ADVERTISEMENT

"നിങ്ങളുടെ നാവു കൊണ്ട് ഞങ്ങളെ തളർത്താൻ നോക്കുമ്പോൾ ഞങ്ങളുടെ കഠിനമായ മനസ്സുകൊണ്ട് ഞങ്ങൾ പൊരുതി മുന്നേറും." ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ഏതാനും മാസങ്ങൾക്കു മുൻപ് തന്റെ ഫേസ്ബുക്ക് പേജിൽ കുറച്ചിട്ട വാക്കുകളാണിത്. തന്റെ സ്വത്വം എന്താണെന്ന് തിരിച്ചറിഞ്ഞു  മനസ്സിനൊത്തു ശരീരം പാകപ്പെടുത്തി ആഗ്രഹിച്ച ജീവിതം ജീവിക്കുന്നതിന്റെ പേരിൽ സമൂഹം അവഗണനയോടെ മാത്രം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളോടും പടവെട്ടി ഇന്ന് അതേ സമൂഹത്തിനു മുന്നിൽ മികച്ച അധ്യാപിക എന്ന പുരസ്കാരം ഏറ്റുവാങ്ങി അഭിമാനത്തോടെ നിൽക്കുന്നതിന്റെ നിർവൃതിയിലാണ് രഞ്ജു രഞ്ജിമാർ. അതിനൊപ്പം ജീവിതകഥ ആധാരമാക്കിയെടുത്ത ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതിന്റെ സന്തോഷവും. രഞ്ജു രഞ്ജിമാറിന്റെ വിശേഷങ്ങളിലേക്ക്. 

പുരസ്കാര വേദിയിലെ അപ്രതീക്ഷിത മുഹൂർത്തം 

യൗവനത്തിലേക്ക് കടക്കുന്ന കാലത്ത് വീടുപേക്ഷിച്ചു പോകേണ്ടി വന്ന സാഹചര്യത്തിൽ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ഒന്നര വർഷം മുൻപ് ‘കുട്ടിക്കൂറ’ എന്ന ഹ്രസ്വചിത്രം പുറത്തിറക്കിയത്. അസോസിയേഷൻ ഓഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് (അസ്മ) എന്ന സംഘടനയുടെ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ‘കുട്ടിക്കൂറ’ മികച്ച ഹ്രസ്വചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കയ്യിൽനിന്നും മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലിരിക്കുമ്പോഴാണ് മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. മേക്കപ്പ് മേഖലയിൽ  നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഒരു അധ്യാപിക എന്ന നിലയിൽ ലഭിച്ച ഈ പുരസ്കാരം ഹൃദയത്തോട് ഏറെ ചേർന്നു നിൽക്കുന്നതാണ്. ഒന്നാംക്ലാസ് കുട്ടികൾക്കു പാഠഭാഗങ്ങൾ പകർന്നുകൊടുത്ത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയ സായി ശ്വേതാ ടീച്ചറിനൊപ്പമാണ് പുരസ്കാരം പങ്കിട്ടത്. ഹയർ സെക്കൻഡറി തലത്തിലും കോളജ് തലത്തിലുമുള്ള അധ്യാപകർക്കിടയിൽ നിന്നും മേക്കപ്പ് മേഖലയിലെ അധ്യാപനത്തിന് ഇത്തരമൊരു പുരസ്കാരം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങിയ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാവുന്നതല്ല. 

കടന്നുവന്ന ഓരോ വഴിയിലും പിന്തുണച്ചവർക്കും സഹായിച്ചവർക്കും പരിഹസിച്ചവർക്കും കല്ലെറിഞ്ഞവർക്കും എല്ലാം ഈ അവസരത്തിൽ  നന്ദി പറയുകയാണ്. കാരണം അനുഭവിച്ച തീവ്രവേദനകൾ തന്നെയാണ് ജീവിതത്തെ വാശിയോടെ നേരിടാൻ സഹായിച്ചിട്ടുള്ളത്. 

വേറിട്ട അധ്യാപന രീതി 

അറിവു പകർന്നു കൊടുക്കുന്നത് എന്തും അധ്യാപനം തന്നെയാണ്.  26 വർഷമായി മേക്കപ്പ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതിൽ തന്നെ കഴിഞ്ഞ 20 വർഷമായി കേരളത്തിലങ്ങോളമിങ്ങോളം സെമിനാറുകളും ക്ലാസുകളും നടത്തുന്നു. അൻപതിനായിരത്തിന് മുകളിൽ വിദ്യാർഥികൾക്കാണ് ഇക്കാലയളവിനുള്ളിൽ അറിവ് പകർന്നു കൊടുക്കാനായത്. മൂന്നുവർഷമായി സ്വന്തം ഉടമസ്ഥതയിലുള്ള ഡോറ ബ്യൂട്ടി വേൾഡ് എന്ന സലൂണിൽ ബ്യൂട്ടി ക്ലാസുകൾ എടുത്തു വരുന്നു. അഞ്ചു ബാച്ചുകൾ പൂർത്തിയായിട്ടുണ്ട്. ഈ വർഷം മുതൽ ബ്യൂട്ടി അക്കാദമിയിൽ രണ്ട് ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് സൗജന്യ സീറ്റും നീക്കി വയ്ക്കുന്നുണ്ട്. 

