ADVERTISEMENT

വെളുത്ത നിറമാണോ സൗന്ദര്യത്തിനാധാരം? അല്ലെങ്കിൽ തന്നെ എന്താണ് സൗന്ദര്യം? മലയാളികളുടെ നെറ്റി ചുളിയുന്ന ചോദ്യവുമായി അവൾ വരികയാണ്.  കാജൽ ജെനിത് എന്ന പതിനാറുകാരിയെ മലയാളികൾ മറക്കാനിടയില്ല.  മലയാളിയുടെ സൗന്ദര്യ സങ്കൽപ്പത്തെ മാറ്റിമറിച്ചുകൊണ്ട് വനിതയുടെ കവർ ഗേൾ ആയ തിരുവനന്തപുരത്തുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കാജൽ ജെനിത്.  നിറത്തിന്റെ പേരിൽ ചെറുപ്പം മുതൽ കേട്ട് മടുത്ത പരിഹാസങ്ങൾക്കും ക്രൂരമ്പുകൾക്കും ചുട്ടമറുപടിയെന്നോണം ഈ പെൺകുട്ടി വെളുത്ത നിറക്കാരുടെ മാത്രം കുത്തകയായ ഫാഷൻ ഫോട്ടോഗ്രാഫി രംഗത്തെത്തി.  വിമർശനങ്ങൾ വളമാക്കി അവളുടെ മനസ്സ് കരുത്താർജ്ജിച്ചു.  ഇന്ന് കരുത്തിന്റെ പര്യായമായ ബോഡി ബിൽഡിങ് മേഖല കൂടി അവൾ സ്വന്തമാക്കുകയാണ് .  തിരുവനന്തപുരം ജില്ലാ വനിതാ ബോഡി ബിൽഡിങ് മത്സരത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി ആത്മവിശ്വാസത്തിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുന്നു ഈ പെൺകുട്ടി.  എന്താണ് സ്ത്രീക്ക് സൗന്ദര്യം കൊടുക്കുന്നതെന്ന് ചോദിച്ചാൽ കാജലിന്റെ ഉറപ്പുള്ള മറുപടി വരും "ആത്മവിശ്വാസം".      

kajal2

കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പ്

ഞാൻ മൂന്നാം ക്ലാസ് മുതൽ റെസ്‌ലിങ് ചെയ്യുന്നുണ്ടായിരുന്നു.  നാഷണൽ കോച്ച് സതീഷ് സർ ആണ് എന്നെ പരിശീലിപ്പിച്ചുകൊണ്ടിരുന്നത്.  കോവിഡ് സമയത്താണ് ബോഡി ബിൽഡിങ്ങിൽ എത്തിയത്.  കോവിഡ് കാരണം റെസ്‌ലിങ് പ്രാക്ടീസ് നടക്കുന്നുണ്ടായിരുന്നില്ല.  അതുകൊണ്ട്‌ ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കാൻ ജിമ്മിൽ പോയിത്തുടങ്ങി.  വർക്കലയിലുള്ള ന്യൂ ഫിറ്റ്നസ് ഫിസ്റ്റ് ജിമ്മിൽ വർക്ക്ഔട്ട് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ബോഡി ബിൽഡിങ് മത്സരം നടക്കാൻ പോകുന്നു എന്നറിഞ്ഞത്.  അങ്ങനെയാണ് തിരുവനന്തപുരം ജില്ലയിലെ മത്സരത്തിൽ പങ്കെടുത്തത്.  ഞാൻ പ്രാക്ടീസിന് കയറിയപ്പോൽ 65 കിലോ ഉണ്ടായിരുന്നു ശരീരഭാരം.  രണ്ടുമാസം കഠിനമായ ഡയറ്റും നല്ല രീതിയിൽ വർക്ക് ഔട്ടും ചെയ്തു.  മൂന്നുമാസത്തെ പരിശീലന ത്തിനു ശേഷമാണ് ഞാൻ മത്സരത്തിന് ഇറങ്ങിയത്.  ആദ്യമൊക്കെ എനിക്ക് ബുദ്ധിമുട്ടായി തോന്നിയിരുന്നു കാരണം ഞാൻ ഭക്ഷണം ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ്.  ഡയറ്റ് ചെയ്യാൻ വലിയ മടിയായിരുന്നു. പക്ഷേ, ഒരു ലക്ഷ്യം മുന്നിൽ കണ്ടപ്പോൾ പിന്നെ ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഒന്നും പ്രശ്നമല്ലാതെ ആയി.  കുറേക്കാലം സ്കൂൾ ക്ലാസുകൾ ഓൺലൈൻ ആയിരുന്നതുകൊണ്ട് പരിശീലനത്തിനുള്ള സമയം കിട്ടിയിരുന്നു.  സ്കൂൾ തുറന്നപ്പോൾ പ്രാക്ടീസ് ചെയ്യാൻ സമയം കിട്ടാതെ വന്നു എങ്കിലും ഞാൻ സമയം കണ്ടെത്തി ചെയ്യുമായിരുന്നു.  പത്താം ക്ലാസ്സിൽ നല്ല വിജയം നേടാൻ കഴിഞ്ഞു.  തിരുവനന്തപുരം വർക്കലയിലുള്ള കാപ്പിൽ സർക്കാർ സ്കൂളിൽ പതിനൊന്നാം ക്ലാസ്സിലാണ് ഇപ്പോൾ പഠിക്കുന്നത്.  ഒടുവിൽ ഞാൻ കണ്ട സ്വപ്നം സത്യമായപ്പോൾ സന്തോഷമായി.  തിരുവനന്തപുരം ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ (TDBBA)  നടത്തിയ മത്സരത്തിൽ വനിതകളുടെ ഇനത്തിൽ സ്വർണമെഡൽ കരസ്ഥമാക്കി ഒന്നാം സ്ഥാനത്തെത്താൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.  കഠിനാധ്വാനവും ദൃഢനിശ്ചയവും കൂടെയുണ്ടെകിൽ എന്തും നേടിയെടുക്കാം.  ഈ നേട്ടത്തിന് നന്ദിപറയേണ്ടത് ഹെലൻ ശിവ, പ്രവീൺ കുമാർ എന്നീ രണ്ടു കോച്ചുമാരോടാണ്.

