ADVERTISEMENT

മാനസികവും ശാരീരികവുമായി എത്ര ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും അതൊന്നും ഉറക്കെ പറഞ്ഞുകൊണ്ട് നടക്കാതെ കരിയറും ജോലികളും ചെയ്തു മുന്നോട്ടു നടക്കുന്നവരുണ്ട്. അവർക്ക് തങ്ങളുടെ പിന്നാലെ നടക്കുന്നവർക്ക് കൊടുക്കാനുള്ളത് ഏറ്റവും വലിയ പ്രചോദനമാണ്. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുള്ള സമയത്ത് പെട്ടെന്ന് തളർന്നു പോവുക, പിന്നെ അവിടെ നിന്നു പിടിച്ചെഴുന്നേൽക്കാൻ ചില്ലറ ധൈര്യമൊന്നും പോരാ, അങ്ങനെയൊരു സാഹചര്യത്തിൽ നിന്നാണ് ഹണി വർഗീസ് എന്ന സ്ത്രീ എല്ലാ കടമ്പകളും തട്ടിക്കളഞ്ഞ് ലോകത്തിൽ തന്നെ പലയിടത്തും വേരുകളുള്ള ഒരു ബിസിനസ് വുമൺ ആയി മാറുന്നത്. മികച്ച ഒരു ഇന്റീരിയർ ഡിസൈനറാണ് ഹണി, എന്നാൽ അത് മാത്രമല്ല ഹണിയെ വേറിട്ട് നിർത്തുന്നത്, ഈ വർഷത്തെ മദർ തെരേസ പുരസ്‌കാരത്തിന് അർഹയായ ആൾ എന്നതിന്റെ പേരിൽക്കൂടിയാണ്. അന്തർദ്ദേശീയ ഡിസൈനർ എന്ന അടയാളപ്പെടുത്തലിനൊപ്പം ജീവ കാരുണ്യ പ്രവർത്തനങ്ങളും ഹണി ചെയ്യുന്നു.

ഹോങ്കോങ്ങിൽ നിന്നും

ഫാഷൻ ഡിസൈനിങ് എനിക്ക് ഇഷ്ടമായിരുന്നു, ഒപ്പം ഇന്റീരിയർ ഡിസൈനിങ്ങും. വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം ചൈനയിൽ ആയിരുന്നപ്പോഴാണ് ഇന്റീരിയർ ഡിസൈനിങ് പഠിക്കാൻ തീരുമാനിക്കുന്നത്. ഹോങ്കോങ്ങിൽ നല്ലൊരു സ്ഥാപനമുണ്ട്, അവിടെ ചേർന്നു. നാട്ടിലെ സംസ്കാരമല്ലല്ലോ ചൈനയിൽ, ഇവിടെ ഇപ്പോഴും ഇന്റീരിയർ ഡിസൈനിങ്ങിൽ ശ്രദ്ധിക്കുന്ന ഉപഭോക്താക്കൾ വളരെ കുറവാണ്. ഒരു അഞ്ചാറു വർഷം ആയതേയുള്ളൂ, വീട് ചെയ്യുമ്പോൾ തീം ഒക്കെ തന്നെ ആവശ്യപ്പെടാൻ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ എന്റെ പഠനം ഒരുപാടു കാലം മുന്നോട്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. അതിനു ശേഷമാണ് ഡിസൈനിങ്ങിനു വേണ്ടി ഒരു സ്ഥാപനം തുടങ്ങിയത്. ഭർത്താവും ഈ പ്രൊഫഷനിൽ ഒപ്പമുണ്ട്.

പുതിയൊരു സോഫ്ട്‍വെയർ തന്നെ തുടങ്ങി

കൂടുതലും വീടുകൾക്ക് സ്കാൻഡിനേവിയൻ ഡിസൈൻസ് ആണ് നോക്കുന്നത് പലരും. അതാവുമ്പോൾ എത്ര കാലം കഴിഞ്ഞാലും ഒരു ഫ്രഷ്‌നെസ് തോന്നിക്കാറുണ്ട്. കളർ ഒക്കെ വച്ചാണ് നോക്കുന്നതെങ്കിൽ ചിലപ്പോൾ കുറച്ചു കഴിയുമ്പോൾ മടുക്കും. വീട് ഇപ്പോഴും നമുക്ക് സമാധാനവും ആശ്വാസവും നൽകേണ്ട ഇടങ്ങളാണ്. ജോലി കഴിഞ്ഞു വരുമ്പോൾ ഏറ്റവും കൂളാക്കി നമ്മളെ നിർത്തേണ്ടതും വീടാണ്. അപ്പോൾ കടുത്ത നിറങ്ങളൊക്കെ വല്ലാതെ ബുദ്ധിമുട്ടായി തോന്നും. ഇതുപോലെയുള്ള കാര്യങ്ങളൊക്കെ ഹോങ്കോങ്ങ് പഠനത്തിലാണ് മനസിലായത്. നമ്മൾ ഇവിടെ വിആർ, എആർ വച്ചാണ് ഡിസൈൻ ചെയ്യുന്നത്. സാധാരണ വാക്ക്ത്രൂ ആണ് എല്ലാവരും ചെയ്യുന്നത്, അതായത് ഇന്റീരിയർ ചെയ്ത ഒരു വീടിന്റെ ഉൾവശം ത്രീ ഡിയിൽ കാണാം. എന്നാൽ ഞങ്ങൾ നൽകുന്നത് കുറച്ചുകൂടി മെച്ചപ്പെട്ട സേവനമാണ്. വീട് പണിയുന്നതിന് മുൻപ് തന്നെ ആ വീടിനു ആവശ്യമുള്ള എല്ലാം ത്രീ ഡിയിൽ ഉൾപ്പെടുത്തും. ഉപഭോക്താവ് കാണുമ്പോൾ അവർക്ക് എന്തെങ്കിലും മാറ്റണമെങ്കിൽ സ്വയം തിരഞ്ഞെടുക്കാം. ഇപ്പോൾ ടൈൽ ഇഷ്ടമായില്ലെങ്കിൽ അവർക്ക് തന്നെ ഇതിൽ സ്വയം അത് മാറ്റം. ഇതിനു വേണ്ടി നമ്മുടെ ഓഫീസിലോ ഒന്നും വരേണ്ട കാര്യമില്ല. ഒരു ലിങ്ക് ഉപയോഗിച്ച് ഉപഭോക്താവിന് അവരുടെ മൊബൈലിൽ തന്നെ സ്വന്തം വീട് സ്വയം ഡിസൈൻ ചെയ്യാം. വളരെ അഫൊഡബിൾ ആയ റേറ്റിലാണ് നമ്മൾ ഇവിടെയത് ചെയ്യുന്നത്.

ഫീനിക്സ് പക്ഷിയെപ്പോലെ...

ജോലിയിൽ തിരക്കിലിരിക്കുമ്പോഴാണ് ഒരിക്കൽ പനി വരുന്നത്. എന്നാൽ അതിനെ അത്ര ഗൗരവമായി എടുത്തില്ല. പല ആശുപത്രികളിലും ചെക്കപ്പുകൾ നടത്തിയിട്ടും പനി മാറുന്നുമില്ല, അതിന്റെ കാരണം കണ്ടെത്താനുമായില്ല. ഒടുവിലാണ് മനസിലായത് എന്റെ തലച്ചോറിലെ (സെറിബല്ലത്തിലെ) കുറച്ചു കോശങ്ങൾ നശിച്ചു പോയ അവസ്ഥയിലാണെന്ന്, അപ്പോഴേക്കും ശരീരം തളർന്നു പോയിരുന്നു. നടക്കാൻ ബുദ്ധിമുട്ട്, സംസാരിക്കാൻ ബുദ്ധിമുട്ട് എല്ലാം പ്രശ്നമായി. വെല്ലൂരിലായിരുന്നു ചികിത്സ. അതിൽ നിന്നു പതുക്കെ ഞാൻ നടന്നു ജീവിതത്തിലേക്ക് ഇപ്പോഴും തിരിച്ചു കയറിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ചികിത്സയ്ക്ക് വേണ്ടി ചൈനയിൽ നിന്നു നാട്ടിലെത്തി. ഇവിടെ മകളും മാതാപിതാക്കളുമുണ്ട്, ഭർത്താവ് ഇടയ്ക്ക് ലീവിന് നാട്ടിലേക്ക് വരും. അവരെല്ലാവരും തന്നെയാണ് എന്റെ ശക്തമായ ചേർത്ത് പിടിക്കലുകൾ.

കരിയർ അവസാനിപ്പിക്കാനോ!

