നെഞ്ചിടിച്ച് ഞാൻ വീണു; ശ്വാസം മുട്ടി; ദലിത് പെൺകുട്ടിക്കു നേരെ പൊലീസ് അതിക്രമം: ശ്രുതി പറയുന്നു
Mail This Article
അച്ഛനും അമ്മയും മരണപ്പെട്ടിട്ടും രണ്ടു സഹോദരന്മാരുടെ ഒപ്പം സമാധാനമായി ജീവിക്കുകയായിരുന്നു ശ്രുതി ബാബു. വീട് പട്ടിക ജാതി കോളനിയിൽ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഐഎഎസ്. സ്‌കോളർഷിപ്പ് കിട്ടിയ ശ്രുതി സിവിൽ സർവീസിനും പിഎസ്‌സിയ്ക്കും പഠിക്കുകയാണ്. ഒടുവിൽ പ്രിലിമിനറി പരീക്ഷയെത്തി, തയാറെടുപ്പുകൾക്ക് ശേഷം അടുത്ത ദിവസം നടക്കേണ്ട പരീക്ഷയ്ക്ക് വേണ്ടിയുള്ള അവസാന വട്ട ഒരുക്കത്തിലിരിക്കുമ്പോഴാണ് അടുത്ത വീട്ടിലൊരു ബഹളം കേട്ടത്. പുറത്തിറങ്ങി നോക്കിയപ്പോൾ പൊലീസാണ്. ആ ഒരു രാത്രി കൊണ്ട് ശ്രുതിയുടെ നീണ്ട കാലത്തേ സിവിൽ സർവീസ് തയാറെടുപ്പുകൾക്ക് ഒരു ഫലവുമില്ലാതെ പോയി. ഇപ്പോൾ ശ്രുതി മുറിവേറ്റു ആശുപത്രിയിലാണ്. ഒപ്പം ശ്രുതിയുടെ ബന്ധുവായ അനുരാജും അദ്ദേഹത്തിന്റെ അമ്മയും അശുപത്രിയിൽ മുറിവേറ്റു കിടക്കുകയാണ്.
കോളനിയിൽ രാത്രി പട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘമാണ് അനുരാജിന്റെ വീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി സംഘർഷമുണ്ടാക്കിയത്. വിഷയത്തിൽ അനുരാജിന്റെ അമ്മയ്ക്കും സഹോദരി ശ്രുതിയ്ക്കും പരുക്ക് പറ്റി. എന്നാൽ പോലീസിനെ ഉപദ്രവിച്ചെന്ന പേരിൽ അനുരാജിന്റെ സഹോദരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കായംകുളം കരിയിലേക്കുളങ്ങര പോലീസിന്റെ നൈറ്റ് പട്രോളിംഗ് ടീം നടത്തിയ നടപടികളെക്കുറിച്ച് ശ്രുതി ആശുപത്രികിടക്കയിലിരുന്നു സംസാരിക്കുന്നു.
"സിവിൽ സർവീസിന്റെ ഒരുക്കത്തിലായിരുന്നു ഞാൻ. രാത്രി പന്ത്രണ്ടു മണിയായി കാണും. ചേട്ടന്മാർ രണ്ടു പേരും വീട്ടിലുമുണ്ട്. ചിറ്റപ്പന്റെ വീട്ടിൽ ബഹളം കേട്ടുകൊണ്ടാണ് പുറത്തേക്കിറങ്ങിയത്. അവിടെ അനുരാജ് ചേട്ടന്റെ അമ്മയെ പിടിച്ച് തള്ളുകയാണ് പോലീസ്. കാര്യമറിയാൻ ഞാനും ചേട്ടന്മാരും ഓടിച്ചെന്നു. ചിറ്റയെ പിടിക്കാൻ ചെന്ന എന്നെയും കാര്യം മനസിലാവും മുൻപ് തന്നെ അവർ തള്ളിയിട്ടു. നെഞ്ചിടിച്ചാണ് ഞാൻ താഴെ വീണത്. ശ്വാസം കിട്ടാൻ ബുദ്ധിമുട്ടായി. അതിനു ശേഷം അവർ എന്തൊക്കെയോ പറഞ്ഞുകൊണ്ട് വലിച്ചു. ഒരു വനിതാ കോൺസ്റ്റബിൾ പോലുമില്ലാതെയായിരുന്നു അവർ ഞങ്ങളോട് അതിക്രമം കാണിച്ചത്. ചോദിക്കാൻ ചെന്ന എന്റെ ചേട്ടന്മാരെ ആദ്യം മർദ്ദിക്കുകയും പിന്നീട് വണ്ടിയിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയും ചെയ്തു."