മോഡലിങ് ആരുടെയും കുത്തകയല്ല  

സ്ത്രീകളായാലും പുരുഷന്മാരായാലും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്.  മറ്റുള്ളവർ എന്തുപറയും എന്ന് കരുതി ജീവിക്കേണ്ട ആവശ്യമില്ല.  നമ്മുടെ ജീവിതം നമ്മുടെത് മാത്രമാണ്.  സന്തോഷം കിട്ടുന്ന കാര്യങ്ങൾ ചെയ്യുക.  ഒരു തൊഴിലും ആരുടേയും കുത്തകയല്ല.  മോഡലിങ്, ബോഡി ബിൽഡിങ്, സ്പോർട്സ്, അങ്ങനെ പല മേഖലകളിലും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരുപാടു സ്ത്രീകൾ സമൂഹത്തെ പേടിച്ച് മുന്നോട്ടു വരാതെ ഇരിക്കുന്ന സാഹചര്യമുണ്ട്.   സ്ത്രീകൾ സ്വപ്നങ്ങൾ സഫലമാക്കാൻ പേടിയില്ലാതെ മുന്നോട്ട് വരണം എന്നാണ് എനിക്ക് പറയാനുള്ളത്.  സമൂഹത്തെ പേടിച്ചിരിക്കുന്ന കാലമൊക്കെ കഴിഞ്ഞു.  ചെയ്യാൻ കഴിയുന്ന എന്ത് തൊഴിലും ചെയ്യുന്നതിന് ഒരു മടിയും വിചാരിക്കേണ്ട കാര്യമില്ല.

