ADVERTISEMENT

മരണം മണക്കുന്ന തൊഴിലിടവും മരണം ചുംബിക്കാതെ ചുംബിച്ച ജീവിതവും, സന്യ എന്ന പെണ്‍കുട്ടിയെ, അവളുടെ ജീവിതത്തെ, ഒറ്റഫ്രെയിമിൽ കൊണ്ടുവന്നാൽ, അതിനു ഇങ്ങനെയൊരു അടിക്കുറിപ്പുവെക്കാം. മരണത്തിന്റെ ഇരുൾ വീണ താഴ്‌വരയിൽ, ക്യാമറയുമായി കടന്നു ചെല്ലുന്ന സന്യ,  അതിലെ ഓരോ ഫ്ളാഷും തെളിക്കുന്നത് തന്റെ ജീവിതത്തിലേക്കു കൂടിയാണ്. പാതി വഴിയിലെവിടെയോ അറ്റു പോകാമായിരുന്നിട്ടും, ആത്മവിശ്വാസത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും മാത്രം ബലത്തിൽ പടുത്തുയർത്തിയ തന്റെ ജീവിതത്തിലേക്കു തന്നെ. ഫോറന്‍സിക് ഫൊട്ടോഗ്രഫി എന്ന സ്ത്രീകൾ അധികം കടന്നു വരാത്ത മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് സന്യ. അതിനു പുറമെ വെഡ്ഡിങ്  ഫൊട്ടോഗ്രഫി, സ്റ്റുഡിയോ വർക്കുകൾ എന്നിങ്ങനെ പിടിപ്പതു പണികളുമായി സന്യ മുന്നോട്ടു കുതിക്കുമ്പോളും കൂടെയുള്ളത് അപകടം തളർത്തിയ കാലും തോറ്റുകൊടുക്കില്ലെന്ന ഉറച്ച മനസ്സും മാത്രമാണ്.

ഫൊട്ടോഗ്രഫിയോടുള്ള ഇഷ്ടക്കൂടുതല്‍ കാരണം പഠനം പോലും പാതി വഴിയിൽ ഉപേക്ഷിച്ച സന്യ,  ഫൊട്ടോഗ്രഫിയിൽ  കാര്യമാത്ര പഠനങ്ങൾ നടത്തിയിട്ടില്ല. എങ്കിലും, ഗുരു രാജന്‍ ചെമ്പകശ്ശേരിയുടെ ശിഷ്യത്വം സന്യയെ ഒരു തികഞ്ഞ ഫൊട്ടോഗ്രാഫറാക്കി മാറ്റിയിട്ടുണ്ട്. പതിനാറാം വയസ്സിൽ  കളിക്കൂട്ടുകാരായ നീതു, നിധിൻ എന്നിവരുടെ വീട്ടിലുണ്ടായിരുന്ന കൊട്ടാകിന്റെ ക്യാമറയിൽ ഫോട്ടോകളെടുത്താണ് സന്യ ക്യാമറയുമായി കൂട്ടുകൂടുന്നത്. പിന്നീട് പത്താം ക്ലാസിനു ശേഷം ഫൊട്ടോഗ്രാഫിയിലേക്ക് പൂർണമായും വഴിതിരിഞ്ഞു. സന്യ അക്കാലത്ത് തന്നെ ഫ്രീലാൻസായി ഫൊട്ടോഗ്രഫി വർക്കുകൾ ചെയ്തു തുടങ്ങി. അതിനുശേഷം പത്രത്തിലും ഫ്രീലാൻസായി പ്രവർത്തിക്കാൻ തുടങ്ങി. ശേഷം തൃശൂർ പന്നിത്തടത്തുള്ള ഇൻസൈറ്റ് സ്റ്റുഡിയോയിൽ ജോലിക്ക് പ്രവേശിച്ചു. അവിടെയുണ്ടായിരുന്ന രാജൻ ചെമ്പകശ്ശരിയാണ് സന്യയുടെ ഗുരുനാഥൻ. ഏകദേശം 13 വർഷത്തോളം അദ്ദേഹത്തിന് കീഴിൽ ഫൊട്ടോഗ്രാഫി പഠിച്ച സന്യ, മൂന്നു വർഷം മുൻപ് ആ സ്റ്റുഡിയോ  സ്വന്തമാക്കി. 