വീണ്ടും ഞാൻ ഡിസൈനിങ് വർക്കുകൾ ചെയ്യാൻ തുടങ്ങി. അങ്ങനെ തകർന്നിരിക്കാൻ ഒരിക്കലുമാവില്ല. പല ഡോക്ടർമാരും പറഞ്ഞിരുന്നു ഇനി നടക്കാനാവില്ല, ഒന്നും ചെയ്യാനാകില്ല, ഇത്തരത്തിൽ വയ്യാതെ കിടക്കാൻ മാത്രമേ ആകൂ, അതും എന്റെ മുന്നിലിരുന്ന് ഒരു ദയയുമില്ലാതെയാണ് അവരത് പറയുന്നത്. ഒരുപാട് വിഷമിച്ച സമയമായിരുന്നുവത്. അവിടെ നിന്നുമാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് ഞാനെത്തിയത്. ഇപ്പോൾ ഞങ്ങളുടെ ഡിസൈനിങ് കമ്പനിയായ ഫൈനെസ്റ്റ്നു പലയിടത്തും ബ്രാഞ്ചുകളുണ്ട്. ചൈനയിലും യൂറോപ്പിൽ പലയിടത്തുമുണ്ട്. കേരളത്തിൽ ചാലക്കുടിയിലാണ് ഓഫീസ്, ഇപ്പോൾ എറണാകുളത്ത് തുടങ്ങാനുള്ള ഒരുക്കങ്ങൾ നടത്തുന്നു. മാത്രമല്ല പുതിയ സോഫ്റ്റ്‌വെയറുകൾ ആഗ്രഹമുള്ളവർക്ക് പഠിപ്പിക്കുന്നുമുണ്ട്. ചാലക്കുടിയിൽ തന്നെ ഒരുപാട് പേര് പഠിച്ചിറങ്ങിയിട്ടുണ്ട്. എറണാകുളത്ത് ആവും കൂടുതൽ പേർക്കും വരാൻ സൗകര്യമെന്നതുകൊണ്ട് ഇവിടെയും കോച്ചിങ് തുടങ്ങുന്നുണ്ട്. ഈ സോഫ്റ്റ്‌വെയർ പഠനം കഴിഞ്ഞവർ പറയുന്ന പ്രധാന കാര്യം ഇപ്പോൾ ഡിസൈനിങ് ചെയ്യാൻ വളരെയെളുപ്പമായെന്നാണ്. അസുഖങ്ങളും ബുദ്ധിമുട്ടുകളും ഒന്നും ഇല്ലാതായിട്ടില്ല, ഇപ്പോഴും നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്, സംസാരിക്കാനും പ്രശ്നമുണ്ട്, പക്ഷേ ഇതൊന്നും പിന്നോട്ട് വിളിക്കാറില്ല. എനിക്ക് മുന്നോട്ട് തന്നെ പോകണം. 

മദർ തെരേസ പുരസ്കാരമെന്ന സന്തോഷം...

എനിക്ക് അസുഖം വന്നതിനു ശേഷമാണ് ഇത്തരത്തിൽ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മനസിലായത്. അതിനു ശേഷം അവർക്കു വേണ്ടി ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ടെന്നു തോന്നി. ഇപ്പോൾ സമ്പാദ്യത്തിൽ ഒരു ഭാഗം ചിലവഴിക്കുന്നത് ഇത്തരത്തിൽ ശാരീരിക–മാനസിക വെല്ലുവിളി നേരിടുന്നവർക്ക് വേണ്ടിയാണു. കൂടുതലും കുട്ടികൾക്ക് വേണ്ടിയാണ്. പുരസ്‌കാരം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്കാരത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പോകുന്നില്ല എന്നാണു ഞാനാദ്യം തീരുമാനിച്ചത്. കാരണം എനിക്കിപ്പോഴും നന്നായി നടക്കാനാവില്ല. ആരെങ്കിലും ചിലപ്പോൾ സഹായിക്കേണ്ടി വരും. സ്റ്റേജിലേക്ക് കയറുമ്പോൾ എല്ലാ കണ്ണുകളും അങ്ങനെ എന്നിലേക്ക് വീഴുന്നത് ബുദ്ധിമുട്ടായി തോന്നി. എന്റെ വയ്യായ്ക എല്ലാവരും അറിയുന്നതിൽ ഒരു പ്രശ്നം. പക്ഷേ ഭർത്താവ് ഗോപി ജയൻ ഉറപ്പായും പോകണം, പുരസ്‌കാരം സ്വീകരിക്കണം എന്നാണു പറഞ്ഞത്. എന്റെ പ്രവൃത്തികൾക്ക് കിട്ടിയ ഒരു സ്വീകാര്യത കൂടിയാണത്. അങ്ങനെയൊക്കെ ആലോചന വന്നപ്പോൾ ഒടുവിൽ പോകാൻ തീരുമാനിക്കുകയായിരുന്നു.

പലരും നമ്മുടെ ബുദ്ധിമുട്ടുകളെ മറ്റൊരു രീതിയിലാണ് മനസിലാക്കുക, അത്തരത്തിൽ ഒരുപാട് ഇൻസെക്യൂരിറ്റികൾ ഉള്ള ആളാണ് ഞാൻ. പക്ഷേ ഇതൊക്കെയുണ്ടെങ്കിലും എന്റെ കരിയറിൽ ഞാനിപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നു. മകൾ മേഘ പ്ലസ്ടു ആയി, അവൾ എന്റെ ഏറ്റവും നല്ല സപ്പോർട്ടാണ്. ഇടയ്ക്ക് ഭർത്താവും നാട്ടിൽ വരും. അങ്ങനെ ജോലിയും ജീവിതവും എല്ലാം മുന്നോട്ടു പോകുന്നു. അതിനിടയിൽ വരുന്ന ആശുപത്രി വാസങ്ങൾ എന്നെ അലട്ടുന്നതേയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com