kajal1

ബോഡിബിൽഡറെങ്കിലും ഷെഫാകാനാണ് ആഗ്രഹം

എനിക്കൊരു ഷെഫ് ആകാനാണ് ആഗ്രഹം.  ആ ആഗ്രഹം പണ്ടുമുതൽ തന്നെ മനസ്സിൽ കയറിക്കൂടിയതാണ്.  അതിനിടയിൽ ആണ് മോഡലിങ് അവസരങ്ങൾ വന്നത്.  ഓഫറുകൾ ഉണ്ടെങ്കിലും പഠനത്തിന്റെ തിരക്കുകൊണ്ട് ഇപ്പോൾ മോഡലിങ് ചെയ്യാൻ കഴിയുന്നില്ല.  എങ്കിലും നല്ല അവസരങ്ങൾ വന്നാൽ ഉപേക്ഷിക്കില്ല.  പ്ലസ് ടൂ കഴിഞ്ഞു ഹോട്ടൽ  മാനേജ്‌മന്റ് പഠിക്കാൻ പോയി നല്ലൊരു ഷെഫ് ആകണം. അതോടൊപ്പം മോഡലിങ്ങും ഒരുപോലെ കൊണ്ടുപോകണം.  ബോഡി ബിൽഡിങ് വിട്ടുകളയില്ല അതും ഇതിനോടൊപ്പം കൂടെ ഉണ്ടാകും.  അടുത്ത ലക്ഷ്യം സംസ്ഥാന ചാംപ്യൻഷിപ്പാണ്.  ആ കിരീടവും സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ട്.  എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും.

വിമർശനങ്ങൾക്ക് ചെവി കൊടുക്കേണ്ടതില്ല!

വിദ്യാഭ്യാസമാണ് ഒന്നാമത് വേണ്ടത്.  സ്ത്രീയെന്നോ പുരുഷനെന്നോ വേർതിരിവില്ല എല്ലാവർക്കും അത്യാവശ്യം വേണ്ടത് നല്ല വിദ്യാഭ്യാസമാണ്.  നിറത്തിന്റെയും സൗന്ദര്യത്തിന്റെയും പണത്തിന്റെയും പേരിൽ മാറ്റി നിർത്തപ്പെടൽ നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട്.  ഉന്നത വിദ്യാഭ്യാസം നേടി നല്ലൊരു ജോലി സമ്പാദിച്ചു കഴിഞ്ഞാൽ എല്ലാം അതിജീവിക്കാൻ കഴിയും.  കാണുമ്പോൾ മുഖം തിരിച്ചു നടന്നവർക്ക് കൊടുക്കാൻ ഉള്ള ഏറ്റവും നല്ല മറുപടി അതുതന്നെയാണ്.  നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്.  അതിന് കരുത്താർജിക്കുക.  നമ്മുടെ ഇഷ്ടങ്ങൾ പിന്തുടരുക ആരുടെയും വിമർശനങ്ങൾക്ക് ചെവികൊടുക്കേണ്ട ആവശ്യമില്ല.  ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കുന്നവരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.

മേക്കപ്പിട്ട് വെളുപ്പിക്കരുത്

ആദ്യമൊക്കെ എന്റെ നിറത്തെക്കുറിച്ച്  പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വിഷമം വന്നിരുന്നു.  പിന്നെ പിന്നെ അത് ശീലമായി.  ഞാൻ നടന്നുപോകുമ്പോൾ എല്ലാവരും എന്നെ നോക്കുന്നത് കാണുമ്പോൾ സങ്കടം വന്നിരുന്നു പക്ഷേ ഇപ്പോൾ നാലുപേര് നോക്കുന്നുണ്ടല്ലോ എന്നാണു ചിന്തിക്കുന്നത്.  ഞാൻ കേട്ടുവളർന്ന പരിഹാസങ്ങളും വിമർശനങ്ങളും എനിക്ക് കരുത്താർജിക്കാൻ ഇന്ധനമായി.  നെഗറ്റീവ് കമന്റുകളും പോസിറ്റീവ് കമന്റുകളും ഞാൻ നല്ലരീതിയിൽ ഏറ്റെടുത്തു.  എന്റെ അച്ഛനും അമ്മയുമാണ് എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് തന്നു കൂടെ നിന്നത്.  അച്ഛൻ വിദേശത്താണ്. അമ്മ എല്ലാകാര്യത്തിനും കൂടെയുണ്ട്.  ഞാൻ ഒറ്റമകളാണ്.  എനിക്ക് ഇഷ്ടമുള്ളത് ചെയ്യാൻ അച്ഛനും അമ്മയും എല്ലാ പിന്തുണയും തരുന്നുണ്ട്. നിറത്തിന്റെ പേരിൽ വിവേചനം നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്.  പക്ഷേ, ഞാൻ എന്താണോ അങ്ങനെ തന്നെ തുടർന്നാണ് എനിക്കിഷ്ടം.  അതുകൊണ്ടു തന്നെയാണ് ആദ്യമായി ഫോട്ടോഷൂട്ടിനു വിളിച്ചപ്പോഴും എന്റെ നിറത്തിൽ തന്നെ ഫോട്ടോ എടുക്കാനാണെങ്കിൽ  മാത്രം ചെയ്താൽ മതി എന്ന് ഞാൻ പറഞ്ഞത്.  ഞാൻ തീരെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ എനിക്ക് ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ലായിരുന്നു.  ഇപ്പോൾ അത് എന്റെ കരിയർ ആയി.  എന്നെ മേക്കപ്പ് ചെയ്തു വെളുപ്പിക്കരുതെന്ന് ഞാൻ മേക്കപ്പ് ആർട്ടിസ്റ്റിനോട് പറയാറുണ്ട്.  മോഡലിങ് എനിക്ക് വളരെ നല്ലൊരു അനുഭവമായിരുന്നു.  ഞാൻ പറഞ്ഞതുപോലെതന്നെ അവർ എന്നെ ഞാനായി തന്നെ അവതരിപ്പിച്ചു.  നിറത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടുന്നവർക്കുള്ള വലിയ പ്രചോദനം കൂടി ആയിരുന്നു ആ ഫോട്ടോഷൂട്ട്.    