ഫോറൻസിക് ഫൊട്ടോഗ്രാഫിയിലേക്ക്

കേൾക്കുമ്പോൾ ആളുകൾ ഇന്നും നെറ്റി ചുളിക്കുന്ന ഫോറൻസിക് ഫോട്ടോഗ്രഫി എന്ന മേഖലയിലേക്കു സന്യ കടന്നു വരുന്നത് തന്റെ പതിനാറാം വയസ്സിനു ശേഷമാണ്. തന്റെ ഗുരുനാഥനൊപ്പമായിരുന്നു ആദ്യ കേസ് കൈകാര്യം ചെയ്യുന്നത്. ആ സംഭവത്തെയും ഫോറൻസിക് ഫൊട്ടോഗ്രഫിയേയും കുറിച്ചു സന്യ പറയുന്നതിങ്ങനെ, "80 വയസ്സ് പ്രായമുള്ള ഒരമ്മ കുളിമുറിക്കടുത്ത് തീകൊളുത്തി മരിച്ചിരിക്കുന്നതാണ് ആദ്യമായി ഞാൻ കവർ ചെയ്യുന്ന ക്രൈം സീൻ. അതിനുശേഷം ആത്മഹത്യകൾ, കൊലപാതകം തുടങ്ങി പലതരത്തിലുള്ള ക്രൈം സീനുകൾ കവർ ചെയ്തു കഴിഞ്ഞു. മറ്റ് ഫൊട്ടോഗ്രാഫി മേഖലകളെ അപേക്ഷിച്ച്, ക്രൈം സീൻ ഫോട്ടോഗ്രാഫിക്ക് വ്യത്യസ്തമായ ഒരു തലമാണുള്ളത്. ക്രൈം സീൻ ഫൊട്ടോഗ്രാഫിയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, പ്രധാനമായും ആ ഫോട്ടോകൾ കോടതിയിൽ സമർപ്പിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ സംഭവസ്ഥലത്തെ ഓരോ നൂലിഴയും പ്രധാനപെട്ടതാണ്. അവിടെയുണ്ടായിരുന്ന വസ്തുക്കൾ, അളവും മറ്റു വിസ്തീർണ്ണവും കാര്യങ്ങളും, ഉപയോഗിക്കുന്ന ക്യാമറ ഇതെല്ലാം ഈ മേഖലയിലെ പ്രധാന ഘടകങ്ങളാണ്. ഇതുകൂടാതെ ഓരോ മരണത്തിനനുസരിച്ച് നൽകേണ്ട ഡീറ്റെയിൽസിലും വ്യത്യാസമുണ്ടാകും. തൂങ്ങി മരണമാണെങ്കിൽ കഴുത്തിലെ പാടുകളുടെ, കയർ അമർന്നതിന്റെ ഫോട്ടോ എടുക്കണം. അതുകൂടാതെ മൃതദേഹം മുഴുവൻ ഫോട്ടോ എടുക്കണം. കൂടാതെ സാക്ഷികളെ നിർത്തിയുള്ള ഫോട്ടോയും എടുത്തു സൂക്ഷിക്കും. ഈ മേഖലയിൽ കാമറയുടെ ടെക്‌നിക്കൽ പരമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്. അതിലുണ്ടാകുന്ന നേരിയ പിഴവുകൾ ഒരുപക്ഷേ കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ പര്യാപ്തമായേക്കും." സന്യ പറയുന്നു.

sanya5

ചിരിക്കു പിന്നിലെ വേദന നിറഞ്ഞ കഥ

തളർത്തുന്ന, തകർക്കുന്ന ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകുമ്പോളും സന്യക്ക് ചിരിക്കാനാണിഷ്ടം. ആരേയും നോവിക്കാതെ, ആരെയും ദ്രോഹിക്കാതെ ജീവിച്ചുകൊണ്ടു ചിരിക്കാൻ. എന്നാൽ വേദന ഉള്ളിലൊളിപ്പിച്ച ആ ചിരിയ്ക്കും പറയാനുണ്ട്, താണ്ടേണ്ടി വന്ന കനൽ വഴികളുടെ കഥകളേറേ. അപ്രതീക്ഷിതമായി കടന്നു വന്ന അപകടം. നാട്ടുകാരിൽ നിന്നും  നേരിടേണ്ടി വന്ന അവഗണനകള്‍, ശരീരം പോലും തളര്‍ത്തികളയുമോ എന്നു സന്യയും കുടുംബവും ഒരുപോലെ ഭയന്ന നാളുകൾ, ഇതിനെയെല്ലാം തലയുയർത്തി നേരിട്ടതുകൊണ്ടു തന്നെയാണ് എല്ലാവരിൽ നിന്നും സന്യ വ്യത്യസ്തയാകുന്നത്.

