ADVERTISEMENT

പാട്ടും പാടി പഠിച്ചു നടക്കുന്ന കുട്ടികളെ മാതാപിതാക്കൾക്ക് വലിയ ഇഷ്ടമാണ്. ഒരേ സമയം രണ്ടുണ്ട് കാര്യം, നന്നായി പഠിക്കുന്നുണ്ട് എന്ന് മറ്റുള്ളവരോട് പറയുകയും ചെയ്യാം കലാപരമായ വാസനയുണ്ടെന്നു അഹങ്കരിക്കുകയും ചെയ്യാം. എന്നാൽ ഇത് രണ്ടും കളഞ്ഞു ഒരു പെൺകുട്ടി വോളിബോൾ കളിക്കാൻ പോയാലോ? കളിച്ചു നടക്കാതെ പഠിക്ക് കൊച്ചെ, എന്ന സ്ഥിരം പ്രയോഗങ്ങൾ കൂടാതെ പെൺകുട്ടികൾക്ക് മാതാപിതാക്കളുടെയും നാട്ടുകാരുടെയും വക സ്പെഷൽ ഉപദേശങ്ങളും ഉണ്ടാകും.

"അയ്യോ , ഇങ്ങനെ എടുത്തു ചാടി കളിക്കുന്നത് ശരീരത്തിന് കേടാ"

"പെങ്കൊച്ചിനു നല്ലൊരു ഭർത്താവിനെ കിട്ടുമോ?"

"കൊച്ചിനെ ഇനി പിടിച്ചാ കിട്ടില്ലേ..."

ഇത്തരം വാചകങ്ങൾ കേൾക്കാൻ ബാധ്യതപ്പെട്ടവരാണ് എല്ലാ പെൺകുട്ടികളും എന്ന ചിന്തകൾക്ക് മുകളിൽ ചുവന്ന മഷിപ്പേന കൊണ്ട് വരച്ചിട്ടാണ് സൂര്യ എസ് എന്ന പെൺകുട്ടി ഇന്ന് ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര വേദികളിൽപ്പോലും തന്റെ സാന്നിധ്യമുറപ്പിക്കുന്നത്. ഇന്നു കേരള വോളിബോളിന്റെ അഭിമാനമായ ദേശീയ താരം. മൂന്നേകാൽ വർഷത്തിനിടെ കേരളത്തിന്റെ വനിതാ ടീം സ്വന്തമാക്കിയ 7 ദേശീയ കിരീടങ്ങളിലും ഈ മികച്ച ബ്ലോക്കറുടെ പങ്ക് മറക്കാനാകില്ല.

 Interview with volleyball player Surya S
സൂര്യ എസ്

ഹോ, എന്തൊരു പൊക്കം.

ആറടി പൊക്കമുണ്ടെനിക്ക്. പണ്ട് സ്‌കൂളിൽ പാട്ടു പാടുന്നതായിരുന്നു ഇഷ്ടം. സ്പോർട്സിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയുണ്ടായിരുന്നില്ല.  എന്റെ അച്ഛന്റെ പൊക്കമാണ് എനിക്കും കിട്ടിയത്. ഞങ്ങളുടെ സ്‌കൂളിലെ അധ്യാപകൻ അശോകൻ സാറാണ് വോളിബോളിന്റെ അപേക്ഷ വിളിച്ച കടലാസ് എന്നെ കാണിക്കുന്നത്. പൊക്കമുള്ള കുട്ടികളെയാണ് അവർ വിളിച്ചത്. കായികമായ താൽപര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. സാറിന്റെ നിർദേശം അനുസരിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) സിലക്ഷൻ ട്രയൽസിൽ പങ്കെടുത്തു. അവർ ഓടുക, ചാടുക, അങ്ങനെ കുറച്ചു കാര്യങ്ങളാണ് ചെയ്യിച്ചത്. ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ടു എന്ന വിവരം അറിയിച്ചു. അവിടം മുതലാണ് സ്പോർട്ട്സിനോടുള്ള ഇഷ്ടം വളരാൻ തുടങ്ങുന്നത്.

നമ്മടെ സൂര്യയല്ലേ...

interview-with-volleyball-player-surya3

'അമ്മ നേരത്തെ മരിച്ചു പോയതാണ്. അച്ഛനും ആങ്ങളയും ഉണ്ട്. അവർ രണ്ടു പേരുമായിരുന്നു സായിയിൽ ചേർന്ന സമയത്ത് ഏറ്റവും കൂടുതൽ കൂടെ നിന്നത്. അമ്മയില്ലല്ലോ എന്ന് വിചാരിച്ചു അവരെന്നെ വീട്ടിൽ നിർത്തിയതേയില്ല. ഞാൻ വളരണം, അറിയപ്പെടണം എന്നാണ് അവർ ആഗ്രഹിച്ചത്. കൊല്ലം എഴുകോണിലെ കുടവട്ടൂരാണ് സ്ഥലം, അവിടെ നാട്ടുകാരും തന്നത് ശക്തമായ പിന്തുണയാണ്. പിന്നീട് വിവാഹം കഴിച്ചതും ഒരു വോളിബോൾ പ്ലെയറെത്തന്നെ, അതുകൊണ്ട് അദ്ദേഹത്തിന് ഇതിനെക്കുറിച്ച് എല്ലാമറിയാം. എസ് ആർ ശിവരാജൻ എന്നാണ് അദ്ദേഹത്തിന്റെ പേര്. രാജ്യത്തിന് വേണ്ടി അദ്ദേഹവും കളിക്കാനായി ഇറങ്ങിയിട്ടുണ്ട്. ഗെയിംസ് വേദിയിൽ പലപ്പോഴും രണ്ടു ടീമിനൊപ്പമായിരിക്കും ഞങ്ങൾക്ക് പോകേണ്ടി വരിക. എന്നാലും അവിടെ ഗ്രൗണ്ടിൽ വച്ച് കാണാറുണ്ട്. പരസ്പരം പിന്തുണയ്ക്കാറുണ്ട്. 

പവർ ബ്ലോക്കർ

ആദ്യം അറ്റാക്കറായിരുന്നു. പിന്നീടാണ് ഞങ്ങളുടെ പരിശീലകൻ സണ്ണി ജോസഫ് സർ എനിക്ക് ബ്ലോക്കറുടെ വേഷമാണ് യോജിക്കുക എന്ന് കണ്ടെത്തിയത്. ഓരോ കളിക്കാരനും ഓരോ കാര്യങ്ങളിൽ പ്രത്യേകം എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാകും. അത്തരത്തിൽ ഞാൻ എതിർ കളിക്കാരുടെ ബോളിനെ ബ്ലോക്ക് ചെയ്യുന്ന പ്ലെയർ ആയി മാറി. ഇപ്പോൾ അതാണ് ടീമിൽ എന്റെ ഇടം.

പത്തൊൻപതാം വയസ്സിൽ നിന്നും...

സീനിയർ വോളിബോൾ ടീമിൽ ഞാനെത്തുന്നത് പത്തൊൻപതാം വയസ്സിലാണ്. പിന്നീട് ദേശീയ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെയാണ് ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇടം പിടിക്കുന്നത്. സാഫ് ഗെയിംസിലും ബ്രിക്ക് ടൂർണമെന്റിലും ഉണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ ഏഷ്യൻ ഗെയിംസിലും ടീമിന് വേണ്ടി കളിക്കാനായി. ഫെഡറേഷൻ കപ്പിൽ ഞാൻ ക്യാപ്റ്റനായിരുന്നു. നാഷണൽസിന് വേണ്ടിയും അടുത്ത് കളിച്ചു. രണ്ടിലും ഞങ്ങൾ ജയിച്ചു. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിന്റെ തിരഞ്ഞെടുപ്പ് ഉടനെയുണ്ടാകും അതിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. 

ഞങ്ങളെന്നും ഒറ്റയ്ക്കാണ്...

interview-with-volleyball-player-surya2

ക്രിക്കറ്റും ഫുട്‍ബോളും ഒക്കെ ഒരുപാടു പേര് കാണുന്നതിന്റെ ഒരു കാരണം അതിനു നൽകുന്ന പരസ്യവും കൂടെയാണ്. മത്സരം തുടങ്ങുമ്പോൾ തന്നെ അതിൽ കളിക്കുന്ന പ്ലെയേഴ്‌സ് ഉൾപ്പെടയുള്ള പരസ്യങ്ങളും അറിയിപ്പുകളും ഉണ്ടാവും. പക്ഷേ വോളിബോൾ എന്നൊരു കളിയെക്കുറിച്ച് ആരുമറിയുന്നില്ല. മാത്രമല്ല സഹായങ്ങളും സഹകരണവും എവിടെ നിന്നും ലഭിക്കാറുമില്ല. പലപ്പോഴും തോന്നിയിട്ടുണ്ട് മറ്റേതെങ്കിലും സംസ്ഥാനങ്ങൾക്ക് വേണ്ടി കളിക്കാമായിരുന്നു എന്ന്. ഹരിയാനയിലൊക്കെ അവരുടെ പ്ലേയേഴ്സ് ജയിച്ചു വന്നാൽ സമ്മാനങ്ങളുണ്ടാവും ആദരവും അംഗീകാരവും ലഭിക്കും. അവർ അവിടെ പിന്നെ സെലിബ്രെറ്റീസ് ആണ്. പക്ഷേ ഇവിടെ ഞങ്ങളുടെ ടീം ഒക്കെ ജയിക്കുന്നതൊന്നും ആരും അറിയാറേ ഇല്ല. അതൊരു വിഷമമാണ്. ഒരുപാട് പേര് ടീമിൽ ജോയിൻ ചെയ്യാൻ വരാറുണ്ട്, അതിനു പ്രധാനപ്പെട്ട ഒരു കാരണം ജോലി ലഭിക്കും എന്നതാണ്. ഇപ്പോൾ റെയിൽവേയും ഉണ്ട് ടീമിൽ. അതുകൊണ്ട് അതാണ് ഒരു അനുകൂല ഘടകം.

പവർഫുൾ ഗേൾ 

ജീവിതത്തിലായാലും കളിയിലായാലും ബുദ്ധിമുട്ടുകൾ ഇഷ്ടം പോലെ വരും. പക്ഷേ അതിനെയൊക്കെ അതിജീവിച്ചു മുന്നോട്ടു പോവുക തന്നെ ചെയ്യും. അതിജീവനം ഞങ്ങളുടെ ഒരു ഹോബിയാണ്. ഒരു കളിക്കാരൻ ആണെങ്കിൽ ഉറപ്പായും മുറിവ് എന്നെങ്കിലും പറ്റിയിരിക്കും. ആ കാരണം കൊണ്ട് തന്നെ നിർത്തിപ്പോകുന്ന എത്രയോ പേരുണ്ട്. കഴിഞ്ഞ വർഷം എനിക്കും ഒരു അപകടം സംഭവിച്ചിരുന്നു. മുട്ട് ഫ്രാക്ച്ചർ ആയി. പക്ഷെ അതൊക്കെ ഇതിന്റെ ഭാഗമാണ്, അതൊക്കെ മാറി വീണ്ടും കളിയിലേക്ക് തന്നെ ഞങ്ങൾ തിരികെ വരും, അതാണ് നല്ലൊരു പ്ലെയർ. പാതിവഴിയിൽ നിർത്തി പോയവരിൽ സ്ത്രീകളും ഒരുപാടുണ്ട്. പല കാരണങ്ങൾ കൊണ്ടും അത് സംഭവിക്കാം. എന്നാൽ പിന്നീട് അവരെല്ലാം ഒരുപോലെ പറയുന്ന വാചകം, പോകേണ്ടിയിരുന്നില്ല, തിരികെ വരണം എന്നാണു. ക്യാപ്റ്റൻ ആയിരുന്നപ്പോഴും കളിയുടെ ഭാഗമായി പല തീരുമാനങ്ങളും എടുക്കേണ്ടി വരാറുണ്ട്, അതുപോലെ ജീവിതത്തിലും. എല്ലാം ആ സമയത്ത് എടുക്കുകയെന്നത് ഞങ്ങൾ പരിശീലിച്ചു വരുന്ന ഒരു രീതിയാണ്. അതുകൊണ്ട് തന്നെ എത്ര വലിയ ബുദ്ധിമുട്ടാണെങ്കിലും അതിന്റെയൊന്നും മുന്നിൽ പതറി നിൽക്കാനോ തോറ്റു മടങ്ങാനോ ഞാനില്ല. വളരെ കരുത്തോടെ തന്നെ കളിയിലും ജീവിതത്തിലും മുന്നോട്ട് പോകും. 

വളർച്ചയുടെ വഴികൾ...

സായിയിൽ ഞാൻ ജൂനിയർ ടീമിലാണ് ആദ്യം ചേരുന്നത്. പിന്നീട് പരിശീലനം ലഭിച്ചതും കളിച്ചും സീനിയർ ലെവൽ എത്തി. അതുവരെ നമ്മൾ കളിച്ചതു പോലെയേ അല്ല സീനിയർ ടീമിൽ കളിക്കുന്നത്. ആദ്യമായി ഏഷ്യൻ ഗെയിംസിൽ പോയി സീനിയർ കളിച്ചപ്പോഴാണ് എന്താണ് വോളിബോൾ എന്ന് മനസ്സിലായത്. പല രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരുടെയൊക്കെ രീതികൾ മനസിലാക്കാനായി. അങ്ങനെയാണ് ഇതിൽ അനുഭവങ്ങളുണ്ടാവുക. അത് നമ്മളെ അടുത്ത കളിയിൽ കുറേക്കൂടി മികച്ച ഒരാളാക്കും. പിന്നീസ് കെ എസ് ഇ ബിയിൽ ജോലി കിട്ടി. ഇപ്പോൾ അവർക്ക് വേണ്ടിയാണു കളിക്കുന്നത്.

English Summary:  Interview with volleyball player Surya S

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT