ADVERTISEMENT

ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ തയാറായിട്ടുള്ളവരാണ് പുതുതലമുറയിലെ പെണ്‍കുട്ടികള്‍. അതുകൊണ്ടുതന്നെ അവര്‍ തിരഞ്ഞെടുക്കുന്ന വഴികളും വളരെ വ്യത്യസ്തമായിരിക്കും. ഇതിനിടയില്‍ അല്‍പം സാമൂഹിക പ്രതിബദ്ധതയും സഹായ മനഃസ്ഥിതിയും കൂടിയുളളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അതേ, 22കാരി അലീന അഭിലാഷ് എന്ന മിടുക്കിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് അങ്ങ് ന്യൂസീലന്‍ഡിലെ ആദ്യ മലയാളി ഓഫീസറെന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ഈയൊരു ചരിത്രനേട്ടത്തിന് അലീനയെ പ്രാപ്തയാക്കിയത്.

aleena6

 

പാലായില്‍ നിന്ന് ന്യൂസീലന്‍ഡിലേക്ക്...

 

aleena5

കോട്ടയത്തെ ചാവറ പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അലീന കുടുംബത്തോടൊപ്പം ന്യൂസീലന്‍ഡിലേക്കെത്തുന്നത്. നാട്ടില്‍ സുഹൃത്തുക്കളോടൊപ്പം പാറി പറന്നുനടന്ന 11 വയസുകാരിക്ക് ആ മാറ്റം വലിയ ബുദ്ധിമുട്ടുതന്നെയായിരുന്നു. സുഹൃത്തുക്കളെയും മറ്റ് കുടുംബാംഗങ്ങളെയും വിട്ട് ആരുമറിയാത്ത നാട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കാന്‍ തന്നെ ഇഷ്ടമില്ലായിരുന്നു.

 

aleena4

ന്യൂസീലന്‍ഡിൽ എത്തി കഴിഞ്ഞപ്പോഴും ഭാഷ, ജീവിതരീതി ഒക്കെ മനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. പിന്നെ പതുക്കെ ന്യൂസീലന്‍ഡിനേയും ഇഷ്ടപ്പെട്ടു. എന്നാലും കേരളത്തിലെ ഒത്തൊരുമ നമുക്കെവിടെ പോയാലും കാണാനാവില്ലെന്ന് അലീന പറയുന്നു. സ്‌കൂള്‍, കോളജ് പഠനരീതി കേരളത്തിലേതിനേക്കാളും വളരെ വ്യത്യസ്തമാണ് ന്യൂസീലന്‍ഡില്‍. പഠനത്തിന്റെ കാര്യത്തില്‍ കുട്ടികളുടെ മേലുള്ള സമര്‍ദം വളരെ കുറവാണ്. എന്നാലോ മത്സരം കൂടുതലും. നമ്മുടെ ഇഷ്ടത്തിനനുസരിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാം. കൂടുതലും അസൈന്‍മെന്റ് അധിഷ്ഠിതമായ പഠനരീതിയാണ് ഇവിടെ.സ്‌കൂള്‍ പഠനശേഷം ഒട്ടാഗോ സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയും ക്രിമിനോളജിയും അലീന കരസ്ഥമാക്കി. സ്ത്രീകള്‍ക്ക് ഇവിടെ കിട്ടുന്ന ബഹുമാനവും അവസരങ്ങളും കേരളത്തിലേക്കാള്‍ മെച്ചപ്പെട്ടതാണെന്നും അലീന പറയുന്നു.

 

എന്തുകൊണ്ട് പൊലീസ്?

 

ഒമ്പത് മുതല്‍ അഞ്ച് വരെയുള്ള ജോലി ചെയ്യാന്‍ എനിക്ക് വല്യ താൽപര്യമില്ല. പിന്നെ പണ്ടുതൊട്ടേ കുറച്ച് റിസ്‌കിയായ കാര്യങ്ങള്‍ ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷേ അപേക്ഷ അയച്ചുകഴിഞ്ഞാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് വ്യത്യസ്തമായ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെയെല്ലാം മലയാളികള്‍ ന്യൂനപക്ഷമായതിനാല്‍ അതിന്റേതായ വെല്ലുവിളികളും ഉണ്ട്.

aleena3

 

അതുപോലെ നമ്മുടെ സങ്കല്‍പ്പത്തിലെ പൊലീസിന്റെ അത്ര ഉയരമൊന്നും എനിക്കില്ല. അഞ്ച് അടി ഒരിഞ്ചാണ് എന്റെ ഉയരം. അതിനാല്‍ തന്നെ ഔട്ട് ഓഫ് ദി ഓര്‍ഡിനറി ഒരു കാര്യം ചെയ്യുമ്പോ അതുവഴി കുറച്ചുപേര്‍ക്കെങ്കിലും പ്രചോദനമാവാന്‍ കഴിയുന്നുണ്ടെന്ന് മനസിലായി. പിന്നെ ഈ പ്രൊഫഷനും കൊണ്ട് ഒരാളുടെ എങ്കിലും ജീവിതത്തില്‍ ഒരു പ്രതീക്ഷ ആയി തീരാന്‍ പറ്റുന്നെങ്കില്‍ അതുതന്നെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.

 

ആദ്യം തോറ്റു, പിന്നെ ജയിച്ചു

aleena2

 

പൊലീസാവാനുളള യാത്രയില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. കോവിഡ് കാരണം ഇതിന്റെ നടപടിക്രമങ്ങള്‍ കുറേ കാലത്തേക്ക് നിര്‍ത്തി വച്ചിരുന്നു. അതിനാല്‍ തന്നെ നീണ്ട കാത്തിരിപ്പായിരുന്നു ആദ്യ ബുദ്ധിമുട്ട്. ആദ്യത്തെ ഫിസിക്കല്‍ ടെസ്റ്റിന് ഒരു പുഷ്അപ്പിന്റെ കുറവില്‍ പരാജയപ്പെട്ടു. പക്ഷേ, ആ തോല്‍വി എന്നെ തളര്‍ത്തുകയല്ല കൂടുതല്‍ പരിശ്രമിക്കാനുളള ഊര്‍ജമാണ് നല്‍കിയത്. അതോടെ വാശിയായി. ഒന്ന് പരാജയപ്പെട്ടാല്‍ അതിലും ശക്തിയില്‍ തിരിച്ചു വരണം എന്നാണല്ലോ. രണ്ടാം അവസരത്തില്‍ മുഴുവന്‍ പോയിന്റും നേടിയാണ് അലീന വിജയിക്കുന്നത്. ഏത് നാട്ടിലേയും പോലെ ലിംഗവിവേചനവും വംശീയതയുമൊക്കെ ഇവിടെയുമുണ്ട്. അത്തരം വെല്ലുവിളികളെല്ലാം തരണം ചെയ്താണ് അലീന പൊലീസ് തൊപ്പി അണിയുന്നത്.

 

aleena1

കേരള പൊലീസും ന്യൂസീലന്‍ഡ് പൊലീസും

 

പ്രധാന വ്യത്യാസം പൊലീസിന്റെ ജനങ്ങളോടുള്ള ഇടപെടലിലാണ്. ഇവിടെ എന്തുകാര്യത്തിനും ആദ്യം പൊലീസ് മുന്നിലുണ്ടാവും. ബലം ഉപയോഗിക്കുന്നത് തീരെ കുറവാണ്. എല്ലാ ആളുകളുമായും ശാന്തമായി ഇടപെടാനാണ് പൊലീസ് ശ്രമിക്കാറ്. എന്തുകാര്യത്തിലായാലും പൊലീസിന്റ് ഇടപെടല്‍ ന്യായമായിരിക്കണം എന്നുണ്ട്. അല്ലെങ്കില്‍ അതിന് മറുപടി നല്‍കേണ്ടി വരും.

 

ആദ്യ നിയമനം

 

റോയല്‍ ന്യൂസിലൻഡ് കോളജില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയാണ് അലീന പൊലീസ് യൂനിഫോം അണിയുന്നത്. കോണ്‍സ്റ്റബിള്‍ റാങ്കിലാണ് ആദ്യ നിയമനം. മുന്നോട്ടുളള യാത്രയെ ഞാനും വളരെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍സിലാണ് താൽപര്യം. അതിനാല്‍ സിഐബി ആണ് ഇനിയുളള ലക്ഷ്യം. ആംഡ് സ്‌ക്വാഡിലും ഇഷ്ടമുണ്ട്. പിന്നെ കുറ്റവാളികളോടും ഇരകളോടും ഇടപഴകുമ്പോള്‍ സൈക്കോളജി, ക്രിമിനോളജി എന്നിവയിലുളള അറിവ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

പെണ്‍കുട്ടികളോട്...

