ADVERTISEMENT

അഞ്ച് വർഷം, നൂറ്റിയമ്പതോളം സിനിമകളിൽ ജോലി ചെയ്ത അനുഭവ പരിചയം, അതാണ്  ആതിരയ്ക്ക് പറയാനുള്ളത്. സിനിമ തുടങ്ങിയ കാലം മുതൽ തന്നെ പുരുഷന്മാരുടെ മാത്രം പേര് കണ്ടിരുന്ന ഒരു സ്ഥലത്താണ് ആതിര മാറ്റം കൊണ്ട് വന്നത്. എല്ലാ ബിസിനസുകളിലും സ്ത്രീകൾ ഭരണ സാരഥ്യം വഹിക്കുന്ന ഇടത്ത് വന്നു നിൽക്കുന്ന കാലത്ത് സിനിമയുടെ മാർക്കെറ്റിങ്ങിനു മാത്രമെന്തിനാണ് ഒരു വേർതിരിവ്. മോഹൻലാൽ നായകനായ "മുന്തിരിവള്ളികൾ തളിർക്കുന്നു" എന്ന ചിത്രത്തിൽ തുടങ്ങി ഇപ്പോൾ പുറത്തിറങ്ങിയ ഭീഷ്മ പർവത്തിലും നാരദനിലും എത്തി നിൽക്കുന്നു ആതിര ദിൽജിത്ത് എന്ന പിആർഒ യുടെ ജോലികൾ. അതിനിടയിൽ മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി ഹിറ്റ്‌ പടങ്ങൾ, അതിൽ അല്ലു അർജുന്റെ തരംഗമായ "പുഷ്പ" വരെ ഉൾപ്പെടും. അത് അവിടം കൊണ്ടും അവസാനിക്കുന്നില്ല, ഇനിയിറങ്ങാൻ പോകുന്ന ഒരു പിടി സിനിമകളുടെ കൂടെ ഭാഗമാണ് ആതിരയുടെ സ്വന്തം സ്ഥാപനമായ ദിയാസ് ഐഡിയ ഇങ്കുബേറ്റഴ്‌സ്. ഒപ്പം അഞ്ച് വർഷം കൊണ്ട് ആയിരം കോടി രൂപയുടെ പി ആർ വർക്ക് സിനിമയ്ക്ക് വേണ്ടി ആതിരയുടെ സ്ഥാപനം ചെയ്തിരിക്കുന്നു. അങ്ങനെ സിനിമയുടെ വളർച്ചയുടെ വഴിയിൽ ഒരു സ്ത്രീയുടെ പേര് കൂടി അടയാളപ്പെടുകയാണ്.

ജനിച്ചതും വളർന്നതും സിനിമയിൽ

പ്രദീപ് കുമാർ എന്നാണ് അച്ഛന്റെ പേര്. ശ്രീമുരുകൻ ഫിലിംസ് എന്നാണ്  അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ പേര്. സിനിമ വിതരണമാണ് അച്ഛന്റെ ജോലി. സിനിമയെ കുറിച്ചു കേട്ടാണ് ഞാൻ വളർന്നത്. ഓരോന്നിന്റെയും റിലീസിങ് ഡേറ്റും, അതിന്റെ ജയവും പരാജയവും ഒക്കെ കണ്ടും അറിഞ്ഞും സ്വയം ഉള്ളിലുണ്ടായിരുന്നു. എനിക്ക് മീഡിയയിലെ ജോലിയോടായിരുന്നു ഇഷ്ടം. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്ത് തന്നെ ചാനലുകൾക്ക് വേണ്ടി പരിപാടികൾ അവതരിപ്പിച്ചും. പിന്നീട് ഡിഗ്രിക്ക് പഠിക്കുമ്പോൾ ആർ ജെ ആയി ജോലി ചെയ്തിരുന്നു. ശേഷം പൂർണമായും പ്രോഗ്രാം പ്രൊഡ്യൂസർ എന്ന ജോലി ഏറ്റെടുത്തു. ഒപ്പം പരിപാടികളുടെ അവതരണവും. 