വിഷയം നടന്നത് അനുരാജിന്റെ വീട്ടിലാണ്. അദ്ദേഹം സംസാരിക്കുന്നു. "ഞാൻ തോപ്പുംപടിയിൽ ഹിറ്റാച്ചിയിലാണ് ജോലി ചെയ്യുന്നത്. ശനിയാഴ്ചയായതുകൊണ്ട് ജോലി കഴിഞ്ഞു ഞാനും എന്റെ ആശാനും ഒരു ശിഷ്യനും കൂടി വീട്ടിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. പന്ത്രണ്ടു മണിയായിട്ടുണ്ടാവും അപ്പോൾ. റോഡിൽ നിന്നു അകത്തേക്ക് 60 മീറ്ററോളം ഉള്ളിലാണ് എന്റെ വീടുള്ളത്. ശ്രുതിയുടെ വീടിന്റെ മുന്നിലൂടെ ഒരു പ്രകാശം ആ സമയത്ത് എന്റെ വീടിന്റെ മുന്നിൽ വന്നു നിന്നു. അടുത്ത് വന്നപ്പോഴാണ് മനസിലായത് പൊലീസാണ്. "നീയെന്തിനാടാ ഇവിടെ നിൽക്കുന്നത്?", എന്നാണ് അവർ ചോദിച്ചത്
"സാർ, ഇതെന്റെ വീടാണ്", എന്ന് ഞാൻ മറുപടിയും പറഞ്ഞു. അപ്പോൾ അതിനു തെളിവുണ്ടോ എന്നാണു അവർ ചോദിച്ചത്. അകത്ത് ഭക്ഷണം വിളമ്പാൻ പോയ അമ്മയും അച്ഛനുമാണ് എന്റെ തെളിവ്, അപ്പോഴേക്കും അമ്മ ഇറങ്ങി വന്നു. വല്ലാത്ത രീതിയിലായി അവരുടെ സംസാരം. ഞാൻ ഓടിക്കുന്ന വണ്ടി അവിടെ കിടപ്പുണ്ട്, അവർ അതിന്റെ താക്കോൽ എന്റെ കയ്യിൽ നിന്നു വാങ്ങിക്കൊണ്ടു പോയി. എന്റെ വീട്ടിൽ കിടക്കുന്ന വണ്ടിയ്ക്ക് എന്താ പ്രശ്നം എന്നൊക്കെ ഞാൻ ചോദിക്കുന്നുണ്ട്. അവർ മൂന്നു പേരുണ്ടായിരുന്നു, മദ്യപിക്കുകയും ചെയ്തിരുന്നു. മദ്യപിച്ചാണോ ഡ്യൂട്ടി ചെയ്യുന്നത്, എന്ന് ചോദിച്ചത് അവർക്കിഷ്ടപ്പെട്ടില്ല. അവർ കൺട്രോൾ ഓഫീസിലേക്ക് വിളിച്ച് ഞാൻ അവരുടെ വണ്ടി തടഞ്ഞു വച്ചിരിക്കുകയാണ് എന്ന് അറിയിച്ചു. അതനുസരിച്ച് അഞ്ചു വണ്ടിയിൽ നിറയെ വേറെയും പോലീസുകാരെത്തി. ആദ്യത്തെ വണ്ടിയിൽ ഒരു എസ് ഐയും രണ്ടു ഹോം ഗാർഡുമായിരുന്നു ഉണ്ടായിരുന്നത്. അവരാണ് ബഹളം വച്ചതും ഞങ്ങളെ മർദ്ദിച്ചതും. ആദ്യം എന്റെ ചുണ്ടിലാണ് ഇടിച്ചത്. അതിനു ശേഷം എന്നെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോകുമ്പോൾ 'അമ്മ എന്നെ പിടിച്ചു. അവർ അമ്മയെ തള്ളി താഴെയിട്ടു. അത് കണ്ടാണ് ശ്രുതിയും അവളുടെ സഹോദരന്മാരും കാര്യമറിയാൻ വന്നത്. അമ്മയെ പിടിച്ച അവളെയും പോലീസ് തള്ളി താഴെയിട്ടു. കൺട്രോൾ റൂമിൽ നിന്ന് വിളിച്ച ശേഷം കോളനിയിൽ നിറയെ പോലീസുകാർ വന്നത് ഗുണ്ടകളെയും ക്രിമിനലുകളെയുമൊക്കെ പിടിക്കാൻ വരുന്നത് പോലെയായിരുന്നു. അതിനുമാത്രം ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് ഇപ്പോഴും എനിക്ക് മനസിലാവുന്നില്ല."