"ഒരു കല്യാണ ആൽബം കൊണ്ടു കൊടുക്കാൻ പോകുന്നതിനിടയിലാണ് എനിക്ക് അപകടം ഉണ്ടാകുന്നത്. ഞാൻ സഞ്ചരിച്ചിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഞാൻ തെറിച്ചു ചെളിയിലേക്ക് വീണു. അന്ന് തലച്ചോറിലേക്കുള്ള ബ്ലഡ്‌ സർക്കുലേഷനും മറ്റും നിലച്ചു. കാലിലേക്കും രക്തപ്രവാഹം ഇല്ലാതായി. കൂടാതെ കണ്ണ്, മൂക്ക്, ചെവി എന്നിവിടങ്ങളിൽ ഇൻഫെക്ഷൻ വന്നിരുന്നു. അത് പിന്നീട് വാൽവിലേക്ക് വ്യാപിച്ചു. അത് പഴുപ്പായി. അതുകൂടാതെ കഴുത്തിൽ ഒരു കഴല രൂപപ്പെട്ടത് മൂന്നു തവണയായി സർജ്ജറി ചെയ്തിരുന്നു. സത്യം പറഞ്ഞാൽ മനോധൈര്യം, തുടരെ തുടരെയുള്ള ട്രീറ്റ്മെന്റ്, കൂടെ ഉണ്ടായിരുന്നവരുടെ സപ്പോർട്ട് ഇതെല്ലാം കാരണമാണ് ഞാൻ ഇന്നെഴുന്നേറ്റ് നടക്കാൻ കാരണം. ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തു വരുന്നതേയുള്ളു. അപകടം സന്യയെ തളർത്തിയില്ലെങ്കിലും അതിനും മുമ്പേ സന്യയെ തളർത്താൻ ശ്രമിച്ചിരുന്ന മറ്റനവധി പ്രശ്നങ്ങളുണ്ടായിരുന്നു. സ്റ്റുഡിയോ തുടങ്ങുന്ന അവസരത്തിലായിരുന്നു അതിലധികവും. സന്യ നേരിട്ടിരുന്ന പ്രധാന ബുദ്ധിമുട്ട്, കൂടെ വരുന്ന ലൈറ്റ് ബോയ്സിനെയും ഫോട്ടോഗ്രാഫറായി ഒരു പെൺകുട്ടിയെയും അംഗീകരിക്കാൻ അല്പം ബുദ്ധിമുട്ടുള്ള നാട്ടിലെ ചില ചെറുപ്പക്കാരായിരുന്നു. അവർ ആ ബുദ്ധിമുട്ടുകൾ പലതരത്തിൽ പ്രകടിപ്പിക്കുകയും മറ്റും ചെയ്ത് തുടങ്ങിയപ്പോൾ സന്യക്ക് വനിതാ സെല്ലിൽ പരാതി നൽകേണ്ടി വന്നു. അത് പിന്നീട് കോടതിയിലേക്ക് മാറുകയും പിന്നീട് ആ കേസ് ജയിക്കുകയും ചെയ്തു. എന്നാലതിനു ശേഷം വളരെ നന്നായി തന്നെയാണ് കാര്യങ്ങൾ  പോകുന്നതെന്നും സന്യ പറയുന്നു. "അപകടത്തിനു ശേഷം ആറുമാസം കിടക്കാനായിരുന്നു പറഞ്ഞിരുന്നത്. അത് കേട്ടപ്പോൾ.. കിടക്കാൻ നിന്നാൽ കിടന്നുപോകുമോ എന്നോർത്ത് അതിനു മുതിർന്നില്ല. ഇഷ്ടമുള്ള മേഖലയാണ് ഫൊട്ടോഗ്രഫി അതുകൊണ്ട് തന്നെ വയ്യെങ്കിലും സ്റ്റുഡിയോയിൽ പോകും. ആദ്യമൊക്കെ ക്രച്ചെസ് ആയിരുന്നു. ഇപ്പോൾ ബെൽറ്റ്‌ പോലുള്ള ഉപകരണമാക്കി. എങ്കിലും ഇപ്പോളും പുറത്തു വർക്കുകൾക്ക് പോകുമ്പോൾ ആരെങ്കിലും കൂടെ തന്നെ വേണം."

