നമ്മുടെ സംസ്ഥാനം ഭിന്നശേഷി സൗഹൃദമാണ്, കൂടുതൽ സൗകര്യങ്ങളൊരുക്കും എന്നൊക്കെ നിരന്തരം പറയുന്ന അധികാരികൾക്ക് മുന്നിലാണ് എംഫിൽ ബിരുദധാരിയായ ശാരദാദേവി ഭിന്നശേഷിക്കാർ ഇപ്പോഴും നേരിടുന്ന ബുദ്ധിമുട്ടുകൾ നിരത്തുന്നത്. അതു ശാരദ മാത്രം നേരിടുന്ന പ്രശ്നങ്ങളല്ല, അക്കൂട്ടത്തിലുള്ള ഓരോരുത്തരും നേരിടുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. പലരും വീൽചെയറിൽത്തന്നെ വീടുകളിൽ ഒതുങ്ങിക്കഴിയാനാണ് താൽപര്യപ്പെടുന്നത്. പുറത്തിറങ്ങി, വീട്ടുകാരെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന തോന്നലിൽ മാത്രമല്ല അത്. വേണ്ടത്ര യാത്രാസൗകര്യമില്ലാത്തതു കൊണ്ടുകൂടിയാണത്. മറ്റൊരാളുടെ സഹായമില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കിയാൽ മാത്രമേ ഭിന്ന ശേഷിക്കാർക്ക് സ്വയം അതിജീവനം സാധ്യമാവുകയുള്ളൂ. അവർക്കും ജോലി ചെയ്യാനും സ്വന്തം കരിയറിൽ തിളങ്ങാനും താൽപര്യമുണ്ട്. അതിനു കഴിഞ്ഞവർ നിരവധിയുണ്ട്. പക്ഷേ എത്ര പേർക്കാവും ഇഷ്ടപ്പെട്ട ഒരു ജോലിക്ക് ഒറ്റയ്ക്കു പോകാൻ? റാമ്പുകളുള്ള ഓഫിസ് കെട്ടിടങ്ങളാണെങ്കിൽപോലും അവിടെയുള്ള ബാത്റൂമുകൾ, മുകൾ നിലകൾ തുടങ്ങിയവയെല്ലാം സൗകര്യമില്ലാത്തതായിരിക്കാം. ഇതിനെക്കുറിച്ചാണ് ശാരദാ ദേവി കൂടുതലും സംസാരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശാരദയ്ക്ക് ജന്മനാ എല്ലുകൾക്ക് വളർച്ച കുറവാണ്. പക്ഷേ ശാരദയുടെ മാതാപിതാക്കൾ തളർന്നില്ല, അവർ മകൾക്ക് വിദ്യാഭ്യാസം നൽകി, ഇപ്പോൾ പിഎച്ച്ഡിക്കായി ഗവേഷണ പ്രബന്ധം സമർപ്പിച്ചു കാത്തിരിക്കുന്ന ശാരദ സംസാരിക്കുന്നു.
ഡിസെബിലിറ്റി ദിനത്തിൽ പിഎച്ച്ഡി സബ്മിഷൻ
രാജ്യാന്തര ഡിസെബിലിറ്റി ദിനത്തിൽ, ഡിസംബർ മൂന്നിന്, ഡിസെബിലിറ്റി സ്റ്റഡീസിലുള്ള എന്റെ ഗവേഷണപ്രബന്ധം സബ്മിറ്റ് ചെയ്യുവാൻ സാധിച്ചു. പ്രീ-സബ്മിഷൻ കഴിഞ്ഞാണ് സബ്മിറ്റ് ചെയ്യുന്നതിനെക്കുറിച്ചുള്ള ചിന്തകൾ തുടങ്ങിയത്. എന്റെ തീസിസ് നൽകാൻ ഡിസെബിലിറ്റി ദിവസത്തെക്കാൾ വേറെ ഏതു ദിവസമാണ് അഭികാമ്യം എന്നാണു ആലോചിച്ചത്. എന്നാൽ പ്രൂഫ്റീഡിങ്, പ്ലേജറിസം ചെക്ക്, പ്രിന്റിങ്, പിന്നെ മറ്റു ഡോക്യുമെന്റുകൾ തയാറാക്കുക - ഇതെല്ലാം പൂർത്തിയാക്കി മൂന്നാം തീയതി സബ്മിറ്റ് ചെയ്യാൻ കഴിയുമോ എന്ന് ഒട്ടും ഉറപ്പില്ലായിരുന്നു. ഈശ്വരാനുഗ്രഹത്താൽ എല്ലാം സമയാസമയം പൂർത്തിയാക്കി. ബുധനാഴ്ച തീസിസ് കോപ്പികൾ കിട്ടിയപ്പോൾ രോമാഞ്ചം വന്നതുപോലെ തോന്നി. 3 വർഷവും 7 മാസവും നീണ്ട അധ്വാനത്തിന്റെ ഹാർഡ് ബൈൻഡ് ചെയ്ത ബുക്ക് രൂപം കണ്ടപ്പോൾ ഉണ്ടായ അനുഭൂതി വിവരിക്കാനാകില്ല. കാരണം നോൺ-ഡിസേബിൾഡ് ആയ ഭൂരിപക്ഷത്തിന് ചേരുന്ന സൗകര്യങ്ങൾ ഉള്ള സമൂഹത്തിൽ വീൽചെയർ യൂസർ ആയ ഗവേഷക എന്ന രീതിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ട്. സബ്‌മിഷൻ ഇത്രയ്ക്ക് എഴുതാൻ മാത്രം ഉണ്ടോ എന്ന് ചിലർ ചിന്തിച്ചേക്കാം. പക്ഷേ ഇവിടെ വരെ എത്താൻ ഞാനും എന്റെ കുടുംബവും നേരിട്ട ബുദ്ധിമുട്ടുകൾ ഒരു നോൺ-ഡിസേബിൾഡ് ഗവേഷക വിദ്യാർഥിക്ക് നേരിടേണ്ടി വരില്ല. അതുകൊണ്ട് തന്നെ ഇതും എനിക്ക് ഒരു നേട്ടമാണ്. കോവിഡ് കാലം ഞാനെന്ന ഗവേഷകയെ ഒരുപരിധി വരെ സഹായിച്ചിട്ടുണ്ട് ഓൺലൈൻ മാധ്യമത്തിലൂടെ.
എനിക്ക് മുന്നോട്ട് പോകണം
ജന്മനാ ഡിസേബിൾഡ് ആയ വ്യക്തിയാണ് ഞാൻ. എന്റെ കുടുംബമാണ് എന്റെ ശക്തി, ഇപ്പോൾ പിഎച്ച്ഡി തീസിസ് സബ്മിറ്റ് ചെയ്ത ഈ അവസ്ഥ വരെ ഞാൻ എത്തിയിട്ടുണ്ടെങ്കിൽ അവരുടെ കൂടി അധ്വാനം അതിലുണ്ട്. ശാരീരിക പരിമിതികൾ എന്റെ സാമൂഹിക ജീവിതത്തെ ബാധിക്കരുതെന്നു മാതാപിതാക്കൾക്ക് ആഗ്രഹവും നിർബന്ധവും ഉണ്ടായിരുന്നു. ശാരീരിക പരിമിതികളുടെ പേരിൽ എനിക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കാൻ അവർ ശ്രദ്ധിച്ചു. മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർത്തു പഠിപ്പിച്ചു. എന്റെ സഹപാഠികൾ എല്ലാവരും നോൺ-ഡിസേബിൾഡ് വിദ്യാർഥികൾ ആയിരുന്നു. പഠനത്തിൽ അവർക്കൊപ്പമോ അല്ലെങ്കിൽ അവരെക്കാൾ മുമ്പിലോ എത്തണം എന്നത് ഒരു ആഗ്രഹമായി വളർത്തിയത് എന്റെ കുടുംബമാണ്. അച്ഛനും അമ്മയ്ക്കും പുറമേ എന്റെ മുത്തശ്ശിയും വല്യച്ഛനും പേരപ്പനും ഒക്കെ എന്റെ ഇതു വരെയുള്ള ജീവിതത്തിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുത്തശ്ശിയും പേരപ്പനും ഇന്ന് ഇല്ല. ഞാൻ പിഎച്ഡി എടുക്കുന്നതു കാണാൻ അവർ ആഗ്രഹിച്ചിരുന്നു. വല്യച്ഛനും ഒരുപാട് സപ്പോർട്ട് ചെയ്യാറുണ്ട്. പ്രത്യേകിച്ച് എനിക്ക് യാത്രയ്ക്ക് സൗകര്യമുള്ള വാഹനം ഒരുക്കാനൊക്കെ വേണ്ടത് ചെയ്തതു അദ്ദേഹമാണ്. എന്റെ കുടുംബത്തിന്റെ പിന്തുണയും പ്രോത്സാഹനവും തന്നെയാണ് ഞാൻ ഈ ഘട്ടം വരെ എത്താനുള്ള പ്രധാന കാരണം.

പ്രശ്നം യാത്രാ ബുദ്ധിമുട്ട് തന്നെ
മെയിൻ സ്ട്രീം സ്‌കൂളിൽ തന്നെയാണ് ഞാൻ പഠിച്ചത്. ബിഎയും എംഎയും വഴുതക്കാട് വിമൻസ് കോളജിലായിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ഒരു വർഷവും രണ്ടു മാസവും ഞാൻ തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ ഇംഗ്ലിഷ് ഗെസ്റ്റ് അധ്യാപികയായി ജോലി ചെയ്തു. പിന്നീടാണ് കേരള സർവകലാശാലയുടെ ഇംഗ്ലിഷ് ഡിപ്പാർട്ട്മെന്റ് ആയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷിൽ പിഎച്ഡിക്കു ചേരുന്നത്. എന്റെ ഗവേഷണ മേഖല ഡിസെബിലിറ്റി സ്റ്റഡീസ് ആണ്. ഡിസെബിലിറ്റി എങ്ങനെ സാമൂഹികമായും സാംസ്കാരികമായും രാഷ്ട്രീയപരമായും നിർമിക്കപ്പെടുന്നു എന്നതാണ് ഈ മേഖല പ്രധാനമായി പഠിക്കുന്നത്. കഴിഞ്ഞ ഡിസെബിലിറ്റി ദിനത്തിൽ (2021 ഡിസംബർ 3) മൂന്നു വർഷവും ഏഴു മാസവും നീണ്ട ഗവേഷണത്തിനൊടുവിൽ ഞാൻ എന്റെ പിഎച്ച്ഡി പ്രബന്ധം സമർപ്പിച്ചു. ഈ ഒരു ഘട്ടം വരെയെത്താൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. കാരണം ഈ സമൂഹം ഭൂരിപക്ഷമുള്ള നോൺ-ഡിസേബിൾഡ് വ്യക്തികളുടെ സൗകര്യത്തിനാണ് പലപ്പോഴും പ്രാധാന്യം നൽകുന്നത്. ഏറ്റവും വലിയ പ്രശ്നം വീൽചെയർ സൗഹൃദപരമല്ലാത്ത പൊതുയിടങ്ങൾ തന്നെയാണ്.
ഡിസെബിലിറ്റിയെ നമ്മുടെ സമൂഹം പണ്ടു സമീപിച്ചിരുന്നത് സഹാനുഭൂതിയോടെയായിരുന്നു. ഇപ്പോൾ ഇവിടെ Rights of Persons with Disabilities ആക്ട് ഉണ്ട്. അനുഭവങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ഞാൻ മനസ്സിലാക്കിയത് ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഡിസേബിൾഡ് ആയ ആളുകളോടുള്ള സമീപനത്തിൽ വലിയ മാറ്റം വന്നിട്ടില്ലെന്നാണ്. അവരുടെ പ്രശ്നങ്ങൾ ഇപ്പോഴും ജീവകാരുണ്യമെന്ന രീതിയിലാണ് അഡ്രസ് ചെയ്യപ്പെടുന്നത്. അവകാശങ്ങൾ ആവശ്യമുണ്ട് എന്ന രീതിയിലുള്ള സമീപനമല്ല പലപ്പോഴും ഉണ്ടാകുന്നത്. അതു മാറേണ്ടതുണ്ട്. എന്നാൽ മാത്രമേ RPWD ആക്റ്റ് ശരിയായ രീതിയിൽ നടപ്പിലാക്കപ്പെടുകയും അതിന്റെ പ്രയോജനം അവർക്കു ലഭിക്കുകയും ചെയ്യൂ.
Disability is a development issue not a charity or welfare issue.
വിവർത്തനം ഇഷ്ടമാണ്
വായിക്കാൻ ഒരുപാടിഷ്ടമാണ്. ഫിക്‌ഷനാണ് കൂടുതലും വായനയിൽ. ഗവേഷണ സമയത്ത് ആ വിഷയം സംബന്ധിച്ച പുസ്തകങ്ങളായിരുന്നു വായന. ചില ഫിക്‌ഷൻസ് വായിക്കുമ്പോൾ വിവർത്തനം ചെയ്താൽ കൊള്ളാമെന്നു തോന്നും. അങ്ങനെ തോന്നിയ ചിലത് വിവർത്തനം ചെയ്ത് തുടങ്ങിയിട്ടേയുള്ളു. അടുത്തിടെയാണ് ഈ മേഖലയോട് ഒരു താല്പര്യം തോന്നിത്തുടങ്ങിയത്. ഗവേഷണസമയത്തു ചില മലയാളം രചനകളുടെ കുറച്ചു ഭാഗങ്ങൾ പ്രബന്ധത്തിൽ ക്വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നു ആദ്യമായി വിവർത്തനം ചെയ്തത്. ഒരു പുസ്തകം വിവർത്തനം ചെയ്യാൻ താല്പര്യമുണ്ട്. ഒരു പേജ് ചെയ്തു നോക്കി. എന്നാൽ എത്ര നാളുകൾ വേണ്ടി വരും അതു പൂർത്തിയാക്കാൻ എന്നറിയില്ല. കാരണം മറ്റു പല കാര്യങ്ങൾ ചെയ്യുന്നതിന്റെ തിരക്കുകളും ഉണ്ട്. അതുകൊണ്ട് ഇതൊരു പ്രഫഷൻ ആക്കാൻ തക്ക രീതിയിൽ ഞാൻ എത്തിയിട്ടില്ല. അത്ര എളുപ്പമുള്ള ഒന്നല്ല വിവർത്തനം എന്നറിയാം. അതുകൊണ്ട് ഒരുപാട് കാര്യങ്ങൾ ഇനിയും വിവർത്തനകലയെക്കുറിച്ചു പഠിക്കാനുണ്ട്. ഈയിടെ ഡിസെബിലിറ്റി സ്റ്റഡീസ് മേഖലയുമായി ബന്ധപ്പെട്ടു ന്യൂ ഡൽഹിയിലെ ഉപനയൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുസ്തകത്തിൽ എന്റെ ഒരു ലേഖനവും ഉണ്ട്. അതാണ് എഴുത്ത് വിശേഷം.
പ്രവർത്തനങ്ങളും നിലപാടുകളും
ഇംഗ്ലിഷിൽ അസിസ്റ്റന്റ് പ്രഫസർ ആവുകയാണ് എന്റെ ലക്ഷ്യം. അഭിമുഖങ്ങൾക്കു തയാറെടുപ്പുകൾ നടത്തുന്നുണ്ട്. കൂടാതെ ഫ്രീലാൻസ് ആയി അക്കാഡമിക് രംഗവുമായി ബന്ധപ്പെട്ട ജോലികൾ കമ്പനികൾക്ക് വേണ്ടി ചെയ്യുന്നുമുണ്ട്. ഇടയ്ക്ക് സമയലഭ്യത അനുസരിച്ചു ഓൺലൈനായി ഡിസബിലിറ്റി സ്റ്റഡീസുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ നടത്താറുണ്ട്. കൂടാതെ ജേണലുകളിലേക്കും മറ്റും വേണ്ടി ലേഖനങ്ങളും എഴുതാൻ ശ്രമിക്കാറുണ്ട്.

ഭിന്നശേഷിയല്ല ഡിസേബിൾഡ്
I am a person with physical disability/disabled person and a wheelchair user. അപ്പോൾ ചിലർ പറഞ്ഞു ഡിസേബിൾഡ് അല്ല ഡിഫറന്റലി ഏബിൾഡ് ആണെന്ന്. ഞാൻ ഡിസേബിൾഡ് എന്ന വാക്ക് ഉപയോഗിക്കുന്നത് മനപ്പൂർവം തന്നെയാണ്. രാഷ്ട്രീയപരമായി എന്റെ സ്വത്വത്തെ അടയാളപ്പെടുത്തുന്ന വാക്ക് ഡിസേബിൾഡ് ആണ്. ഡിഫറന്റലി ഏബിൾഡ് അല്ല. അതിനർഥം, എനിക്ക് കുറവുകളുണ്ടെന്നും വിചാരിച്ച് അപകർഷതാബോധത്തോടെ ഇരിക്കുകയാണെന്നല്ല. ഞാൻ ഒരു ഭിന്നശേഷിക്കാരിയല്ല. ഒരു ഡിസേബിൾഡ് വ്യക്തിയാണ്. ഡിസേബിൾഡ് എന്ന വാക്കിനു തത്തുല്യമായ മലയാളം വാക്ക് ഇല്ലാത്തിടത്തോളം ഞാൻ അതു തന്നെ ഇനിയും ഉപയോഗിക്കുന്നതായിരിക്കും. എന്നു മാത്രമല്ല ഭിന്നശേഷി/ഡിഫറെന്റലി ഏബിൾഡ് എന്ന വാക്കിനെക്കുറിച്ചുള്ള എന്റെ സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിക്കുകയും ചെയ്യും.
ഡിസെബിലിറ്റി ഒരു സമൂഹസൃഷ്ടിയാണ്. വൈകല്യമുള്ള ഒരു വ്യക്തി ഡിസേബിൾഡ് ആകുന്നതു സാമൂഹിക സാഹചര്യങ്ങൾ കാരണമാണ്. നോൺ-ഡിസേബിൾഡ് വ്യക്തികളെപ്പോലെ മുഖ്യധാരാ സമൂഹത്തിൽ ജീവിക്കുവാൻ അനുകൂലമായ സാഹചര്യങ്ങളും ആവശ്യമായ സൗകര്യങ്ങളും ഉണ്ടെങ്കിൽ വൈകല്യമുള്ള വ്യക്തികൾ ഡിസേബിൾഡ് ആയിത്തീരില്ല. ഞാൻ ഡിസേബിൾഡ് വ്യക്തിയാണെന്നു പറയുമ്പോൾ അതുവഴി ഞാൻ പറയാൻ ഉദേശിക്കുന്നത്, സമൂഹം ഡിസേബിൾഡ് ഫ്രണ്ട്‌ലി അല്ലാത്തതുകൊണ്ട് എനിക്കു നഷ്ടപ്പെടുന്ന അവകാശങ്ങളെയും അവസരങ്ങളെയും കുറിച്ചാണ്. അല്ലാതെ എന്റെ ശാരീരിക പരിമിതികളെക്കുറിച്ചല്ല. പലർക്കും ഈ തിരിച്ചറിവ് ഇല്ല. അതു കൊണ്ടാണ് അവർ ഡിസബിലിറ്റിയും ഡിസേബിൾഡും മോശം വാക്കുകളായി കരുതുന്നത്. ഡിസബിലിറ്റി, ഡിസേബിൾഡ് എന്നീ വാക്കുകൾ വാസ്തവത്തിൽ സമൂഹത്തിനു നൽകുന്നത് തിരിച്ചറിവുകളാണ്. എങ്ങനെയാണ് ഇതു വരെ ഡിസേബിൾഡ് വ്യക്തികളോട് ഇടപെട്ടിരുന്നതെന്നും എങ്ങനെ വേണം അവരെ സമൂഹത്തിന്റെ ഭാഗമക്കേണ്ടതെന്നുമുള്ള തിരിച്ചറിവുകൾ.