athira3

പല ചാനലുകൾക്ക് വേണ്ടി ജോലി ചെയ്തിരുന്നു. ജോലി ഉപേക്ഷിച്ചതിനു ശേഷം ‘ഹാപ്പി ന്യൂ ഇയർ’ എന്ന ഷോർട്ട് ഫിലിം നിർമിച്ചാണ് ഈ രംഗത്തേയ്ക്ക് എത്തുന്നത്. ചൈൽഡ് അബ്യുസിനെതിരെ ഉള്ള ഒരു ചെറു സിനിമ ആയിരുന്നു അത്. ലാലേട്ടൻ അതിനു ഒരു ബൈറ്റ് തന്നിരുന്നു. അത് ഒരുപാടു ചർച്ച ചെയ്യപ്പെട്ടു. അതിനിടയ്ക്ക് വിവാഹവും കഴിഞ്ഞു. പിന്നീട് ഭർത്താവ് (ദിൽജിത്) ആണ് മീഡിയയ്ക്ക് വേണ്ടി തന്നെ മാർക്കറ്റിങ് ചെയ്യാനുള്ള പ്രോത്സാഹനം തന്നത്. അങ്ങനെ പരസ്യ ജോലികൾ ചെയ്യാൻ തുടങ്ങി. അതിനു വേണ്ടിയാണു നിർമാതാവ് സോഫിയ പോളിനെ കാണാൻ പോയത്. അവരുടെ ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു മീറ്റിങ്. അവിടെ വച്ചാണ് സോഫിയ മാം അവർ ചെയ്യാൻ പോകുന്ന പുതിയ സിനിമയുടെ മാർക്കറ്റിങ് ചെയ്യാമോ എന്ന് ചോദിക്കുന്നത്. അങ്ങനെയാണ് മുന്തിരി വള്ളികൾ തളിർക്കുന്നു എന്ന സിനിമയുടെ മാർക്കറ്റിങ് ഏറ്റെടുത്തത്. 

സിനിമയും താരങ്ങളും വിതരണവും.

‘മുന്തിരി വള്ളികൾ തളിർക്കുന്നു’ എന്ന ലാലേട്ടൻ ചിത്രത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ അഞ്ചു വർഷമായി. രണ്ടാമത്തെ ചിത്രത്തിനുള്ള വിളി വന്നത് ‘ദ ഗ്രേറ്റ് ഫാദർ’ ടീമിൽ നിന്നായിരുന്നു. അതിനുശേഷം ദുൽക്കറിന്റെ ‘സിഐഎ’. ചെയ്യുന്നതെല്ലാം മികച്ച ടീമിന്റെയും താരങ്ങളുടേയുമൊപ്പം. അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. ചെറുതും വലുതുമായ ഒരുപാടു ചിത്രങ്ങൾ ഈ കാലത്തിനുള്ളിൽ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.  

സിനിമ ആലോചനകൾ തുടങ്ങുമ്പോൾ തന്നെ അതിന്റെ കച്ചവടസാധ്യതകളും ഇപ്പോൾ അതിന്റെ ടീം ആലോചിക്കാറുണ്ട്, അവിടെത്തന്നെയാണ് നല്ല പിആർ ടീമിന്റെ പ്രസക്തിയും. സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്ക് ആദ്യം മുതൽ കൂടെയുണ്ടാവണം. സിനിമ റിലീസ് ചെയ്താൽപ്പോലും ജോലികൾ അവസാനിക്കുന്നില്ല. നമ്മൾക്കൊപ്പം സഹകരിക്കുന്ന താരങ്ങളുള്ളതാണ് ശരിക്കും ഭാഗ്യം. ഇത്തവണ ഭീഷ്മപർവം പ്രൊമോഷന്റെ ഭാഗമായി മമ്മൂക്ക രാവിലെ വന്നു വൈകുന്നേരം വരെയാണ് നമുക്കൊപ്പമിരുന്നത്. വിവിധ മീഡിയകളുടെ അഭിമുഖം, അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എല്ലാത്തിനും അദ്ദേഹം കൂടെ നിന്നു. ലാലേട്ടനും ഇതുപോലെ തന്നെയാണ്. ഇതൊക്കെ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ അവരുടെ ഡെഡിക്കേഷനാണ് കാണിക്കുന്നത്. അവർ ഇത്രയധികം പ്രൊമോഷന് വേണ്ടിയിരിക്കുമ്പോൾ നമ്മൾ അതിന്റെ ഇരട്ടി സമയം ജോലിക്കായി നൽകണം. അങ്ങനെയാണ് വേണ്ടത്. അതാണ്‌ ചെയ്യുന്നതും.ഒന്നിച്ച്

athira2

തുഴയുന്ന തോണിയിൽ...

ജോലിയുടെ ഭാഗമായി ടെൻഷനൊന്നും അത്ര കാര്യമായി ഉണ്ടാകാറില്ല. പക്ഷേ, ഒരുപാട് സ്ട്രെസ് സാധ്യതകളുള്ള ജോലി തന്നെയാണ്. നിർമാതാവിനും സംവിധായകനുമൊപ്പം അവരുടെ പ്ലാനുകൾക്കൊപ്പം നമ്മൾ കൂടിയിരിക്കുകയാണ് ചെയ്യുന്നത്. എനിക്ക് കിട്ടിയ ഭാഗ്യം ഞാനും ഭർത്താവും ഒന്നിച്ചാണ് ഈ ജോലി ചെയ്യുന്നത് എന്നാണ്. ഒരു പ്രോജക്ടിന്റെ വിളി വരുമ്പോൾത്തന്നെ നമ്മൾ അതിന്റെ മാർക്കറ്റിങ് എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യും. ഞങ്ങൾ രണ്ടു പേരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങൾ ചർച്ച ചെയ്യും. ഞങ്ങൾക്കിടയിൽ ഈഗോ ഒന്നുമില്ലാത്തതുകൊണ്ട് അവതരിപ്പിക്കുന്ന ആശയങ്ങളിൽ നല്ലത് നോക്കി തിരഞ്ഞെടുക്കും. പിന്നീട് സിനിമ ടീമുമായി കൂടുതൽ പ്ലാനുകൾ ചെയ്താണ് ആ ചിത്രത്തിന്റെ പ്രൊമോഷൻ നടത്തുന്നത്. ഇത് തീർച്ചയായും ഒരു ടീം വർക്കാണ്.

കൃത്യമായ ഇടങ്ങളിലെത്തുക

ഒരു സ്ത്രീ ആണ് എന്നതുകൊണ്ട് സിനിമയിൽ ഒരു വേർതിരിവ് ഇതുവരെ തോന്നിയിട്ടില്ല. അതുകൊണ്ട് മാറി നിൽക്കേണ്ടി വന്നിട്ടില്ല. ഇതുവരെ ജോലി ചെയ്ത ടീമുകൾ എല്ലാം തന്നെയും നമ്മൾ അർഹിക്കുന്ന അംഗീകാരവും ബഹുമാനവും തന്നിട്ടുണ്ട്. ഒരുപക്ഷേ കൃത്യമായ ഇടങ്ങളിൽ എത്തിപ്പെടാൻ സാധിച്ചതുകൊണ്ടായിരിക്കാം. എല്ലാ സ്ഥലങ്ങളിലും പല വിധം മനുഷ്യരുണ്ട് എന്നത് സത്യമാണ്. നല്ല ആൾക്കാരും മോശക്കാരുമുണ്ട്.  ഒരു കാസ്റ്റിങ് കാൾ വന്നാൽപ്പോലും ആ ടീമിനെക്കുറിച്ചും ഇന്റർവ്യൂവിനെക്കുറിച്ചും എല്ലാം നന്നായി അന്വേഷിച്ച ശേഷം പോകുന്നതാണ് എപ്പോഴും നല്ലത്. കാരണം ഇപ്പോഴുള്ള സിനിമ കൂടുതലും പ്രൊഫെഷണൽ ആയ ആളുകളുടെ കയ്യിലാണുള്ളത്. അല്ലാത്തവർ ഇല്ലെന്നല്ല, എല്ലാ രംഗങ്ങളിലും എന്ന പോലെ ഉണ്ട്, പക്ഷേ, നമ്മൾ ചെന്നു പെടുന്ന ഇടം പ്രൊഫെഷണൽ സമീപനമുള്ള ഇടത്തായിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ് വേണ്ടത്. എനിക്ക് കിട്ടിയ ഒരു പ്രിവിലേജ് അച്ഛനാണ്. ഒരു ടീം വിളിക്കുമ്പോൾ അറിയാത്ത ആളുകളാണെങ്കിൽ അച്ഛനുമായി ഞാൻ ചർച്ച ചെയ്യാറുണ്ട്. മാത്രമല്ല ഞാനും ദിൽജിത്തും കൂടെയാണ് ചർച്ചകളൊക്കെ നടത്താറുള്ളതും. അതുകൊണ്ട് തന്നെ സിനിമ ലോകം എന്നെ സംബന്ധിച്ച് ഭാഗ്യമാണ്.

ഹൃദയം കൊണ്ട് പണിയെടുക്കാം

‘പുഷ്പ’ സിനിമയുടെ ചർച്ചകളുടെ ആദ്യം മുതൽ തന്നെ നമ്മൾ ഒപ്പമുണ്ടായിരുന്നു. ‘ഡിയർ കോമ്രേഡ്’ എന്ന സിനിമയുടെ അതെ ടീം തന്നെ ആയതുകൊണ്ടാണ് ‘പുഷ്പ’യിലേയ്ക്കും എത്തിയത്. അവിടുത്തെ വലിയൊരു പ്രൊഡക്ഷൻ കമ്പനിയാണത്. എന്തു കാര്യത്തിനും ടീം മുഴുവൻ നമുക്കൊപ്പമുണ്ടായിരുന്നു. കൊറോണ ആയതുകൊണ്ട് പലപ്പോഴും യാത്രകളൊക്കെ പ്രശ്നമായിരുന്ന സമയമായിരുന്നു, പക്ഷേ, ഫോൺ വഴിയൊക്കെ ഞങ്ങൾ ചർച്ചകൾ തുടർന്നു. രണ്ടു വർഷം മുൻപ് തന്നെ തുടങ്ങിയതാണ് പുഷ്‌പയുമായി. ഇപ്പോൾ പുഷ്പ രണ്ടാം ഭാഗത്തിനുള്ള ചർച്ചകൾ നടക്കുകയാണ്. അതിലേയ്ക്ക് വേണ്ടുന്ന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു.

സിനിമയുടെ പ്രൊമോഷന് അല്ലു അർജുൻ ഉൾപ്പെടെ കൂടെയുണ്ടായിരുന്നു. റിലീസ് ആവുന്നതിനു രണ്ടുമാസം മുൻപ് അദ്ദേഹം നമ്മളെ വിളിക്കുകയും കൂടെയിരുന്നു പ്രൊമോഷൻ പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. "നിങ്ങൾ ഹൃദയം കൊണ്ട് വർക്ക് ചെയ്യൂ" എന്നാണു അദ്ദേഹം പറഞ്ഞത്. മലയാളികളോടും മലയാളത്തിനോടും അദ്ദേഹത്തിനൊരു പ്രത്യേക സ്നേഹമുണ്ടെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഫാൻസും നമ്മുക്കൊപ്പം എല്ലാ അപ്‌ഡേറ്റുകളും അന്വേഷിച്ചും തന്നും കൂടെയുണ്ടായിരുന്നു. പലയിടത്തും നമ്മൾ ഓരോ പ്രോഗ്രാമുകൾ വച്ചിരുന്നു, കേരളത്തിലും അദ്ദേഹം വന്നിരുന്നു. വന്നപ്പോൾ ഞങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. "ഞങ്ങൾ ആത്മാവ് കൊണ്ടും കൂടിയാണ് വർക്ക് ചെയ്തത്" എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിക്കുകയും ചെയ്തു.

"ആയിരം കോടി ക്ലബ്"

ആകെ 1000 കോടി മുതൽമുടക്കുള്ള മൂന്ന് സിനിമകൾക്കാണ് ഇൗ വർഷം പി ആർ വർക്ക് ചെയ്തത്. അതാണ് ഏറ്റവും വലിയ വിശേഷവും സന്തോഷവും. പുഷ്പ, ആർ ആർ ആർ, റോക്കറ്ററി,  തുടങ്ങിയ സിനിമകളാണ് അങ്ങനെയൊരു നേട്ടമുണ്ടാക്കി തന്നത്. കൊറോണയൊക്കെ കഴിഞ്ഞു ഇപ്പോൾ ഒരുപാട് ചിത്രങ്ങൾ റിലീസിന് തയ്യാറെടുക്കുന്നു. ആദ്യത്തെ ലോക്ക് ഡൗൺ സമയത്താണ് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെ ഇരുന്നത്. അപ്പോഴാണ് രാജമൗലി സാറിന്റെ ഓഫീസിൽ നിന്നു ‘ആർ ആർ ആർ’ നു വേണ്ടിയുള്ള പ്രൊമോഷന്റെ കാൾ വന്നത്. അതിനു ശേഷം ഒരുപാട് സിനിമകൾ ചെയ്തു. തീയേറ്റർ തുറന്നപ്പോൾ ചെയ്ത ചിത്രം "കുറുപ്പ്" ആണ്. അതിന്റെ വർക്ക് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ റിലീസ് ചെയ്യാനുള്ളത് നവ്യ നായരുടെ തിരിച്ചു വരവിൽ ചെയ്ത "ഒരുത്തി" ആണ്. പത്രോസിന്റെ പടപ്പുകൾ, 21 ഗ്രാംസ് എന്നീ സിനിമകളും റിലീസിന് തയാറെടുക്കുന്നു. വൈജയന്തി മൂവീസിന്റെ, പ്രഭാസും ദീപിക പദുക്കോണും അഭിനയിക്കുന്ന തെലുങ്ക് ചിത്രം ഷൂട്ടിങ് നടക്കുന്നുണ്ട്. അതിൽ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള വലിയ താരനിരയുണ്ട്. അതോക്കെയും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. അന്യഭാഷാ ചിത്രങ്ങൾക്ക് നല്ല മലയാളം പ്രേക്ഷകരുണ്ട്. വർഷങ്ങളുടെ പ്ലാനുകളും പദ്ധതികളും കൊണ്ടാണ് ഓരോ സിനിമകളും ചെയ്യുന്നത്. ഒരു സിനിമ ചർച്ച തുടങ്ങുമ്പോൾ തന്നെ ഞങ്ങളുടെ ജോലികളും തുടങ്ങും. ഒരേ സമയം തന്നെ പല പ്രൊജക്ടുകളും ചെയ്യുന്നുണ്ട്, പക്ഷേ, ഒന്നും ക്ലാഷ് ആവാതെ ശ്രദ്ധിക്കുന്നുണ്ട്. 

athira5

ഇതൊക്കെയാണ് എന്റെ സിനിമകൾ...

‘മുന്തിരിവള്ളികൾ തളിർക്കുന്നു’ തുടങ്ങി നിരവധി സിനിമകളിൽ ചിലത് ഇവയാണ്,ടിയാൻ, സ്പൈഡർ, ക്ലിന്റ്, പറവ, പുരിയാത പുതിർ, മാസ്റ്റർ പീസ്, ഈടെ, ആദി, കലി, കുട്ടൻപിള്ളയുടെ ശിവരാത്രി, നീരാളി, മറഡോണ, വരത്തൻ, 96 ,ഒടിയൻ, ലൂക്ക, ബിഗ് ബ്രദർ, ഷൈലോക്ക്, കുമ്പളങ്ങി നൈറ്റ്സ്, വൈറസ് തുടങ്ങി ഏറ്റവുമവസാനം പുറത്തിറങ്ങിയ കുറുപ്പ്, ഭീമന്റെ വഴി, മെമ്പർ രമേശൻ, ഹൃദയം , ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, അങ്ങനെ പോകുന്നു ആതിരയുടെ പി ആർ വർക്കിൽ ഇറങ്ങിയ ചിത്രങ്ങളുടെ ലിസ്റ്റ്.

English Summary: Special Interview With Athira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com