kajal3

ആത്മവിശ്വാസമാണ് സ്ത്രീയും സൗന്ദര്യം

ആത്മവിശ്വാസമാണ് സ്ത്രീയുടെ സൗന്ദര്യം എന്നാണ് എന്റെ അഭിപ്രായം.  ലുക്കിലോ നിറത്തിലോ ഒന്നുമല്ല കാര്യം.  ഇഷ്ടമുള്ളത് ചെയ്ത് സ്വയം പര്യാപ്തയായി ജീവിക്കാൻ കാണിക്കുന്ന തന്റേടമാണ് സൗന്ദര്യം.  ആ ആത്മവിശ്വാസം നേടണമെങ്കിൽ ആദ്യം നമ്മെത്തന്നെ സ്നേഹിക്കണം.  നമ്മുടെ കഴിവുകളിൽ വിശ്വസിക്കണം.  പെൺകുട്ടി എന്ന പേരിലോ സൗന്ദര്യത്തിന്റെ പേരിലോ മാറ്റി നിർത്തപ്പെടുന്നതിനെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്.  നമ്മുടെ വഴി നമ്മൾ തന്നെ തിരഞ്ഞെടുക്കണം.  ആത്മവിശ്വാസത്തോടെ ഒരു ലക്ഷ്യത്തിലേക്ക് സഞ്ചരിച്ചാൽ അന്തിമവിജയം നമ്മുടേതായിരിക്കും എന്നാണ്  എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്.

പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം

നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.  ചിലപ്പോൾ തോറ്റുപോയി എന്നിരിക്കും പക്ഷേ, ആത്മവിശ്വാസമുണ്ടെങ്കിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിയും.  സമൂഹം എന്ത് പറയുന്നു എന്ന് നോക്കരുത്.  സ്വന്തം കാലിൽ നിൽക്കണമെങ്കിൽ നല്ല വിദ്യാഭ്യാസമാണ് ആദ്യം വേണ്ടത്.  പെൺകുട്ടികൾ നന്നായി പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കണം എന്നാണു  എന്റെ അഭിപ്രായം.  സ്ത്രീകളെപ്പറ്റിയുള്ള ചർച്ചകൾ ഒരു വനിതാ ദിനത്തിൽ ഒതുങ്ങിപ്പോകേണ്ടതല്ല.  എല്ലാ ദിവസവും എല്ലാവരുടേതും ആകണം.  ആര് എന്ത് പറഞ്ഞാലും തളരരുത്.  എല്ലാവരിലും എന്തെങ്കിലുമൊക്കെ കഴിവുകൾ ഉണ്ടാകും അത് കണ്ടെത്തുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.  ജീവിതത്തിൽ ഒരിക്കലും തോറ്റുകൊടുക്കരുത്.  നമ്മൾ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് മോഡൽ ആകണം.

English Summary: Women's day Special Interview With kajal janith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com