വിദ്യാർഥികൾക്ക് ഒരുതരത്തിലുള്ള ടെൻഷനും ഉണ്ടാക്കാത്ത വിധത്തിൽ ക്ലാസുകൾ എടുക്കാനാണ് ശ്രദ്ധിക്കുന്നത്. അവരോടൊപ്പം ചേർന്ന് പാട്ടുപാടിയും തമാശകൾ പറഞ്ഞും ഓരോ ക്ലാസും ഉല്ലാസപ്രദമാക്കുകയാണ്. വിദ്യാർത്ഥികളിലൊരാൾ പകർത്തിയ ക്ലാസ്സിന്റെ വീഡിയോയാണ് പുരസ്കാരത്തിനായി സമർപ്പിച്ചത്. അങ്ങേയറ്റം ആത്മാർത്ഥതയോടെ അറിവു പകർന്നു കൊടുത്തതിനു പുരസ്കാരം ലഭിച്ചത് ഇരട്ടിമധുരമായാണ് തോന്നുന്നത്.   

സിനിമ മേഖലയിൽ നിന്നുള്ള പ്രോത്സാഹനം

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണെങ്കിലും ചലച്ചിത്രനിർമാണത്തെക്കുറിച്ച് കൃത്യമായ ധാരണകളില്ലാതെയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.  മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചതറിഞ്ഞ് മംമ്ത മോഹൻദാസും രമ്യ നമ്പീശനും അടക്കമുള്ള താരങ്ങൾ അങ്ങേയറ്റം സന്തോഷത്തോടെ അഭിനന്ദനങ്ങൾ  അറിയിച്ചിരുന്നു. ഞാൻ എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താൽ അതിൽ അഭിനയിക്കാൻ അവസരം ഉണ്ടാകട്ടെ എന്നായിരുന്നു ഭാവനയുടെ പ്രതികരണം. എന്റെ കഴിവുകളെക്കാളുപരി ഹ്രസ്വ ചിത്രം നിർമ്മിക്കാനായി ഒപ്പംനിന്നവരുടെ പരിശ്രമത്തിന്റെ ഫലമായാണ് പുരസ്കാരത്തെ കാണുന്നത്. 

സമൂഹത്തിന്റെ കാഴ്ചപ്പാടിലെ മാറ്റത്തെക്കുറിച്ച് 

സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപെട്ടവർ അനുഭവിക്കുന്ന പ്രശ്നങ്ങളെകുറിച്ച്  കൂടുതൽ ആളുകളിലേക്ക് അറിവ് എത്തുന്നുണ്ട്. അതനുസരിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടിലും കാര്യമായ മാറ്റം വരുന്നുണ്ട്. എന്നാൽ  ഇപ്പോഴും പൊതുവിടങ്ങളിൽ പോലും സമത്വത്തെക്കുറിച്ച് വെറും പ്രഹസനമായി മാത്രം സംസാരിക്കുന്നവരുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും പൂർണമായും അനുകൂല സമീപനം ഇപ്പോഴും ഉണ്ടായിട്ടില്ല എന്നതാണ് മറ്റൊരു വിഷമം. ഒരു പ്രശ്നമുണ്ടായി പോലീസ് സ്റ്റേഷനിൽ എത്തിയാൽ  യഥാർത്ഥ സ്ത്രീയാണോ എന്ന് പരിശോധിക്കണം എന്ന തരത്തിൽ അവഗണനയോടെയുള്ള സംസാരങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. ട്രാൻസ്ജെൻഡറായ ഒരു വ്യക്തി കടന്നുപോകുന്ന ശാരീരികവും മാനസികവുമായ അവസ്ഥകളെക്കുറിച്ചെല്ലാം വ്യക്തമായ ബോധവൽക്കരണം നടത്തിയ ശേഷവും ഇത്തരം അവസ്ഥകൾ തുടരുന്നത് ദുഃഖകരമാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ട്രാൻസ്ജെൻഡറുകൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അത് എത്രത്തോളം സമൂഹത്തിലേക്ക് എത്തുന്നു  എന്നതാണ് പ്രശ്നം. 