അനുരാജിന് വേണ്ടി സംസാരിക്കാൻ വന്ന ശ്രുതിയുടെ സഹോദരന്മാരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അവരിപ്പോഴും സ്റ്റേഷനിൽ ആണോ എന്ന് പോലും ശ്രുതിയ്ക്കും അനുരാജിനും ഉറപ്പില്ല.
ശ്രുതിയുടെ വാക്കുകള്‍ ഇങ്ങനെ: "എനിക്കാകെയുള്ളത് രണ്ടു ചേട്ടന്മാരാ. ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കുന്നവരല്ല. ഈ കോളനിയിൽ അങ്ങനെ പോലീസ് വരിക പോലുമില്ല. ഒരു പ്രശ്നവും ഉണ്ടാകാത്ത സ്ഥലവുമാണ്. എന്നിട്ടും ഞങ്ങളുടെ പറമ്പിലൂടെ അപ്പുറത്തെ വീട്ടിലേക്ക് വണ്ടിയോടിച്ച് ചെന്ന് ചേട്ടനോട് അങ്ങനെ സംസാരിച്ചതെന്താണെന്നു മനസിലാകുന്നില്ല. ഞങ്ങൾ രണ്ടു സ്ത്രീകളെ വനിതാ പോലീസ് പോലുമില്ലാതെയാണ് ഡിവൈഎസ്പി ഉൾപ്പെടെയുള്ളവർ കായികമായും മാനസികമായും ഉപദ്രവിച്ചത്. രാത്രിയിൽ ശ്വാസം മുട്ടൽ കൂടിയതുകൊണ്ട് എന്നെ അപ്പോൾത്തന്നെ ആശുപത്രിയിൽ കൊണ്ട് പോയി. അനുരാജ് ചേട്ടനും ചിറ്റയ്ക്കും മുറിവുകളുണ്ട്, അതുകൊണ്ട് ഞങ്ങളിപ്പോൾ ആശുപത്രിയിലാണ്. പക്ഷേ എന്റെ ചേട്ടന്മാരെ അവർ പിടിച്ചോണ്ട് പോയി. സിവിൽ സർവീസിന്റെ പ്രിലിമിനറി എഴുതാൻ എനിക്ക് കഴിഞ്ഞില്ല. എത്ര വർഷത്തെ അധ്വാനമാണ്. ഇതുകൊണ്ടൊന്നും ഞങ്ങളെ തളർത്താൻ കഴിയില്ല, ഞങ്ങൾ നേരിട്ടത് അനീതിയാണ്. വനിതാ സെല്ലിലേയ്ക്കൊക്കെ രാത്രി മുതൽ വിളിക്കുന്നുണ്ട് പക്ഷേ ആരും ഫോൺ പോലും എടുക്കുന്നില്ല. ചേട്ടന്മാർക്ക് എന്ത് പറ്റിയെന്നുമറിയില്ല. അനുരാജ് ചേട്ടന്റെ വണ്ടിയുടെ മുതലാളി താക്കോൽ വാങ്ങാൻ ചെന്നപ്പോൾ അദ്ദേഹത്തെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണറിഞ്ഞത്. ഞങ്ങളുടെ ജാതിയെ വരെ അധിക്ഷേപിച്ച് വളരെ മോശമായാണ് സംസാരിച്ചത്. എത്ര അധ്വാനിച്ചാലും നന്നായി പഠിച്ചാലും സ്‌കോളർഷിപ്പ് കിട്ടിയാലും കാര്യമില്ല, സ്ത്രീ ആയതുകൊണ്ടും ദലിത് ആയതുകൊണ്ടും വളരെ മോശമായി പോലീസ് ഞങ്ങളോട് പെരുമാറി."
