ജോലി ചെയ്യുമ്പോൾ ഒരുപാട് ശത്രുക്കളുണ്ടാകുമെന്ന് പൊതുവെ പറയും. കാരണം ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യം നടന്നാൽ നമ്മൾ പരാതിക്കാർക്കൊപ്പം നിൽക്കുമ്പോൾ എതിർ കക്ഷികൾ നമ്മുടെ ശത്രുക്കളായി മാറും. കുറ്റകൃത്യത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്താൽ അയാളും അയാളുടെ കുടുംബവും നമുക്ക് എതിരാകും. പക്ഷേ, അങ്ങനെ ഒരു ശത്രുത എന്റെ ഔദ്യോഗിക ജീവിതത്തിൽ എനിക്കുണ്ടായിട്ടില്ല. ഞാൻ അറസ്റ്റ് ചെയ്ത് ജയിലിൽ പോയിട്ടുള്ളവർ പോലും എന്നോട് സന്തോഷത്തോടെയും ദയാപൂർവവുമാണ് പെരുമാറുന്നത്. അങ്ങനെയുള്ളവരല്ല. ഡിപ്പാർട്മെന്റിനകത്ത് എന്റെ കൂടെ ജോലിചെയ്തിരുന്നവരായിരുന്നു ശത്രുക്കളെന്നു പറയുന്നത് അൽപം ദുസ്സഹമാണ്.
സ്ത്രീ വന്നതോടെ ഡിപാർട്ട്മെൻറ് മലിനമായി
‘‘ പൊലീസ് ഡിപ്പാർട്മെന്റ് ഒരു മസ്കുലിയൻ ഫോഴ്സാണ്. അതിന്റെ രീതി തന്നെ പുരുഷമേധാവിത്തമാണ്. ഒരു കുട്ടിയോട് പൊലീസിനെ വിവരിക്കാൻ പറഞ്ഞാൽ പലപ്പോഴും മീശ പിരിച്ചുള്ള ഒരു പുരുഷ പൊലീസിനെയായിരിക്കും ആ കുട്ടി വിവരിക്കുന്നത്. ഒരു സ്ത്രീയെ പൊലീസായി അംഗീകരിക്കാൻ ഇപ്പോഴും വിമുഖതയുണ്ട്. പ്രത്യേകിച്ച് പൊലീസ് ഡിപ്പാർട്മെന്റിനകത്ത് തന്നെ. ഞാൻ ആദ്യം വന്നപ്പോൾ അന്നത്തെ ഡിജിപി എന്നെ കുറിച്ചു പറഞ്ഞതെന്ന് പറയപ്പടുന്ന ഒരു കഥ കേട്ടിരുന്നു. ‘A Woman is polluted our departmet’ എന്ന് ഒരു കോൺഫറൻസിൽ അദ്ദേഹം പറയുകയും എല്ലാവരും അതുകേട്ടു ചിരിക്കുകയും ചെയ്തെന്ന് ഞാൻ കേട്ടിരുന്നു. ഒരു സ്ത്രീ വന്നതിനാൽ ഡിപ്പാർട്മെന്റ് മലിനപ്പെട്ടു എന്ന് അന്നത്തെ ഡിജിപി പറഞ്ഞത് എന്റെ ചെവിയിലെത്തിക്കാൻ മറ്റൊരു പൊലീസ് ഓഫിസർ കാണിച്ച ധൈര്യം. അപ്പോള്‍ അത് എത്രമാത്രം മലിനപ്പെട്ട ഒരു ഡിപ്പാർട്മെന്റാണ് അത്.’’
പൊലീസിനു തെറിവിളിക്കാം, അല്ലാത്തവർ വിളിച്ചാൽ കേസ്
‘‘ ഒരുപാട് തെറിവാക്കുകൾ ഞാൻ കേട്ടിട്ടുണ്ട്. ഫോണിലൂടെ പലരും രൂക്ഷമായ തെറിവാക്കുകൾ പറഞ്ഞിട്ടുണ്ട്. അത് പൊലീസ് ഓഫിസർമാർ തന്നെയാണെന്ന് എനിക്ക് അവരുടെ ശബ്ദത്തിൽ നിന്നും തിരിച്ചറിയാമായിരുന്നു. സിഎമ്മിന്റെ ഓഫിസിൽ നിന്നു വിളിക്കുന്നു എന്നു പറഞ്ഞ് ഫോണെടുത്ത് ചെവിയിൽ വച്ചാൽ കേൾക്കുന്നത് പുളിച്ച തെറിയായിരിക്കും. അത് കൂടെ ജോലിചെയ്യുന്നവരിൽ നിന്നാണുണ്ടായിട്ടുള്ളത്. തെറിവിളിക്കുക എന്നത് പൊലീസിന്റെ ഒരു അവകാശം പോലെയായിരുന്നു അവർ കണ്ടിരുന്നത്. ഞങ്ങൾ വിളിക്കും. നീ ആരെടി ചോദിക്കാൻ എന്ന മട്ടിലായിരുന്നു പെരുമാറിയിരുന്നത്.
യഥാർത്ഥ മാധ്യമത്തിന്റെ ശക്തി
‘‘ പത്തനംതിട്ട എസ് പിയായിരുന്നപ്പോൾ 1997ൽ ഉണ്ടായ മാസപ്പടി സംഭവത്തിൽ പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നു യാതൊരു പിന്തുണയും എനിക്കുണ്ടായില്ല. ഒരു സ്പിരിറ്റ് വേട്ടയുമായി ബന്ധപ്പെട്ടായിരുന്നു അത്. ഒരു ഡിവൈഎസ് പി അടക്കം 11 ഉദ്യോഗസ്ഥർ അബ്കാരിമാരിൽ നിന്നു മാസപ്പടി കൈപ്പറ്റിയതായിരുന്നു ആ സംഭവം. ഇവരെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാരിലേക്ക് ഞാൻ എഴുതിക്കൊടുത്തിട്ടും മൂന്നുമാസത്തേക്ക് അവർക്കെതിരെ നടപടിയെടുക്കാതിരുന്നത് എനിക്ക് വലിയ വെപ്രാളമുണ്ടാക്കിയിരുന്നു. കാരണം സർക്കാർ നൽകുന്ന ശമ്പളത്തിനു പുറമെ ഈ അബ്കാരികളിൽ നിന്നും മാസപ്പടി കൈപ്പറ്റി എന്റെ കൂടെ ജോലി ചെയ്യുകയാണ് ഇവർ. എനിക്ക് ഇത് എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും? അന്നാണ് ഞാൻ മാധ്യമത്തിന്റെ ശക്തി മനസ്സിലാക്കിയത്. അന്ന് ഞാനും കലക്ടർ ഇന്ദ്രജിത്ത് സിങ്ങും കൂടി ഒരു മാധ്യമ സുഹൃത്തിന്റെ അടുത്തുപോയി ഇങ്ങനെ ഒരു റിപ്പോർട്ട് എഴുതി സർക്കാരിൽ നൽകിയിട്ടും ഇതുവരെ നടപടി എടുത്തില്ലെന്നു പറഞ്ഞു. അങ്ങനെ പത്രത്തില്‍ റിപ്പോർട്ട് വന്ന ശേഷമാണ് ഇവരെ സസ്പെന്റ് ചെയ്തത്.’’
അനുഭവിച്ചോ എന്നു ഡി ജി പി
‘‘ എന്നാൽ ഈ സംഭവത്തിനു ശേഷമായിരുന്നു വലിയ ഭീഷണികൾ എനിക്കു നേരിടേണ്ടി വന്നത്. എന്റെ മകനെ തട്ടിക്കൊണ്ടു പോകാനും ഭർത്താവിനെ കൊല്ലാനുമുള്ള ശ്രമങ്ങൾ നടന്നു. എന്റെ നേരെ പൊലീസ് തോക്കു ചൂണ്ടിയ സംഭവമുണ്ടായി. അങ്ങനെ വലിയ മാനസിക സമ്മർദങ്ങൾ അന്നുണ്ടായിരുന്നു. എനിക്ക് നേരെ എപ്പോൾ വേണമെങ്കിലും ആക്രമണമുണ്ടാകാമായിരുന്നു. വലിയ രാഷ്ട്രീയ സ്വാധീനമുള്ള അബ്കാരിയും ഉന്നതപൊലീസ് ഉദ്യോഗസ്ഥരുമായിരുന്നു എതിർഭാഗത്തുണ്ടായിരുന്നത്. അന്നത്തെ ഡിജിപി പോലും എനിക്കൊപ്പം നിന്നില്ല. ഈ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതിനു പകരം എനിക്ക് ആളുകളെ തരണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ ആരുടെ കുഴപ്പം കൊണ്ടാണ് അവരെ സസ്പന്റ് ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അനുഭവിച്ചോ എന്നുമായിരുന്നു അദ്ദേഹം എനിക്കു നൽകിയ മറുപടി. അങ്ങനെ എന്തുചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന സമയത്താണ് സിബിഐ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഞാൻ വളരെ സന്തോഷത്തോടെ അവരോടൊപ്പം പോയി’’
തളരരുത്, ജനസേവനമാണ് ചെയ്യുന്നത്
‘‘ പലകാര്യങ്ങളും നമ്മൾ നൽകുന്ന റിപ്പോർട്ട് പ്രകാരമൊന്നുമല്ല നടക്കുന്നത്. നമ്മളെ ഒരു പോസ്റ്റിൽ ആലങ്കാരികമായി ഇരുത്തുന്നു എന്നേയുള്ളൂ. സത്യം പറഞ്ഞാൽ സങ്കടം തോന്നാറുണ്ട്. നേരത്തെ പറഞ്ഞ ആ 11 ഓഫിസേഴ്സിനെതിരെ യാതൊരു നടപടിയും പിന്നീട് ഉണ്ടായില്ല. കേസ് പോലും എഴുതിത്തള്ളി. 11 അഡ്വക്കേറ്റ്്സ് എന്നെ നിരന്തരം വിളിച്ചിരുത്തി ചോദ്യം ചെയ്ത് പരിഹസിച്ചിരുന്നു. അത്തരം അനുഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. വിജിലൻസിലിരുന്നപ്പോൾ എത്ര കേസുകൾ പിടിച്ചു? എത്ര ഓപ്പറേഷനുകൾ നടത്തി. സത്യസന്ധമായി റിപ്പോർട്ടുകൾ നൽകിയിട്ടും ഫലപ്രദമായി ഒന്നും നടന്നു കണ്ടില്ല. ഇതെല്ലാം നമ്മളെ തളർത്തും. പക്ഷേ, എങ്കിൽ പോലും നമ്മൾ ചെയ്യുന്ന ജനസേവനം എന്നത് അങ്ങനെ തളർന്നു പോകാനുള്ളതല്ലെന്ന് എനിക്ക് തോന്നും’’ ശ്രീലേഖ പറഞ്ഞു.
English Summary: An Interview With R Sreelekha Manorama news Nere Chovve