sanya6

ശബ്ദമില്ലാത്തവരുടെ ശബ്ദമായി സന്യ

ശബ്ദലോകത്തെ കാഴ്ചയാകാന്‍ മാത്രമല്ല, ശബ്ദമില്ലാത്തവരുടെ ശബ്‍ദമാകാനും സന്യ സദാ സന്നദ്ധയാണ്.  നിശബ്ദതയോടാണ് ഇപ്പോൾ തനിക്കേറ്റവും പ്രിയമെന്നു പറഞ്ഞു വെക്കുന്ന സന്യ, ഫോറൻസിക് ഫൊട്ടോഗ്രാഫിക്കൊപ്പം തന്നെ ഫ്രീലാൻസ് ഡെഫ് ലാംഗ്വേജ് ട്രാൻസ്ലേറ്ററായി കൂടി പ്രവർത്തിച്ചു കേരളാ പൊലീസിന്റെ നിശബ്ദ സഹായിയായി മാറുകയാണ്. "പന്നിത്തടത്തു തന്നെയുള്ള ഒരു വിവാഹത്തിന് ഫൊട്ടോഗ്രാഫി ആവശ്യവുമായി പോയപ്പോളാണ് അവിടെ പെണ്ണും ചെക്കനും മൂകരും ബധിരരുമാണെന്ന് മനസിലാകുന്നത്. അന്ന് കൈ കൊണ്ടു ആംഗ്യം കാണിച്ചു ഒരുവിധം ഫോട്ടോസ് എടുത്തു. അവരുടെ കൂട്ടത്തിൽ ചേർക്കാം എന്നവർക്ക് തോന്നിയപ്പോളാകണം അവർ വേഗം എനിക്ക് ആംഗ്യ ഭാഷയിൽ ഇംഗ്ലീഷ് അക്ഷരമാല പഠിപ്പിച്ചു തന്നു. അത് പെട്ടന്ന് തന്നെ പഠിച്ചെടുത്തു. അങ്ങനെ വളരെ വേഗത്തിൽ അവരുമായി കൂട്ടായി. പിന്നീട് അവർ ഒത്തുകൂടുമ്പോൾ എന്നെയും വിളിക്കും. അവരുടെ ഫോട്ടോഷൂട്ടുകൾക്കും വിളിക്കും. ഇപ്പോളത്തെ എന്റെ ഏറ്റവും വലിയ സൗഹൃദം ഇവരൊക്കെയാണ്.

പിന്നീട് ഇവരുടെ ഭാഷ കൂടുതൽ ഉപയോഗപ്രദമായത് ഇവരുടെ കേസുകളും സ്റ്റേഷനിൽ വരുമ്പോളാണ്. കാരണം ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതൊന്ന് തർജ്മ ചെയ്യാൻ എന്നെ വിളിക്കും. ഞാൻ ചെല്ലും. റിപ്പോർട്ട്‌ എഴുതി കൊടുക്കും. പലതും നിസ്സാര കാര്യങ്ങളായിരിക്കും. കോടതിയിലെത്തേണ്ട ആവശ്യമില്ലാത്ത ഡിവോഴ്സ് കേസുകൾ ഒക്കെ കൂട്ടി യോജിപ്പിച്ചു വിടും." സന്യ പറയുന്നു. 