സ്കൂൾതലത്തിൽ വരേണ്ട മാറ്റം 

ജന്മനാ ലഭിച്ച ശരീരവുമായി മാനസികമായി യോജിക്കാനാവാതെ വരുന്ന സാഹചര്യത്തിൽ കൗമാരക്കാരായ കുട്ടികളാണ് ഏറ്റവും അധികം പ്രശ്നം അനുഭവിക്കുന്നത്. എന്നാൽ ഹയർസെക്കൻഡറി തലം വരെയുള്ള കാര്യമെടുത്താൽ ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന കുട്ടികളെ അംഗീകരിക്കാൻ  അധ്യാപകർ പോലും തയ്യാറാവാത്ത നിലയാണുള്ളത്. ഇത്തരം മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള വിഷമങ്ങൾ പങ്കുവയ്ക്കുന്ന  കുട്ടികളോട് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ യഥാർത്ഥ വ്യക്തിത്വം മറച്ചുവയ്ക്കാൻ പറയേണ്ട  അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത് അത്. ഈ പ്രതിസന്ധികളെ മറികടന്ന് കോളേജിൽ എത്തിയാൽ കുറച്ചുകൂടി വിശാല മനസ്സോടെ ഈ കുട്ടികളെ അധ്യാപകരും സുഹൃത്തുക്കളും സമൂഹവും അംഗീകരിക്കുന്നുമുണ്ട്. 

ശരീരത്തിൽ കാണുന്ന വ്യക്തിത്വമല്ല ഉള്ളിലുള്ളത് എന്ന തിരിച്ചറിവുണ്ടാകുന്നത് സ്വാഭാവികമാണന്നും ഭയപ്പെടേണ്ട കാര്യമല്ല എന്നതിനെക്കുറിച്ചും കുട്ടികൾക്കൊപ്പം സ്കൂൾ തലത്തിലുള്ള അധ്യാപകർക്കും  കൗൺസിലിങ് വേണം എന്ന അഭിപ്രായമാണുള്ളത്. മിശ്രലിംഗക്കാരെക്കുറിച്ചോ ഉഭയലിംഗക്കാരെക്കുറിച്ചോ ഉള്ള അവബോധം വിദ്യാഭ്യാസ സമ്പ്രദായത്തിൽ നൽകുന്നില്ല  എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. 

പൊരുതുന്നത് ട്രാൻസ്ജെൻഡർ സമൂഹത്തിനു വേണ്ടി 

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽപെട്ട വ്യക്തികളിൽ പലർക്കും സമൂഹത്തിൽ ഇന്ന് തുല്യസ്ഥാനം ലഭിക്കുന്നുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. എന്നാൽ സമൂഹത്തിന്റെ അംഗീകാരം  ഇത്തരത്തിൽ വിരലിലെണ്ണാവുന്നവരിലേയ്ക്ക് ഒതുങ്ങി നിൽക്കേണ്ടതല്ല. ഒരു വേദിയിൽ ഞാൻ അംഗീകരിക്കപ്പെടുന്നുണ്ടെങ്കിൽ എന്റെ അതേ മാനസികാവസ്ഥ കടന്നുവന്ന, കടന്നുവന്നുകൊണ്ടിരിക്കുന്ന  എല്ലാവർക്കും ആ അംഗീകാരം ലഭിക്കണമെന്ന കാഴ്ചപ്പാടാണുള്ളത്. ചേർത്തുനിർത്തലുകൾ കുറച്ചു പേരിലേക്ക് മാത്രം ഒതുങ്ങി പോവാതിരിക്കണം. 

അതേപോലെ ട്രാൻസ്ജെൻഡർ ടോയ്‌ലെറ്റുകൾ അടക്കമുള്ളവ ഒരു വേർതിരിവ് സൃഷ്ടിക്കുന്നതായാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്ത്രീ ശരീരത്തിലേയ്ക്കോ പുരുഷ ശരീരത്തിലേയ്ക്കോ ഒരു വ്യക്തി മാറിയശേഷം മൂന്നാമതൊരു ടോയ്‌ലറ്റ്  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നതാണ് ചിന്തിക്കുന്നത്. സമൂഹത്തിന്റെ പരിഹാസങ്ങളോടും അപമാനങ്ങളോടും പടവെട്ടി ആർജിച്ചെടുത്ത വ്യക്തിത്വം ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കേണ്ടത്. 

പുസ്തകത്താളുകളിൽ കാണുന്നതിനപ്പുറം വിശാലമാണ് ഈ ഭൂമി. അത് സമൂഹം കണ്ണുതുറന്ന് കാണണം. ഇവിടെ ഞങ്ങളുമുണ്ട് എന്നും ഞങ്ങൾക്ക് ഒരിടമുണ്ട് എന്നും തിരിച്ചറിയണം. ആ ഇടങ്ങൾ ഞങ്ങൾ  ഞങ്ങൾക്കായി കണ്ടെത്തുകയാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ  ഉള്ളവർക്കായി ഒരു ഗ്രാമം ഉണ്ടാവുക എന്നതാണ് എന്റെ സ്വപ്നം. സ്നേഹബന്ധങ്ങളും കടപ്പാടുകളും പരസ്പരബഹുമാനവും അങ്ങനെ ജീവിതത്തിന്റെ എല്ലാ രുചികളും  തികഞ്ഞ അത്തരം ഒരു ഗ്രാമത്തിൽ വളരുന്ന എന്റെ കുട്ടികളെ ലോകം മാതൃകയാക്കുന്ന ഒരു കാലം വരണമെന്നും ആഗ്രഹമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT