വീൽചെയറിൽ ക്ലാസിന്റെ മുക്കിലും മൂലയിലും പറന്നു നടക്കുന്ന ശ്രീജ ടീച്ചർ; കണ്ണൂരിലുണ്ട് ഇങ്ങനെയൊരു അധ്യാപിക

Mail This Article
ഉള്ളിൽ കടലോളം ദുഃഖമുണ്ടെങ്കിലും ആ ദുഃഖമല്ല, നാം നമുക്കു ചുറ്റുമുള്ളവർക്കു കൊടുക്കേണ്ടത്. നമ്മുടെ ഉള്ളിൽ തരിയെങ്കിലും അവശേഷിക്കുന്ന സന്തോഷമാണ്. അപ്പോഴേ ആളുകൾക്ക് നമ്മളെ കാണുമ്പോൾ ചിരിക്കാനാവൂ. അവരെ നമുക്ക് സന്തോഷിപ്പിക്കാനാവൂ. ഇതൊക്കെ പറയുന്നത് കണ്ണൂർ ദേവത്താർക്കണ്ടി ഗവ.യുപി സ്കൂളിലെ അധ്യാപികയായ ശ്രീജ പുത്തലത്താണ്. മസ്കുലർ ഡിസ്ട്രോഫി എന്ന, മരുന്ന് ഇനിയും കണ്ടുപിടിക്കാത്ത രോഗം വീൽചെയറിലേക്ക് ജീവിതത്തെ തളച്ചിടാൻ ശ്രമിച്ചിട്ടും പിടികൊടുക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന ശ്രീജ ടീച്ചർ. ടീച്ചറെ കാണുന്നതു തന്നെ ആ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സന്തോഷമാണ്. ഇലക്ട്രിക് വീൽചെയറിൽ ടീച്ചർ സ്കൂളിൽ വന്നിറങ്ങുന്നതു മുതൽ കുട്ടികൾ ടീച്ചറുടെ ചുറ്റും കൂടും. ഓരോ കുട്ടിയുടെ അടുത്തേക്കും വീൽചെയറിൽ ഓടിയെത്തി ടീച്ചർ ക്ലാസ് എടുക്കും. എപ്പോഴും ചിരിക്കുന്ന, ജിവിതത്തെ പോസിറ്റീവ് ആയി മാത്രം കാണുന്ന ശ്രീജ ഉൾക്കരുത്തിന്റെയും നൈർമല്യത്തിന്റെയും സ്ത്രീരൂപമാണ്.
കണ്ണൂർ ചിറയ്ക്കലാണ് ടീച്ചറുടെ വീട്. അച്ഛനും അമ്മയും രണ്ടു സഹോദരങ്ങളും അടങ്ങുന്നതായിരുന്നു കുടുംബം. 18 വയസ്സുവരെ വീട്ടിലെ മക്കൾക്കാർക്കും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ 18–ാം വയസ്സിൽ മൂത്ത സഹോദരന് പേശികൾക്കു ബലക്കുറവു തോന്നിത്തുടങ്ങി. അധികം വൈകാതെ സഹോദരൻ വീൽ ചെയറിലായി. 18 വയസ്സുകഴിഞ്ഞതോടെ ചേച്ചിക്കും ഇതേ അസുഖം വന്നു. ഡിഗ്രി പഠന കാലത്താണ് ശ്രീജയ്ക്കും രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. പേശികളിലേക്കുള്ള രക്തയോട്ടം കുറഞ്ഞു ബലമില്ലാതാകുന്നതാണ് രോഗം. ആൾ വളരുന്നതിനൊപ്പം രോഗവും വളരുമെന്നതാണ് മസ്കുലർ ഡിസ്ട്രോഫിയുടെ പ്രത്യേകത. ഓരോ വർഷം ചെല്ലുന്തോറും രോഗം മൂർച്ഛിക്കും.
പഴയങ്ങാടി വെൽഫെയർ സ്കൂളിൽ നിന്ന് ദേവത്താർക്കണ്ടി സ്കൂളിലെത്തുമ്പോൾ ടീച്ചർ പടികയറിയാണു വന്നത്. അന്ന് വീൽചെയറിന്റെ ആവശ്യമുണ്ടായിരുന്നില്ല. ക്ലാസിന്റെ മുക്കിലും മൂലയിലുമെത്തി, എല്ലാ കുട്ടികളുടെയും അടുത്തുപോയി പഠിപ്പിക്കുന്നതായിരുന്നു ടീച്ചറുടെ ശീലം. ഹിന്ദിയാണ് ടീച്ചറുടെ വിഷയം. പകുതിയിലേറെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളായതിനാൽ മലയാളവും ഹിന്ദിയുമെല്ലാം ടീച്ചർ തന്നെ കൈകാര്യം ചെയ്യും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ മലയാളം പഠിപ്പിക്കും. മലയാളിക്കുട്ടികളെ ഹിന്ദിയും.
ചെറുതായൊന്നു തട്ടിയാൽ പോലും മറിഞ്ഞു വീഴുമായിരുന്നിട്ടും ക്ലാസിലെ ഒരു കുട്ടിയുടെ പോലും അടുത്തെത്താത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. എന്നാൽ, 2005 ൽ ശ്രീജയ്ക്ക് പൂർണമായി വീൽചെയറിനെ ആശ്രയിക്കേണ്ടതായി വന്നു. ക്ലാസിൽ പോകാൻ കഴിയാത്തതിന്റെ ദുഖം വല്ലാതെ അലട്ടിയപ്പോൾ ഇലക്ട്രിക് വീൽചെയറിലേക്കു മാറി. ഇപ്പോൾ ഇലക്ട്രിക് വീൽചെയറിൽ ക്ലാസിന്റെ മുക്കിലും മൂലയിലും പറന്നു നടക്കും ടീച്ചർ. വേദനകളെയും ദുഖങ്ങളെയും പൊരുതിത്തോൽപ്പിക്കുന്ന നിറഞ്ഞ ചിരിയുമായി.
English Summary: Sreeja Teacher Story