ദലിത് ആക്ടിവിസ്റ്റായ ധന്യ രാമനാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ധന്യയുടെ വാക്കുകൾ ഇങ്ങനെ: "ഞാൻ മുൻപും പോലീസ് പട്രോളിംഗ് ടീമിന്റെ കൂടെ പോയിട്ടുണ്ട്. അപ്പോഴൊക്കെ വലിയ വീടുകളിൽ കയറി അവരുടെ സുഖ വിവരം അന്വേഷിക്കുന്ന പോലീസിനെ കണ്ടിട്ടുണ്ട്. ഇനിയിപ്പോൾ കോളനികളിൽ ആണെങ്കിൽപ്പോലും മാന്യമായി പെരുമാറുന്നതും കണ്ടിട്ടുണ്ട്. പക്ഷേ, കരിയിലക്കുളങ്ങര സ്റ്റേഷനിലെ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസുകാർക്ക് എന്താണ് പ്രശ്നം? ഒരാളുടെ വീട്ടിലേക്ക് ഇടിച്ചു കയറിച്ചെന്നു അയാളെ ചോദ്യം ചെയ്യുന്നതെന്തിന്? വനിതാ പോലീസിന്റെ സാന്നിധ്യമില്ലാതെ സ്ത്രീകളെ കയ്യേറ്റം ചെയ്തത് ശരിയാണോ? അറസ്റ്റു ചെയ്തു കൊണ്ട് പോയവർ എന്ത് തെറ്റാണ് ചെയ്തത്. അവിടെ ആരും പോലീസിന്റെ വഴി മുടക്കിയിട്ടില്ല, അവരാണ് അനുരാജിന്റെ വീട്ടിലേക്ക് ഇടിച്ചു കയറി ചെന്നത്. ശ്രുതി വർഷങ്ങളായി ആഗ്രഹിച്ചതാണ് സിവിൽ സർവീസ്. ആ കുട്ടിയുടെ ഒരു വർഷമാണ് പോയത്. അതിന് ആരാണ് സമാധാനം പറയുക? പൊലീസിലെ എല്ലാവരും ഇങ്ങനെയല്ല, പക്ഷേ ഇങ്ങനെയുള്ളവരുമുണ്ട് എന്ന തിരിച്ചറിവാണ് ഈ അനുഭവം."
പൊലീസ് ഭാഷ്യം
അതേസമയം സംശയാസ്പദമായി നിൽക്കുന്നതു കണ്ട് ചോദ്യം ചെയ്തപ്പോൾ പ്രതികളെന്നു പറയുന്നവർ ആക്രമിക്കുകയായിരുന്നാണ് പൊലീസ് ഭാഷ്യം. വീട് ചോദിച്ചപ്പോൾ മോശമായി പെരുമാറി. ജീപ്പിന്റെ താക്കോൽ ഊരാനും ശ്രമിച്ചു. ഡ്യൂട്ടി തടസപ്പെടുത്തിയപ്പോഴാണ് കൂടുതൽ പൊലീസ് എത്തിയത്. മദ്യപിച്ച് ആക്രമിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുക്കുന്നത് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ തടയാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.