sanya1

ഈ ഊർജസ്വലത തകർക്കാനാകില്ല

ശാരീരികമായി പല വിധത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിലും സന്യയെ ഊർജ്ജസ്വലതയോടെയല്ലാതെ ആർക്കും കാണാനാവില്ല. നിറയെ സ്വപ്നങ്ങളുള്ള, ഒരുപാട് ആഗ്രഹങ്ങൾ സൂക്ഷിക്കുന്ന സന്യ ഒരു സംവിധായിക കൂടിയാണ്. ഫോറൻസിക് ഫൊട്ടോഗ്രഫിയും വെഡ്ഡിങ് ഫൊട്ടോഗ്രഫിയും മാത്രമല്ല, സംവിധാനവും തനിക്ക് വഴങ്ങുമെന്നു സന്യ ഇതിനോടകം തെളിയിച്ചു കഴിഞ്ഞ വസ്തുതയാണ്. "ഛായാഗ്രഹണത്തിലൂടെയാണ് ഞാൻ സംവിധാനത്തിലേക്ക് വന്നത്. ചെറിയൊരു പാട്ടായിരുന്നു ചെണ്ടുമല്ലി. ഈ പാട്ടിന്റെ പിന്നണിയിലുള്ളവർ സ്റ്റുഡിയോയിൽ വന്നു സംസാരിച്ചു. ഇതുപോലൊരു പാട്ടുണ്ട്, അതൊന്ന് സംവിധാനം ചെയ്തു തരണം എന്നാണ് അവർ പറഞ്ഞത്. അതു ചെയ്തു കഴിഞ്ഞു പിന്നീട് ചെയ്യുന്നത് റഫീഖ് അഹമ്മദ് സാറിന്റെ 'അത്രയും' എന്ന കവിതയുടെ ദൃശ്യാവിഷ്ക്കരണമാണ്.  അക്കിക്കാവ് പൂരം കവർ ചെയ്തുകൊണ്ടുള്ള എന്റെ വീഡിയോ കണ്ട ശേഷമാണ് അത്രയും എന്ന ആൽബത്തിന്റെ പിന്നണിയിലുള്ളവർ എന്നെ സമീപിക്കുന്നത്. ആ ആൽബത്തിന്റെ ചിത്രീകരണത്തിനു ശേഷം റഫീഖ് സാറിനെ പോയി കാണുകയും ആൽബം കാണിച്ചുകൊടുക്കുകയും ചെയ്തപ്പോൾ ഫ്രെയിസും കാര്യങ്ങളും നന്നായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു."

ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടില്ല

ആഗ്രഹങ്ങൾക്ക് കടിഞ്ഞാൺ ഇടാൻ സന്യയ്ക്ക് ഒരാഗ്രഹവുമില്ല. ഒരുപാട് യാത്ര ചെയ്യണം. ട്രെയിനിലും ബുള്ളറ്റിലും സൈക്കിളിലും. ഒരുപാട് ഡോക്യുമെന്ററികൾ  ചെയ്യണം. കാലിന്റെ കാര്യം ഉഷാറാക്കണം. സന്യയുടെ ബക്കറ്റ് ലിസ്റ്റ് ഇങ്ങനെ.

"നമുക്ക് നമ്മളോടൊരു ഇഷ്ടം വേണം. ഇല്ലെങ്കിൽ നമ്മൾ എവിടെയും എത്തില്ല. നമ്മുടെ നെഗറ്റീവും പോസിറ്റീവും തിരിച്ചറിഞ്ഞില്ലെങ്കിൽ അതിനനുസരിച്ചു മുന്നോട്ട് പോയില്ലെങ്കിൽ അവിടെ നമ്മൾ വീണു പോകാം. മറ്റുള്ളവർ നെഗറ്റീവ് പറഞ്ഞാലും അതിൽ പോസിറ്റീവ് കണ്ടെത്തുക. ആരോടും ദേഷ്യമോ വിദ്വേഷമോ ഒന്നും കരുതണ്ട. മുന്നോട്ട് തന്നെ പോവുക." സന്യ നിറഞ്ഞ പുഞ്ചിരിയോടെ പറയുന്നു.

sanya2

ക്യാമറയിൽ നിറച്ചാർത്തുകൾ ഒപ്പിയെടുക്കുന്നവർക്കിടയിൽ ഒറ്റതിരിഞ്ഞവളാണ് സന്യ. അവിടെ, അവളുടെ ലോകം നിറങ്ങളുടേതു മാത്രമല്ല, മരണം മണക്കുന്ന കറുപ്പിന്റേതു കൂടിയാണ്. രക്തഗന്ധിയായ കാറ്റിന്റേതു കൂടിയാണ്. മോർച്ചറികളുടേതും മൃതദേഹങ്ങളുടേതുമാണ്. ജീവിതത്തിലും അവൾ ഒറ്റതിരിഞ്ഞവളാണ്. കൈയും മെയ്യും തളരുമ്പോളും തളർത്തുമ്പോളും നൈർമല്യത നിറഞ്ഞ ഒരു ചെറു പു​ഞ്ചിരിയോടെ അതിനെയെല്ലാം വകഞ്ഞുമാറ്റി പൊരുതുന്നവൾ.. കാറും കോളും നിറഞ്ഞു മുന്നിൽ ഇരുൾ മൂടിയാലും മനസ്സിന്റെ വെളിച്ചത്തിൽ മുന്നോട്ടു കുതിക്കുന്നവൾ..അവിടെ അവൾക്ക് കിതപ്പുകളില്ല.. കുതിപ്പുകൾ മാത്രം.

English Summary: Life Story Of Sanya Kallingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com