ADVERTISEMENT

പലതരം വിഡിയോ ഉള്ളടക്കങ്ങൾ ഏറ്റവും കൂടുതൽ നിർമിക്കപ്പെട്ട കാലഘട്ടമായിരുന്നു കൊറോണ കാലം. എല്ലാ വിഡിയോ പ്ലാറ്റ്ഫോമുകളുടെയും പുഷ്കലകാലം. എന്നാൽ കൊറോണ കഴിഞ്ഞതോടെ അത്തരം വിഡിയോകൾ യൂട്യൂബിലും മറ്റും എത്തുന്നതിന്റെ ഫ്ലോ കുറഞ്ഞു. ആവേശമെല്ലാം ചോർന്നൊലിച്ച് പലരും യൂട്യൂബ് ചാനലുകൾ പൂട്ടിക്കെട്ടി. ആവശ്യമുള്ള ഉള്ളടക്കം ഇല്ലാത്തതും ചാനലിന് പ്രതീക്ഷിച്ച അത്ര റീച്ച് ഇല്ലാത്തതും ഒക്കെയാണ് പ്രശ്നം. ഏഴു വർഷത്തോളമായി അശ്വി- മലയാളം എന്ന യൂട്യൂബ് ചാനലിന്റെ ക്രിയേറ്റർ ആണ് അശ്വതി അശോക് കുമാർ. ഫാഷൻ രംഗത്തെ പുതിയ ഒരുപാട് മാറ്റങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പം സ്കിൻ കെയർ, മുടി സംരക്ഷണം, വസ്ത്രങ്ങൾ, വീടുകളിൽ ഉണ്ടാക്കുന്ന പ്രൊഡക്ടുകൾ, ബ്രാൻഡ് റിവ്യൂ തുടങ്ങി ചെറുതും വലുതുമായ പല കാര്യങ്ങളും വളരെ ലളിതമായി തെളിമയോടെ അശ്വതി തന്റെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുന്നു. എട്ടര ലക്ഷത്തോളമാണ് അശ്വി മലയാളത്തിന്റെ സബർസ്ക്രൈബേഴ്‌സ്. അശ്വതി വാർത്താ താരമായത് സെലിബ്രിറ്റി മേക്കോവർ ലുക്ക് പരീക്ഷിച്ചതിനു കൂടിയാണ്. നവ്യ നായരുടെ പല ലുക്കിലും ശൈലിയിലുമുള്ള ചിത്രങ്ങൾ പ്രചോദനമായി വച്ചുകൊണ്ട് സ്വയം മേക്കോവർ നടത്തിയത് പ്രശംസ നേടിയിരുന്നു. അശ്വി മലയാളത്തെക്കുറിച്ചും ഫാഷൻ ലോകത്തെക്കുറിച്ചും സ്വന്തം നിലപാടുകളെക്കുറിച്ചും അശ്വതി പറയുന്നു.

aswathi3

ഓൺലൈൻ ബിസിനസിൽ നിന്നും വ്ലോഗറിലേക്ക്

യാദൃശ്ചികമായാണ് വിഡിയോ ചാനൽ തുടങ്ങിയത്. ഭർത്താവ് വിവേകിന് ബെംഗളൂരുവിൽ ജോലിയായിരുന്നപ്പോൾ എനിക്കൊരു ഓൺലൈൻ ബിസിനസുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജോലി അവിടെ നിന്ന് മാറി ഗോവയിലായപ്പോൾ ആ ജോലി എനിക്ക് ഒഴിവാക്കേണ്ടി വന്നു. വെറുതെ ഒരു വീട്ടമ്മയായി ഒതുങ്ങിയിരിക്കാൻ പറയുന്നത് താൽപ്പര്യമില്ലാത്ത കാര്യമാണ്, സ്വന്തം കാലിൽ നിൽക്കണം, സ്വയം കാര്യങ്ങൾ ചെയ്യണം എന്നൊക്കെയുള്ള താൽപര്യങ്ങളുണ്ട്. പക്ഷേ പെട്ടെന്നൊരിടത്ത് ചെല്ലുമ്പോഴുള്ള പ്രശ്നമുണ്ടല്ലോ. അപ്പോൾ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയാലെന്താണ് എന്നൊരു ആലോചന വന്നു. അങ്ങനെയാണ് അശ്വി -മലയാളം തുടങ്ങുന്നത്. എനിക്കുള്ള വസ്ത്രങ്ങളൊക്കെ ഞാനാണ് മിക്കതും തുന്നുന്നത് മാത്രമല്ല ക്രാഫ്റ്റ് വർക്കുകളും ചെയ്യാറുണ്ട്. അപ്പോൾ ആദ്യം ഏതൊക്കെയെന്നു ഷൂട്ട് ചെയ്തു ചാനലിൽ ഇടാമെന്നായിരുന്നു പ്ലാൻ ചെയ്തത്. ചില സ്കിൻ കെയർ പ്രൊഡക്ടുകളൊക്കെ വീട്ടിലുണ്ടാക്കാറുണ്ട്, അത്യാവശ്യം മേക്കപ്പിലൊക്കെ താൽപര്യമുള്ളതുകൊണ്ട് അത്തരം വിഷയങ്ങളിലും ശ്രദ്ധിക്കാറുണ്ട്. ഇതൊക്കെ ചാനൽ വഴി എനിക്ക് ഷെയർ ചെയ്യാനായി. എനിക്കറിയാത്ത കാര്യങ്ങൾ മറ്റുള്ള ഇടങ്ങളിൽ നോക്കിപ്പാടിച്ചാണ് ഡി ഐ വൈ പ്രൊഡക്ടുകളൊക്കെ ഉണ്ടാക്കിയിരുന്നത്. ചാനലിൽ വരുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ടു കമന്റുകൾ ശ്രദ്ധിക്കുമ്പോൾ ഒരുപാടു നിർദ്ദേശങ്ങൾ വന്നു തുടങ്ങി. തുന്നുന്ന ഒന്ന് കാണിക്കുമ്പോൾ അത് മറ്റൊരു രീതിയിൽ ചെയ്താൽ നന്നാവില്ലേ, സ്കിൻ കെയറിന്റെ കാര്യത്തിൽ പുതിയ ഓപ്‌ഷനുകൾ ഒക്കെ ലഭിക്കാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ അതിൽ നിന്ന് ഇമ്പ്രൂവ് ചെയ്തത്. എന്റെ കയ്യിലുള്ള എല്ലാം ഞാൻ ഇങ്ങനെ തന്നെയാണ് പുരോഗമിച്ചത്. എനിക്കറിയുന്നതെല്ലാം മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നത് ഇഷ്ടമാണ്.

ഉള്ളത് ഉള്ളതുപോലെ പറയും

പ്രൊഡക്ടുകളെ കുറിച്ചൊക്കെ റിവ്യൂ ചെയ്യാറുണ്ട്. ഒരു കാര്യം നിരൂപണം പറയണമെങ്കിൽ അതുപയോഗിച്ച് നോക്കുക തന്നെ വേണം. ചിലതൊക്കെ സ്‌പോൺസർഷിപ്പ് എന്ന രീതിയിൽ ബ്രാൻഡുകൾ അയക്കാറുണ്ട്. ഓരോരുത്തരുടെയും ചർമവും ശരീരവും റിയാക്ഷനും ഒക്കെ വ്യത്യസ്തമാണ്. അതുകൊണ്ട് ഒരു പ്രോഡക്റ്റ് ഉപയോഗിച്ച് അതെങ്ങനെയാണ് എന്റെ ടൈപ്പ് സ്‌കിന്നിനെ ബാധിക്കുന്നത് എന്നതുപോലെ മറ്റൊരു തരത്തിലുള്ള ചർമ്മത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്നും പറയാറുണ്ട്. അവിശ്വസനീയമായ ഒരു വാഗ്ദാനങ്ങളും ഞാൻ കൊടുക്കാറില്ല. ഒരു വസ്തു ഉപയോഗിച്ച് രണ്ടു ദിവസത്തിനുള്ളിൽ ടോൺ മാറും കളർ കൂടും എന്നൊന്നും പറയാൻ പറ്റില്ല. ചില ബ്രാൻഡുകൾ അവർ പറയുന്ന കാര്യങ്ങൾ അതുപോലെ പറയാൻ ആവശ്യപ്പെടാറുണ്ട്, പക്ഷേ ഞാൻ അത് ഉപയോഗിച്ച് എനിക്ക് എങ്ങനെയാണോ അനുഭവപ്പെട്ടത് അത് മാത്രമേ പറയാറുള്ളൂ. അത് ഞാൻ അവരോടു ആദ്യമേ പറയും. അത് കേട്ട് ചിലർ വിട്ടു പോകാറുണ്ട്, നിൽക്കുന്ന ഒരുപാടു ബ്രാൻഡ്‌സ് ഉണ്ട്. അവരുടെ ഉൽപന്നത്തെക്കുറിച്ച് ഉള്ള കാര്യം ഉള്ളതുപോലെ തന്നെ പറയും.

റിവ്യൂവിന് വേണ്ടി പല ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ഒരു തരത്തിൽ ദോഷമായി ബാധിക്കാറുണ്ട്. പതിവായി സ്കിൻ കെയർ ചെയ്താൽ മാത്രമേ അതിന്റെ ഗുണം നമുക്ക് ലഭിക്കൂ, അതിനു ചിലപ്പോൾ കഴിഞ്ഞെന്നു വരില്ല. ചിലത് ഉപയോഗിച്ച് മുടി കൊഴിച്ചിലൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ ഇത് ജോലിയുടെ ഭാഗമാണ് അതുകൊണ്ട് അത്ര കാര്യമാക്കാറില്ല, അതിനു പകരം മറ്റു പ്രൊഡക്ടുകൾ ഉപയോഗിച്ച് കേടിനെ പ്രതിരോധിക്കാൻ ശ്രമിക്കും.

aswathi

"കുറച്ചുകൂടി വെളുപ്പുണ്ടായിരുന്നെങ്കിൽ..."

ആറര വർഷം മുൻപ് യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ എല്ലാവർക്കും പ്രധാനം എങ്ങനെ മുഖം വെളുക്കാം എന്നതായിരുന്നു. കൂടുതൽ ചോദ്യങ്ങളും വ്ലോഗുകളും അതുമായി ബന്ധപ്പെട്ടാണ്. വെളുപ്പാണ് സൗന്ദര്യം എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. നമ്മൾ പലതും ഉപയോഗിച്ച ഗുണങ്ങൾ പറയുമ്പോൾ, എന്നിട്ടും നിങ്ങൾ വെളുത്തില്ലല്ലോ എന്നായിരുന്നു ചില പ്രതികരണങ്ങൾ. എനിക്കിഷ്ടമാണ് മേക്കപ്പ് ചെയ്യാൻ അതുകൊണ്ട് ഞാൻ ചെയ്യുന്നു, ഞാൻ അങ്ങനെയേ പറയുകയുമുള്ളൂ, അതൊന്നും നിർബന്ധിച്ച് ചെയ്യേണ്ട കാര്യമല്ല, മേക്കപ്പ് ചെയ്താലേ ആത്മവിശ്വാസം കൂടുകയുള്ളൂ എന്നൊന്നുമില്ല. ഇഷ്ടമുണ്ടെങ്കിൽ ചെയ്യുക. മേക്കപ്പ്, സ്കിൻ കെയർ ഒക്കെ വെളുക്കാനുള്ളതല്ല, പകരം നമുക്ക് ഉള്ള ഫീച്ചറുകൾ വർധിപ്പിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും വേണ്ടിയുള്ളതാണ്. മേക്കപ്പ് കൊണ്ട് വെളുപ്പിക്കുക എന്നല്ല, നമ്മുക്ക് ഇഷ്ടമാണെങ്കിൽ അത് ചെയ്യുക. എല്ലാ ചർമ്മങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്, അത് മനസ്സിലാക്കി നമ്മൾ അതിനെ സംരക്ഷിക്കുക.

മേക്കപ്പ് ഒരു കലയാണ്. ഒരു കോൺഫിഡൻസ് ഒക്കെ മേക്കപ്പ് ചെയ്യുമ്പോൾ ലഭിക്കാറുണ്ട്. അതാണ് ഞാൻ അത്തരം മേക്കപ്പ് വീഡിയോകൾ ചെയ്യുമ്പോൾ ഉദ്ദേശിക്കുന്നതും. അല്ലാതെ വെളുപ്പിലല്ല സൗന്ദര്യം. പണ്ട് മുതലേ സമൂഹം നമ്മുടെയൊക്കെ മനസ്സിൽ വെളുപ്പാണ് സൗന്ദര്യം എന്നൊരു ചിന്ത പതിപ്പിച്ചു വച്ചിട്ടുണ്ട്. ഇപ്പോൾ കുറെയൊക്കെ ചിന്തകൾക്ക് മാറ്റവുമുണ്ട്. ഞാൻ കുറച്ച് ഇരുണ്ട നിറമുള്ള ആളാണ്, പണ്ട് മുതലേ കേട്ടിട്ടുള്ള ഒരു കാര്യമുണ്ട്, കുട്ടിക്ക് നിറം കുറവാണല്ലോ, കുറച്ചുകൂടി വെളുത്തതായിരുന്നെങ്കിൽ കാണാൻ നന്നായിരുന്നേനെ, അല്ലെങ്കിൽ നല്ല ഐശ്വര്യമുള്ള കുട്ടി നിറം ഇത്തിരി കുറവാണെന്നേ ഉള്ളൂ, അങ്ങനെയൊക്കെ. എത്ര ഫീച്ചേഴ്സ് ഉണ്ടായിട്ടും കാര്യമില്ല നിറമില്ലെങ്കിൽ ഒരു പൂർണതയില്ലാത്തതു പോലെയായിരുന്നു പലരുടെയും അഭിപ്രായങ്ങൾ. ആ പ്രായത്തിലൊക്കെ ഇത്തരം വാചകങ്ങൾ എന്റെ അത്തംവിശ്വാസത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. 22 വയസ്സ് വരെയൊക്കെ ഇതെന്നെ വല്ലാതെ വിഷമിപ്പിച്ചു, അതിനു ശേഷം പുറത്തു പോയി പഠനവും ജോലിയും ഒക്കെ ആയപ്പോഴാണ് കഴിവിൽ വിശ്വാസം വന്നത്. അതുകൊണ്ട് തന്നെ എന്റെ ചാനലിലൂടെ ഞാൻ അത് പറയാൻ ശ്രദ്ധിക്കാറുണ്ട്. ഇത്തരം വാചകങ്ങൾ കേട്ട് ആത്മവിശ്വാസം ആരും നഷ്ടപ്പെടുത്താൻ പാടില്ല. ഇപ്പോൾ കാഴ്ചപ്പാടുകൾ ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ ആരെങ്കിലും അങ്ങനെ അഭിപ്രായം പറഞ്ഞാലും മറ്റുചിലർ അതിനെ എതിർത്ത് സംസാരിക്കാറുണ്ട്. അതൊരു വലിയ മാറ്റമാണ്.

aswathi2

സെലിബ്രിറ്റി മേക്കോവർ

സെലിബ്രിറ്റികളുടെ രീതികൾ കടമെടുക്കുന്ന രീതി പണ്ടേയുള്ളതാണ്. പലരുടെയും സ്റ്റൈൽ ഒക്കെ എടുത്ത് ഇൻസ്പയേഡ് ലുക്ക് പലരും ചെയ്യാറുണ്ട്. അത് കണ്ടപ്പോൾ എനിക്കും താൽപര്യം തോന്നി. അങ്ങനെയാണ് സെലിബ്രിറ്റി മേക്കോവർ ചെയ്തത്. ഒരു സെലിബ്രിറ്റി വേഷം തിരഞ്ഞെടുക്കുമ്പോൾ അവരുടെ വസ്ത്രം, മേക്കപ്പ്, ഓർണമെന്റ്സ് എല്ലാം നമ്മൾ അതുപോലെ ആവർത്തിക്കേണ്ടി വരും. ഞാൻ ആദ്യം ചെയ്ത ലുക്ക് പലതും പാളിപ്പോയിരുന്നു. നയൻതാര ഇൻസ്പയേഡ് ലുക്ക് ഒക്കെ ചെയ്തപ്പോൾ ഒരുപാടു വിമർശനം വന്നു. പക്ഷേ എനിക്ക് പ്രയോജനകരമായ നിർദേശങ്ങൾ ഒരുപാടു പേര് പറഞ്ഞു. അതൊക്കെ സ്വീകരിച്ച് പുതിയൊരു ലുക്ക് എടുത്തു. ഒരാളെപ്പോലെ തന്നെ നമ്മൾ മാറുകയാണ്, നമുക്ക് അഫൊഡബിൾ ആയ രീതിയിൽ ഇഷ്ടപ്പെട്ട ഒരാളുടെ ശൈലിയെ അനുകരിക്കുകയാണ് ചെയ്യുക. വീണ്ടും നയൻതാരയെ തന്നെ ചെയ്തു. ആ തവണ ഒരുപാടു പേർക്ക് അതിഷ്ടപ്പെട്ടു. അത്യാവശ്യം നന്നായി എല്ലാം റിലേറ്റ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഓരോ താരങ്ങളെയും എടുത്തിട്ട് അവരുടെ പത്ത് ലുക്ക് വരെ ചെയ്യാൻ തുടങ്ങി, അങ്ങനെ നിരവധി ലുക്കുകൾ ചെയ്യാനായി. ഒരുപാടു നിരൂപണങ്ങൾ വരാറുണ്ട്, അതിൽ നമുക്ക് പ്രയോജനം ഉള്ളത് നമ്മൾ എടുക്കും, അതനുസരിച്ച് മാറ്റും. പേർളി മാണിയും രമ്യ നമ്പീശനും ഒക്കെ വിളിച്ചിട്ടുണ്ട്, റിമ കല്ലിങ്കൽ ഉൾപ്പെടെ പലരും അത് അവരുടെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. അതൊക്കെ പ്രചോദനമായി.

aswathi1

വിശ്വാസമാണ് പ്രധാനം

വിഡിയോകൾ ചെയ്ത് തുടങ്ങിയ കാലത്ത് ഓരോന്നും കണ്ടും ഗവേഷണം നടത്തിയുമൊക്കെ പഠിച്ച് വന്നതാണ്. ആ സമയത്ത് നമുക്ക് അത്തരം ചാനലുകൾ അധികമുണ്ടായിരുന്നില്ല. തെറ്റുകളിൽ നിന്ന് തന്നെയാണ് ശരിയിലേക്ക് വന്നത്. ഒരുപാട് തെറ്റിധാരണകളുണ്ടായിരുന്നു, പലതും അറിയുന്ന പലരോടും ചോദിച്ചും മനസ്സിലാക്കി. ഷൂട്ട് ചെയ്യുമ്പോൾ ഒറ്റയടിക്ക് പറയണമെന്നായിരുന്നു ഞാൻ കരുതിയത്, അതുകൊണ്ട് പലതവണ ആദ്യമൊക്കെ റീ ഷൂട്ട് ചെയ്യേണ്ടി വന്നു. പിന്നെയാണ് കട്ട് ചെയ്ത ചെയ്യാം എന്ന് മനസിലായത്. യൂട്യൂബ് നോക്കിയും ഗൂഗിൾ നോക്കിയുമാണ് ഞാൻ കൂടുതലും പഠിച്ചത്. പല ബ്രാൻഡുകളുമായും സംസാരിക്കുമ്പോൾ അവരോടു എഗ്രിമെന്റ് ഒക്കെ സംസാരിക്കാൻ മടിയായിരുന്നു, ഇപ്പോൾ അതൊക്കെ മാറി, എനിക്ക് ആത്മവിശ്വാസമായി. എന്റെ രീതിയിലൂടെ മാത്രമേ ഞാൻ പ്രൊമോഷൻ വീഡിയോകൾ ചെയ്യൂ എന്ന് ഉറച്ച് പറയാൻ എനിക്കിപ്പോൾ അറിയാം. അതൊക്കെ തെറ്റുകൾ തിരുത്തി വന്നത് തന്നെയാണ്. യൂട്യൂബിൽ നിന്ന് തന്നെ പേയ്‌മെന്റ് കിട്ടി തുടങ്ങിയത് ഒരു വർഷത്തോളം ആയ ശേഷമാണ്. തുടർച്ചയായ വ്യൂസ് വന്നാലേ അതിന്റെ ഗുണം കിട്ടൂ. പത്തു മാസത്തോളം കഴിഞ്ഞപ്പോഴാണ് വീഡിയോയ്ക്ക് റീച്ച് കിട്ടി തുടങ്ങിയിട്ടാണ്. ആദ്യം തന്നെ തുടങ്ങുമ്പോൾ ഒരു ബാക്ക്ഗ്രൗണ്ടും ഇല്ലാതെ അതായത് സെലിബ്രിറ്റി ഒന്നും അല്ലാതെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ ഉടനെ ആർക്കും റീച്ച് കിട്ടില്ല. കൃത്യമായ, സത്യസന്ധമായി കണ്ടന്റ് ചെയ്താൽ പതിയെ റീച്ച് വരും. ക്ഷമ നഷ്ടപ്പെടാതെ ആത്മവിശ്വാസത്തോടെ അധ്വാനം ചെയ്തുകൊണ്ടിരുന്നു. അത് തന്നെയാണ് എന്നെ ഇവിടെയെത്തിച്ചത്. നല്ല റീച്ച് കിട്ടിത്തുടങ്ങിയാലും നമ്മുടെ എത്തിക്സിൽ നിന്ന് സത്യസന്ധമായ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. എത്ര പണം തരാമെന്നു പറഞ്ഞാലും എനിക്ക് ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യില്ല. കാണുന്നവരുടെ വിശ്വാസമാണ് പ്രധാനം. പണത്തിലും അംഗീകാരത്തിലും മതിമറന്നു പോകരുത് എന്നർത്ഥം.

ക്വാളിറ്റി വളരെ പ്രധാനം

നമ്മുടെ കാഴ്ചക്കാർ സാധാരണക്കാരുമായിരിക്കും. നമ്മൾ കൊടുക്കുന്ന കണ്ടന്റിന്റെ ക്വാളിറ്റി വളരെ പ്രധാനമാണ്. വേണമെങ്കിൽ ഒരു ഫോണിലും നമുക്ക് ചെയ്യാൻ പറ്റും. ആദ്യമൊക്കെയേ അത് നടക്കൂ, അത് കഴിഞ്ഞാൽ നല്ല ക്യാമറ വേണം, എച്ച് ഡി ക്വളിറ്റി വേണം, എല്ലാം ശ്രദ്ധിക്കണം. ഇതിന്റെ ക്വളിറ്റി കൂട്ടാൻ വേണ്ടി ഞാൻ പണം ചിലവഴിക്കാറുമുണ്ട്. എല്ലാ മാസവും നമുക്ക് പണം ലഭിക്കുമ്പോൾ അതിലൊരു ഭാഗം അതിനായി മാറ്റി വയ്ക്കും. മാത്രമല്ല കൂടുതൽ ആഴത്തിലേക്ക് നമ്മൾ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ അറിവുണ്ടാവണം. അതിനു വേണ്ടി കൂടുതൽ സമയവും ശ്രദ്ധയും പ്രധാനമാണ്.

സ്വപ്നമാണ് പ്രധാനം

ഇപ്പോൾ വിഡിയോ സംബന്ധിച്ചതെല്ലാം ഞാൻ തന്നെയാണ് മാനേജു ചെയ്യുന്നത്. ഷൂട്ടിങ്, സ്ക്രിപ്റ്റ്, ബ്രാൻഡുകളുമായി സംസാരിക്കുക, എഡിറ്റ് ചെയ്യുക എല്ലാം ചെയ്യും. കൂടുതലും വീട്ടിൽ തന്നെയാണ് എല്ലാം ചെയ്യുക. പത്ത് വസ്ത്രങ്ങളുടെ റിവ്യൂ ചെയ്യണമെങ്കിൽ അത് ധരിച്ച് ഷൂട്ട് ചെയ്യാൻ വ്യത്യസ്തമായ സ്ഥലങ്ങൾ വേണ്ടി വരും. അപ്പോൾ വീട് മുഴുവൻ ബഹളമാകും. പക്ഷേ ഇതിനോടുള്ള ഇഷ്ടം കൊണ്ട് അതൊക്കെ ഒന്നിച്ച് കൊണ്ട് പോകും. രണ്ടു വർഷത്തിനുള്ളിൽ സ്വന്തമായി ഒരു സ്റ്റുഡിയോ വീട്ടിൽ തന്നെ സെറ്റ് ചെയ്യണമെന്നുണ്ട്, മാത്രമല്ല ഒന്നോ രണ്ടോ സ്ത്രീകളെ ജോലിക്ക് വയ്ക്കണമെന്നുമുണ്ട്, മറ്റൊരാളെക്കൂടി സഹായിക്കാൻ പറ്റുന്നത് നല്ല കാര്യമായി കാണുന്നു. പിന്നെ സോഷ്യൽ മീഡിയ കുറച്ചു കൂടി പോസിറ്റീവ് ആയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. ഒരുപാടു വെറുപ്പൊന്നുമില്ലാതെ ആളുകൾ പ്രതികരിച്ചെങ്കിൽ നന്നായിരുന്നു. സ്ത്രീകളാണ് ചാനലിന്റെ പ്രധാന കാഴ്ചക്കാർ, അതും പല പ്രായത്തിലെ സ്ത്രീകൾ. സാമ്പത്തിക സമത്വം, കരിയർ, സ്വയം ബഹുമാനം എന്നിവയെക്കുറിച്ചൊക്കെ അവർക്കു വേണ്ടി സംസാരിക്കണമെന്നാഗ്രഹമുണ്ട്. ഇത്രയും ആളുകൾ കാണാൻ ഉള്ളതുകൊണ്ട് അതൊക്കെ ചെയ്യണമെന്ന് പ്ലാനിടുന്നു. അഭിപ്രായം പറയുന്നവരാണെങ്കിൽപ്പോലും അത്തരം കാര്യങ്ങൾ പലരും ഇപ്പോഴും സംസാരിക്കാറുണ്ട് അതൊക്കെ നന്നായി തോന്നുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com