 

സത്യം പറഞ്ഞാല്‍ വേര്‍തിരിവും വെല്ലുവിളികളും എല്ലായിടത്തും കാണും. നമ്മള്‍ സെറ്റ് ചെയ്തിരിക്കുന്ന പരിധികള്‍ക്ക് മാത്രമേ നമ്മളെ പിന്നോട്ട് വലിക്കാന്‍ പറ്റൂ. ആള്‍ക്കാര്‍ക്ക് എപ്പോഴും എന്തെങ്കിലും പറയാന്‍ കാണും. പക്ഷെ നമ്മുടെ ആത്മവിശ്വാസത്തില്‍ ഉറച്ചു നിന്നാല്‍ നേടിയെടുക്കാന്‍ സാധിക്കാത്തത് ഒന്നുമില്ല. പെര്‍ഫക്ട് ആകണം എന്നല്ല പക്ഷേ എന്ത് ചെയ്താലും അതില്‍ നമ്മുടെ മനസുണ്ടായിരിക്കണം. എന്നാല്‍ മാത്രമേ നമ്മുടെ ഏറ്റവും നല്ല പ്രകടനം പുറത്തെടുക്കാനാവൂ. നാലുപേരുടെ മുന്നില്‍ ആളാവുന്നതിലല്ല മറിച്ച് നേടിയെടുക്കേണ്ട വലിയ ലക്ഷ്യത്തിലേക്കായിരിക്കണം പൂര്‍ണ ശ്രദ്ധ. ആഗ്രഹത്തില്‍ ഉറച്ചുനിന്നാല്‍, കഠിനപരിശ്രമം നടത്തിയാല്‍... ബാക്കി എല്ലാം പിറകെ വരുമെന്ന് ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളില്‍ അലീന പറയുന്നു.

 

കുടുംബം

 

അപ്പ, അമ്മ, അനിയന്‍ അടങ്ങുന്നതാണ് അലീനയുടെ കുടുംബം. ന്യൂസീലന്‍ഡിലേക്ക് കുടിയേറിയ ഇവര്‍ പാമര്‍സ്റ്റണ്‍ നോര്‍ത്തിലാണ് താമസിക്കുന്നത്. അപ്പ, ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്‍ അമ്മ പിഴക് പുറവക്കാട്ട് ബോബി. അനിയന്‍ ആല്‍ബി അഭിലാഷ് വിക്ടോറിയ കോളേജില്‍  ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയാണ്.

 

എന്തിനും കൂടെ നില്‍ക്കുന്ന ആളാണ് അപ്പ. അമ്മയാണെങ്കില്‍ വല്ലപ്പോഴും വഴക്കുപറയുന്ന സ്‌നേഹനിധിയായ ഒരാളും. ഇവര്‍ മൂന്നുപേരുമാണ് തന്റെ ധൈര്യമെന്ന് അലീന പറയുന്നു. അമ്മയാണ് ജീവിതത്തില്‍ എന്നെ അദ്ഭുതപ്പെടുത്തിയ വ്യക്തി. മറ്റുളളവരോടുളള ദയയും സ്‌നേഹവും നിറഞ്ഞ അമ്മയുടെ പെരുമാറ്റമാണ് തനിക്ക് ഇത്തരമൊരു ജോലി തിരഞ്ഞെടുക്കുന്നതില്‍ പ്രചോദനമായതെന്നും അലീന പറഞ്ഞു.

 

17 വയസുതൊട്ട് ജോലിയും പഠനവുമായി വീട്ടുകാരോടൊപ്പമല്ല അലീന താമസിക്കുന്നത്. സ്വയം പര്യാപ്തയാവണം എന്ന ചിന്തയും ആത്മവിശ്വാസവുമാണ് അലീനയെ മുന്നോട്ടു നയിക്കുന്നത്. ഒറ്റയ്ക്കുളള താമസത്തില്‍ വീട്ടുകാര്‍ക്ക് ആദ്യം ആശങ്കയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ കട്ട സപ്പോര്‍ട്ടാണെന്നും അലീന പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT